സൗരോര്‍ജ്ജ വൈദ്യുതി നിലയങ്ങൾ എന്‍ റ്റി പി സി യുമായി ധാരണാപത്രം ഒപ്പിട്ടു

434

സംസ്ഥാനത്ത് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം വിപുലമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും കെ എസ് ഇ ബി എല്‍ ഉം തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. 2018 മെയ് 12ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍, വൈദ്യുതി വകുപ്പു മന്ത്രി ശ്രീ എം എം മണി, എന്‍ റ്റി പി സി ഡയറക്ടര്‍ ശ്രീ.എ കെ ഗുപ്ത, ചീഫ് സെക്രട്ടറി ശ്രീ. പോള്‍ ആന്റണി ഐ എ എസ് എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍ റ്റി പി സി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ഗുര്‍ദീപ് സിംഗും കെ എസ് ഇ ബി എല്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. എന്‍ എസ് പിള്ള ഐ എ & എ എസ് ഉം ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
കായംകുളം താപനിലയ വളപ്പില്‍ 15 മെഗാവാട്ട് സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാന്‍ ധരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. ഈ നിലയത്തിൽ നിന്നുള്ള വൈദ്യുതി മൂന്ന് രൂപയില്‍ കൂടാത്ത നിരക്കില്‍ സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ ആംഗീകാരത്തിന് വിധേയമായി കെ എസ് ഇ ബി എല്‍ ന് നല്‍കുന്നതായിരിക്കും.
ഇതുകൂടാതെ, സംസ്ഥാനത്ത് സാധ്യമായ ഇടങ്ങളിലെ ജലസംഭരണികളിലും കനാലുകളിലും തരിശുഭൂമികളിലും കെട്ടിടങ്ങളുടെ പുരപ്പുറങ്ങളിലും പരസ്പരം സ്വീകാര്യമായ നിബന്ധനകളിന്മേലും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തിലും സൗരോര്‍ജ്ജ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിച്ച് കെ എസ് ഇ ബി എല്‍ ന് വൈദ്യുതി നല്‍കുന്നതിനും ധാരണാ പത്രത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ധാരണാപത്രം നടപ്പിലാക്കുന്നതോടെ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനത്തിന് നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.