‘പോരാട്ടമാണ് പരിഹാരം, ആത്മഹത്യയല്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് 200 കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച് ഒരു ലക്ഷം കര്‍ഷകര്‍ മുംബൈയില്‍ മാര്‍ച്ച് 12 ന് രാവിലെ എത്തിച്ചേര്‍ന്നപ്പോള്‍ മഹാനഗരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ചു… അതോടൊപ്പം മഹാരാഷ്ട്ര ഭരിക്കുന്ന ബി ജെ പി സര്‍ക്കാരും കര്‍ഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ഒന്ന് നടുങ്ങി… രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിനാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയായത്.
ആറു ദിവസങ്ങള്‍ക്ക് മുമ്പ് നാസിക്കിൽ നിന്ന് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണ് കർഷകരുടെ കാൽനടജാഥ ആരംഭിച്ചത്. 2017ൽ അഖിലേന്ത്യ കിസാൻ സഭയടക്കമുള്ള കര്‍ഷക സംഘടനകളുടെ കൂട്ടായ്മ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരം നടത്തിയിരുന്നു. അന്ന് നടത്തിയ സമരത്തിനൊടുവിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം അംഗീകരിച്ച ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ചതാണ് കർഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കർഷകരാണ് വിദർഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്.
കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ സമരം മറ്റ് നിരവധി ആവശ്യങ്ങളും മുന്നോട്ട് വച്ചിരുന്നു. 2017 ജൂണ്‍ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, 2006ലെ വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി നല്‍കുക, വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. തങ്ങളുടെ സഹനസമരത്തിനൊടുവില്‍ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനൊപ്പം തങ്ങളുടെ നാട്ടിലേക്ക് തിരികെപ്പോകാന്‍ സൗജന്യ ട്രയിന്‍ യാത്രയും കര്‍ഷകര്‍ക്ക് ലഭിച്ചു.
വമ്പിച്ച ജനപിന്തുണ
മാർച്ച് ആറിന് നാസിക്കിൽനിന്ന് സമരത്തിന് തുടക്കം കുറിക്കുമ്പോൾ 15, 000 പേരായിരുന്നു ഉണ്ടായിരുന്നത്. കർഷകരെ വഞ്ചിക്കുന്ന മഹാരാഷ്ട്രയി ലെ ബിജെപി സർക്കാരിനെതിരായ പ്രതിഷേധവുമായി ചെങ്കൊടിയും ചുവന്ന തൊപ്പിയും പ്ലക്കാർഡുമായി ദിവസവും അണിചേരുന്ന കർഷകരുടെ എണ്ണം വർധിച്ചു വന്നു. മുംബൈയിലെത്തിയപ്പോൾ അവരുടെ എണ്ണം ഒരു ലക്ഷമായി.
കർഷകരും ആദിവാസികളുമടങ്ങിയ സമരഭടന്‍മാരെ മുംബൈ ജനത ഉള്ളുതൊട്ടുള്ള സ്നേഹത്തോടെ വരവേറ്റു. പൂക്കള്‍ വിതറിയാണ് അവരെ ജനങ്ങള്‍ സ്വീകരിച്ചത്. കുംഭച്ചൂടില്‍ ചുട്ടുപൊള്ളുന്ന ടാര്‍ റോഡില്‍ കൂടി നഗ്നപാദരായി മുന്നേറിയ കര്‍ഷകരുടെ ചോര വാർന്നൊലിക്കുന്ന കാലുകൾക്ക് ചെരിപ്പുകളുമായി ചിലർ ഓടിയെത്തി. ഈന്തപ്പഴവും വടാപാവും വെള്ളവുമായി രാത്രിയിലുടനീളം നിരത്തുവക്കുകളിൽ ജനങ്ങൾ കാത്തുനിന്നു. മുംബൈ നഗരത്തിലെ ഓഫീസുകളിൽ സ്ഥിരമായി ഉച്ചഭക്ഷണമെത്തിക്കുന്നതിലൂടെ പ്രശസ്തരായ ഡബ്ബാവാലകൾ ‘നമുക്ക് അന്നം ഉണ്ടാക്കിത്തരുന്ന സഹോദരങ്ങൾക്ക് ഭക്ഷണം നൽകാം’ എന്ന ആഹ്വാനവുമായി രംഗത്തിറങ്ങി.
പിന്തുണ അറിയിച്ചവരിൽ സ്ക്കൂൾകുട്ടികളും കോളേജ് വിദ്യാര്‍ത്ഥികളും ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. നിരവധി വര്‍ഗ്ഗ ബഹുജന സംഘടനകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കര്‍ഷകരോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സമരത്തില്‍ പങ്കെടുത്തു. സമരക്കാരുടെയും സഹായിക്കുന്നവരുടെയും യോജിപ്പിന് ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും തടസ്സമായില്ല.
അനുകരണീയമായ സമരം
ഒരു ലക്ഷം പേർ അണിനിരന്ന സമരം സമാധാനപരമായിരുന്നു. 200 കിലോമീറ്റര്‍ പിന്നിട്ടിട്ടും ഒരു തരത്തിലുള്ള ഗതാഗത തടസ്സവും ജാഥ സൃഷ്ടിച്ചില്ല. ജാഥ മുംബൈ നഗരത്തിലേക്ക് പ്രവേശിക്കേണ്ട മാര്‍ച്ച് 12 തിങ്കളാഴ്ച പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള പൊതു പരീക്ഷ നടക്കുന്ന ദിനമായിരുന്നു. പരീക്ഷയ്ക്ക് പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ അന്നേ ദിവസം പുലര്‍ച്ചയോടെ തന്നെ ജാഥ മുംബൈ സെക്രട്ടറിയേറ്റിന് സമീപത്തുള്ള ആസാദ് മൈതാനിയില്‍ എത്തിച്ചേര്‍ന്നു. സമരം ഇത്തരത്തില്‍ ക്രമീകരിച്ചത് മുംബൈ നിവാസികളെ വളരെയധികം ആകര്‍ഷിച്ചു. വീട്ടില്‍ നിന്നടക്കം ഭക്ഷണം തയ്യാറാക്കി സമരക്കാര്‍ക്ക് എത്തിക്കാന്‍ നഗരവാസികള്‍ തയ്യാറായത് ഇക്കാരണത്താലാണ്.
ഇന്ത്യന്‍ മാധ്യമങ്ങള്‍ തമസ്കരിച്ചു
അവകാശ സമരത്തിന്റെ പുതുചരിത്രം കുറിച്ച ലോങ്മാര്‍ച്ച് വിജയത്തിലെത്തിയെങ്കിലും കര്‍ഷക പ്രക്ഷോഭത്തിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ അര്‍ഹമായ വാര്‍ത്താ പ്രാധാന്യം നല്‍കിയില്ല. ഒരു ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ 200 കിലോമീറ്ററിലധികം താണ്ടി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടന്നടുത്തപ്പോള്‍ ഇന്ത്യയിലെ പത്ര – ദൃശ്യ മാധ്യമങ്ങള്‍ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാട്ടിലെ സകല കാര്യങ്ങലിലും വാര്‍ത്ത കണ്ടെത്തുകയും മുഖപ്രസംഗം എഴുതുകയും ചെയ്യുന്ന ‘ഫോര്‍ത്ത് എസ്റ്റേറ്റ്’ ഒരു ലക്ഷം കര്‍ഷകരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചു.
ലോങ് മാര്‍ച്ചിന്റെ തുടക്കത്തില്‍ യാതൊരു പരിഗണനയും മാധ്യമങ്ങള്‍ നല്‍കിയില്ല. ജനങ്ങള്‍ സമരത്തെ ഏറ്റെടുക്കാന്‍ തുടങ്ങിയപ്പോളാണ് ചെറിയ തോതിലെങ്കിലും മാധ്യമശ്രദ്ധ പതിഞ്ഞത്. പല പ്രമുഖ ദേശീയ പത്രങ്ങളും കര്‍ഷകര്‍ നടന്നു നേടിയ സമര വിജയത്തെ ഒരൊറ്റ ചിത്രത്തില്‍ മാത്രമായി ഒതുക്കി. മഹാരാഷ്ട്രയില്‍ നിന്ന് പുറത്തിറങ്ങുന്ന പത്രങ്ങളില്‍ ഭൂരിഭാഗവും ലോങ്മാര്‍ച്ചിനെ അവഗണിച്ചു. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് സന്ധി ചെയ്യുന്ന സമീപനം സ്വീകരിക്കുകയായിരുന്നു പല പത്രങ്ങളും. മലയാളത്തിലെ മിക്ക മാധ്യമങ്ങളും കര്‍ഷകരുടെ സമര വാര്‍ത്തകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. ഉള്‍പ്പേജുകളില്‍ ഒന്നോ രണ്ടോ കോളത്തില്‍ ഒതുക്കുന്ന തരത്തിലായിരുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
അതേസമയം സാമൂഹ്യ മാധ്യമങ്ങള്‍ വന്‍ സ്വീകാര്യത കര്‍ഷകര്‍ക്കും ലോങ് മാര്‍ച്ചിനും നല്‍കി. ലോങ് മാര്‍ച്ചിന്റെ വാര്‍ത്തകളും ചിത്രങ്ങളും അപ്പപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു.
ഇന്ത്യൻ കർഷകരുടെ ഐതിഹാസിക പോരാട്ടവും വിജയവും ആഗോളമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായി. ബ്രിട്ടീഷ് വാർത്താ ചാനലായ ബിബിസി, ഗാർഡിയൻ, ദ ഇൻഡിപെൻഡന്റ്, പ്രമുഖ അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്, ഡെയ്ലി മെയിൽ, ജപ്പാൻ ടൈംസ്, ചൈനയിലെ സിൻഹുവ, പ്രമുഖ ലാറ്റിനമേരിക്കൻ മാധ്യമമായ ടെലിസൂർ തുടങ്ങിയവയാണ് കര്‍ഷക സമരം പ്രധാന വാർത്തയാക്കിയത്.
ലോങ് മാര്‍ച്ച് നല്‍കുന്ന സന്ദേശം
രാജ്യത്തിന് അന്നം നല്‍കുന്നവര്‍ക്കൊപ്പമാണ് ജനങ്ങളെന്ന് ലോങ്മാര്‍ച്ച് തെളിയിച്ചു.
ബിജെപിയുടെ ഭരണവർഗ നയത്തിന് ശക്തമായ പ്രഹരമായിരുന്നു കർഷക സമരത്തിന്റെ വിജയം. രാജ്യത്തെ നാളെ എങ്ങനെ മാറ്റിത്തീർക്കാമെന്ന് നിശ്ചയിക്കുക ഇത്തരം പ്രക്ഷോഭങ്ങളാണ്. കർഷകരുടെ രോഷത്തിനുമുന്നിൽ ബിജെപി സർക്കാർ അടിയറവ് പറഞ്ഞത് നിസ്സാരകാര്യമല്ല. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരങ്ങള്‍ക്ക് എക്കാലവും ജനപിന്തുണ ഉണ്ടാകും എന്ന് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നമുക്ക് കാണിച്ചു തന്നു.
വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ക്കെതിരെ വൈദ്യുതി ജീവനക്കാരും പ്രക്ഷോഭ രംഗത്താണ്. നിര്‍ദ്ദിഷ്ട വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസം രാജ്യവ്യാപകമായി പണിമുടക്കാനാണ് വൈദ്യുതി ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്. വൈദ്യുതി ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭങ്ങളും പണിമുടക്കുകളും ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് ബോധ്യപ്പെടുത്തി അവരെക്കൂടി നവലിബറല്‍ നയങ്ങള്‍ക്കെതിരെ അണിനിരത്തുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. ഈ ലക്ഷ്യത്തോടെ സംസ്ഥാനത്ത് നിരവധി കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ജനസഭകള്‍ നടത്തി വരുന്നുണ്ട്.
വൈദ്യുതി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വൈദ്യുതി ജീവനക്കാര്‍ എപ്പോഴും തങ്ങളോടൊപ്പം ഉണ്ടാകും എന്ന് നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണം. എങ്കില്‍ മാത്രമേ ജനങ്ങളെ അണിനിരത്തി വൈദ്യുതി മേഖലയെ ദോഷകരമായി ബാധിക്കുന്ന നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയുകയുള്ളു. ജനശക്തിക്കുമുന്നിൽ ഏത് ഭരണകൂടവും മുട്ടുമടക്കുമെന്ന് മഹാരാഷ്ട്രയിലെ സാധാരണക്കാരായ കര്‍ഷകര്‍ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്.