സൗര – ആദ്യഘട്ടം നിര്‍മാണ കരാര്‍ നല്‍കി

119

വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ഊർജ്ജ കേരളമിഷനിലെ സുപ്രധാന പദ്ധതിയാണ് സൗര. 2021 ഓടെ ആയിരം മെഗാവാട്ട് സൗരോർജ്ജ ശേഷി കൈവരിക്കുവാനാണ് ലക്‌ഷ്യം. ഇതിന്റെ ഭാഗമായി വിവിധങ്ങളായ പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലവിൽ 163 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കാസർകോട് പൈവെളികയിലെ 55 മെഗാവാട്ട് സോളാർ പാർക്ക്, കായംകുളത്തു എൻ .ടി .പി.സി. യുമായി ചേർന്ന് നടപ്പാക്കുന്ന 92 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ, വെസ്റ്റ് കല്ലടയിൽ എൻ.എച്.പി.സിയു മായ് ചേർന്ന് നടപ്പാക്കുന്ന 50 മെഗാവാട്ടിന്റെ ഫ്ലോട്ടിങ് സോളാർ എന്നീ പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി പദ്ധതിയുടെ ജലാശയങ്ങളുടെ വിവിധ ഭാഗങ്ങളിലായി 400 മെഗാവാട്ട്, ബാണാസുർ സാഗർ പദ്ധതി പ്രദേശത്തു 100 മെഗാവാട്ട് എന്നിങ്ങനെ 500 മെഗാവാട്ടിനുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതികൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .ഇതിനു പുറമെ 200 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ നിലയങ്ങൾക്കായുള്ള ടെന്ററിംഗ് നടപടികളും നടന്നുവരുന്നു. കെ. എസ് . ഇ .ബി .യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ബ്രഹ്മപുരം, അഗളി, കഞ്ചികോട്, എന്നിവിടങ്ങളിലായി 8 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ടെന്റർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നടന്നുവരുന്നു.

സൗര പദ്ധതിയുടെ ഭാഗമായുള്ള പുരപ്പുര സോളാർ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്തിരുന്ന 2,78,264 പേരിൽ 42500 പേരാണ് ആദ്യഘട്ട 200 മെഗാവാട്ടിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.സൗര നിലയം സ്ഥാപിക്കുന്നതിന് പുരപ്പുറം അനുയോജ്യമാണോ എന്നത്, നിഴലില്ലാതെ പകൽ സമയം മുഴുവൻ സൂര്യപ്രകാശം ലഭിക്കുവാനുള്ള സാദ്ധ്യത, ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ശൃംഖലയിലേക്കു കടത്തിവിടുന്നതിനുള്ള സൗകര്യം എന്നിവ മാനദണ്ടമാക്കിയാണ് ചുരുക്കപ്പട്ടികയിലേക്കു പുരപ്പുറങ്ങൾ തിരഞ്ഞെടുത്തത്. ഇതിൽ ആദ്യ 50 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള കരാറാണ് ഇന്ന് ഒപ്പ് വയ്ക്കുന്നത്.സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാൻ കരാർ ലഭ്യമായിരിക്കുന്നത് ഈ മേഖലയിലെ പ്രമുഖ കമ്പനികളായ ടാറ്റാ പവർ സോളാർ സിസ്റ്റം, വാരി എഞ്ചിനീയേഴ്സ് ലിമിറ്റഡ്, ഇൻകൽ ലിമിറ്റഡ് എന്നിവർക്കാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ എം.എസ്.ടി.സി. വികസിപ്പിച്ച ഈ-ടെൻഡറിംഗ് പ്ലാറ്റുഫോമിലൂടെയാണ് കരാറുകാരെ കണ്ടെത്തിയത്. നിലയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസം ആരംഭിക്കും. 2020 ജൂൺ മാസത്തോടെ മുഴുവൻ ഉപഭോക്താക്കൾക്കുമുള്ള നിലയങ്ങൾ പൂർത്തിയാകും. ഇതോടൊപ്പം ശേഷിക്കുന്ന 150 മെഗാവാട്ടിനായുള്ള റീ-ടെൻഡറിംഗ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

ഈ പദ്ധതിയിലെ മോഡൽ 3 – ൽ വരുന്ന ഉപഭോക്താക്കൾ 10 കിലോവാട്ട് വരെയുള്ള നിലയത്തിന് , കിലോവാട്ടിന് 53000 രൂപ എന്ന നിരക്കിലും 100 കിലോവാട്ട് വരെയുള്ളതിന് കിലോവാട്ടിന് 47000 രൂപ എന്ന നിരക്കിലും, 100 ന് മുകളിൽ 44000 എന്ന നിരക്കിലുമാണ് കെ.എസ്.ഇ.ബി യിൽ പണം അടയ്‌ക്കേണ്ടത്. അപേക്ഷാ ഫീ അടക്കമുള്ള തുകയാണിത്. മോഡൽ 2 -ൽ വരുന്ന ഉപഭോക്താക്കൾക്ക് ഉപഭോഗത്തിനും, താരിഫിനും അനുസരിച്ച് കുറഞ്ഞത് 4.50 രുപ മുതൽ പരമാവധി 5.95 രുപ വരെയുള്ള താരിഫാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ നിരക്ക് വരുന്ന 25 വർഷം വരെ വ്യത്യാസമില്ലാതെ തുടരും.