അദാലത്തിൽ പെയ്തിറിങ്ങിയ നന്മ

434

നിത്യവൃത്തിക്ക് ഒരു ചെറിയ ഹോട്ടൽ തുടങ്ങുമ്പോൾ ഇടിവാളായി കറന്റുബിൽ വരും എന്ന് ആ വീട്ടമ്മ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു ഇടിമിന്നലിൽ മീറ്റർ വികൃതി കാട്ടിയപ്പോൾ കറണ്ട് ബില്ല് “ഇടിവാൾ” തന്നെയായി.നിസ്സഹായരായ കെ എസ് ഇ ബി അധികൃതരുടെ മുന്നിൽ അഴിയാക്കുരുക്കായി ബില്ല് പല്ലിളിച്ചു. വർഷങ്ങൾ കടന്നുപോയപ്പോൾ ഹോട്ടൽ ഒക്കെ നിർത്തി ആ നാലുസെന്റിൽ നഗരസഭയുടെ സഹായത്തോടെ അവർ ഒരു കൂര തീർത്തിരുന്നു. ഒറ്റതവണതീർപ്പാക്കലിൽ പലിശയുടെ തുക പകുതികണ്ട് കുറഞ്ഞു. പക്ഷെ പണം എവിടെ? കുറഞ്ഞ ബിൽതുക കണ്ട വീട്ടമ്മയുടെ തല കറങ്ങി. ജീവിത സമ്പാദ്യം എല്ലാം വിറ്റുപെറുക്കിയാലും “ഇടിവാൾ ബിൽ” അടച്ചു തീരില്ല. ജനുവരി 27ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എം.എം.മണിയുടെ സാന്നിദ്ധ്യത്തില്‍ കാസർഗോഡ് നടന്ന വൈദ്യുതി അദാലത്തിൽ പ്രശ്നത്തിന് പരിഹാരമായി. നിസ്സഹായായ അമ്മയുടെ ബില്ല് മുഴുവനായിത്തന്നെ അദാലത്തിൽ ഇളവ് ചെയ്തുകൊടുത്തു. നിരാലംബരെ ചേർത്തുപിടിക്കുന്ന ഒരു ഗവർമെന്റിന്റെ നയം.


അദാലത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കി അധികൃതർ ഉപഭോക്താക്കളെ കാത്തിരുന്നു. ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ പരാതികൾ സ്വീകരിച്ചുതുടങ്ങി. കാസർഗോഡ് കാഞ്ഞങ്ങാട് ഡിവിഷനുകൾക്ക് കീഴിലിലുള്ള വിവിധ സബ്ഡിവിഷനുകൾക്കായി കൗണ്ടറുകൾ തുറന്നു. റിസപ്ഷനിൽ സ്വീകരിക്കുന്ന പരാതികൾക്ക് എത്തിച്ചേരേണ്ട കൗണ്ടറുകൾ പ്രകാരം ടോക്കൺ നൽകി. വൈദ്യുതി വകുപ്പ് മന്ത്രി. ശ്രീ. എം.എം.മണി നേരത്തെ എത്തിച്ചേർന്നു. പട്ടയമേളയിൽ പങ്കെടുക്കേണ്ടയിരുന്ന ബഹു.റെവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി.ശ്രീ.ഇ.ചന്ദ്രശേഖരൻ എത്തിച്ചേർന്നതോടെ ഉത്‌ഘാടന ചടങ്ങുകൾ ആരംഭിച്ചു. കെ.എസ്. ഇ.ബി.എൽ. ചെയർമാൻ ശ്രീ.എൻ.എസ്.പിള്ള സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ബഹു.മന്ത്രി.ശ്രി.ഇ.ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവൻറെ നിർമാണപ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കും എന്ന പ്രത്യാശ പ്രകടിപ്പിച്ചു. പിന്നോക്ക ജില്ലയായ കാസർഗോഡ് എത്തിച്ചേരുന്ന കെ.എസ്.ഇ.ബി.എൽ ജീവനക്കാർക്ക് താമസസൗകര്യം ലഭിക്കും എന്നുള്ളത് എടുത്തുപറഞ്ഞു.
ഉത്‌ഘാടന പ്രസംഗത്തിൽ 2000 പരാതികൾ പരിഹരിച്ച എറണാകുളം ജില്ലയിലെ അദാലത്ത് ബഹു മന്ത്രി. ശ്രീ. എം.എം.മണി പരാമർശിച്ചു.
“6 കോടി രൂപയോളം കെ.എസ്.ഇ.ബി.എൽ ഇതുവരെ അദാലത്ത് വഴി ഇളവ് നൽകിക്കഴിഞ്ഞു. പരാതികൾ ഇനിയും പരിഹരിച്ചുപോകേണ്ടതുണ്ട്. എല്ലാ ജില്ലകളിലും അദാലത്തുകൾ പൂർത്തിയാകുമ്പോൾ ഇളവുനൽകുന്ന തുകയുടെ അളവ് ഇനിയും വർധിക്കും. പരിസ്ഥിതി പരിമിതികൾക്കുള്ളിൽ നിന്ന് വൈദ്യുതി ഉല്പാദനത്തിന്റെ വിവിധ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി മാത്രമേ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയൂ.” അദ്ദേഹം തുടർന്നുപറഞ്ഞു.
ബഹു.എം.എൽ.എ.മാർ സർവ്വശ്രീ.കുഞ്ഞിരാമൻ, എൻ.എ.നെല്ലിക്കുന്ന്, എം.സി.കമറുദ്ധീൻ, എം.രാജഗോപാലൻ എന്നിവർ പങ്കെടുത്തു.


കെ.എസ്.ഇ.ബി.എൽ.ചെയർമാൻ ശ്രീ.എൻ.എസ്സ്.പിള്ള സ്വാഗതവും, ചീഫ് എഞ്ചിനീയർ (നോർത്ത് മലബാർ) ശ്രീ.ആർ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
നേരെത്തെ സെക്ഷനുകളിൽ ലഭിച്ച പരാതികളിൽ നല്ല ഗൃഹപാഠം നടത്തിയിരുന്നതുകൊണ്ട് പരാതി പരിഹാരം വേഗത്തിലായി. ബോർഡ് തലത്തിൽ തീരുമാനമാകേണ്ട പരാതികൾ പൂർണമായും അപ്പോൾത്തന്നെ പരിഹരിച്ചു. ചീഫ് എഞ്ചിനീയർ തലത്തിൽ പരിഹരിക്കേണ്ട പരാതികൾ തീർപ്പാക്കിയപ്പോൾ വൈകിട്ട് ആറ് മണി കഴിഞ്ഞിരുന്നു.
അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓഫീസേർസ് അസ്സോസിയേഷൻന്റെ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്. ഓരോ ഘട്ടത്തിലും സംഘടനയുടെ സജീവ സാന്നിദ്ധ്യം പ്രകടമായിരുന്നു. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ.സുദീപ്, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ ശ്രീ.പി.സീതാരാമൻ, ശ്രീ,ഒ.വി.രമേശ്, കെ.എസ്.ഇ.ബി.ഒ.എ ജില്ലാ സെക്രെട്ടറി ശ്രീ.സന്ദീപ്, ജില്ലാ പ്രസിഡണ്ട്.ശ്രി.അശോകൻ, ട്രെഷറർ.ശ്രീ.പ്രദീപ്കുമാർ, ജില്ലാകമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എല്ലാവരും സജീവ സാന്നിദ്ധ്യം കൊണ്ട് സംഘടനയുടെ പങ്കാളിത്തം ശ്രദ്ധേയമാക്കി.അദാലത്ത് കഴിഞ്ഞ് മടങ്ങുമ്പോൾ ഇരു കൈകൾ കൂപ്പി നന്ദിപറയുന്ന പേരറിയാത്ത ആ വീട്ടമ്മയുടെ മുഖം മാഞ്ഞിരുന്നില്ല.സം തൃപ്തിയും.

അദാലത്തിൽ പെയ്തിറിങ്ങിയ നന്മ.

(റിപോര്‍ട്ട് തയ്യാറാക്കിയത്- ശ്രീ.ഫിറോസ് അബൂബക്കര്‍)