ആവേശം പകര്‍ന്ന നേതൃത്വ പരിശീലന ക്യാമ്പ്

501
വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയോടൊപ്പം

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019 സപ്തംബർ 28 , 29 തീയ്യതികളിലായി ഷോർണൂർ lnSDES ൽ വച്ച് ദ്വിദിനവനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങൾ വിഷയങ്ങളുടെ പ്രത്യേകത കൊണ്ടും അവതരിപ്പിച്ചവരുട പ്രവർത്തന പരിചയത്തിന്റെ പിൻബലം കൊണ്ടും അങ്ങേയറ്റം ശ്രദ്ധേയമായി.

സബ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സജിമോളുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ക്യാമ്പ് ചെയ്തത് സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡൻറ് ശ്രീ. ഏ.കെ.പദ്മനാഭൻ ആണ് .
ദേശീയമായും അന്തർദേശീയമായും ട്രേഡ് യൂണിയനുക്കൾ രൂപീകരിക്കപ്പെട്ടതിന്റെ ചരിത്രവും ഇന്നത്തെ കലുഷിതമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ ട്രേഡ് യൂണിയനുകളുടെ പ്രവർത്തനരീതികൾ എങ്ങനെയായിരിക്കണമെന്നതും അദ്ദേഹം സൂചിപ്പിച്ചു.
ഏറ്റവും താഴെത്തട്ടിലുള്ളവരെക്കൂടി ബോധ്യപ്പെടുത്താൻ കഴിയാത്തിടത്തോളം ട്രേഡ് യൂണിയനുകൾ പരാജയപ്പെട്ടു പോകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. Reach the Unreach എന്നതു തന്നെയാണ് ഏതൊരു സംഘടനയുടെയും നിലനിൽപ്പിന്റെയും വിജയത്തിന്റെയും അടിത്തറയാകേണ്ടത് എന്ന് സ. എ. കെ. പി. കൃത്യമായി പറഞ്ഞ് വച്ചു. കോർപ്പറേറ്റ് പ്രീണന നയങ്ങളുമായി മുന്നോട്ടുപോകുന്ന ഗവൺമെന്റിന്റെ റോൾ വെറുമൊരു ഫെസിലിറ്റേറ്റർ മാത്രമാണെന്ന് കരുതുന്ന ഒറ്റക്കക്ഷി ഭൂരിപക്ഷമുള്ള ഒരു ദേശീയ ഗവൺമെന്റിനെ തെറ്റായ നയങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ വർദ്ധിതവീര്യത്തോടെ ഭയാശങ്കകളില്ലാതെ ഇല്ലാതെ പോരാടി കൊണ്ടേയിരിക്കാൻ ആഹ്വാനം ചെയ്തിട്ടാണ് അദ്ദേഹം തൻറെ പ്രഭാഷണം അവസാനിപ്പിച്ചത്.

ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ശ്രീമതി പ്രീതി ശേഖർ സ്ത്രീകൾ, രാഷ്ട്രീയം, സ്ത്രീ പക്ഷ രാഷ്ട്രീയം എന്ന വിഷയത്തെക്കുറിച്ചാണ് സംവദിച്ചത്. സമൂഹത്തിൽ സ്ത്രീയുടെ പ്രാധാന്യമെന്ത് എന്നത് അത് സ്വയം തിരിച്ചറിഞ്ഞ് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ഓരോ സ്ത്രീയും ഇറങ്ങി വരണമെന്നും അത്തരമൊരു യാത്രയിൽ ലിംഗഭേദമില്ലാതെ എല്ലാവരെയും ഒപ്പം കൂട്ടി പ്രവർത്തിക്കണമെന്നും അവർ സൂചിപ്പിച്ചു. മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ തൻറെ പ്രവർത്തനകാലയളവിൽ കണ്ട വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സ്ത്രീ സമൂഹം അഭിമുഖീകരിക്കുന്ന അവഗണനകളുടെ ഒരു നേർചിത്രം അവർ നമുക്ക് കാട്ടിത്തന്നു.

സംഘാടനത്തിന്റെ ശാസ്ത്രത്തെക്കുറിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ.കെ ശിവദാസൻ സംവദിച്ചു. സ്വന്തം തീരുമാനങ്ങൾ മറ്റുള്ളവരുടെ കൂടി ആക്കുന്നിടത്താണ് നേത്യത് നിരയിലേക്ക് എത്തുന്ന ഒരു സംഘടനാ പ്രവർത്തകന് വിജയിക്കാനാവുന്നത് എന്ന് അദ്ദേഹം വളരെ ലളിതമായും മനോഹരമായും അവതരിപ്പിച്ചു. സംഘടനപ്രവർത്തനങ്ങളിൽ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.

അടുത്തതായി നമ്മുടെ സംഘടനയെ കുറിച്ച് ശ്രീമതി നിത്യ പി എം ന്റെ അവതരണമായിരുന്നു. സംഘടന രൂപീകരണം മുതൽ വിവിധ സബ് കമ്മിറ്റികൾ രൂപംകൊണ്ടത് ഉൾപ്പെടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ചിട്ടയായി നിത്യ അവതരിപ്പിച്ചു.

ദൈനംദിന പ്രവർത്തനങ്ങളിൽ രാഷ്ട്രീയത്തിന്റെ ശരിമ എന്നതിനെ കുറിച്ചായിരുന്നു അടുത്ത പ്രഭാഷണം. ശ്രീ സുദീപ് എം.പി.യാണ് വിഷയം കൈകാര്യം ചെയ്തത്. Political correctness എന്ന പദത്തിന്റെ അർത്ഥവ്യാപ്തിയെ കുറിച്ച്, ശരികളില്ലാത്ത ഇന്നത്തെ രാഷ്ട്രീയത്തിൽ Political correctness എന്ന വാക്കിന്റെ പ്രസക്തിയെക്കുറിച്ച് ദൃശ്യ-ശ്രാവ്യ ഉദാഹരണങ്ങളോടെ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്ന് സുദീവിന് തീർച്ചയായും അഭിമാനിക്കാം.

Gender issues in work Place എന്നതായിരുന്നു രണ്ടാം ദിവസത്തെ പ്രധാന പ്രഭാഷണം. വനിതാ കമ്മീഷൻ അംഗമായ ശ്രീമതി ഇ എം രാധ പ്രഭാഷണം നടത്തിയത്. ഒരു നമ്പൂതിരി കുടുംബത്തിലെ അംഗമായിരുന്ന താൻ സഖാവ് ഇ എം എസിന്റെ മകൾ ആയതുകൊണ്ടാണ് ഇന്നത്തെ രീതിയിൽ ഒരു സാമൂഹ്യപ്രവർത്തകയായി മാറാൻ കഴിഞ്ഞത് എന്ന് അവർ പറഞ്ഞു. സമൂഹത്തിലും രാഷ്ട്രീയത്തിലും സ്ത്രീയുടെ സ്ഥാനം എന്തെന്ന് മനസ്സിലാക്കി അതനുസരിച്ച് ജീവിച്ച അച്ഛന്റെ മകൾ ആയതുകൊണ്ടാണ് തനിക്ക് ഇങ്ങനെയാകാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞപ്പോൾ നമ്മുടെ പ്രിയ സഖാവ് EMS നോടുള്ള ബഹുമാനം കൂടുകയാണ് ഉണ്ടായത്. ഒരു കുട്ടിയുടെ ചിന്തകളിലും സ്വഭാവത്തിലും സമൂഹത്തോടുള്ള ഉത്തരവാദിത്ത്വങ്ങളിലും കുടുംബം എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് കൃത്യമായി അവർ അവതരിപ്പിച്ചു. തൊഴിലിടങ്ങളിലെ പ്രശ്നങ്ങളെ മാത്രമല്ലാതെ സമൂഹത്തിലെ വിവിധ മേഖലകളിൽ സ്ത്രീ സംബന്ധിയായ പ്രതിസന്ധികളെക്കുറിച്ച് ആശങ്കയോടെയാണ് അവർ പ്രഭാഷണം അവസാനിപ്പിച്ചത്.

ഇന്ത്യൻ പവർ സെക്ടർ നെക്കുറിച്ച് വളരെ കൃത്യമായ ഒരു അവതരണമായിരുന്നു ശ്രീ. ഷൈൻ രാജിന്റെത്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വൈദ്യുതി മേഖലയിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് അക്കമിട്ട് നിരത്തി കണക്കുകളിലൂടെ ഉള്ള ഷൈനിന്റെ അവതരണം ശ്രദ്ധേയമായി.
നമ്മുടെ സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറി ശ്രീ ലതീഷ് വിശദീകരിച്ചു സംഘടനയുടെ നേതൃത്വനിരയിൽ എത്തുന്നതുൾപ്പെടെയുള്ള രീതിയിൽ വനിതാംഗങ്ങളെല്ലാം പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

ശ്രീമതി ഹുസ്ന മുംതാസിന്റെ നേതൃത്വത്തിൽ നടന്ന ഒത്തുചേരൽ എല്ലാ വനിതാ അംഗങ്ങളും അങ്ങേയറ്റം ഉത്സാഹവും ഊർജ്ജവും പകരുന്നതായിരുന്നു. ഏറ്റവും എടുത്തു പറയേണ്ട കാര്യം കോഴിക്കോട് വനിതാ സബ്കമ്മിറ്റി അവതരിപ്പിച്ച ഒരു ന്യത്താവിഷ്കാരവും ഒരു സ്കിറ്റും ഏറ്റവും ശ്രദ്ധേയമായി എന്നുള്ളതാണ്. അവതരണത്തിലെ മികവ് കൊണ്ടും ഉള്ളടക്കത്തിന്റെ കാമ്പുകൊണ്ടും അങ്ങേയറ്റം ശ്രദ്ധേയമായ ഗംഭീരമായ പരിപാടിയായിരുന്നു അവരുടെത്.

ക്യാമ്പിൽ പങ്കെടുത്ത ഒരോ വനിതയിലും നിസ്സംഗതയും നിശബ്ദതയുമല്ല അതിജീവനത്തിന്റെ ചെറുത്തുനിൽപ്പാണ് ഇന്ന് ആവശ്യമെന്ന് എന്ന സന്ദേശത്തിന്റെ കനൽ ജ്വലിപ്പിച്ചാണ് രണ്ട് ദിവസത്തെ വനിതാ നേതൃത്വ പരിശീലന ക്യാമ്പ് അവസാനിച്ചത്.

വനിതാ സബ് കമ്മിറ്റി കൺവീനർ ശ്രീലാകുമാരി ക്യാമ്പിന് സ്വാഗതം പറഞ്ഞു.
EEFI വർക്കിങ്ങ് കമ്മിറ്റിയംഗം എംജി സുരേഷ് കുമാർ, KSEBOA വർക്കിങ്ങ് പ്രസിഡണ്ട് ഉഷ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ ശ്രീമതി സോനയുടെ നന്ദി പ്രകാശനത്തോടെ ക്യാമ്പ് അവസാനിച്ചു.

ലേഖികതയ്യാറാക്കിയത് – Sabeena Trissur