ഒരു സമ്പൂർണ്ണ വൈദ്യുതീകരണ ഗാഥ – പാര

102

പുഷ്കരാക്ഷൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍; സെക്ഷന്‍ 126 ന്റെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്ന് പഠിക്കുകയാണ്. സാറ് ‘ഗുഡ് ഫെയ്ത്ത്’ നെപ്പറ്റി വാചാലനാകുകയാണ്. അസ്സസിംഗ് ആപ്പീസർ എന്നു വച്ചാൽ നിങ്ങളെന്നതാ കരുതീരിക്കുന്നേ?… ഭയങ്കര പവറാന്നേ. ലൈസൻസീലെ ഒരുത്തനും നിങ്ങളെ ചോദ്യം ചെയ്യാൻ ഒക്കത്തില്ലാന്നേ…. അസസ്സിംഗ് അപ്പീസർക്ക് എങ്ങനേയും അസസ്സ് ചെയ്യാം… ഗുഡ് ഫെയ്ത്തിലാണെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ ഒക്കത്തില്ല.

അതു വരെ മിണ്ടാതിരുന്ന് പഠിച്ചോണ്ടിരുന്ന മുതുക്കന്മാരും (ക്കികളും) കാക്കക്കൂട്ടത്തിൽ കല്ലു വീണതുപോലെ ഗുഡ് ഫെയ്ത്തിനെപ്പറ്റി കലപില തുടങ്ങി. ഒടുക്കത്തെ ഓരോരോ സംശയങ്ങൾ… സാറ്, പത്മവ്യൂഹത്തിലെ അഭിമന്യുവായി.

‘ഗുഡ് ഫെയ്ത്തി’ന്റെ പുറകേ പോയ പുഷ്കരണ്ണന്റെ മനസ്സ് ക്ലാസിൽ നിന്നിറങ്ങി നാട്ടിലെ കവലയിലെത്തി നിന്നു.

പത്തിരുപതു കൊല്ലം ഒരു പോറൽ പോലും ഏൽപ്പിക്കാതെ കൊണ്ടു നടന്ന ‘ഗുഡ് ഫെയ്ത്തി’നെ തകർത്ത ദുഷ്ടത്തി – മാങ്ങാക്കച്ചവടം നടത്തുന്ന ഭാസുരാംഗി.

ഒരു ഫ്ലാഷ്ബാക്ക്..

സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ലഹരി തലക്കു പിടിച്ച കാലം. ബിപി യും ഷുഗറും ഒന്നും വക വയ്ക്കാത്ത നിസ്വാർത്ഥ സേവനം. ഒറ്റ ലക്ഷ്യം മാത്രം – കറണ്ട് കിട്ടാത്ത ഒരാൾ പോലും ശേഷിക്കരുത്. വിശ്രമമില്ലാത്ത സേവനം മാത്രം. കൂടെയുള്ളവരെയൊക്കെ ‘മോട്ടിവേറ്റ്’ ചെയ്ത് ചെയ്ത് ഹൈ ലെവലിൽ ആക്കി വച്ചിരിക്കുകയാണ്. താലൂക്കിലും വില്ലേജിലും പഞ്ചായത്തിലുമൊക്കെ കെഎസ്ഇബിക്കാർ കേറി നിരങ്ങുകയാണ്, പാവപ്പെട്ട പൊതുജനത്തിനായി.

നമ്മടെ നായിക, കാടിനടുത്തു താമസിക്കുന്ന ഭാസുരാംഗിയുടെ സർവീസ് വയറിന്റെ അടുത്തൂടി കൊണ്ടു പോയാൽ, അനിയത്തി, മാങ്ങ തന്നെ വിൽക്കുന്ന കോമളാംഗിക്കു കൂടി കറണ്ട് കൊടുക്കാം.

മുടിഞ്ഞ സഹോദര സ്നേഹം കാരണം ചേച്ചി വെല്ലുവിളിച്ചു,

“ചെല്ലക്കിളികളേ, എന്റെ പുരയിടത്തി കൂടി കൊണ്ടു പോയി നീയൊന്നും അവക്ക് കറന്റ് കൊടുക്കൂല” ”

വെറും 30 സെന്റിമീറ്ററല്ലേ, അക്കാ പുരയിടത്തിന്റെ അകത്തോട്ടു കേറൂ… നിങ്ങടെ കൂടപ്പിറപ്പിനു വേണ്ടീട്ടല്ലേ”. കെഞ്ചി നോക്കി. ങു ങ്ങും, ചേച്ചി അമ്പിനും വില്ലിനും അടുത്തില്ല.

“ആറ്റോക്കോവിലമ്മച്ചിയാണ, നിങ്ങള് അങ്ങനെ വല്ലോം ചെയ്താ…., ഞാന്‍ ‘ലവരെ’ വിളിക്കും”, ചേച്ചി നാഗവല്ലിയായി….

“നിങ്ങള് ധൈര്യമായിട്ട് വലിച്ചോ, ബാക്കിയൊക്കെ ഞാൻ നോക്കിക്കോള്ളാ”മെന്ന്, നെഞ്ചത്തടിച്ച് അണ്ണൻ ഉറപ്പു കൊടുത്തിട്ടും സെക്ഷൻകാർക്ക് പേടി. “സാറെ പരാതി കൊടുത്താൽ “പട്ടത്തൂന്ന്” ‘ലവര്’ വരൂലേ. നമ്മള് വലിക്കണോ? നമ്മളെ പെടുത്തിയാലോ?”

“എന്തരെടേയ്, നമ്മള് വേലുത്തമ്പീടെ നാട്ടുകാരല്ലേടേയ്, ധൈര്യമായിട്ട് കൊടടേയ്. നമ്മക്ക് പച്ചരിക്ക് വക തരണ സ്ഥാപനത്തിന്റെ നല്ലതിനു വേണ്ടിയല്ലേ, അതൊക്കെ അവർക്കും മനസ്സിലാവുമെടേ” എന്ന് പറയുകയും എഡിഎം ന്റെ കയ്യിൽ നിന്ന് അണ്ണൻ റാറ്റിഫിക്കേഷനുകൾ വാങ്ങിച്ച് ഭദ്രമായി വയ്ക്കുകയും ചെയ്തു.

ഗുഡ് ഫെയ്ത്തിൽ ഉപഭോക്താക്കളുടെ നന്മയ്ക്ക് വേണ്ടി പ്രയത്നിച്ച് സ്ഥാപനത്തിന് മുതൽക്കൂട്ടായി എന്ന് സ്വയം അഭിനന്ദിച്ച് കഴിയുമ്പോഴാണ്, ഭാസുരാംഗിയുടെ പരാതി ‘ലവിടുന്ന്’ വരുന്നത്. റാറ്റിഫിക്കേഷനുൾപ്പെടെ പറഞ്ഞ് മറുപടിയും കൊടുത്തു. അതോടെ അതങ്ങ് തീർന്നല്ലോന്ന് സമാധാനിക്കുകയും ചെയ്തു.