ടാറ്റ പവറിന്റെ ഉടമസ്ഥതയിലുള്ള 4000 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള മുന്ദ്ര അള്‍ട്രാ മെഗാ പദ്ധതി, അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള 4620 മെഗാവാട്ടിന്റെ മുന്ദ്ര പദ്ധതി, 1200 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള എസ്സാര്‍ പവറിന്റെ സലായ പദ്ധതി എന്നീ പദ്ധതികളില്‍ നിന്ന് ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്‍ വൈദ്യുതി വാങ്ങുന്നത് ദീര്‍ഘകാല കരാറുകളുടെ അടിസ്ഥാനത്തിലാണ്. 18,000 കോടി രൂപയുടെ കടമാണ് ഈ പദ്ധതികളുടെ നിര്‍മ്മാണത്തിന് വേണ്ടി ബാങ്കുകള്‍ നല്‍കിയത്. എസ്സാര്‍ പവറിന് നല്‍കിയ കടം ഇതിനകം കിട്ടാക്കടമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 3 പദ്ധതികളില്‍ ടാറ്റ പവറിന്റെ മുന്ദ്ര പദ്ധതി ഒഴികെ മറ്റ് 2 പദ്ധതികളും നിര്‍ത്തി വച്ചിരിക്കുകയാണ്.
ഈ മൂന്ന് പദ്ധതികളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ചാണ്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് വില കൂടി എന്ന് ആരോപിച്ച് അദാനിയും ടാറ്റയും എസ്സാറും സി.ഇ.ആര്‍.സിയെ കോമ്പന്‍സേറ്ററി താരിഫ് അനുവദിച്ച് തരണം എന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്കും ലേല വ്യവസ്ഥകള്‍ക്കും വിരുദ്ധമായി സി.ഇ.ആര്‍.സി അധിക നിരക്ക് അനുവദിക്കുകയും ചെയ്തു. എന്നാല്‍ 2017 ഏപ്രിലില്‍ അധിക നിരക്ക് അനുവദിച്ച സി.ഇ.ആര്‍.സി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. താരിഫ് അധിഷ്ഠിത ടെണ്ടറില്‍ പങ്കെടുത്ത് കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്ത് പദ്ധതികള്‍ കരസ്ഥമാക്കിയതിന് ശേഷം നിയമപരമല്ലാതെ നിരക്ക് വര്‍ദ്ധന ആവശ്യപ്പെടുന്നത് നീതീകരിക്കാവുന്നതല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വൈദ്യുതി വാങ്ങല്‍ കരാറുകളും ലേല വ്യവസ്ഥകളും റഗുലേറ്ററി മാര്‍ഗ നിര്‍ദ്ദേശങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി. നഷ്ടത്തിലുള്ള 3 ഉത്പാദന പദ്ധതികളേയും സംസ്ഥാനത്തിന് കൈമാറാനുള്ള ശ്രമവും നേരത്തെ പരാജയപ്പെട്ടിരുന്നു.

ഹൈപ്പവർ കമ്മിറ്റിയുടെ രൂപീകരണം
എന്നാല്‍, വളഞ്ഞ വഴിയിലൂടെ കോമ്പന്‍സേറ്ററി താരിഫ് ലഭിക്കാനും അത് ഉപഭോക്താക്കളിലേക്ക് കൈമാറാനും ഉള്ള കോര്‍പ്പറേറ്റ് ശ്രമം വിജയിക്കുകയാണെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. 2017ലെ സുപ്രീം കോടതിയുടെ വിധിയോടെ അങ്കലാപ്പിലായ ടാറ്റയും അദാനിയും‍, ഗുജറാത്ത് സര്‍ക്കാരിനെ സമീപിച്ച് അധിക നിരക്ക് ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍, കാര്യങ്ങള്‍ പരിശോധിക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും‍ സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍. കെ അഗര്‍വാള്‍, മുന്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ എസ്. എസ്. മുന്ദ്ര, മുന്‍ സി.ഇ.ആര്‍.സി ചെയര്‍പേര്‍സണ്‍ പ്രമോദ് ഡിയോ എന്നിവരടങ്ങുന്ന മൂന്ന് അംഗ ഹൈപവര്‍ കമ്മിറ്റിയെ 2018 ജൂലായ് മാസത്തില്‍ സര്‍ക്കാര്‍ നിയോഗിച്ചു. ഈ കമ്മിറ്റി രൂപീകരിച്ചത് തന്നെ സുപ്രീം കോടതി വിധിയെ മറികടന്ന് സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു.

ആശങ്കകൾ യാഥാർത്ഥ്യമാകുന്നു
ഹൈപവര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ‍ഒക്ടോബറില്‍ പുറത്ത് വന്നതോടെ ആശങ്കകള്‍ യാഥാര്‍ത്ഥ്യമായി. ടാറ്റ, അദാനി, എസ്സാര്‍ കമ്പനികള്‍ക്ക് വരുന്ന 30 വര്‍ഷം കൊണ്ട് 1.29 ലക്ഷം കോടി രൂപയുടെ അധിക വരുമാനം ലഭ്യമാകത്തക്ക വിധത്തില്‍ വൈദ്യുതി വാങ്ങല്‍ കരാര്‍ ഭേദഗതി ചെയ്യണമെന്നതാണ് ഹൈപവര്‍ കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശം. ഇന്ധന വിലയിലെ വ്യത്യാസവും രൂപയുടെ മൂല്യശോഷണം വഴിയുള്ള നഷ്ടവും പൂര്‍ണ്ണമായി ഉപഭോക്താക്കളിലേക്ക് കൈമാറണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഗുജറാത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‍ മാത്രം ഇതു വഴി 90,000 കോടി രൂപ അധിക ബാധ്യത വരും. ഹരിയാനയിലെ ഉപഭോക്താക്കള്‍ക്ക് 19,000 കോടി രൂപയും മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് യഥാക്രമം 10,000 കോടി, 5,000 കോടി, 5,000 കോടി രൂപയുടേയും അധിക ബാധ്യത ഉണ്ടാകും.
കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് ഹൈപവര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. പൂന ആസ്ഥാനമായ പ്രയാസ്, ഈ നിര്‍ദ്ദേശങ്ങള്‍ 2017 ഏപ്രിലിലെ‍ സുപ്രീം കോടതി വിധിയുടെ പരസ്യമായ ലംഘനമാണെന്ന് പറയുകയും ഇത് തള്ളിക്കളയണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരം തീരുമാനങ്ങള്‍ നിലവിലുള്ള നിരവധി വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്നും താരിഫ് അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികളുടെ ലേലങ്ങളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും പറഞ്ഞു. അതിനാല്‍ ‍ഹൈപവര്‍ കമ്മിറ്റി നിര്‍ദ്ദേശം അംഗീകരിക്കരുതെന്നും പ്രയാസ് അഭിപ്രായപ്പെട്ടിരുന്നു.

വൈദ്യുതി നിരക്ക് വർദ്ധിക്കും
34 ഉത്പാദന പദ്ധതികളില്‍ നിന്നുള്ള 40,000 മെഗാവാട്ട് സ്ഥാപിതശേഷി ഉപയോഗിക്കാനാവാതെ കിടക്കുന്നതിനാല്‍ നിലവില്‍ ബാങ്കുകള്‍ക്ക് 1.7 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ഉണ്ട്. 3 പദ്ധതികളുടേയും ആസ്തിയുടെ മൂല്യത്തില്‍ കുറവ് വരുത്താന്‍ ഹൈപവര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതിനാല്‍, വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് 9,000 കോടി രൂപയുടെ അധിക നഷ്ടം ഉണ്ടാകും. ഈ നടപടി ബാങ്കിങ്ങ് മേഖലയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. എന്നാല്‍ ഒന്നും കിട്ടാത്തതിനേക്കാള്‍ നല്ലത് എന്തെങ്കിലും കിട്ടുന്നതാണെന്ന് ബാങ്കുകളും കരുതുന്നു. എന്നാല്‍, ഇങ്ങിനെ ചെയ്യുന്നത് വഴി കപ്പാസിറ്റി ചാര്‍ജ്ജ് യൂണിറ്റിന് 20 പൈസ കുറയുന്ന തിനാല്‍ ഉപഭോക്താക്കളുടെ മേലുള്ള ബാധ്യത ആനുപാതികമായി കുറയും. 25 വര്‍ഷത്തെ വൈദ്യുതി വാങ്ങല്‍ കരാര്‍ 10 വര്‍ഷം ദീര്‍ഘിപ്പിച്ച് 35 വര്‍ഷം ആക്കാമെന്നും ഡവലപ്പര്‍മാരുടെ ഉടമസ്ഥ തയിലുള്ള കല്‍ക്കരി പാടങ്ങളുടെ ലാഭം ഉപഭോക്താക്കളുമായി പങ്കു വയ്ക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്. ശരാശരി വൈദ്യുതി നിരക്ക് 60 പൈസക്കും 1 രൂപക്കും ഇടയില്‍ വര്‍ദ്ധനവ് ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വകാര്യ ഉത്പാദകരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു
ഗുജറാത്തിന്റെ അവസ്ഥ ചെകുത്താനും കടലിനും ഇടയില്‍ എന്നതു പോലെയാണ്. 3 പ്രധാന പദ്ധതികള്‍ ഉത്പാദനം നിര്‍ത്തി വച്ചതിനാല്‍ പലപ്പോഴും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് നടപ്പാക്കുകയാണ്. ആവശ്യകതയിലുള്ള വിടവ് നികത്താന്‍ സ്പോട്ട് മാര്‍ക്കറ്റില്‍ നിന്ന് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുമുണ്ട്. സ്വകാര്യ ഉത്പാദകരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാനുള്ള രാഷ്ട്രീയ തീരുമാനവും ഇതിന് പിന്നില്‍ ഉണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ബാങ്കുകളും ഗുജറാത്ത് വൈദ്യുതി മേഖലയും പ്രതിസന്ധി നേരിടുകയാണെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് അദാനിക്കും ടാറ്റക്കും കൊള്ള ചെയ്യാനുള്ള അവസരം ഉണ്ടാക്കുന്നത്.
ഒക്ടോബറില്‍, ഗുജറാത്ത് ഗവണ്‍മെന്റും ഗുജറാത്ത് ഊര്‍ജ്ജ വികാസ് നിഗം ലിമിറ്റഡും ഹൈപവര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഒക്ടോബര്‍ 28ന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനോട് ഹൈപവര്‍ കമ്മിറ്റി തീരുമാന പ്രകാരം വൈദ്യുതി വാങ്ങല്‍ കരാറില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചു. 8 ആഴ്ചക്കുള്ളില്‍ തീരുമാനം എടുക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. തീരുമാനം എടുക്കുന്നതിന് മുമ്പ് ഉപഭോക്തൃ ഗ്രൂപ്പുകളുടേയും യൂട്ടിലിറ്റികളുടേയും അഭിപ്രായം കേള്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് എടുക്കും എന്ന് ഇതു വരെ പ്രഖ്യാപിച്ചിട്ടിട്ടില്ല.
ഈ വിഷയത്തില്‍, ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതക്കപ്പുറം പല ചോദ്യങ്ങളും ഉയര്‍ത്തപ്പെടുന്നുണ്ട്. സ്വകാര്യ കമ്പനികള്‍ പദ്ധതി നേടിയെടുക്കാന്‍ വേണ്ടി കുറഞ്ഞ നിരക്ക് തെറ്റായി ക്വോട്ട് ചെയ്തതിന് ഉപഭോക്താവ് ഉത്തരവാദിയാകുമോ? ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില കുറയുകയായിരുന്നുവെങ്കില്‍ സ്വകാര്യ കമ്പനികള്‍ വൈദ്യുതി വില കുറക്കുമോ? വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ ജനങ്ങളെ കൊള്ളയടിക്കുന്നവര്‍ ഭരണചക്രം തിരിക്കുന്ന വര്‍ത്തമാന കാലത്ത് ഇതിനൊന്നും ഉത്തരം കിട്ടിയെന്നു വരില്ല.