മിഷന്‍ റീ – കണക്ട് – ഒരുമയുടെ വിജയം

175
മിഷന്‍ റീ കണക്ട് - കണ്ണൂര്‍ ടിം സണ്‍ റൈസ് മീറ്റിംഗില്‍

2018 ആഗസ്റ്റ് മാസത്തെ ആദ്യ ആഴ്ചകളില്‍ കേരളത്തിലുടനീളം അനുഭവപ്പെട്ട കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും പ്രകൃതിക്ഷോഭവും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് സൃഷ്ടിച്ചത്. കേരളത്തിലെ വൈദ്യുത ഉദ്പാദന, പ്രസരണ, വിതരണ മേഖലകളെ ഈ പ്രളയം ഒരു അളവു വരെ തകര്‍ത്തു എന്ന് പറയുന്നതാവും ശരി. പ്രധാന ജലവൈദ്യുതി ഉദ്പാദന കേന്ദ്രങ്ങളായ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, പൊരിങ്ങല്‍കുത്ത്, പൊരിങ്ങല്‍കുത്ത് പി എല്‍ ബി ഇ, പന്നിയാര്‍ എന്നിവ പ്രളയത്തില്‍ പ്രവര്‍ത്തനരഹിതമായി. പത്ത് ചെറുകിട ജലവൈദ്യുത പദ്ധതികളുടെ കണ്‍ട്രോള്‍ റൂമില്‍ പ്രളയജലവും ചെളിയും കയറിയതുമൂലം യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകാതെ വന്നു. ആഗസ്റ്റ് 17ലെ സ്ഥിതി പരിശോധിച്ചാല്‍ പത്ത് ഇ.എച്ച്.ടി പ്രസരണ ലൈനുകളും അമ്പത് പ്രസരണ സബ് സ്റ്റേഷനുകളും തകരാറില്‍ ആയിരുന്നു. 25.60 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞില്ല. 16,158 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ പ്രവര്‍ത്തന രഹിതമായി. പൊതുജന സുരക്ഷ കരുതി ലൈനുകള്‍ ഓഫ് ചെയ്യേണ്ടിയും വന്നു. പ്രാഥമിക അവലോകനത്തില്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിന് 820 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്.
പ്രളയത്തെ കേരളം നേരിട്ടത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയ കര്‍മ്മപരിപാടികള്‍ ഏവരുടേയും പ്രശംസ പിടിച്ചു പറ്റി. പ്രതികൂല സാഹചര്യത്തില്‍ പകച്ചു നില്‍ക്കാതെ കെ.എസ്.ഇ.ബി. ലിമിറ്റഡ് സ്ഥിതിഗതികള്‍ക്ക് യോജിച്ച നടപടികളുമായി മുന്നോട്ട് വന്നു. ഉത്പാദന – പ്രസരണ – വിതരണ രംഗം പൂർവ്വ സ്ഥിതിയിലാക്കാനുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകി.

മിഷൻ റീ – കണക്ട്
പ്രളയദുരിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയാണ് അടിയന്തിരമായി ചെയ്യേ ണ്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ “മിഷന്‍ റീ – കണക്ട്” ദൗത്യം ആരംഭിച്ചു. തടസ്സപ്പെട്ട എല്ലാ വൈദ്യുത കണക്ഷനുകളും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഈ മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ ഒരു ദ്രുതകര്‍മ്മ സേന രൂപീകരിക്കുകയും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീ. സി. സുരേഷ് കുമാറിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തു. ആഗസ്റ്റ് 20 മുതൽ വൈദ്യുതി ഭവനില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. സാധന സാമഗ്രികളുടെ ലഭ്യത, ആവശ്യമുള്ളിടത്ത് ആളുകളും സാധനങ്ങളും ഉറപ്പുവരുത്തുക, ബാഹ്യ ഏജന്‍സികളുമായി ഏകോപനം ഉണ്ടാക്കുക, ഫീല്‍ഡ് ഓഫീസുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ സംസ്ഥാന ടാസ്ക്ഫോഴ്സില്‍ നിക്ഷിപ്തമായിരുന്നു.
കൂടുതൽ നാശനഷ്ടം ഉണ്ടായ ആറ് ജില്ലകൾക്ക് സ്പെഷ്യല്‍ ഓഫീസർമാരായി ചീഫ് എഞ്ചിനീയർമാരെ നിയോഗിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഹരിപ്പാട്, തൊടുപുഴ, എറണാകുളം, പെരുമ്പാവൂര്‍, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, കല്‍പ്പറ്റ എന്നീ സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് സര്‍ക്കിള്‍തല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. സെക്ഷന്‍ തലത്തിൽ രൂപീകരിച്ച കർമ്മസേനയിൽ വിരമിച്ച ജീവനക്കാര്‍, വയറിംഗ് കോണ്‍ട്രാക്ടര്‍മാര്‍, സാങ്കേതിക വിഭാഗം വിദ്യാര്‍ത്ഥികള്‍, കരാറുകാര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കി.

മനുഷ്യ വിഭവശേഷിയുടെ ഫലപ്രദമായ വിന്യാസം
ടാസ്ക്ഫോഴ്സിന്റെ വിവിധ മേഖലകളിലെ ഇടപെടലില്‍ ഏറ്റവും പ്രധാനമായത് ആളുകളുടെ വിന്യാസമായിരുന്നു. അദ്യ ഘട്ടത്തിൽ 350 ഓളം കെഎസ്ഇബി ജീവനക്കാരെ 32 സംഘങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചു. സ്വമേധയാ തയ്യാറായി വന്ന ഈ ടീമുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന സെക്ഷന്‍ ജീവനക്കാര്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കി. ആന്ധ്രയിൽ നിന്നും വന്ന ഒരു ചീഫ് എഞ്ചിനീയറും 9 ഓഫീസര്‍മാരും 120 ജീവനക്കാരും അടങ്ങിയ സംഘത്തെയും ഫലപ്രദമായി ഉപയോഗിച്ചു. മറ്റു സെക്ഷനുകളിൽ നിന്നുള്ള കരാറുകാരെയും ഫലപ്രദമായി വിനിയോഗിച്ചു. ഇത് കൂടാതെ എന്‍.എസ്.എസ് വോളന്റീയര്‍മാര്‍, കോളേജ് വിദ്യാര്‍ത്ഥികൾ, വിവിധ സംഘടനകൾ, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പോലെയുള്ള വകുപ്പുകൾ എന്നിവയുടെ സേവനവും ശരിയായ രീതിയില്‍ വിനിയോഗിച്ചു. പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ ട്രാന്‍സ്ഫോര്‍മര്‍ ടെസ്റ്റിംഗ് മൊബൈല്‍ യൂണിറ്റിനെ നാല് ജില്ലകളില്‍ ഉപയോഗപ്പെടുത്തി. വയറിംഗ് കോണ്‍ട്രാക്ടര്‍മാരുടേയും പെന്‍ഷന്‍ പറ്റിയ ജീവനക്കാരുടേയും സേവനവും ഉറപ്പുവരുത്തി.

സഹായവുമായി വൈദ്യുതി യൂട്ടിലിറ്റികൾ
അയൽ സംസ്ഥാനങ്ങളിലെ വൈദ്യുതി യൂട്ടിലിറ്റികൾ ട്രാൻസ്ഫോർമർ, മീറ്റർ എന്നിവ അടിയന്തിരമായി എത്തിച്ചു. 440 എണ്ണം 100 കെവിഎ ട്രാൻസ്ഫോർമർ, 60,000 മീറ്റർ എന്നിവ TANGEDCO, HES COM, TELUNGANA POWER എന്നിവർ നൽകി. TNEBയുടെ വകയായി 20,000 മീറ്ററുകളും എത്തിച്ചേർന്നു. അനര്‍ട്ടില്‍ നിന്ന് 1,000 സോളാര്‍ വിളക്കുകള്‍ ലഭിച്ചത് ആവശ്യമായ സ്ഥലങ്ങളില്‍ എത്തിച്ചു.

വാഹനങ്ങൾ ലഭ്യമാക്കി
ടാസ്ക്ഫോഴ്സിന്റെ മറ്റൊരു സേവനം വാഹനങ്ങള്‍ അധികമായി ലഭ്യമാക്കുന്നതിലാണ്. നിരവധി ലോറികളും, ജീപ്പുകളും പ്രശ്നരഹിത മേഖലയില്‍ നിന്നും, ആവശ്യമുള്ളിടത്തേക്ക് നല്‍കി. എ.പി.ടി.എസ്, സിസ്റ്റം ഓപ്പറേഷന്‍ പോലെയുള്ള വിഭാഗത്തിന്റെ വാഹനങ്ങള്‍ ഈ മിഷനായി ഉപയോഗപ്പെടുത്തി. ഇതു കൂടാതെ മാറ്റി വിന്യസിക്കപ്പെട്ട ജീവനക്കാരുടെ ഭക്ഷണം, താമസം എന്നിവയിലും ടാസ്ക്ഫോഴ്സിന്റെ നിരീക്ഷണം ഉണ്ടായി. ചില ഡിവിഷനുകളില്‍ ഫണ്ട് ലഭ്യമാക്കുന്നതിലും ഇടപെടല്‍ നടത്തി.

അഭിനന്ദനാർഹമായ പ്രവർത്തനം
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ 99% പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിരുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ ബോര്‍ഡ് ജീവനക്കാരുടേയും സന്നദ്ധ സേവകരുടേയും പങ്ക് വലുതാണ്. ധാരാളം ജീവനക്കാര്‍ പ്രശ്നബാധിത മേഖലയിലേക്ക് പോകാന്‍ തയ്യാറായി വന്നെങ്കിലും അവര്‍ക്ക് നല്‍കാന്‍ ജോലിയില്ലാതെ ബുദ്ധിമുട്ടിയ സാഹചര്യവും ഉണ്ടായി. കെഎസ്ഇബിയിലെ മുഴുവൻ ജീവനക്കാരും ഒറ്റ മനസ്സായി അഹോരാത്രം പ്രയത്നിച്ചത് കൊണ്ടാണ് സമയബന്ധിതമായി മിഷൻ റീ – കണക്ട് പൂർത്തിയാക്കാൻ സാധിച്ചത്. സമയ നിയന്ത്രണമോ ജോലിഭാരമോ നോക്കാതെ ഏല്‍പ്പിച്ചതും സ്വയം ഏറ്റെടുത്തതുമായ ജോലികള്‍ സസന്തോഷം ചെയ്യാന്‍ ജീവനക്കാർ സന്നദ്ധരായി. പ്രളയം നല്‍കിയ വേദനകള്‍ക്കിടയിലും ഏറ്റെടുത്ത ദൗത്യം വിജയകരമായി നിറവേറ്റിയതിന്റെ സംതൃപ്തിയോടെ നമുക്ക് തലയുയര്‍ത്തി നില്‍ക്കാം.