പ്ലാനിങ്ങില്ലാതെ പ്ലാന്‍ തയ്യാറാക്കല്‍

401

മള്‍ട്ടി ഇയര്‍ പ്ലാന്‍

മള്‍ട്ടി ഇയര്‍ പ്ലാന്‍ എന്ന നിലയില്‍ വൈദ്യുതി ബോര്‍ഡിന്റെ ആസ്തിനിര്‍മ്മിതിയുമായി ബന്ധപ്പെട്ട ആദ്യ തനത് ചുവട് വെപ്പായിരുന്നു ദ്യുതി 2021. മള്‍ട്ടി ഇയര്‍ താരിഫ് നിര്‍ണയത്തോട് അനുബന്ധിച്ച് കണക്കുകള്‍ നല്‍കുന്നതിനായാണ് ഈ രീതിയിലുള്ള പദ്ധതി രൂപീകരണത്തിന് തുടക്കമിട്ടത്. ഫീല്‍ഡ് തലത്തിലുള്ള ആവശ്യകതകള്‍ ജീവനക്കാരുടെ ടീം വര്‍ക്കിന്റെ ഭാഗമായി സര്‍വേയിലൂടെ കണ്ടെത്തുകയായിരുന്നു ആദ്യപടി. ഇത്തരത്തില്‍ വിവിധ സെക്ഷനുകളില്‍ നിന്ന് വരുന്നവ മുകള്‍തലത്തില്‍ വിശാല അര്‍ത്ഥത്തില്‍ സമഗ്രപരിശോധനയിലൂടെ വിലയിരുത്തി പ്രവൃത്തികളുടെ ഗുണഫലം സെക്ഷന്‍ അതിര്‍ത്തികളില്‍ തളച്ചിടപ്പെടാതെ സമതുലിതമായി വിതരണം ചെയ്യപ്പെടാനുമുള്ള ശ്രമം ദ്യുതിയുടെ പദ്ധതി രൂപീകരണത്തിലുണ്ടായി. ജീവനക്കാര്‍ തന്നെ എച്ച്. ടി പോള്‍ മാപിംഗ് നടത്തുകയും പ്രാഥമിക വിതരണ ശൃംഖലയുടെ ജി.പി.എസ് രേഖാചിത്രം തയ്യാറാക്കുകയും പ്രവൃത്തികളുടെ സമയബന്ധിതമായ നടത്തിപ്പ് സംബന്ധിച്ച് രൂപം നല്‍കിയും ആസൂത്രണം എന്ന തലത്തിലേക്ക് ഈ പദ്ധതിയെ ഉയര്‍ത്താന്‍ നല്ല ശ്രമം ഉണ്ടായി.

പ്രവര്‍ത്തികളുടെ നടത്തിപ്പിനായി പുതിയ സം വിധാനമായ പ്രൊജക്റ്റ് മാനേജ്മെന്റ് യൂനിറ്റുകള്‍ രൂപീകരിച്ചതും ശ്രദ്ധേയമായ ഒരു നടപടിയായിരുന്നു. വിതരണ നഷ്ടം കുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ശൃംഖല ശക്തിപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കി കൊണ്ടുള്ള പ്രവൃത്തികള്‍ ആധുനികവത്കരണത്തിലും ശ്രദ്ധയൂന്നി. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ തുടര്‍ച്ച ഉറപ്പു വരുത്തുന്നതിനും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ കൂട്ടിയിണക്കുന്നതിനായി തടസ്സങ്ങള്‍ മാറ്റുന്നതിനും വിഹിതം വകയിരുത്തി. മുന്‍ കാലങ്ങളില്‍ ചെയ്തിരുന്നതു പോലെ ഓരോ സെക്ഷനും അവരുടെ സാഹചര്യങ്ങളും സാധ്യതകള്‍ക്കും അനുസൃതമായി ഓരോ തുരുത്തുകളായി നിന്ന് നടത്തുന്ന പദ്ധതി രൂപീകരണം സിസ്റ്റത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കിയിരുന്നു. മുകള്‍ തലത്തില്‍ നിന്ന് അനുവദിക്കപ്പെടുന്ന ബഡ്ജറ്റിന് അനുസരിച്ചുള്ള വെട്ടിമുറിക്കലുകളും പദ്ധതികളുടെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള അടിത്തറയെ ദുര്‍ബലപ്പെടുത്തിയിരുന്നു. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ പവര്‍സോണുകള്‍ നിശ്ചയിച്ച് സബ്സ്റ്റേഷനുകളേയും സെക്ഷനുകളിലൂടെ കടന്നു പോകുന്ന ഹൈടെന്‍ഷന്‍ ഫീഡറുകളേയും കോര്‍ത്തിണക്കി ഉയര്‍ന്ന തലത്തിലുള്ള പരിപ്രേക്ഷ്യത്തിലൂടെ സമഗ്രമായ പ്ലാന്‍ തയ്യാറാക്കുകയും മികച്ച അസൂത്രണത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും 2021 ഓടെ തടസ്സ രഹിത വൈദ്യുതിയ്ക്ക് സാഹചര്യമൊരുക്കുകയും ചെയ്യുക എന്ന കാഴ്ചപാടോടെയാണ് ദ്യുതി 2021 അവതരിപ്പിക്കപ്പെട്ടത്. ലോടെന്‍ഷന്‍ സംബന്ധിച്ച പ്രവൃത്തികളുടെ നടത്തിപ്പ് സബ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് പവര്‍ സോണുകളുടെ കീഴിലും ആക്കി.

പദ്ധതി നടത്തിപ്പിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെയുണ്ടായ പ്രളയം പ്രവൃത്തികള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ വിലങ്ങുതടിയായി. തുടര്‍ വര്‍ഷത്തിലെ മഹാമാരിയും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും ലക്ഷ്യങ്ങള്‍ പൂര്‍ണമാകുന്നതില്‍ തടസ്സമായി. സാധന സാമഗ്രികള്‍ക്ക് നേരിട്ട ക്ഷാമവും വലിയ രീതിയില്‍ ബധിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പ്രവൃത്തികളോടുള്ള സമീപനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ ദീര്‍ഘകാല പദ്ധതി ആവിഷ്കരണത്തിലൂടെ സാധിച്ചു. പദ്ധതി ആസൂത്രണത്തില്‍ ജീവനക്കാരെയാകെ പങ്കാളികളാക്കാനും സോഫ്റ്റ് വെയറുകളെ എല്ലാതലത്തിലും ഉപയോഗപ്പെടുത്താനും ഇക്കാലയളവില്‍ സാധിച്ചു. പുരോഗതി ശതമാനം ഉയര്‍ത്തിക്കാണിക്കുന്നതിനായി സോഫ്റ്റ് വെയറില്‍ കുറുക്കു വഴികള്‍ തേടുന്ന പ്രവണതകള്‍ കണ്ടെത്തി അവസാനിപ്പിക്കേണ്ടതുണ്ട്. റിസോഴ്സുകളുടെ തല്‍സ്ഥിതിയും പ്രവൃത്തിയുടെ തല്‍സമയ വിവരങ്ങളും പ്രതിഫലിപ്പിക്കുന്നതില്‍ സോഫ്റ്റ് വെയറുകള്‍ക്ക് ഉണ്ടായിട്ടുള്ള പരിമിതിയും മറികടക്കേണ്ടിയിരിക്കുന്നു.

വൈദ്യുതി തടസ്സങ്ങള്‍ക്ക് കാരണമാകുന്നവയുടെ സ്ഥാനം കണ്ടെത്താനുതകുന്ന ഫാള്‍ട്ട് പാസ് ഡിറ്റക്റ്റര്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഉപയോഗപ്പെടുത്താന്‍ പദ്ധതി വഴി ആയി. 2017-18 ലെ 13.07 % പ്രസരണ-വിതരണ നഷ്ടം 2021 മാര്‍ച്ചോടെ 10.26% ആയി കുറക്കാനായി എന്നത് ദ്യുതിയുടെ വിജയമാണ്. ഇത് വഴി 700 ദശലക്ഷം യൂനിറ്റോളം ലാഭിക്കാനാവുന്നു. ഊര്‍ജ്ജ നഷ്ടം കുറഞ്ഞ യൂട്ടിലിറ്റികളില്‍ മുന്‍ നിര സ്ഥാനം കെ.എസ്.ഇ.ബി ക്ക് നേടാനായത് ജീവനക്കാര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു.

ഇതിന്റെയൊക്കെ അനുഭവങ്ങളുടെ കരുത്തുമായാണ് പുതിയ മള്‍ട്ടി ഇയര്‍ പ്ലാനിലേക്ക് കെ.എസ്.ഇ.ബി കടക്കുന്നത്. നിലവില്‍ അനുഭവപ്പെടുന്ന താഴെ പറയുന്ന പ്രശ്നങ്ങള്‍ കൂടി പരിഗണിച്ച് കൊണ്ടായിരിക്കണം പുതിയ ബഹുവര്‍ഷ പദ്ധതി രൂപീകരണത്തിലേക്ക് കടക്കേണ്ടത്.

1)പ്രകൃതിക്ഷോഭത്തിന്റെ സമയത്ത് ലൈന്‍, തൂണ്‍ തുടങ്ങിയവ പൊട്ടിവീഴുന്നതിന്റെ ഭാഗമായി സംഭവിക്കുന്ന ദീര്‍ഘനേരത്തേക്കുള്ള വൈദ്യുതിമുടക്കം, പ്രളയസമയത്ത് സുരക്ഷാപരമായ കാരണത്താല്‍ വലിയ ഒരു പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കല്‍ തുടങ്ങിയവ

2) ലൈന്‍ വേര്‍പെടുത്തല്‍, ബേക്ക്ഫീഡിംഗ് തുടങ്ങിയവയ്ക്ക് എ.ബി സ്വിച്ചുകള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന ചെറിയ സമയത്തെ വൈദ്യുതി നിലക്കല്‍ ഇടക്കിടെ അനുഭവപെടുന്നത്.

3) 33 കെവി സബ് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്ക് തകരാറുകള്‍ സംഭവിക്കുമ്പോള്‍ സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കാന്‍ പകരം ഫീഡറുകള്‍ ഇല്ലാത്ത അവസ്ഥ

4) എ.ബി.സി, ഭൂഗര്‍ഭകേബിള്‍, റിംഗ് മെയിന്‍ യൂനിറ്റുകള്‍, ലോഡ് ബ്രെയ്ക്ക് സ്വിച്ച് തുടങ്ങിയ നവീന സാങ്കേതിക സം വിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലെ മെല്ലെപ്പോക്ക്

2022-23 മുതല്‍ 2026-27 വരേയുള്ള ബഹു വര്‍ഷ താരിഫ് പുതുക്കലിന്റെ ഭാഗമായി കാപിറ്റല്‍ ഇന്‍വെസ്റ്റ് പ്ലാന്‍ റഗുലേറ്ററി കമ്മ്മ്മീഷന്‍ സമര്‍പ്പിക്കേണ്ടതിന്റെ ഭാഗമായി കൂടിയാണ് വൈദ്യുതി ബോര്‍ഡിന്റെ പഞ്ചവത്സര പദ്ധതി നിര്‍ദ്ദേശ രൂപീകരണം. കേന്ദ്രാവിഷ്കൃത പദ്ധതിയായ റിഫോംസ് ബേസ്ഡ് ആന്റ് റിസള്‍ട്ട് ലിങ്ക്ഡ് റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം (ആര്‍.ഡി.എസ്.എസ്) ന് വേണ്ടി ഇതേ സമയം തന്നെ പ്രവര്‍ത്തികള്‍ കണ്ടെത്താനും നിര്‍ദ്ദേശം വന്നിട്ടുണ്ട്. വിതരണ സംവിധാനത്തിന്റെ നവീകരണവും ഊര്‍ജ്ജ നഷ്ടം കുറക്കലും ആണ് ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഈ രണ്ട് ബഹു വര്‍ഷ പദ്ധതികളേയും പരസ്പര പൂരകമായി കണ്ട് കൃത്യവും വ്യക്തവുമായ പ്രവൃത്തികള്‍ പ്ലാനുകളില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സേവനത്തെ കൂടുതല്‍ ജന‍പ്രിയമാക്കി ഇന്ത്യയിലെ മികച്ച യൂട്ടിലിറ്റിയായി മുന്നോട്ട് പോവുന്നതിനും ലോകോത്തര സ്ഥാപനമാക്കി ഉയര്‍ത്തുന്നതിനും ആവണം.

താഴെ പറയുന്ന ലക്ഷ്യങ്ങള്‍ കെ.എസ്.ഇ.ബി പ്രഖ്യാപിച്ചിട്ടുണ്ട്.

1) വൈദ്യുതിയുടെ ലഭ്യതയും ഗുണ നിലവാരവും ഉയര്‍ത്തുക- തടസ്സ രഹിത വൈദ്യുതി ഉറപ്പ് വരുത്തുക

2)ഊര്‍ജ്ജ ക്ഷമത ഉയര്‍ത്തുക, നഷ്ടം കുറക്കുക

3) മാറ്റങ്ങള്‍ക്ക് അനുസൃതമായ മാനദണ്ഡപ്രകാരമുള്ള സുരക്ഷിതമായ പ്രതിഷ്ഠാപനങ്ങള്‍

4)സമ്പൂര്‍ണ്ണ വൈദ്യുതീകൃതസംസ്ഥാനമെന്ന തുടര്‍ച്ച ഉറപ്പാക്കുക

5)സങ്കീര്‍ണ്ണകളില്ലാതെ ഹരിതോര്‍ജ്ജ സ്രോതസ്സുകളെ ഉല്‍ക്കൊള്ളാന്‍ അനുയുക്തമാക്കുക

6)നവീകരിച്ച,സമര്‍ത്ഥമായ, സാങ്കേതിക സജ്ജമായ, യോജിച്ച ശൃംഖല

7)വൈദ്യുത മൊബിലിറ്റിയുടെ വളര്‍ച്ചയ്ക്ക് അനുരൂപമാക്കുക

8)ശൃംഖലാ ആസ്തികളുടെ ജിയോ മാപ്പിംഗ് ഉറപ്പാക്കുക

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന ലക്ഷ്യങ്ങളായി കെ.എസ്.ഇ.ബി മുന്നോട്ട് വെക്കുന്നവ ഏതൊക്കെയെന്ന് നോക്കാം-

1)പ്രവൃത്തികളുടെ ഗുണഫലം വിലയിരുത്താനാവുന്ന വിധത്തില്‍ ഓരോ സര്‍ക്കിളിന്റേയും ലക്ഷ്യം നിശ്ചയിക്കുക.സ്ഥിതി വിലയിരുത്താനാവുന്ന വിധത്തില്‍ അളവ്കോല്‍ നിശ്ചയിക്കുക. ഇതിന്‍ അനുസരിച്ച് കാര്യക്ഷമത നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുക. വൈദ്യുതി ഓഡിറ്റിംഗ്, മീറ്ററിംഗ്, തടസ്സങ്ങള്‍ അറിയല്‍ എന്നിവയുടെ നിരന്തര പരിശൊധനയ്ക്കായി മീറ്ററും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുക

2) ഹൈടെന്‍ ഷന്‍ ഫീഡറുകളുടെ പ്രത്യേക പ്രസരണ വിതരണ നഷ്ടം തിട്ടപ്പെടുത്തല്‍, ട്രാന്‍സ്ഫോര്‍മറുകളുടെ സെയ്ദി, സെയ്ഫി എന്നിവ കണക്കാക്കല്‍

3) ഉപഭോക്താവ് മുതല്‍ ട്രാന്‍സ്ഫോര്‍മര്‍ വരേയും ട്രാന്‍സ്ഫോര്‍മര്‍ മുതല്‍ ഹൈടെന്‍ഷന്‍ ഫീഡര്‍ വരേയുമുള്ള ഒരുമനെറ്റിലും എനര്‍ജൈസ് സോഫ്റ്റ് വെയറിലും പൂര്‍ത്തിയാക്കുക. ഇതിനനുസരിച്ച് ഹൈടെന്‍ഷന്‍ ഫീഡര്‍ ലോസിന്റെ ബെഞ്ച്മാര്‍ക് നിശ്ചയിച്ച് അറിയിക്കുക

4)സെയ്ദി, സെയ്ഫി, അതുപോലെ ടാര്‍ജെറ്റ് എന്നിവയുടെ ബെഞ്ച്മാര്‍ക്കുകള്‍ കണക്കാക്കി അറിയിക്കുക

ഭൂപ്രകൃതി അനുസരിച്ച് തീരപ്രദേശം, മലയോരം/വനസമാന പ്രദേശം, പ്രളയ സാധ്യതാ സ്ഥലം, വെള്ളക്കെട്ട് ഉള്ളവ, നഗരം, പട്ടണം, വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങള്‍ എന്നിങ്ങനെ 6 ഭാഗങ്ങളായി തരം തിരിച്ച് ഓരോന്നിന്റേയും പ്രത്യേകതകളും ആവശ്യങ്ങളും കണക്കാക്കി ഉചിതമായ പ്രവൃത്തികള്‍ കണ്ടെത്തി ഉള്‍പ്പെടുത്താന്‍ വിശദമായ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇ.പി ആര്‍ സോഫ്റ്റ് വെയര്‍ വരുന്നതോട് കൂടി സെക്ഷന്‍ ഓഫീസുകളില്‍ നിന്ന് ആവശ്യമായ ഡാറ്റകള്‍ ശേഖരിച്ച് പദ്ധതിയുടെ ഓരോ ഘട്ടത്തിലും അനുമതികളും അവലോകനവും ആയാസരഹിതമായി ചെയ്യാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ഫണ്ടഡ് വര്‍ക്കുകളും കേന്ദ്ര, സംസ്ഥാന പദ്ധതികളേയും സമന്വയിപ്പിച്ച് കേരളത്തിലെ വൈദ്യുതി മേഖലയെ അഞ്ചു കൊല്ലം കൊണ്ട് ആധുനികവത്കരിക്കുന്നതിന് ബഹുവര്‍ഷ പ്ലാന്‍ കൊണ്ട് സാധ്യമാകട്ടെ.

ആര്‍.ഡി.എസ്.എസ്മുന്നൊരുക്കങ്ങളില്ലാതെ, ആശയവ്യക്തതയില്ലാതെ

കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്‍.ഡി.എസ്.എസ് ന് ഡി.പി.ആര്‍ തയ്യാറാക്കാന്‍ ധൃതി പിടിച്ചിറങ്ങിയ നമ്മുടെ പ്ലാനിംഗ് വിഭാഗത്തിന്റെ സമീപനം അമ്പരിപ്പിക്കുന്നതായിരുന്നു. ദ്യുതി 2021 പോലെ ബൃഹത്തായ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഒരു സ്ഥാപനത്തില്‍ നിന്ന് ഇമെയിലും എക്സല്‍ ഫയലും ആയി കിട്ടിയതെന്താണെന്ന് പോലും വായിച്ച് നോക്കാതെ സെക്ഷനിലേക്ക് പോസ്റ്റ് ചെയ്ത് വിടുന്ന പുതിയ രീതി ഒട്ടൊന്നുമല്ല ആശങ്കയുണ്ടാക്കിയത്. മോഡേണൈസേഷന്‍, ലോസ്സ് റിഡക്ഷന്‍ എന്ന് പേരിട്ട് ഒരേ വിഭവങ്ങള്‍ തന്നെ ആവര്‍ത്തിച്ച് രേഖപ്പെടുത്തിയത് പ്രിന്റ് എടുത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ തലങ്ങും വിലങ്ങും അന്വേഷണം നടത്തിയെങ്കിലും വേണ്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്ലാനിംഗിന്റെ മുകള്‍ തലം പരാജയപ്പെട്ടു. മോഡേണൈസേഷന്റെ ഭാഗമായ റിംഗ് മെയിന്‍ യൂണിറ്റിന്റെ വിശദാംശങ്ങള്‍ക്കായി ക്ലാസ് വൈദ്യുതിബോര്‍ഡ് ഡയറക്ടര്‍ ഇടപെട്ട് നടത്തിയെങ്കിലും പ്രതീക്ഷിച്ച പ്രായോഗിക വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വിജയിച്ചില്ല. പ്രിയോറിറ്റിയും നടത്തിപ്പ് വര്‍ഷവും ഓരോ വര്‍ക്കിനും എഴുതാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും എവിടെ എഴുതണം എങ്ങനെ എഴുതണം എന്നതില്‍ അവ്യക്തത നീക്കാനായില്ല. രണ്ടാം ദിവസം അവതരിപ്പിച്ച പുതിയ എക്സല്‍ ഷീറ്റിലും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാനാവുന്നതായിരുന്നില്ല. വിവരങ്ങള്‍ രേഖപ്പെടുത്താനാവുന്ന ഒരു ഷീറ്റ് തയ്യാറാക്കി അവസാന ദിവസത്തിന്റെ രണ്ട് നാള്‍ മുമ്പെങ്കിലും ലഭ്യമാക്കിയെങ്കിലും കോളത്തിന്റെ ധാരാളിത്തം കൊണ്ട് ഇടത് മുതല്‍ വലത് വരെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ആയാസം നിറഞ്ഞതാക്കി. പ്രിന്റ് എടുത്ത് വെക്കണമെങ്കില്‍ വലിയൊരു പേപ്പര്‍ തന്നെ വേണ്ടി വരും. സെക്ഷനില്‍ നിന്നും കണ്ടെത്തി രേഖപ്പെടുത്തുന്ന വര്‍ക്കിന്റെ മുഴുവന്‍ വിവരങ്ങളും ആദ്യഘട്ടത്തില്‍ തന്നെ ഡി.പി.ആര്‍ ന്റെ ഭാഗമാക്കി അയക്കണമെന്ന നിര്‍ദ്ദേശം ഡിവിഷന്‍, സര്‍ക്കിള്‍ പി.എം.യു തലങ്ങളിലുണ്ടാക്കിയ പ്രയാസം ചില്ലറയൊന്നുമായിരുന്നില്ല. ചില സ്ഥലങ്ങളില്‍ നിന്ന് രേഖാചിത്രം ഉള്‍പ്പെടെ ആവശ്യപ്പെട്ടതായും അറിയുന്നു. എന്ത് വേണം എന്ത് വേണ്ട എന്ന അന്വേഷണങ്ങള്‍ക്ക് മറുപടി ലഭ്യമാക്കാനായില്ല. ചുരുക്കത്തില്‍ പ്ലാനിംഗ് വിഭാഗം യാതൊരു പ്ലാനുമില്ലാതെ ഇറങ്ങിയ ഈ ആര്‍.ഡി.എസ്.എസ് പ്ലാന്‍ തയ്യാറാക്കല്‍ എങ്ങനെ ഒരു പ്ലാനിനെ സമീപിക്കരുതെന്നതിന് ഉത്തമ ഉദാഹരണമായി മാറി. പ്ലാന്‍ തയ്യാറാക്കുന്നതില്‍ പരാജയപ്പെടുന്നത്, പരാജയത്തിന് തയ്യാറാകുന്നതിന് പ്ലാന്‍ ചെയ്യലാണ് എന്ന കരുതലോടെ പദ്ധതികളെ സമീപിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ആവണം.