വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം – മന്ത്രി കെ കൃഷ്ണൻകുട്ടി

62

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം – മന്ത്രി കെ കൃഷ്ണൻകുട്ടി
നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതിയിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയാകെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള എല്ലാ പഴുതുകളും കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുക്കുകയാണെന്ന് വൈദ്യുതി മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി. 2003ൽ വൈദ്യുതി നിയമം പ്രാബല്യത്തിൽ വന്ന നാൾ മുതൽ അതിനുള്ള നീക്കങ്ങൾ സജീവമായിരുന്നു. ലോകരാജ്യങ്ങളിലെ 70% വിതരണ കമ്പനികളും പൊതുമേഖലയിലാണ് നിലനിൽക്കുന്നത്. വൈവിധ്യമാർന്ന സംസ്കാരവും സാമ്പത്തിക അസന്തുലിതാവസ്ഥയുമുള്ള നമ്മുടെ രാജ്യത്ത് വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവൽക്കരണം പ്രായോഗികമല്ല എന്ന് ഇതിനോടകം തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ 22–ാം സംസ്ഥാന സമ്മേളനത്തിന്റെ ഉത്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ കാര്യക്ഷമതയോടെ നിലനിർത്തിയതിന്റെ ഗുണഫലങ്ങൾ ഇന്നാട്ടിലെ സാധാരണക്കാർക്ക് ലഭ്യമായിട്ടുണ്ട്. സമ്പൂർണ്ണ വൈദ്യുതീകരണത്തിലൂടെയും കേടായ മീറ്ററുകൾ മാറ്റി സ്ഥാപിച്ചും ട്രാൻസ്ഗ്രിഡ്, ദ്യുതി എന്നീ പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തെ വൈദ്യുതി മേഖലയെ ഉന്നത നിലവാരത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വൈദ്യുതി ഭേദഗതിക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. അതിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ഭേദഗതിക്കെതിരെ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയത്. വർഗ്ഗ ബഹുജന സംഘടനകളുടെയും ജനപ്രതിനിധികളുടെയും മുഴുവൻ ജനങ്ങളുടെയും പിന്തുണ ആർജ്ജിക്കേണ്ടതുണ്ട്. സാധാരണക്കാർക്ക് നൽകുന്ന സേവനങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജനങ്ങളോടുള്ള പെരുമാറ്റത്തിലും അവർക്ക് അർഹതപ്പെട്ട നീതി ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്. കെ.എസ്.ഇ.ബി എന്ന സ്ഥാപനത്തെ ഭദ്രമായി കാത്ത് സൂക്ഷിക്കുവാൻ കഴിയും എന്ന ചിന്ത പൊതുജനങ്ങളുടെ മനസ്സിൽ ഉറപ്പിക്കാൻ കഴിയണം എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആഭ്യന്തര ഉത്പാദനം വർധിപ്പിച്ച് വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കേണ്ടതുണ്ട്. ലാഭകരമായ എല്ലാ ജലവൈദ്യുതി പദ്ധതികളും ഉപയോഗപ്പെടുത്തണം. സൗരവൈദ്യുതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കെ.എസ്.ഇ.ബി, ഇ.എം.സി, അനർട്ട് എന്നീ വകുപ്പുകൾ സംയുക്തമായി കേരള ഹരിത ഊർജ്ജ മിഷൻ എന്ന പുതിയ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. വരുന്ന 5 വർഷം കൊണ്ട് 3,000 മെഗാവാട്ട് വൈദ്യുതിയാണ് ഇത്തരത്തിൽ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ച് കെ.എസ്.ഇ.ബിയെ മികച്ച വൈദ്യുതി സ്ഥാപനമാക്കി മാറ്റാൻ പ്രയത്നിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
പ്രസിഡണ്ട് ജെ സത്യരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ദക്ഷിണ മേഖല സെക്രട്ടറി ജി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി പി വി ലതീഷ് റിപ്പോർട്ടും ട്രഷറർ എസ് ഷാജഹാൻ കണക്കും അവതരിപ്പിച്ചു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ശ്രീ. ബി പ്രദീപ് അഭിവാദ്യം ചെയ്തു. കെ എസ് സജീവ് രക്തസാക്ഷി പ്രമേയവും എച്ച് മധു അനുശോചന പ്രമേയവും അവതരിപ്പിച്ചു.