ബ്രിക്സ് -കരുത്തും പ്രതീക്ഷയും

43

പതിനാറാമത് ബ്രിക്സ് ഉച്ചകോടി ഒക്ടോബര്‍ 22-24 ന് റഷ്യയിലെ കസാനിൽ ചേർന്നു. ബ്രിക്സിന്റെ ആദ്യ ഉച്ചകോടി നടന്നതും റഷ്യയിലായിരുന്നു എന്ന പ്രത്യേകതയുണ്ട്. യാകതറിൻബർഗില്‍ അന്ന് നടക്കുമ്പോള്‍ നാല് അംഗരാഷ്ട്രങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർത്ത് ബ്രിക് എന്ന് നാമകരണം നല്‍കുകയായിരുന്നു. 2010ൽ ദക്ഷിണാഫ്രിക്കകൂടി അംഗമായതോടെയാണ് അത് ബ്രിക്സ് എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചത്. സമ്പന്നരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി- 7നെതിരെ ദക്ഷിണധ്രുവ രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്ന നിലയിലാണ് ബ്രിക്സ് ഉയർന്നു വന്നത്. ഇപ്പോള്‍ നാല് പുതിയ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി ബ്രിക്സ് പ്ലസ് എന്ന പേരാണ് ഉള്ളത്. കഴിഞ്ഞ വർഷം അംഗങ്ങളായ ഇറാൻ, ഈജിപ്ത്, ഇത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ ) എന്നീ രാഷ്ട്രങ്ങളാണ് പുതിയ അംഗങ്ങൾ. പൂർണ്ണ് അംഗത്വമെടുക്കാൻ തയ്യാറായില്ലെങ്കിലും ക്ഷണിതാവെന്ന നിലയിൽ സൗദി അറേബ്യയും ഉച്ചകോടിയില്‍ പങ്കെടുക്കുകയുണ്ടായി.
ഈ 10 രാജ്യങ്ങൾ ലോക ഭൂവിസ്‌തൃതിയുടെ 30 ശതമാനത്തെയും ജനസംഖ്യയുടെ 45 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. അതോടൊപ്പം ജിഡിപിയുടെ 35 ശതമാനവും നാൽപ്പതോളം രാഷ്ട്രങ്ങൾ ഈ കൂട്ടുകെട്ടിന്റെ ഭാഗമാകാൻ താൽപ്പര്യം കാണിച്ചു. ബ്രിക്സിൽ അംഗത്വം ആഗ്രഹിക്കുന്നവര്‍ ഇനിയുമുണ്ട്. ഏഷ്യയിലെ വളരുന്ന സമ്പദ്‌വ്യവസ്ഥകളായ ഇന്തോനേഷ്യ, മലേഷ്യ, കംബോഡിയ തുടങ്ങിയ ഇക്കൂട്ടത്തിലുണ്ട്. അമേരിക്കയുടെ ഏകധ്രുവ ലോകത്തിനെതിരായ കൂട്ടായ്മ എന്ന നിലയ്‌ക്കാണ് ഈ കൂട്ടുകെട്ടിന്റെ പ്രസക്തി. ഈ കൂട്ടായ്മയിൽ അമേരിക്കയുമായി നയതന്ത്ര പങ്കാളിത്തമുള്ള രാജ്യമാണ് ഇന്ത്യ. ചൈനയെ തളയ്ക്കുക ലക്ഷ്യമാക്കി അമേരിക്ക രൂപം നൽകിയ ക്വാഡ് സഖ്യത്തിലും ഇന്തോ –-പസഫിക് സാമ്പത്തിക ഫോറത്തിലും അംഗത്വമുള്ള രാജ്യമാണ് ഇന്ത്യ.

കസാനിൽ ബ്രിക്സ് രാഷ്ട്രങ്ങൾക്ക് ഒരു പൊതുകറൻസി രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയുണ്ടായി. അത് ബ്രിക്സ് കറൻസിയാകണോ അതോ ഡിജിറ്റൽ കറൻസി മതിയോ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. പെട്ടെന്ന് ഒരു തീരുമാനത്തിലെത്താനും കഴിയില്ല. എങ്കിലും അമേരിക്കയും ബ്രെട്ടൻ വുഡ് സഹോദരികളും അടിച്ചേൽപ്പിക്കുന്ന ഡോളർ ആധിപത്യത്തിനെതിരായ ദക്ഷിണധുവത്തിന്റെ ശബ്ദമാണ് പൊതുകറൻസി ചർച്ചയിൽ ഉയർന്നു കേട്ടത്. പുതിയ അംഗങ്ങളെ സമവായത്തിലൂടെ ഉൾക്കൊള്ളാനും തീരുമാനമായി. അതിർത്തികടന്നുള്ള ഇടപാടുകളിൽ ഇതിന്റെ പ്രായോഗികത പഠിക്കാനും ഇത്തരം ഇടപാടുകൾക്കായി ബ്രിക്‌സ്‌ ഡിപോസിറ്ററി എന്ന പുതു സംവിധാനം രൂപീകരിക്കാനും ധാരണയായതായി ഉച്ചകോടിക്ക്‌ ശേഷമിറക്കിയ സംയുക്ത പ്രസ്‌താവനയിൽ പറയുന്നു.
അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്ചാത്യചേരിക്ക് ചില വ്യക്തമായ സൂചനകള്‍ നൽകുന്നതിലും കസാൻ ഉച്ചകോടിക്കായി. 2022ൽ ഉക്രയ്ൻ യുദ്ധം തുടങ്ങിയതിനുശേഷം റഷ്യയിൽ നടക്കുന്ന ഏറ്റവും പ്രധാന സമ്മേളനമാണ് ബ്രിക്സ് പ്ലസ് ഉച്ചകോടി. ഒമ്പത് അംഗരാഷ്ട്രങ്ങൾക്ക് പുറമെ ബ്രിക്സ് പങ്കാളിത്ത രാഷ്ട്രങ്ങളും ദക്ഷിണധ്രുവ ലോകനേതാക്കളും ഉൾപ്പെടെ മുപ്പതോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഈ ഉച്ചകോടിയുടെ ഭാഗമായി. ഉക്രയ്‌ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്താനും ഉപരോധമേർപ്പെടുത്തി സാമ്പത്തികമായി വേട്ടയാടാനും അമേരിക്കയും പാശ്‌ചാത്യലോകവും ശ്രമിക്കുമ്പോഴാണ് റഷ്യ ഇത്രയും വിപുലമായ പ്രാതിനിധ്യമുള്ള ഉച്ചകോടിക്ക് ആതിഥ്യമരുളിയത്. അതോടൊപ്പം അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഇറാനും അംഗരാഷ്ട്രമെന്ന നിലയിൽ ഉച്ചകോടിയിൽ പങ്കെടുത്തു.
പാശ്ചാത്യ വിരുദ്ധ ചേരി എന്നു പറഞ്ഞ് ബ്രിക്സിനെ അവഗണിക്കാനാണ് അമേരിക്കയും പാശ്ചാത്യ മാധ്യമങ്ങളും ശ്രമിച്ചത് പക്ഷേ അമേരിക്കൻ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ചൈന, റഷ്യ, ഇറാൻ എന്നീ രാഷ്ട്രങ്ങൾ അംഗമായ കൂട്ടായ്മയുടെ വളർച്ചയെ ലോകം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യ വിശേഷിപ്പിച്ചതുപോലെ ബ്രിക്സ് ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച കൂട്ടായ്മയല്ല മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന മാനവരാശിയുടെ താൽപ്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന കൂട്ടായ്മയാണ്. ബ്രിക്സിന്റെ ഈ മാനുഷിക മുഖം വ്യക്തമാക്കുന്നതാണ് കസാൻ പ്രഖ്യാപനത്തിൽ ഇസ്രയേൽ സംബന്ധിച്ച പരാമർശങ്ങൾ. ഗാസയിൽ കൂട്ടക്കുരുതിക്ക് ഇടയാക്കിയ ഇസ്രയേൽ കടന്നാക്രമണത്തെ ഉച്ചകോടി അപലപിച്ചു. മുനമ്പിൽ അടിയന്തരവും ശാശ്വതവുമായ വെടിനിർത്തൽ നടപ്പാക്കണമെന്നും ‘കസാൻ പ്രഖ്യാപനം’ ആവശ്യപ്പെട്ടു.ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. “ഇന്ത്യ നിലകൊള്ളുന്നത് നയതന്ത്രത്തിനും സംഭാഷണത്തിനുമാണെന്നും യുദ്ധത്തിനല്ലെന്നും’ ബ്രിക്സിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേൽ വിരുദ്ധ പ്രമേയത്തെ എതിർക്കാനായില്ല. ഇസ്രയേൽ എല്ലാ അധിനിവേശ പ്രദേശങ്ങളിൽനിന്നും ഒരു വർഷത്തിനകം പിന്മാറണമെന്ന പ്രമേയത്തെ യുഎന്നിൽ പിന്തുണയ്‌ക്കാത്ത ഇന്ത്യ, യുഎൻ സെക്രട്ടറി ജനറലിനെ ഇസ്രയേലിൽ കടക്കുന്നത് വിലക്കിയ ഇസ്രയേൽ നടപടിയെ വിമർശിക്കുന്ന പ്രമേയത്തെയും പിന്തുണച്ചിരുന്നില്ല. അമേരിക്കയ്‌ക്കും ഇസ്രയേലിനുമൊപ്പം അടിയുറച്ച് നിൽക്കുന്നവര്‍ക്ക് ബ്രിക്സ് വേദിയിൽ ഇസ്രയേലിനെതിരെ നിലകൊള്ളേണ്ടിവന്നുവെന്നത് ആ കൂട്ടായ്മയുടെ പ്രസക്തി വെളിവാക്കുന്നു.