പവര്‍ ക്വിസ് ഒരു വ്യത്യസ്ത അനുഭവം

374
മധുസൂധനൻ പിള്ളയുടെ നേതൃത്വത്തിൽ കൊടലമൊഗ്രു വാണിവിജയ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പവർ ക്വിസ് മൽസരം നടത്തുന്നു.

കാസര്‍ഗോഡാണ്. പവര്‍ ക്വിസിനുള്ള അറിയിപ്പുകിട്ടിയപ്പോ തന്നെ സ്കൂളുകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. വടക്കേ അറ്റത്തുള്ള അതിര്‍ത്തി ഗ്രാമമായതിനാല്‍ മലയാളം സ്കൂളുകള്‍ കമ്മി. രണ്ടും കല്‍പിച്ച് ഒരു സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ സമീപിച്ചു. കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോ എന്ന് പ്രിന്‍സിപ്പല്‍ കൈമലര്‍ത്തി. ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ ആണങ്കില്‍ നോക്കാമെന്ന് അദ്ദേഹം. വിട്ടുകളയാന്‍ തോന്നിയില്ല. ബ്രോഷറും മറ്റും സാറിനെ ഏല്‍പിച്ച് നോക്കാം സര്‍ എന്നുപറഞ്ഞുപോന്നു. ചോദ്യകടലാസും ഉത്തര പേപ്പറും കിട്ടിയ ഉടനേ ചോദ്യങ്ങള്‍ പറ്റാവുന്ന വിധം പരിഭാഷപ്പെടുത്തി. ഉത്തര കടലാസില്‍ മലയാളത്തിനു നേരെ ഇംഗ്ലീഷ് എഴുതി ചേര്‍ത്തു.

ക്വിസിനായി സ്കൂളിലെത്തി. രണ്ടു ടീച്ചര്‍മാരെ സഹായത്തിനു കിട്ടി. ഇരുപത്തൊന്നു കുട്ടികള്‍. വാണിവിജയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. കൊടലമൊഗ്രു. കണ്ണെത്താവുന്ന ദൂരത്ത് കര്‍ണ്ണാടകം. വിശദീകരണങ്ങളെല്ലാം പരിഭാഷപ്പെടുത്തിക്കോളാമെന്ന് ടീച്ചര്‍മാര്‍ ഏറ്റു. മത്സരം ആരംഭിച്ച് രണ്ടാമത്തെ ചോദ്യം മുതല്‍ ടീച്ചര്‍മാര്‍ മത്സരം ഏറ്റെടുത്തു. കുട്ടികളും ആവേശത്തില്‍. ഭാഷയുടെ പരിമിതി ലേശവും ബാധിച്ചില്ല.

ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയെ ടീച്ചര്‍ പരിചയപ്പെടുത്തി. പഠനത്തിനിടയില്‍ വയറിംഗ് ജോലികള്‍ക്ക് സഹായിക്കാന്‍ പോകും. അതാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യം കാണിച്ചത്. പഠനത്തില്‍ അത്ര മുന്‍പന്തിയില്ല.

മത്സരം പൂര്‍ത്തിയായി സമ്മാനദാനവും കഴിഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം. നമ്മള്‍ മാത്രമറിഞ്ഞിരുന്ന കുറേ കാര്യങ്ങള്‍ മറ്റൊരു സമൂഹത്തിലേക്ക് കൂടി എത്തിക്കാന്‍ കഴിഞ്ഞു.

പവര്‍ക്വിസ് ഒരു വലിയ ആവേശമാണ്.

മധുസൂധനൻ പിള്ള