APAR സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുക, കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുക, സര്‍വീസ് ചട്ടങ്ങള്‍ അഭിപ്രായ സമന്വയത്തോടെ കാലോചിതമായി പരിഷ്കരിക്കുക- പ്രമേയം

250

അപാര്‍ (APAR)സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുക, കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുക, സര്‍വീസ് ചട്ടങ്ങള്‍ അഭിപ്രായ സമന്വയത്തോടെ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ആലപ്പുഴ നിന്ന് മഹേഷ് കുമാര്‍ എം.ജി അവതരിപ്പിച്ച പ്രമേയത്തെ കോഴിക്കോട് നിന്ന് സീമ കെ.പി പിന്തുണച്ചു.
പ്രമേയം താഴെ കൊടുക്കുന്നു.

സീമ കെ.പി പിന്തുണച്ചു സംസാരിക്കുന്നു

അപാര്‍ (APAR)സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുക, കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുക, സര്‍വീസ് ചട്ടങ്ങള്‍ അഭിപ്രായ സമന്വയത്തോടെ കാലോചിതമായി പരിഷ്കരിക്കുക.

സംതൃപ്തരായ ജീവനക്കാര്‍ ഏതൊരു സ്ഥാപനത്തിന്റേയും പ്രവര്‍ത്തന കാര്യക്ഷമതയും പൊതുപുരോഗതിയും ഉറപ്പുവരുത്തുന്നതില്‍ പ്രധാനമാണ്. തൊഴിലന്തരീക്ഷം, സേവന വേതനവ്യവസ്ഥകള്‍, പ്രമോഷന്‍ അടക്കമുള്ള കരിയര്‍ വളര്‍ച്ച തുടങ്ങിയവയൊക്കെ തൊഴില്‍ സംതൃപ്തിയുടെ അഭിവാജ്യ ഘടകങ്ങളാണ്. 33000ത്തോളം ജീവനക്കാര്‍ ജോലിചെയ്യുന്ന ഒരു സ്ഥാപനമെന്ന നിലയില്‍ വൈദ്യുതി ബോര്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതില്‍ ജീവനക്കാരുടെ സര്‍വീസ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതും കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുന്നതുമടക്കം ഫലപ്രദമായ തൊഴിലന്തരീക്ഷം ഉറപ്പുവരുത്തേണ്ടതുണ്ട്. സാങ്കേതികതയുടെ കുതിച്ചു ചാട്ടവും, ഉപഭോക്താക്കളുടെ വർദ്ധിച്ചു വരുന്ന പ്രതീക്ഷകളും, വൈദ്യുതി മേഖലയിൽ സ്വകാര്യവല്‍ക്കരണം ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പരിഷ്ക്കരണ നടപടികളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലഭ്യമായ മാനവ വിഭവശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ വലിയ ശ്രദ്ധ അനിവാര്യമാണ്. ജീവനക്കാരുടെ വ്യക്തിഗത പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മാനവവിഭവശേഷി കാലോചിതമായി ആസൂത്രണം ചെയ്യുന്നതിനും ഫലപ്രദമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. സ്ഥലംമാറ്റങ്ങളിലെ ഓൺലൈൻ സമ്പ്രദായം, സമയബന്ധിത പ്രമോഷനുകൾ ഉപ്പാക്കുന്ന പ്രമോഷൻ രീതി, കാലാനുസൃതമായ തസ്തികളും പുതുക്കിയ യോഗ്യതാ മാനദണ്ഡങ്ങളും, കാര്യക്ഷമത വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള ശാസ്ത്രീയ സംവിധാനങ്ങൾ എന്നിവയിലൂടെ മാത്രമേ സ്ഥാപനത്തിന്റെ മാനവ വിഭവശേഷി കാര്യക്ഷമമായി ഉപയോഗപെടുത്താനാകൂ.

വൈദ്യുതി ബോര്‍ഡിലെ പ്രമോഷനുകള്‍‍ ഓഫീസര്‍മാരുടെ പെര്‍ഫോര്‍മന്‍സ് ഇവാലുവേഷന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്ന സമീപനമാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരം വിലയിരുത്തലുകള്‍ വ്യക്തിഗത ധാരണകള്‍ക്കനുസൃതമായി തീരുമാനിക്കപ്പെടുന്നതും പകപോക്കലുകള്‍ക്ക് അവസരമുണ്ടാകുന്ന നിലയിലുള്ള വിലയിരുത്തല്‍ രീതികള്‍ നടപ്പാക്കുന്നതും അംഗീകരിക്കാനാവില്ലെന്നുമുള്ള സമീപനവും സംഘടന സ്വീകരിച്ചിട്ടുണ്ട്. ഈ നിലയില്‍ വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള അപാർ (APAR) സംവിധാനം നിരവധി പരിമിതികള്‍ നിലനില്‍ക്കുന്നതും തിരുത്തലുകള്‍ ആവശ്യമുള്ളതുമാണ്. അതുകൊണ്ടാണ് അപാര്‍ സംവിധാനം ഘട്ടംഘട്ടമായി മാത്രമേ വ്യാപിപ്പിക്കാവൂ എന്നും അപാറിലെ അപാകതകള്‍ തിരുത്തി മെച്ചപ്പെടുത്തണമെന്നും സംഘടന ബോര്‍ഡ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ യാതൊരു തിരുത്തലുകളുമില്ലാതെ അപാര്‍ മുഴുവന്‍ ഓഫീസര്‍ പ്രമോഷനുകളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് ബോര്‍ഡ് തീരുമാനിച്ചത്. ഇത് ഓഫീസര്‍മാരില്‍ കടുത്ത ആശങ്കക്കും സംശയത്തിനും കാരണമായി. അമ്പത് വയസ് പൂർത്തിയായ ഉദ്യോഗസ്ഥർക്ക് വിലയിരുത്തല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത മാര്‍ക്കിലും കുറവായാല്‍ സ്വയം പിരിഞ്ഞു പോവലിന് വിധേയമാവണമെന്ന വ്യവസ്ഥ വലിയ തോതിലുള്ള അതൃപ്തിക്കും കാരണമായി.

ഓഫീസര്‍മാരുടെ പ്രവര്‍ത്തന കാര്യക്ഷമത നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ശാസ്ത്രീയ സമീപനമൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല എന്നതാണ് ഇപ്പോഴത്തെ അപാര്‍ സംവിധാനത്തിന്റെ പ്രധാന ന്യൂനത. ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, സിവിൽ പ്രോജക്റ്റസ്, ലോഡ് ഡെസ്പാച്ച് സെൻ്റർ, തുടങ്ങി വൈവിധ്യമാർന്ന ഓഫീസുകളിലും, ഫീൽഡിലും ജോലി ചെയ്യുന്ന ഓഫീസർമാരുടെ കാര്യക്ഷമത ഒരേ മാനദണ്ഡമുപയോഗിച്ച് നിർണ്ണയിക്കുന്നത് യുക്തിസഹമല്ല. വിലയിരുത്തൽ നടത്തുന്ന ഓഫീസർമാരുടെ തികച്ചും വ്യക്തിനിഷ്ടമായ ഇഷ്ടാനിഷ്ടങ്ങൾ വിലയിരുത്തലിനെ ബാധിക്കുന്നുവെന്നതും അപാര്‍ സംവിധാനത്തിലെ പരിമിതിയാണ്. ഇത്തരത്തിലുള്ള വിലയിരുത്തല്‍ പിഴവുകള്‍ പ്രമോഷനുകളെ ബാധിക്കുന്ന സാഹചര്യവും ചില ഓഫീസര്‍മാരുടെ കാര്യത്തിലെങ്കിലും ഉണ്ടായി. സംഘടനയുടെ അവസരോചിതമായ ഇടപെടലുകള്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചുപോകുന്നത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപാര്‍ സംവിധാനത്തിലെ വ്യവസ്ഥകളിലെ അപാകതകള്‍ തിരുത്തി ശാസ്ത്രീയമാക്കുന്നതിന് അടിയന്തിര നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. അപാര്‍ സ്കോറിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഓഫീസര്‍ക്ക് സര്‍വീസ് അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഈ വ്യവസ്ഥ ഉടന്‍ തന്നെ പിന്‍വലിക്കാനും ബോര്‍ഡ് മാനേജ്മെന്റ് തയ്യാറാകണം. അപാര്‍ സംവിധാനത്തില്‍ മേലുദ്യോഗസ്ഥരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഘടകമായി മാറുന്ന സാഹചര്യം പരിഹരിക്കുന്നതിന് 360 ഡിഗ്രി വിലയിരുത്തലും പാരാതികള്‍ പരിശോധിച്ച് തിരുത്തലുകള്‍ നിര്‍ദ്ദേശിക്കാന്‍ സംഘടനാംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രാതിനിധ്യം നിശ്ചയിക്കപ്പെട്ട ഒരു അവലോകനക്കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതും അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കണം. അപാര്‍ സമര്‍പ്പണം പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറ്റി സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള അടിയന്തിരനടപടിയും ഉണ്ടാകേണ്ടതുണ്ട്.

വൈദ്യുതി ബോര്‍ഡിലെ കരിയര്‍ സ്റ്റാഗ്നേഷനും ഏറെക്കാലമായി നിലനില്‍ക്കുന്ന ഒരു സര്‍വീസ് പ്രശ്നമാണ്. വർഷങ്ങളോളം പ്രമോഷൻ ലഭിക്കാതെ ഒരേ തസ്തികയിൽ തുടരുന്ന നിരവധി ഓഫീസർമാർ നമ്മുടെ സ്ഥാപനത്തിലുണ്ട്. സമയ ബന്ധിതമായി സ്ഥാന കയറ്റം ലഭ്യമാവാതിരിക്കുന്നത് ഓഫീസർമാരിൽ കടുത്ത അസംതൃപ്തിക്കും, ഉത്സാഹക്കുറവിനും കാരണമാകുന്നുണ്ട്. ഇതിന്റെ ഫലമായി സ്ഥാപനത്തിന്റെ ആകെ കാര്യക്ഷമതയിൽ കോട്ടവും ഉണ്ടാകുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ചില ഇടപെടലുകൾ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ടെങ്കിലും അതൊന്നും ശാശ്വത പരിഹാരമായി മാറുന്നില്ല. ഈ ഘട്ടത്തിൽ സംഘടന ഈ വിഷയം പഠിക്കുകയും പ്രശ്ന പരിഹാരത്തിനായി സമയബന്ധിത (Time Scale) പ്രമോഷൻ എന്ന ആശയം ശമ്പള പരിഷ്ക്കരണ ഡിമാന്റിന്റെ ഭാഗമായി മാനേജ്മെന്റിന് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഒരു യാതൊരു തീരുമാനവും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് നാളിതുവരെയുണ്ടായിട്ടില്ല. ഈ വിഷയം അടിയന്തിരമായി പരിഹരിക്കപ്പെടണം.

തസ്തികകളും തസ്തികകൾക്കനുസൃതമായ യോഗ്യതകളും കാലാനുസൃതമായി മാറ്റേണ്ടത് സ്ഥാപനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമാണ്. വൈദ്യുതി മേഖലയിലെ നയപരമായ മാറ്റങ്ങളും, സാങ്കേതിക മാറ്റങ്ങളും, സ്ഥാപനത്തിന്റെ മുൻഗണനകളും അടിസ്ഥാനപ്പെടുത്തിയാവണം പുതിയ തസ്തികകളും യോഗ്യതകളും പരിഷ്കരിക്കപ്പെടേണ്ടത്. ഇതനുസരിച്ച് സര്‍വീസ് ചട്ടങ്ങളിലും കാലാനുസൃത മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സോളാർ അധിഷ്ഠിത പുന:രുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ വർദ്ധിച്ച കൂട്ടിചേർക്കൽ, വൈദ്യുതി വാഹനങ്ങളുടെ കടന്നു വരവും ഭാവിയിലെ അവയുടെ വൈദ്യുതി ആവശ്യകതയും, ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ അനിവാര്യത, വന്നേക്കാവുന്ന വൈദ്യുതി നിയമ ഭേദഗതികൾ, എനർജി എക്സ്ചേഞ്ചുകളുടെ വളർച്ച, കാലഘട്ടത്തിനനുസൃതമായി സ്ഥാപനത്തിലെ മാനവവിഭവശേഷി കൈകര്യം ചെയ്യേണ്ട രീതി, തുടങ്ങി നിരവധി ഘടകങ്ങൾ ഇത്തരമൊരു ചട്ട രൂപീകരണത്തില്‍ പരിഗണിക്കേണ്ടതുണ്ട്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട ചില നടപടികള്‍ ഇതിനകം ബോര്‍ഡ് മാനേജ്മെന്റില്‍ നിന്നുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. കരിയര്‍ സ്റ്റാഗ്നേഷന് പരിഹാരം കാണാനുതകും വിധവും മേല്‍ സൂചിപ്പിച്ച പുതിയ ചുമതലകളിലെ ജോലി സ്വഭാവങ്ങളുമൊക്കെ പരിഗണിച്ചുകൊണ്ട് ജീവനക്കാരുടെ യോഗ്യതയും സര്‍വീസ് പുരോഗതിയുടെ പാതനിശ്ചയിക്കപ്പെടേണ്ടതുണ്ട്. സര്‍വീസ് ചട്ടങ്ങള്‍ അതിനനുസൃതമായി രൂപപ്പെടുത്താന്‍ ബോര്‍ഡ് മാനേജ്മെന്റ് തയ്യാറാകണം.

മേല്‍ വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ട് സ്ഥാപനത്തിലെ ഓഫീസര്‍മാരേയും സംഘടനകളേയും വിശാസത്തിലെടുത്ത് തുറന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അപാര്‍, സമയബന്ധിത പ്രമോഷന്‍, സര്‍വീസ് ചട്ടങ്ങള്‍ എന്നിവയില്‍ അഭിപ്രായ സമന്വയമുണ്ടാക്കി നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ 22–ാം സംസ്ഥാനസമ്മേളനം ബോര്‍ഡ് മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നു.