ആഗോളവൽക്കരണ സാമ്രാജ്വത്വ നയങ്ങള്‍ക്കെതിരെ വളരുന്ന പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുക -പ്രമേയം അംഗീകരിച്ചു

107

ആഗോളവൽക്കരണ സാമ്രാജ്വത്വ നയങ്ങള്‍ക്കെതിരെ വളരുന്ന പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കണ്ണൂരില്‍ നിന്നും ജഗദീശന്‍ സി അവതരിപ്പിച്ച പ്രമേയത്തെ പത്തനംതിട്ട നിന്നും രാജപ്പന്‍ പി.കെ പിന്തുണച്ചു. പ്രമേയം താഴെ കൊടുക്കുന്നു.

ആഗോളവൽക്കരണ സാമ്രാജ്വത്വ നയങ്ങള്‍ക്കെതിരെ വളരുന്ന പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുക

ഭീകരമായ കോവിഡ് 19 മഹാമാരി ലോകത്തിന്റെ എല്ലാ കോണുകളിലും നിന്നും നിലയ്ക്കാത്ത ആശങ്കകളുടേയും ദയനീയതയുടേയും രോദനങ്ങൾ ഉയർത്തുകയാണ്. രോഗത്തെ പിടിച്ച് കെട്ടിയ രാജ്യങ്ങൾ പോലും തുടർ വ്യാപനം ഒഴിവാക്കാനുള്ള നിതാന്ത ജാഗ്രതയിലാണ്. ആയിരക്കണക്കിന് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുമ്പോഴും മുതലാളിത്ത ഭരണകൂടങ്ങള്‍ക്ക് ലോകമൊന്നാകെ ഒന്നിച്ചുനിന്ന് ഈ മഹാമാരിയെ നേരിടുന്നതിലല്ല താല്‍പര്യം മറിച്ച്,തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത രാജ്യങ്ങളെയും ഭരണാധികാരികളെയും സ്വന്തം ജനങ്ങളെ തന്നേയും കടന്നാക്രമിക്കാനുള്ള വ്യഗ്രതയാണ് .ഈ ദുരിതകാലത്തിന്റെപശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഉപരോധങ്ങളും സംഘര്‍ഷങ്ങളും തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കണമെന്ന ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്ര സഭയുടെയും അഭ്യര്‍ത്ഥന തരിമ്പും ചെവിക്കൊള്ളാൻ അമേരിക്ക തയ്യാറായിട്ടില്ല.

കോവിഡ് 19 സ്ഥിരീകരിച്ച രോഗികളുള്ള എം എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പല്‍ പല സൗഹൃദ രാജ്യങ്ങളും കൈയ്യൊഴിഞ്ഞതിന് ശേഷം അവസാനം കരയ്ക്ക് അടുപ്പിക്കാന്‍ അനുമതി നല്‍കിയത് മുതലാളിത്ത രാജ്യങ്ങളുടെ കണ്ണിലെ കരടായ ക്യൂബയായിരുന്നു. മഹാമാരികളെ ചെറുക്കുന്നതിനും ലോകരാജ്യങ്ങള്‍ക്ക് സഹായവുമായി ക്യൂബയെത്തി. മുതലാളിത്ത വ്യവസ്ഥയുടെ ആർത്തിയും, സോഷ്യലിസമാണ് ബദലെന്നും ലോകത്തിന് കാണിച്ച്കൊടുക്കാൻ കോവിഡ്-19 ന് കഴിഞ്ഞു.

അസമത്വം വൻതോതിൽ വർദ്ധിച്ച് വരുന്ന ഇക്കാലത്ത് പാവപ്പെട്ടവരുടെ കരുതലിനെ ഓർമ്മിപ്പിച്ച്കൊണ്ട് 2020 ൽ പുറത്തിറങ്ങിയ ഓക്സ്ഫാം റിപ്പോർട്ട് Time to care ഏറെ ചർച്ചചെയ്യപ്പെട്ടു. The Inequality Virus എന്നതാണ് 2021 ലെ ഓക്സ്ഫാം റിപ്പോർട്ടിന്റെ തലക്കെട്ട്. കോവിഡ് വ്യാപനം കൊണ്ട് ലോകത്തെ ഏറ്റവും സമ്പന്നരായ 1000 പേരുടെ നഷ്ടം കേവലം 9 മാസം കൊണ്ട് തിരിച്ച് പിടിക്കാനായപ്പോൾ ഏറ്റവും പാവപ്പെട്ടവർക്കുണ്ടായ നഷ്ടം നികത്തുന്നതിന് 10 വർഷം വേണ്ടി വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മഹാഭൂരിപക്ഷത്തിനും തോഴിലും കൂലിയും നഷ്ടപ്പെടുമ്പോള്‍ ഏതാനും സമ്പന്നരിലേയ്ക്ക് ലോകത്തിന്റെ ആസ്തി കൊണ്ടെത്തിക്കുന്ന നയങ്ങളാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത്.

I can’t Breathe എന്ന വിലാപം പൊടിമണ്ണില്‍ അടിച്ചമര്‍ത്തപ്പെട്ട് നിറം ദുരിതമാകാത്ത ലോകത്തേക്ക് യാത്രയയക്കപ്പെട്ട ജോര്‍ജ്ജ് ഫ്ലോയ്ഡില്‍ അവസാനിക്കുന്നതായിരുന്നില്ല അമേരിക്കയുടെ വംശവെറി. ദിവസങ്ങള്‍ക്കകം‍ അറ്റ്ലാന്റയില്‍ 27കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സണ്‍ പോലീസിന്റെ വെടിയുണ്ടയാല്‍ കൊല്ലപ്പെട്ടു. തുടര്‍ന്നും ഒട്ടേറെ വംശീയ അതിക്രമങ്ങള്‍ അരങ്ങേറി. അധികാരത്തില്‍ നിന്ന് ജനങ്ങള്‍ തഴെ ഇരക്കിയ ഡൊണാൾഡ് ട്രംപിന്റെ ആശീർവാദത്തോടെ അനുയായികൾ പാർലമെന്റിലേക്ക്‌ ഇരച്ചുകയറി നടത്തിയ അട്ടിമറി നീക്കം ലോകരാഷ്ട്രങ്ങള്‍ ഭീതിയോടെയാണ് വീക്ഷിച്ചത്. കറുത്ത വംശജർക്കെതിരെ വേട്ടപ്പട്ടികളെപ്പോലെ ചാടിവീണ്‌ മരണം ഉറപ്പാക്കാറുള്ള ക്യുഅനോൻ (QAnon), പ്രൗഡ്‌ ബോയ്‌സ്‌ തുടങ്ങിയ തീവ്രവാദി സംഘടനകളും ഈ അതിക്രമത്തിൽ ഭാഗഭാക്കായി. നുണപ്രചരണങ്ങളേയും അസംബന്ധ പ്രഖ്യാപനങ്ങളേയും മറികടന്ന് വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ അധികാരത്തിലേക്ക് നടന്നടുക്കുന്നത് തടയുന്നതിനുള്ള അവസാനശ്രമമെന്ന നിലയിലായിരുന്നു അഴിഞ്ഞാട്ടം.

ജനാധിപത്യത്തിന്റെ പറുദീസയെന്ന സ്വയംവിശേഷണവുമായി ലോകപോലീസിന്റെ മേലങ്കി അണിയുന്ന ആ രാജ്യം ‘സ്വാതന്ത്ര്യ’ പ്രതിമ മുൻനിർത്തി പ്രതിവിപ്ലവങ്ങൾ കയറ്റുമതി ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധി കടന്നു പോയി. വിയത്‌നാമും പഴയ സോവിയറ്റ്‌ യൂണിയനും, ക്യൂബയും, വെനസ്വേലയും ഒക്കെയായി നീണ്ട നിര തന്നെയുണ്ട് പട്ടികയിൽ. ഊര്‍ജ്ജസ്രോതസ്സുകള്‍ കൊണ്ട് സമൃദ്ധമായ രാജ്യങ്ങളില്‍ അശാന്തി വിളയിക്കാനുള്ള പിന്നണി പ്രവര്‍ത്തനം നടത്തി നേട്ടം കൊയ്യുന്ന അമേരിക്കൻ തന്ത്രം കൂടുതല്‍ മേഖലകളിലേക്ക് കടന്നുകയറ്റം നടത്തുന്നു. ചിലി, അര്‍ജന്റീന, കൊളമ്പിയ, ഇക്വഡോർ, ഹെയ്ത്തി, ഫ്രാന്‍സ്, സ്‌പെയ്ൻ, ഇറ്റലി, സുഡാൻ, അള്‍ജീരിയ, ടുണീഷ്യ, ജോര്‍ഡാൻ, ഇറാഖ്, ലബനൻ, ഇറാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തൊഴിലാളികളും യുവജനങ്ങളും വിദ്യാര്‍ഥികളും സ്ത്രീകളുമെല്ലാം നിലവിലുള്ള വ്യവസ്ഥിതിയോടുള്ള തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ തെരുവിലിറങ്ങി. ജനവിരുദ്ധ നയങ്ങള്‍ മാറ്റുന്നതുവരെയോ അല്ലെങ്കില്‍ ആ നയങ്ങള്‍ നടപ്പാക്കുന്നവരെ തന്നെ മാറ്റാനുള്ള സമരമായിട്ടാണ് പല രാജ്യങ്ങളിലും പ്രക്ഷോഭം കരുത്ത് കാട്ടുന്നത്.

ഇടത്പക്ഷ ആശയങ്ങളുടെ കൂടെ നിന്ന് സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന ബൊളിവേറിയന്‍ റിപബ്ലിക് ഓഫ് വെനസ്വേലയുടെ പ്രസിഡന്റിനെതിരേയുള്ള ആക്രമണങ്ങള്‍ ശക്തമാക്കുകയാണ് അമേരിക്ക. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറൊയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 1.5 കോടി ഡോളര്‍ സമ്മാനം പ്രഖ്യാപിക്കുകയുണ്ടായി. വെനസ്വേലയിലെ നാഷണല്‍ അസംബ്ലി സ്പീക്കറും മന്ത്രിമാരും ഉള്‍പ്പെടെ പത്തോളം പേരെയും ഇങ്ങനെ പിടിക്കേണ്ടവരുടെ പട്ടികയില്‍ പെടുത്തി. സ്വന്തം നാട്ടിലെ മനുഷ്യരുടെ ജീവന്‍ കോവിഡിന് വിട്ടുകൊടുക്കുന്ന നിരുത്തരവാദ സമീപനത്തിലൂടെ ജനരോക്ഷത്തിന് പാത്രമായ ഭരണാധികാരിയാണ്, വെനസ്വേല ജനതയെ രോഗത്തില്‍ നിന്നും രക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന മഡുറൊയെയും മറ്റ് ജനനേതാക്കളേയും പിടികൂടാന്‍ കോടിക്കണക്കിന് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുകയും ഇരു രാജ്യങ്ങളും പൊതു നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യാൻ തീരുമാനിച്ചതോടെ ഇസ്രായേൽ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബന്ധം ഔദ്യോഗികമായി സ്ഥാപിക്കപ്പെടുകയുണ്ടായി. തങ്ങളുടെ താല്പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഇറാനെതിരെ അച്ചുതണ്ട് രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ചരിത്രപരമായ അബ്രഹാം കരാര്‍ യാഥാര്‍ത്ഥ്യലേക്കെത്തി. കരാറിന്റെ അടുത്ത ദിവസം തന്നെ ഗാസയിൽ ഹമാസ്‌ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ഭൂപടത്തില്‍ അനുദിനം കുറഞ്ഞു വരുന്ന ഭൂപ്രദേശമാണ് ഇപ്പോള്‍ പലസ്തീന്‍. കഴിഞ്ഞ വര്‍ഷം തന്നെ ഇസ്രയേലി ഭരണകൂടം കിഴക്കന്‍ ജറുസലേമില്‍ നിന്നും വെസ്റ്റ് ബാങ്കില്‍നിന്നും പലസ്തീന്‍കാരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. ഇതിനകം ആയിരത്തിലേറെ പലസ്തീന്‍കാരെ അങ്ങനെ ഭവനരഹിതരാക്കിക്കഴിഞ്ഞു.പലസ്തീന്‍ മേഖലയാകെ ജൂതർ മാത്രമുള്ള അവസ്ഥ സൃഷ്ടിച്ച് വംശശുദ്ധി വരുത്താനാണ് ശ്രമിക്കുന്നത്. പൂര്‍വ ജറുസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നു മാത്രമല്ല ഇസ്രയേലിനുള്ളില്‍ നിന്നാകെ പലസ്തീന്‍ വംശജരെ കുടിയൊഴിപ്പിക്കാനുള്ള മനുഷ്യത്വ രഹിതമായ നടപടികളാണ് നടന്നുവരുന്നത്. ഗാസയുടെയും വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ വംശജരുടെ പാര്‍പ്പിടമേഖലകളിലും ഇസ്രയേൽ സൈന്യം വളഞ്ഞ് സര്‍വ അതിര്‍ത്തികളും അടച്ചിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ പലസ്തീന്‍കാരുടെ വംശഹത്യയാണ് ഇസ്രയേലി ഭരണകൂടം നടത്തുന്നത്.

സിറിയ, യെമൻ, ലിബിയ എന്നിവിടങ്ങളിൽ ഒരു പതിറ്റാണ്ട് മുമ്പുള്ള അറബ് വസന്ത കലാപങ്ങൾ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വർഷം ഇറാഖ്, ലെബനൻ, അൾജീരിയ എന്നിവിടങ്ങളിൽ നടന്ന രണ്ടാമത്തെ പ്രതിഷേധം പകർച്ചവ്യാധി തടയുകയെന്ന ലക്ഷ്യത്തോടെയുള്ള നിയന്ത്രണങ്ങളില്‍ മുങ്ങി. പക്ഷേ ആ നിശബ്ദത നിലനിൽക്കാനിടയില്ല. സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട മ്യൂസിയം ആയിരുന്ന ഹാഗിയ സോഫിയ, മുസ്ലിം പള്ളിയാക്കി മാറ്റിയ തുർക്കി ഭരണാധികാരി റസപ്‌ തയ്യിപ്‌ എർദോഗന്റെ തീരുമാനം മതസൗഹാര്‍ദ്ദത്തെ മുറിവേല്പിക്കുന്നതായി. ‌ യാഥാസ്ഥിതിക മനോഭാവങ്ങളുടെ തിരിച്ചു വരവിന് കളമൊരുക്കിക്കൊണ്ട് തുര്‍ക്കിയിലെ എര്‍ദോഗാന്‍ സര്‍ക്കാരിന്റെ മറ്റൊരു നടപടി രാജ്യത്തിനകത്ത് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. സ്തീകള്‍ക്കെതിരായ ഗാര്‍ഹിക- ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായുള്ള അന്തര്‍ദേശീയ കരാറില്‍ നിന്നുള്ള പിന്മാറ്റമാണ് ഇസ്താംബൂളില്‍ പുതിയ പ്രതിഷേധ തീയുയര്‍ത്തിയത്.

സാമ്രാജ്യത്വ ചേരിയുടെ മൂക്കിന്‍ തുമ്പിലിരുന്ന് നിന്ന് വെല്ലുവിളി ഉയര്‍ത്തുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഇടത്പക്ഷ ഭരണങ്ങള്‍ക്ക് ശക്തി പകരുന്ന വാര്‍ത്തയാണ് ബൊളീവിയന്‍ ജനത സമ്മാനിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനത്തെ അമേരിക്കന്‍ സഹായത്തോടെ പട്ടാളത്തെ കൂട്ടുപിടിച്ച്‌ വലതുപക്ഷം ഭരണം അട്ടിമറിച്ച ബൊളീവിയയിൽ വൻ ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ്‌. ഊര്‍ജ്ജ സാങ്കേതിക വിദ്യയില്‍ വന്‍ കുതിപ്പിന് സാധ്യതയേറ്റുന്ന ലിഥിയം തുടങ്ങി അപൂര്‍വ ധാതുശേഖരങ്ങളില്‍ കണ്ണ് വെച്ചാണ് ബൊളീവിയയിലെ അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന അട്ടിമറി. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ പിൻഗാമി ലൂയിസ്‌ ആർസെ ഭൂരിപക്ഷം നേടി.

ഫ്രാന്‍സില്‍ 2019 ഡിസംബര്‍ 5ന്റെ പണിമുടക്കും പ്രതിഷേധ പ്രകടനങ്ങളും ചരിത്രപരമായ വിജയമായി എന്നാണ് കമ്യൂണിസ്റ്റുപാര്‍ടിയുടെ നേതൃത്വത്തിലുള്ള, ഫ്രാന്‍സിലെ ഏറ്റവും വലിയ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനയായ കോണ്‍ഫഡറേഷന്‍ ജനറല്‍ ഡു ട്രവൈല്‍ എന്ന് ഫ്രഞ്ച് ഭാഷയില്‍ വിളിക്കുന്ന സി.ജി.ടി അറിയിച്ചത്.പണിമുടക്കുമൂലം പ്രവര്‍ത്തനം സ്തംഭിച്ച കമ്പനികളുടെ വ്യാപ്തിയിലും, പ്രധാന നഗരങ്ങളില്‍ പ്രതിഷേധത്തില്‍ അണിനിരന്ന ജനങ്ങളുടെ പങ്കാളിത്ത നിരക്കിലും ഈ പ്രക്ഷോഭം ചരിത്ര പ്രധാനമായി മാറി. നിലവിലുള്ള സാമൂഹിക സുരക്ഷാ സംവിധാനത്തെയോ സാമ്പത്തിക സ്വാതന്ത്ര്യത്തെയോ തങ്ങള്‍ അടിയറ വയ്ക്കില്ല എന്ന് പ്രഖ്യാപിച്ച് വിവിധ മേഖലകള്‍ ആയി നടക്കുന്ന തുടര്‍ പണിമുടക്കുകളിലും പെന്‍ഷന്‍കാരും യുവജനങ്ങളും വിദ്യാര്‍ഥികളും മഹാഭൂരിപക്ഷം തൊഴിലാളികള്‍ക്കൊപ്പം അണിനിരക്കുന്നു.

പ്രകൃതി സമ്പത്തിനെ അന്താരാഷ്ട്ര ഭീമന്മാര്‍ കൈയ്യടക്കുന്നതിനെതിരേയുള്ള ജനവിധിയാണ് ഗ്രീന്‍ലാന്റില്‍ ഏപ്രില്‍ 6ന് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ് പാർട്ടി മൂന്നിലൊന്നിൽ കൂടുതൽ വോട്ടുകൾ നേടി ഏറ്റവും വലിയ പാർട്ടിയായി. ലാറ്റിനമെരിക്കയില്‍ ഇടത് പക്ഷ ട്രേഡ് യൂണിയന്‍ നേതാവും ‘ലിബ്രെ പെറു’ (സ്വതന്ത്ര പെറു) എന്ന മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ടിയുടെ സ്ഥാനാര്‍ഥിയുമായ പെട്രോ കാസ്റ്റിയൊ പെറുവിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ദശകങ്ങള്‍ നീണ്ട വലതുപക്ഷാധിപത്യത്തിന് താല്‍ക്കാലികമായെങ്കിലും വിരാമമായി.

പ്രക്ഷോഭങ്ങള്‍ കരുത്താവണം

തൊഴില്‍ രംഗത്ത് വന്നിരിക്കുന്ന സ്തംഭനാവസ്ഥകളിൽ സാധാരണക്കാരുടെ ജീവിതം വഴി മുട്ടി നില്‍ക്കുമ്പോൾ സമാശ്വാസ നടപടികളിൽ നിന്ന് മുഖം തിരിച്ചിരിക്കുകയാണ് മുതലാളിത്ത ഭരണകൂടങ്ങള്‍. ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്റെ എല്ലാ സമ്പത്തിനെക്കാളും ദശലക്ഷം മടങ്ങ് അമൂല്യമാണ് ഒരൊറ്റ മനുഷ്യന്റെ ജീവനെന്ന ചെഗുവേരയുടെ വാക്കുകള്‍ ഈ മഹാമാരിക്കാലത്ത് പ്രസക്തമാകുന്നു. വര്‍ഗസമരത്തിന്റെ കാലം കഴിഞ്ഞുവെന്നും സംസ്‌കാരങ്ങളും അധിനിവേശങ്ങളും സൃഷ്ടിക്കുന്ന സംഘര്‍ഷത്തിന്റെ കാലമാണിതെന്നുമുള്ള പ്രചാരണങ്ങളും സ്വത്വരാഷ്ട്രീയത്തിന്റെ അപ്രമാദിത്തവും അപ്രസക്തമാക്കിക്കൊണ്ടാണ് ലോകമാകെ പുതിയ സമരനിര ഉയര്‍ന്നുവരുന്നത്. ഇതേ സമയം തന്നെ പ്രതിവിപ്ലവ ശക്തികള്‍ മത-വംശീയ വിഭാഗീയത‍ സൃഷ്ടിച്ചും കുത്തകമാധ്യമങ്ങളുടെ പ്രചാരണതന്ത്രങ്ങളിലൂടെയും ഭരണകൂടത്തിന്റെ മര്‍ദ്ദന നടപടികളിലൂടെയും ഈ മുന്നേറ്റത്തെ തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നതും കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.

ആഗോളവൽക്കരണ സാമ്രാജ്വത്വ നയങ്ങള്‍ക്കെതിരെ പ്രതിരോധം ഉയർത്താനും ലോകമെമ്പാടും ഉയരുന്ന മാനവവിമോചന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതിനുമുള്ള പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഈ സമ്മേളനം ആവശ്യപ്പെടുന്നു.