മാര്‍ച്ച് 8 ലെ സാര്‍വ്വദേശീയ വനിതാദിനം അട്ടപ്പാടിയിലെ കോട്ടമല ഊരിലെ സഹോദരങ്ങള്‍ക്കൊപ്പം ആചരിയ്ക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയും വനിതാ സബ്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നിത്യജീവിതം കണ്ടും അനുഭവിച്ചും അറിയുക, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ തീരുമാനം എടുത്തത്.
രാവിലെ 8 മണിയ്ക്ക് പാലക്കാട് നിന്നും പുറപ്പെട്ട് മണ്ണാര്‍ക്കാട് വഴി, അഗളി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ ഞങ്ങള്‍ എത്തി. അവിടെ നിന്നും യാത്രയിലുടനീളം ഞങ്ങളുടെ ഗൈഡ് ആയി പ്രവര്‍ത്തിച്ച ഓവര്‍സീയര്‍ മുരളിയെയും അനില്‍കുമാറിനെയും കൂട്ടി സഹ്യപര്‍വ്വതത്തിലൂടെ യാത്ര ചെയ്ത് കോട്ടമല ഊരിലേയ്ക്ക്. സഹ്യന്റെ സൗന്ദര്യവും സഹ്യനെ ചുറ്റി കിഴക്കോട്ട് ഒഴുകുന്ന ഭവാനി പുഴയുടെ തെളിമയും തണുപ്പും എല്ലാം ഏറെ ഉന്മേഷം തന്നു.
കോട്ടമല ഊരിലേയ്ക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോള്‍ ഊരിലെ ഒരു വനിത അവരുടെ കറന്റ് ചാര്‍ജ്ജ് കൂടിയതിന് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫൈസലിന്റെ നേരെ കയര്‍ത്തു. അഭ്യസ്തവിദ്യര്‍ പോലും പ്രതികരിക്കാന്‍ മടിക്കുന്ന കാലഘട്ടത്തില്‍ ഊരിലെ ഒരു സഹോദരി ധൈര്യപൂര്‍വ്വം പ്രതികരിച്ചത് വേറിട്ട അനുഭവമായിരുന്നു. ആ ഊരിലെ മിയ്ക്ക വീടുകളിലും വൈദ്യുതി എത്തി എന്നത് നമുക്ക് അഭിമാനത്തിന് വക നല്‍കുന്നു.
ഊരിലെ അംഗനവാടി
കോട്ടമല ഊരില്‍ ഞങ്ങള്‍ ആദ്യം കണ്ടത് ഒരു അംഗനവാടി ആണ്. അംഗനവാടിയിലെ ‘ആയ’, ഊരിലെ തന്നെ ആദിവാസി ആണ്. ആ ഊരിലെ എല്ലാ കുഞ്ഞുങ്ങളും മൂന്നു നേരവും ഭക്ഷണം കഴിച്ചു എന്ന് ഉറപ്പുവരുത്തുന്ന ചുമതല ആയയ്ക്കാണ്. ആറ്/ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അംഗനവാടിയില്‍ ഭക്ഷണത്തിനോ മരുന്നിനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല എന്ന് അവര്‍ പറഞ്ഞു. വളരെ പ്രായമായി കഷ്ടത അനുഭവിക്കുന്ന രണ്ടുപേരൊഴികെ മറ്റ് ആളുകള്‍ ആരും തന്നെ ഊരില്‍ പട്ടിണി കിടക്കുന്നില്ല. മാസത്തില്‍ ഒരിക്കല്‍ ക്യാമ്പ് നടത്തും. ഏത് തരം രോഗം വന്നാലും ഡോക്ടര്‍മാരെ അറിയിച്ച് പ്രാഥമിക ചികിത്സ നടത്തും. പ്രായമേറിയ ആളുകള്‍ക്ക് പ്രത്യേക പരിചരണവും നല്‍കുന്നു. അംഗനവാടിയില്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെയാണ് കണ്ടത്. തൂക്കക്കുറവ് റിപ്പോര്‍ട്ട് ചെയ്ത രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുഞ്ഞിന് പ്രത്യേക പരിചരണം ഉറപ്പാക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും കൃത്യമായ പരിചരണം നല്കിവരുന്നു. ഉദ്ദേശം 90 വീടുകളും 135 അന്തേവാസികളും ഈ ഊരില്‍ ഉണ്ട്. രാത്രികാലങ്ങളില്‍ കാട്ടില്‍ നിന്ന് ആന ഇറങ്ങിവരുന്നതിനാല്‍, തെരു വുവിളക്കുകള്‍ സ്ഥാപിക്കണമെന്ന് ഊരിലെ മൂപ്പന്‍ ആവശ്യപ്പെട്ടു.
ഹൃദ്യമായ സ്വീകരണം
ഊരിലെ വീടുകളില്‍ നിന്നും വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. പരമ്പരാഗതമായ വേഷത്തില്‍ ഞങ്ങള്‍ക്കൊപ്പം കമ്മ്യൂണിറ്റിഹാളില്‍ വന്ന ചീരു അമ്മൂമ്മയ്ക്ക് കുറച്ചു നടന്നപ്പോള്‍ തന്നെ വെയിലേറ്റ് വാടിയ ഞങ്ങളെ കണ്ട് അതിശയമായി. പ്രായം വിളിച്ചോതുന്ന ഞങ്ങളുടെ മുടിയിഴകള്‍ കറുപ്പിയ്ക്കാന്‍ സ്വന്തം കറുത്ത മുടിയുടെ രഹസ്യം അവര്‍ പറഞ്ഞുതന്നു.
കമ്മ്യൂണിറ്റി ഹാളില്‍ ഞങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചു. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളെ ആരെയും അവിടെ കണ്ടില്ല; എന്നാല്‍ ആണ്‍കുട്ടികള്‍ ഉണ്ട്. പെണ്‍കുട്ടികള്‍ എല്ലാവരും തന്നെ ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയാണെന്ന് കാര്യം തിരക്കിയപ്പോള്‍ മനസ്സിലായി. +2 വരെ അവര്‍ ഹോസ്റ്റലില്‍ ആയിരിയ്ക്കും. ആണ്‍കുട്ടികളെ ഹോസ്റ്റലില്‍ പഠിയ്ക്കാനായി വിട്ടാലും അവര്‍ പാതിവഴി പഠനം നിര്‍ത്തും; പെണ്‍കുട്ടികള്‍ പഠനം പൂര്‍ത്തീകരിക്കുകയും ചെയ്യും. പൊതുവിദ്യാഭ്യാസം സാര്‍വ്വത്രികവും സൗജന്യവും നിര്‍ബന്ധവും ആക്കിയതിന്റെ നേരനുഭവം ആയി ഈ അറിവ്. പെണ്‍കുട്ടികളില്‍ പഠിച്ചവരില്‍ പലരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയും ചെയ്യുന്നുണ്ട്.
തിരികെ വരുമ്പോള്‍ കോട്ടമല ഊരിലെ ഒരംഗവും പട്ടിണികിടക്കരുതെന്ന ഉദ്ദേശത്തോടെ എല്ലാവര്‍ക്കും (കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും) രണ്ടു നേരം ഭക്ഷണം പാചകം ചെയ്യുന്ന വലിയ അടുക്കളയും ഞങ്ങള്‍ കണ്ടു. ‘സമൂഹ അടുക്കള’ എന്ന സോഷ്യലിസ്റ്റ് ആശയത്തിന് സമാനമായ അടുക്കളയും, ‘കമ്മൂണിറ്റി ലിവിംഗ്’ എന്ന ഉയര്‍ന്ന ബോധത്തില്‍ ഊന്നിയ ഒരു ജനതയേയും ആണ് ഞങ്ങള്‍ കോട്ടമല ഊരില്‍ കണ്ടത്. ഓരോ ദിവസവും ഉണ്ടാക്കുന്ന വിഭവങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ജോലി തുടങ്ങിയ നേട്ടങ്ങള്‍ക്കിടയിലും കുറച്ച് പരിമിതികള്‍ നിലനില്ക്കുന്നുണ്ട്. ‘സ്വച്ഛഭാരത് മിഷന്‍’ന്റെ ബോര്‍ഡ് ചില വീടുകളോട് ചേര്‍ന്ന് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഊരിലെ മുപ്പനോട് ചോദിച്ചപ്പോള്‍ എല്ലാ വീട്ടിലും കക്കൂസ് നിര്‍മ്മിച്ച് കഴിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം ഞങ്ങള്‍ എസ് സി / എസ് റ്റി പ്രമോട്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി.
വൈകുന്നേരം അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങിയ ഞങ്ങളെ മൂപ്പനും മറ്റുചിലരും അനുഗമിച്ചു. മാത്രമല്ല ഊരിലെ ഉത്സവമായ മല്ലീശ്വരന്‍ മീട്ടി ക്ഷേത്രത്തിലെ ഉത്സവത്തിന് ഞങ്ങളെ ക്ഷണിയ്ക്കുകയും ചെയ്തു. നമ്മുടെ സ്വന്തക്കാരുടെ വീട്ടില്‍ നിന്നും യാത്രപറഞ്ഞിറങ്ങിയ അനുഭവമാണ് ആ സമയം തോന്നിയത്.
ചിറ്റൂര്‍ ഡാം സൈറ്റില്‍
ഞങ്ങളുടെ ഗൈഡ്, തുടര്‍ന്ന് ഞങ്ങളെ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ചിറ്റൂര്‍ ഡാം സൈറ്റില്‍ കൊണ്ടുപോയി. അഗളി/അട്ടപ്പാടി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വെള്ളത്തിന് ശാശ്വത പരിഹാരമാകുമായിരുന്ന ചിറ്റൂര്‍ ഡാം, തമിഴ്‌നാടിന്റെ പ്രാദേശികവാദത്താല്‍ തുടരാനാവാതെ പോവുകയായിരുന്നു. ആ ഡാം നിര്‍മ്മിക്കുന്നതിനാവശ്യമായ എല്ലാ പ്രാരംഭ പ്രവര്‍ത്തനങ്ങളും (കോടികണക്കിന് വിലമതിക്കുന്ന സാമഗ്രികള്‍ ഉള്‍പ്പെടെ) ഉപേക്ഷിച്ചിരിക്കുന്നതും ഞങ്ങള്‍ക്ക് മുരളിയും അനില്‍കുമാറും കൂടി കാണിച്ചു തന്നു. നല്ല കുളിര്‍മ്മയോടെ പ്രസരിപ്പോടെ ഒഴുകുന്ന ഭവാനിപുഴയും, ഏറെ ചലച്ചിത്രങ്ങളില്‍ കണ്ട തൂക്കുപാലവും എല്ലാം പുത്തന്‍ അനുഭവങ്ങളായിരുന്നു.
മടക്കയാത്രയില്‍ എല്ലാവരും അന്ന് വരെ കാണാത്ത പാലക്കാടിനെ കണ്ടെത്തിയതിന്റെ ആവേശത്തിലായിരുന്നു. എന്തായാലും, പാലക്കാട് ജില്ലയില്‍ നിന്ന് ആദിവാസി സഹോദരങ്ങളെ കാണാന്‍ പോയ ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി – ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെയും, നവമാധ്യമങ്ങളുടെയും പ്രകാരണങ്ങള്‍ പൂര്‍ണ്ണമായും സത്യമല്ല. സര്‍ക്കാരിന്റെ എല്ലാ മേഖലകളിലും ഉള്ള നിരന്തര പ്രവര്‍ത്തനങ്ങല്‍ മൂലം പട്ടിണി ഇല്ലാത്ത, പോഷകാഹാര കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിയ്ക്കാത്ത, മതിയായ വിദ്യാഭ്യാസം കിട്ടുന്ന, തൊഴില്‍ ഉറപ്പു പദ്ധതിയിലൂടെ തൊഴില്‍ കിട്ടുന്ന, സാര്‍വ്വത്രിക വൈദ്യുതി ഉള്ള, ശുദ്ധജല സംവിധാനമുള്ള, ശുദ്ധവായു ഉള്ള ഊരായി കോട്ടമല മാറിയിട്ടുണ്ട്. വച്ചുകെട്ടും പൊങ്ങച്ചവുമില്ലാത്ത യഥാര്‍ത്ഥ മനുഷ്യസ്നേഹം നമുക്ക് ഈ ഊരുകളില്‍ നിന്നും അനുഭവവേദ്യമാകും. ഇനിയുള്ള ജീവിതത്തില്‍ ഈ തിരിച്ചറിവ് ഒരു മുതല്‍കൂട്ടാകുമെന്ന് കരുതിക്കൊണ്ട്, ഞങ്ങള്‍ തിരികെ പാലക്കാട് എത്തിച്ചേര്‍ന്നു.