തളരാതെ തുടരുന്ന പോരാട്ടം

678

രാജ്യത്ത് വെളിച്ചമെത്തിക്കാന്‍ അശ്രാന്തപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം തന്നെ സ്വകാര്യവതരണനയങ്ങള്‍ ഇരുട്ട് പരത്തുന്നതിനെതിരെ നിതാന്ത ജാഗ്രതയും പുലര്‍ത്തുകയാണ് വര്‍ഷങ്ങളായി വൈദ്യുതിമേഖലയെ മുന്നോട്ട് നയിക്കുന്ന ജീവനക്കാര്‍. രാജ്യത്ത് നടപ്പാക്കി വന്ന നവഉദാരവത്കരണ നയങ്ങളുടെ ഭാഗമായി വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ ആദ്യ നടപടികളിലൊന്ന് 1991ല്‍ ഇലക്ട്രിസിറ്റി സപ്ലൈ ആക്ട് ഭേദഗതി ചെയ്തതാണ്. സര്‍ക്കാര്‍ ഉത്പാദന രംഗത്ത് മൂലധനം മുടക്കേണ്ടതില്ല എന്ന തീരുമാനത്തോടെ ഈ രംഗത്തും സ്വകാര്യവല്‍ക്കരണം നടപ്പാക്കപ്പെട്ടു. ഇത്തരം നടപടികള്‍ക്കെതിരായി വൈദ്യുതിത്തൊഴിലാളികള്‍ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഉദാരവല്‍ക്കരണ നടപടികളുടെ ഗതിവേഗം കുറക്കുന്നതിന് കാരണമായി.
ആദ്യപാഠം എന്‍റോണ്‍
മഹാരാഷ്ട്രയില്‍ എന്‍റോണ്‍ എന്ന അമേരിക്കന്‍ കമ്പനി ധാബോള്‍ വൈദ്യുതി നിലയം തുടങ്ങിയത് തന്നെ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 8000 കോടിയിലേറെ രൂപയിലേറെ വായ്പയെടുത്താണ്. നിലയത്തില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങല്‍കരാറില്‍ ഏര്‍പ്പെട്ട മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്റ്റ്രിസിറ്റി ബോര്‍ഡ് കടക്കെണിയിലാവുന്ന അവസ്ഥ വന്നതോടെ കരാര്‍ തുടരാന്‍ പറ്റാതെ വന്നു. അവസരം മുതലാക്കി എന്‍റോണ്‍ പാപ്പരായി പ്രഖ്യാപിച്ച് സ്ഥലം വിട്ടതോടെ പൊതുമേഖലാബാങ്കുകള്‍ക്ക് കിട്ടാക്കടം ബാധ്യതയായി. ഗത്യന്തരമില്ലാതെ പദ്ധതി സ്വയം ഏറ്റെടുത്ത നടത്തേണ്ട അവസ്ഥയിലായി സര്‍ക്കാര്‍. വൈദ്യുതി വിതരണ മേഖല സ്വകാര്യ വതകരിച്ച ഓറിസ്സയിലും വന്‍ പരാജയമായിരുന്നു സംഭവിച്ചത്. ചുഴലിക്കാറ്റില്‍ തകര്‍ന്ന ഗ്രാമങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യകമ്പനികള്‍ പുന:സ്ഥാപിച്ച് നല്‍കാത്തത് രാജ്യം മുഴുവന്‍ ചര്‍ച്ചയായി.
വൈദ്യുതി മേഖല സംരക്ഷിക്കാന്‍ സംയുക്തവേദികള്‍
അനുഭവങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് കേന്ദ്രഭരണാധികാരികള്‍ വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോയപ്പോഴാണ് തൊഴിലാളികളുടെ ദേശീയ സംഘടനയായ ഇ.ഇ.എഫ്.ഐ മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് കൂട്ടായ്മകള്‍ രൂപീകരിച്ചത്. 1993 ല്‍ ഒരു കോഓര്‍ഡിനേഷന്‍ രൂപീകരിക്കുകയും ദേശീയതലത്തില്‍ ശില്പശാല സംഘടിപ്പിക്കുകയും ചെയ്തു. വൈദ്യുതി ബോര്‍ഡുകളുടെ വിഭജനവും സ്വകാര്യവത്കരണവുമടക്കം വൈദ്യുതി നിയമം സമഗ്രമായി മാറ്റിയെഴുതുന്നതിനുള്ള ശ്രമം ഉണ്ടാകുന്നത് 2000ത്തിലാണ്. അങ്ങിനെയാണ് വൈദ്യുതി ബില്‍ 2000 രൂപപ്പെടുന്നത്. ഇതിനെതിരെ വൈദ്യുതി മേഖലയിലെ പ്രധാന സംഘടനകള്‍ ചേര്‍ന്ന് ജയ്പൂരില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്റ്റ്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സ് എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഈ സംയുക്ത സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേഖലാകണ്‍ വെന്‍ഷനുകളും 2000 ആഗസ്ത് 9 ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചും വൈദ്യുതിബില്‍ 2000 നെതിരെ ശക്തമായ താക്കീതുയര്‍ത്തി. 2000 ഡിസംബര്‍ 12 ന്റെ പണിമുടക്കും ദേശീയശ്രദ്ധ നേടി. കേരളത്തില്‍ 96% ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു. പണിമുടക്കിന് മുന്നോടിയായി 2000 നവംബര്‍ 15 ന്റെ രാജ്ഭവന്‍ മാര്‍ച്ചും ശ്രദ്ധേയമായിരുന്നു.

വൈദ്യുതി നിയമം 2003 – പോരാട്ടങ്ങള്‍ക്ക് ജനപിന്തുണയും
പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാര്‍ലമെന്റില്‍ നിയമം പാസായെങ്കിലും സംയുക്തവേദിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം തുടര്‍ച്ചയായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി ക്രോസ് സബ്സിഡി ഇല്ലാതാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകേണ്ടി വന്നു. 2004 ന്റെ തെരഞ്ഞെടുപ്പിന് ശേഷം ഇടത് പക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയില്‍ വൈദ്യുതി നിയമം 2003ന്റെ പുന:പരിശോധന ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് പോരാട്ടത്തിന്റെ വിജയമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുത മേഖലയെ വെട്ടിമുറിക്കാന്‍ ശ്രമിച്ച അവസരങ്ങളിലെല്ലാം തന്നെ ദേശീയമായും സംസ്ഥാനതലത്തിലും എന്‍.സി.സി.ഒ.ഇ.ഇ.ഇ യുടെ ആഭിമുഖ്യത്തില്‍ നിരന്തരമായ പാര്‍ലമെന്റ് മാര്‍ച്ച്, രാജ്ഭവന്‍ മാര്‍ച്ച്, പ്രാദേശിക പ്രതിഷേധങ്ങള്‍ എന്നിവ അരങ്ങേറി. 2004 ല്‍ പി.എം.സെയ്ദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് രണ്ട് ദിവസത്തെ പണിമുടക്ക് നോട്ടീസ് നല്‍കി. സമരത്തിന്റെ തയ്യാറെടുപ്പുകളുമായി വലിയ മുന്നേറ്റമുണ്ടായപ്പോള്‍ നമ്മുടെ ആവശ്യം പരിഗണിക്കാനായി മന്ത്രിതല സമിതിയെ നിയമിക്കാന്‍ ധാരണയായി. പണിമുടക്ക് മാറ്റി വെച്ചെങ്കിലും നടന്ന കാമ്പയിനുകളുടെ ഭാഗമായി വിഭജനത്തിന്റേയും സ്വകാര്യവത്കരണത്തിന്റേയും പ്രശ്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായി.


വൈദ്യുതി നിയമ ഭേദഗതി ബില്‍ 2013 – പോരാട്ടങ്ങള്‍ ശക്തമാകുന്നു.
വൈദ്യുതി നിയമം 2003 ന്റെ അടിസ്ഥാനത്തില്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ബോര്‍ഡുകള്‍ വിഭജിക്കപ്പെട്ടു. രാജ്യത്തിന് തന്നെ മാതൃകയായ ബദല്‍ നയങ്ങളിലൂടെ കേരളത്തില്‍ വൈദ്യുതിമേഖല വിഭജിക്കാതെ ഒറ്റസ്ഥാപനമാക്കി നിലനിര്‍ത്താനായത് നമ്മുടെ പോരാട്ടങ്ങളിലൂടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടേയും ഭാഗമായാണ്. ബദലുകളുയര്‍ത്തി പൊതുമേഖലയെ സംരക്ഷിക്കുകയും തൊഴിലാളികളെ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്ന ഇടതുപക്ഷ നയങ്ങളുടെ ഗുണഫലമാണ് ഇന്ന് രാജ്യത്തിനാകെ മാതൃകയായ വൈദ്യുതി രംഗത്തെ കേരള മോഡല്‍.
പുതിയ നിയമം പരാജയമാണെന്ന് ബോധ്യപ്പെടുമ്പോഴും തീവ്ര സ്വകാര്യവത്കരണം ലക്ഷ്യമിട്ട് പുതിയ ഭേദഗതികളുമായി 2013 ല്‍ അന്നത്തെ യു.പി.എ. സര്‍ക്കാര്‍ രംഗത്ത് വന്നു. വിവിധയിടങ്ങളില്‍ ഫ്രാഞ്ചൈസികളെ രംഗത്തിറക്കാനുള്ള കളവുമൊരുക്കി. തുടര്‍ന്ന് വന്ന എന്‍.ഡി.എ. സര്‍ക്കാരും ഇതേ നയം തന്നെ പിന്തുടര്‍ന്നു. 2013ലെ ഭേദഗതി നിര്‍ദ്ദേശത്തെ കുറേക്കൂടി ദോഷകരമായ വ്യവസ്ഥകള്‍ ചേര്‍ത്താണ് ‍ ‍ വൈദ്യുതി നിയമഭേദഗതി‍ ബില്‍- 2014 തയ്യാറാക്കിയത്. വിതരണ മേഖല വിഭജിക്കാനും സപ്ലൈ രംഗത്ത് സ്വകാര്യമൂലധനത്തിന് യഥേഷ്ടം പ്രവര്‍ത്തിക്കാനും മുതല്‍മുടക്കില്ലാതെ ലാഭം കൊയ്യാനും സൗകര്യമൊരുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഈ ഭേദഗതിയില്‍ ഉണ്ടായിരുന്നു. 2015 നവംബര്‍ 6ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ വെച്ചു നടന്ന രാജ്യത്തെ വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ നിയമഭേദഗതിയും ചര്‍ച്ചക്ക് വെച്ചിരുന്നു. വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി വൈദ്യുതി തൊഴിലാളികള്‍ യോഗസ്ഥലത്തേക്ക് മാര്‍ച്ചു നടത്തി. കേരളത്തിന് പുറമേ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും പ്രാതിനിധ്യമുണ്ടായ മാര്‍ച്ചില്‍ 16000 ത്തോളം ജീവനക്കാര്‍ പങ്കെടുത്തു. കേന്ദ്ര വൈദ്യുതിമന്ത്രി സംഘടനാനേതാക്കളുമായി സംസാരിച്ചു. ഭേദഗതികളെ കുറിച്ച് സംഘടനകളുമായി വിപുലമായചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ മുന്നോട്ട് പോകൂ എന്ന് ഉറപ്പ് നല്‍കി.

കൊള്ളയടി നീക്കങ്ങള്‍ക്കെതിരെ പണിമുടക്കുകള്‍
രാജ്യത്തെ വൈദ്യുതി ജീവനക്കാര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച് ജനങ്ങളെ കൊള്ളയടിക്കാനായി പുതിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി കൊണ്ടുവരാനാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരെ വിവിധ സമയങ്ങളില്‍ നടത്തിയ ദേശീയ പണിമുടക്കില്‍ രാജ്യത്തെ തൊഴിലാളികള്‍ക്കൊപ്പം വൈദ്യുതിമേഖലയിലെ സംയുക്ത സംഘടനാ സമിതിയും അണിനിരന്നു. 2018 ലും 2020 ലും പുതിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനായതുകൊണ്ടു തന്നെയാണ് അവ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഈ വര്‍ഷം ഫെബ്രുവരി 3 ന് നടന്ന വൈദ്യുതി തൊഴിലാളികളുടെ ദേശീയ പ്രതിഷേധവും പണിമുടക്കും വലിയ വിജയമാക്കാന്‍ എന്‍.സി.സി.ഒ.ഇ.ഇ.ഇ ക്കായി. വിഭജനവും ഫ്രാഞ്ചൈസി നീക്കങ്ങളും പ്രതിഷേധങ്ങളുടെ ചൂടറിഞ്ഞു. ഉത്തര്‍പ്രദേശിലെ പൂര്‍വ്വാഞ്ചല്‍ വൈദ്യുതി വിതരണ്‍ നിഗം ലിമിറ്റഡിലെ ജീവനക്കാര്‍ സ്വകാര്യവത്കരണത്തിനെതിരെ നടന്ന പണിമുടക്ക് ഉദാഹരണമാണ്. ചര്‍ച്ചക്കുപോലും തയ്യാറാകില്ലെന്നാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യം പ്രതികരിച്ചത്. പിന്നീട് ചര്‍ച്ചക്ക് നിര്‍ബന്ധിതമായ സര്‍ക്കാരിന് സ്വകാര്യവല്‍ക്കരണ നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു.
പ്രക്ഷോഭങ്ങളുടെ ഈ നീണ്ട ചരിത്രം മറന്നുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിക്ക് മറ്റൊരു നീക്കം ആരംഭിച്ചിരിക്കുന്നത്. കേന്ദ്രഭരണപ്രദേശങ്ങളിളെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ നടപടികളുമായിക്കഴിഞ്ഞു. കേന്ദ്രബജറ്റിലും വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം പ്രധാന അജണ്ടയായി. കടുത്ത പോരാട്ടങ്ങളാണ് കാലം ആവശ്യപ്പെടുന്നത്.

നയങ്ങള്‍ക്കെതിരെ കേരളത്തിന്റെ ഉറപ്പ്
കേന്ദ്രസര്‍ക്കാര്‍ വൈദ്യുതിമേഖലയിലും മറ്റു വികസനത്തുറകളും സ്വീകരിക്കുന്ന നയങ്ങള്‍ തികച്ചും വിനാശകരമാണ്. മുമ്പ് യു.പി.എ. ഭരണകാലത്തും കേന്ദ്രസര്‍ക്കാരിന്റെ നയം ഇതുതന്നെയായിരുന്നു. ഈ നയങ്ങളെ ചെറുക്കുന്നതില്‍ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മാതൃകയായി ഉയര്‍ത്തിപ്പിടിക്കുന്നത് ‍ കേരളം മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളാണെന്നത് നമുക്ക് അഭിമാനകരമാണ്. സര്‍ക്കാര്‍ ഇടപെടലുകള്‍ ഇല്ലാതാക്കി എല്ലാം സ്വകാര്യ മൂലധനശക്തികള്‍ക്ക് കൈമാറുക എന്ന കേന്ദ്ര സമീപനത്തെ പൊതുമേഖലയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്ന ബദലുയര്‍ത്തിയാണ് കേരളം നേരിടുന്നത്. വൈദ്യുതി നിയമ ഭേദഗതി 2021 നെതിരെയുള്ള പ്രക്ഷോഭങ്ങളിലും കേരളമാണ് നമുക്കുയര്‍ത്താനുള്ള ബദല്‍.
കോര്‍പറേറ്റ് ദാസ്യം ദിശയൊരുക്കുന്ന നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നില്‍ നിന്ന് നാടിന്റെ നന്മയ്ക്കായി പൊതുമേഖലയെ സംരക്ഷിക്കുന്നവരാണ് നമ്മുടെ ഹൃദയപക്ഷം. കാരണം, സാധാരണക്കാരേയും തൊഴിലാളികളെയും പട്ടിണിക്കിടാത്ത കേരളമാതൃക നല്‍കുന്ന ഉറപ്പാണ് ഇന്ത്യക്കാകെ പ്രതീക്ഷയുടെ ഒരേയൊരു തുരുത്ത്.