തസ്തിക താഴ്‌ത്തല്‍: വിവാദങ്ങളും വസ്തുതയും

534

ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021

തൊരുസ്ഥാപനത്തിന്റേയും കാര്യക്ഷമമായ പ്രവര്‍ത്തനത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് ജീവനക്കാരുടെ തൊഴില്‍ സംതൃപ്തി. സേവന വേതന വ്യ വസ്ഥകള്‍, പ്രമോഷന്‍ അടക്കമുള്ള തൊഴില്‍ അഭിവൃദ്ധിക്കുള്ള അവസരങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ തൊഴില്‍ സംതൃപ്തി ഉറപ്പുവരുത്തുന്നതില്‍ അടങ്ങിയിട്ടുണ്ട്. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ നിരന്തരമായി മുന്നോട്ടുവെച്ചുവരുന്ന സമയബന്ധിതമായ പ്രമോഷനുകള്‍ എന്ന ആവശ്യം ആ നിലയില്‍ സ്ഥാപനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനുകൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാ ണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇക്കാ ര്യത്തില്‍ പ്രായോഗികമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വൈദ്യുതിബോര്‍ഡിലെ തീവ്രമായ ഒരു സര്‍വീസ് പ്രശ്നമായി കരിയര്‍ സ്റ്റാഗ്നേഷന്‍ തുടരുകയാണ്. കരിയര്‍ സ്റ്റാഗ്നേഷന്റെ തീവ്രത കുറക്കുന്നതിന് പലവിധത്തിലുമുള്ള താല്‍ക്കാലിക പരിഹാരങ്ങള്‍ പലകാലങ്ങളിലും വൈദ്യുതിബോര്‍ഡ് പരിശോധിച്ചിട്ടുണ്ട്. ജൂനിയര്‍ സൂപ്രണ്ട്, സൂപ്രണ്ട് തുടങ്ങിയ തസ്തികക ള്‍ ഒന്നിച്ചു ചേര്‍ത്ത് സീനിയര്‍ സൂപ്രണ്ട് എന്നതാക്കി മാറ്റിയതും 66കെ.വി. സബ്സ്റ്റേഷനുകളില്‍ ഓപ്പറേറ്റര്‍മാരായി സബ് എഞ്ചിനീയര്‍മാര്‍ക്ക് പകരം അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയാക്കി മാറ്റിയതുമടക്കം കാലാകാലങ്ങളില്‍ എടുത്തിട്ടുള്ള ഇത്തരം നടപടികള്‍ കരിയര്‍ സ്റ്റാഗ്നേഷന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതായിട്ടുണ്ട്. എന്നാല്‍ ബള്‍ക്ക് റിക്രൂട്ട്മെന്റ്,താഴെതലങ്ങളിലുള്ള പ്രമോഷനുകളിലെ കാലതാമസം, സീനിയോറിറ്റി അടക്കമുള്ള വിവിധ പ്രശ്നങ്ങളിലെ കോടതി നടപടികള്‍ തുടങ്ങി പല കാരണങ്ങളാല്‍ പലഘട്ടങ്ങളിലും സ്റ്റാഗ്നേഷന്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.

2011ലെ തസ്തിക ഉയര്‍ത്തല്‍ നടപടി

കരിയര്‍ സ്റ്റാഗ്നേഷന്‍ വളരെ രൂക്ഷമായി മാറിയ ഒരവസരമായിരുന്നു 2010-11 കാലം. ഇത് പലതരത്തിലുള്ള കാറ്റഗറി തര്‍ക്കങ്ങളിലേക്കും ജീവനക്കാര്‍ക്കിടയില്‍ വലിയ അസംതൃപ്തിയിലേക്കുമാണ് കാര്യങ്ങളെ നയിച്ചത്. ഇതോടൊപ്പം 2010 ഒക്ടോബറില്‍ എഞ്ചിനീയറിംഗ് സര്‍വീസ് റൂള്‍ നട പ്പാക്കാനുള്ളബോര്‍ഡ് തീരുമാനം കൂടി വന്നതോടെ അതുവരെ തടസ്സമില്ലാതെ നടന്നു വന്നിരുന്നഡിപ്ലോമ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍മാരില്‍ നിന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ 25% ക്വാട്ടയിലേക്കുള്ള പ്രമോഷനുംതടസ്സപ്പെടുന്ന സ്ഥിതി ഉണ്ടായി. ഇതോടൊപ്പംഅസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ടിക്കല്‍) തസ്തികയിലേക്കുള്ള 1997ലെ റാങ്ക് പട്ടികയില്‍ നിന്നും നടന്ന ബള്‍ക്ക് റിക്രൂട്ട്മെന്റ്, ഈ പട്ടിക വരുന്നതിന് മുമ്പുതന്നെ നടക്കേണ്ടിയിരുന്ന സബ്എഞ്ചിനീയറില്‍ നിന്നും അസിസ്റ്റന്റ് എഞ്ചിനീയറിലേക്കുള്ള പ്രമോഷനില്‍ കാലതാമസം വന്നത് തുടങ്ങി നിരവധി കാര്യങ്ങള്‍ കൂടി കരിയര്‍ സ്റ്റാഗ്നേഷന്‍ രൂക്ഷമാക്കുന്നതിലേക്ക് നയിച്ച കാരണങ്ങളാണ്. വലിയ കാറ്റഗറി തര്‍ക്കങ്ങളും വിവാദ ങ്ങളുമൊക്കെ സ്ഥാപനത്തില്‍ രൂപപ്പെടുന്നതിന് ഈ സാഹചര്യം കാരണമായി. സീനിയോറിറ്റി പ്രൊട്ടക്ഷന്‍ നിലവില്‍ വന്നതോടെ ക്വാട്ട ഒഴിവുകളോടൊപ്പം ഒരു കാര്യം കൂടി പരിശോധിച്ചു മാത്രമേ പ്രമോഷനുകള്‍ നല്‍കുവാന്‍ കഴിയുമായിരുന്നുള്ളൂ. വിദ്യാഭ്യാസ യോഗ്യതയില്‍ ഉയര്‍ന്നവര്‍ കേഡര്‍ സീനിയറായി ഉണ്ടെങ്കില്‍കേഡര്‍ ജൂനിയറിന് ക്വാട്ട ഒഴിവ് ഉണ്ടെങ്കിലും പ്രമോഷന്‍ നല്‍കാന്‍ കഴിയില്ല എന്നതായിരുന്നു അത്. അതുകൊണ്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍ കേഡറില്‍ സീനിയറായ ഇരുന്നൂറിലേറെ ഗ്രാഡുവേറ്റ് വിഭാഗത്തില്‍ പെട്ടവര്‍ അവരുടെ ക്വാട്ടയില്‍ ഒഴിവില്ലാത്തതിനാല്‍ പ്രമോഷന്‍ ലഭിക്കാതെ നില്‍ക്കുമ്പോള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) വിഭാഗത്തില്‍ ഡിപ്ലോമക്കാര്‍ക്ക് മാറ്റിവെക്കപ്പെട്ട 25% ക്വാട്ടയില്‍ നാല്‍പതിലേറെ ഒഴിവുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രമോഷന്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായത്.

ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് ഗ്രാഡു വേറ്റ് വിഭാഗത്തില്‍ പ്രമോഷന്‍ കിട്ടാതെ തുടരേണ്ടി വരുന്നവരുടെ എണ്ണം കണക്കാക്കി അവര്‍ക്ക് പ്രമോഷന്‍ കൊടുക്കാന്‍ കഴിയുന്ന വിധത്തില്‍ 167 അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ തസ്തികകളാക്കി ഉയര്‍ത്താനും സേഫ്റ്റി ഓഫീസര്‍മാര്‍ എന്ന നിലയില്‍ 22 അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ തസ്തികകള്‍ സൃഷ്ടിക്കാനും കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഇതുവഴി ക്വാട്ടയിൽ ഒഴിവുണ്ടായിരുന്നിട്ടും പ്രമോഷൻ തടസ്സപ്പെട്ട ഡിപ്ലോമ വിഭാഗത്തിനും പ്രമോഷന്‌ വഴിതുറക്കപ്പെടുകയായിരുന്നു. 2011 ഫെബ്രുവരിയില്‍ ഉണ്ടായ ഈ തീരുമാനം അംഗീകാരത്തിന് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. പിന്നീട് ഇക്കാര്യത്തില്‍ തീരുമാനം ലഭിക്കുന്നത് 2014ലാണ്. ഗ്രേഡ് പ്രമോഷന്‍ കിട്ടിയവർ തന്നെയാണ് അപ്ഗ്രേഡഡ് തസ്തികകളിലേക്ക് പ്രമോട്ട് ചെയ്യപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും എന്നതിനാല്‍ തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യുന്നത് വൈദ്യുതിബോര്‍ഡിന് വലിയ സാമ്പത്തിക ബാദ്ധ്യതയൊന്നും സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഇത് താഴെ നിന്നുള്ള പ്രമോഷന്‍ സാദ്ധ്യതകള്‍ കുറക്കും. ആയതിനാല്‍ അപ്ഗ്രേഡഡ് തസ്തികയില്‍ ജോലിചെയ്യുന്നവരെ താഴത്തെ കേഡറില്‍തന്നെ കണക്കാക്കി കേഡര്‍ എണ്ണം കണക്കാക്കേ ണ്ടതുണ്ട്. അങ്ങിനെ കണക്കാക്കിയാല്‍ ഓരോ കേഡറിലും ലഭ്യമായ ഒഴിവുകളില്‍ യാതൊരു വ്യത്യാസവും വരില്ല. അതുകൊണ്ടുതന്നെ താഴെ നിന്നുള്ള പ്രമോഷനുകളെ ബാധിക്കയുമില്ല.

2014ലെ സര്‍ക്കാര്‍ ഉത്തരവ്

2014ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 167 അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ തസ്തികകളാക്കി താല്‍ക്കാലികമായി ഉയര്‍ത്താനാണ് അനുമതികിട്ടിയത്. ഇങ്ങിനെ ഉയര്‍ത്തുന്ന തസ്തികകളില്‍ പ്രമോഷന്‍ കിട്ടുന്നവരെ പൂര്‍ണ്ണമായും റഗുലര്‍ തസ്തികകളിലേക്ക് മാറ്റിയതിനു ശേഷം റഗുലര്‍ ഒഴിവുകള്‍ ഉണ്ടാകുന്ന മുറക്ക് മാത്രമേ തുടര്‍ന്നുള്ള പ്രമോഷനുകള്‍ നടത്താവൂ എന്നും ഉത്തരവ് നിഷ്ക ര്‍ഷിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 161

തസ്തികകളിലെ പ്രമോഷനുകളാണ് 2014ല്‍ നടന്നത്. ഇങ്ങിനെ അപ്ഗ്രേഡഡ് തസ്തികകളിലേക്ക് പ്രമോഷന്‍ കിട്ടിയവരെ റഗുലര്‍ തസ്തിക ഉണ്ടാകു ന്ന മുറക്ക് അതിലേക്ക് മാറ്റി നിയമിക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്ത് അതില്‍ 37 പേരെ 2016ല്‍ റഗുലറൈസ് ചെയ്യുകയും അത്രയും തസ്തികകള്‍ അസിസ്റ്റന്റ്എഞ്ചിനീയറിലേക്ക് തിരിച്ചു നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് ഇതേ നിലയില്‍ നടപ്പാക്കിപ്പോകുന്ന സ്ഥിതി ഉണ്ടായാല്‍ മുഴുവന്‍ തസ്തികകളും റഗുലറൈസ് ചെയ്യുന്നതുവരെ പ്രമോഷനുകളൊന്നും നടക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംഘടന അപ്‌ഗ്രേഡ്‌ ചെയ്‌ത എ.ഇ.ഇ. തസ്തികകള്‍ നിലനിർത്തണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. താല്‍ക്കാലിക അപ്ഗ്രഡേഷന്‍ സ്ഥിരമാക്കി മാറ്റണമെന്ന ആവശ്യവും നമ്മള്‍ സര്‍ക്കാരിനുമുന്നില്‍ വെച്ചു. എന്നാൽ ഈ നിർദ്ദേശത്തിന്‌ പല തലങ്ങളിലുള്ള എതിർപ്പ്‌ ഉയർന്നു. ബഹു. വൈദ്യുതി മന്ത്രിക്ക് സംഘടന നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാ നത്തില്‍തസ്തികകളുടെ റിവേര്‍ഷന്‍ ഒഴിവാക്കിതല്‍സ്ഥിതി തുടരാന്‍ വൈദ്യുതി മന്ത്രി വൈദ്യുതിബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. ഇങ്ങിനെയാണ്161 അപ്ഗ്രേഡ് ചെയ്ത തസ്തികകളില്‍ 124 എണ്ണം തുടര്‍ന്നും പ്രമോഷനുകള്‍ക്ക് ലഭ്യമാകുന്നത്.

റഗുലറൈസ് ചെയ്യലും റിവേര്‍ഷനും

ബോര്‍ഡില്‍ ആകെ 679 റഗുലര്‍ എ.ഇ.ഇ.(ഇലക്ട്രിക്കല്‍) തസ്തികകളാണ് ഉള്ളത്. അപ്ഗ്രേഡ് ചെയ്ത 124 തസ്തികകളും. ഇങ്ങിനെ ആകെ 803 തസ്തികകള്‍ പ്രമോഷനു വേണ്ടി ലഭ്യമായിരുന്നു.ഇതില്‍ 679 അപ്ഗ്രേഡ് ചെയ്ത തസ്തികകളിലേക്ക് പ്രമോഷന്‍ കിട്ടിയവരെ റഗുലറൈസ് ചെയ്യുകയും അപ്ഗ്രേഡ് ചെയ്ത തസ്തികകളിലേക്ക് താല്‍ക്കാലിക പ്രമോഷനുകള്‍ നടത്തുകയും ചെയ്തുപോകുക എന്ന നിര്‍ദ്ദേശമാണ് സംഘടന മുന്നോട്ടുവെച്ചത്. എന്നാല്‍ റഗുലറൈസ് ചെയ്യുക എന്നതിന് അര്‍ത്ഥം അപ്ഗ്രേഡ് ചെയ്ത തസ്തികകള്‍ താഴേക്ക് പുനഃസ്ഥാപിക്കുക മാത്രമാണ് പരിഹാരം എന്ന നിലപാടാണ് എച്ച്.ആര്‍.എം. വകുപ്പിലെ ചില ഓഫീസര്‍മാര്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഒഴിവുകളിലേക്ക് പ്രമോഷന്‍ നടത്തിയപ്പോഴും അതൊക്കെ താല്‍ക്കാലിക പ്രമോഷനുകള്‍ മാത്രമായി നടത്തുകയും 37 തസ്തികകള്‍ റിവേര്‍ട്ട് ചെയ്തതിനുശേഷം ഒരാളെപ്പോലും റഗുലറൈസ് ചെയ്യാതിരിക്കുകയുമാണ് ഉണ്ടായത്. എന്നാല്‍ സംഘടന ശക്തമായി ഇടപെട്ടു പോയതിനാല്‍ പലപ്പോഴായി ഈ തസ്തികകളിലേക്കുള്ള പ്രമോഷനുകള്‍ നടക്കുകയുണ്ടായി. 2014ല്‍ അപ്ഗ്രേഡ് ചെയ്ത തസ്തികകളിലേക്ക് പ്രമോഷന്‍ നടന്നപ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ 40%, 10%, 30% എന്നിങ്ങനെ വിവിധ കേഡറുകളില്‍ എത്രയാളുകളെ വീതമാണോ പ്രമോട്ടുചെയ്തത് അത്രയും തസ്തികകള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലെ കേഡര്‍ എണ്ണത്തില്‍ നിന്ന് കുറച്ചുകൊണ്ടാണ് നടപടികള്‍ ആരംഭിച്ചത്. 37 തസ്തികകള്‍ റിവേര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ ചിലത് തിരിച്ച് വരുകയും ചെയ്തു. എന്നാല്‍ റഗുലര്‍ തസ്തികകളില്‍ ഒഴിവുകള്‍ ഉണ്ടാകുന്ന മുറക്ക് അപ്ഗ്രേഡഡ് തസ്തികകളിലെ സീനിയറായവ രെ അതിലേക്ക് റഗുലറൈസ് ചെയ്യുകയും അതനുസരിച്ച് അപ്ഗ്രേഡഡ് തസ്തികയില്‍ ഉണ്ടാകുന്ന പുതിയ ഒഴിവിലേക്ക് പ്രമോഷന്‍ നല്‍കുകയുംചെയ്തു പോകേണ്ടിയിരുന്നു. ഇങ്ങിനെ പുതുതായി പ്രമോഷന്‍ കൊടുക്കുമ്പോള്‍ അപ്ഗ്രേഡഡ് തസ്തികകളില്‍ ജോലിചെയ്യുന്നവരുടെ വിഭാഗ ത്തില്‍ വരുന്ന മാറ്റത്തിനനുസരിച്ച് താഴെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ കേഡര്‍ എണ്ണത്തിലും മാറ്റം വരുത്തേണ്ടതായിരുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങളൊന്നും വരുത്താന്‍ എച്ച്.ആര്‍.എം. വിഭാഗത്തിലെ അഭിപ്രായഭിന്നതമൂലം നടപടികൾ എടുത്തില്ല.

ചില കണക്കുകള്‍

കണക്കുകള്‍ ഇത്തരമൊരു കുറിപ്പില്‍ അരോചകമാകുമെങ്കിലും 2021 ജൂണ്‍ മാസത്തിലെ ഉണ്ടാകുമായിരുന്ന സ്ഥിതി ചൂണ്ടിക്കാണിക്കാന്‍ ചില കണക്കുകള്‍ പറഞ്ഞു പോകേണ്ടതുണ്ട്. 2021 ജൂണ്‍ അവസാനംബോര്‍ഡില്‍ ആകെ ജോലിചെയ്യുന്ന എ.ഇ.ഇ.(ഇലക്ട്രിക്കല്‍) മാരുടെ എണ്ണം 710 പേരായിരുന്നു. ഇതില്‍ ഡിഗ്രി വിഭാഗത്തില്‍ 537 പേരും ഡിപ്ലോമ വിഭാഗത്തില്‍ 173 പേരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഡിഗ്രി വിഭാഗത്തില്‍ 509 (679ന്റെ 75%) റഗുലര്‍ ഒഴിവുകള്‍ ഉണ്ട്. അത്രയും പേരെ അതിലേക്ക് റഗുലറൈസ് ചെയ്യുന്നതിന് (തസ്തികകള്‍ റിവേര്‍ട്ട് ചെയ്യാതെ തന്നെ) യാതൊരു പ്രയാസവുമില്ല. ബാക്കി 28 പേര്‍ മാത്രമേ ടെമ്പററി അപ്ഗ്രേഡഡ് തസ്തികകളില്‍ ഉണ്ടാകുകയുള്ളൂ. 40% വിഭാഗത്തിലും 10% വിഭാഗത്തിലും പെട്ടവര്‍ അതേ അനുപാതത്തിലാ ണ് എന്ന് കണക്കാക്കിയാല്‍ ഈ 28 പേരില്‍ 22 പേര്‍ 40%ത്തില്‍ പെട്ടവരായും 6 പേര്‍ 10%ത്തില്‍ പെട്ടവരായും കണക്കാക്കാവുന്നതാണ്. ഈ സമയത്ത് എ.ഇ. (ഇലക്ട്രിക്കല്‍) തസ്തികയിലെ 40% കേഡറില്‍ ആകെ 22 എണ്ണത്തിന്റെ കുറവുമാത്രമേ വരുത്തേണ്ടിയിരുന്നുള്ളൂ. അതായത് ആകെ 2295 എ.ഇ.മാരുടെ അംഗീകൃത എണ്ണത്തില്‍ 40%ആയ 918ല്‍ അപ്ഗ്രേഡഡ് തസ്തികയില്‍ ജോലി ചെയ്യുന്നതായി 22 കുറച്ചാലും 896 തസ്തികകള്‍ ഉണ്ടാകുമായിരുന്നു. അപ്പോള്‍ ജോലിചെയ്തു വന്നിരുന്ന എ.ഇ.മാര്‍ 809ആയിരുന്നു. അതായത് 87 ഒഴിവുകള്‍. പി.എസ്.സി. ലിസ്റ്റില്‍ നിന്നും നിയമനത്തിന് ബാക്കിയുണ്ടായിരുന്ന 87 പേരെ നിയമിക്കാന്‍ യാതൊരുവിധ റിവേര്‍ഷനും വേണ്ടിയിരുന്നില്ല. (സൂപ്പര്‍ ന്യൂമറിയും വേണ്ടിയിരുന്നില്ല.) ഇങ്ങിനെ തസ്തികകളുടെ റിവേര്‍ഷന്‍ നടത്തുന്നില്ല എന്നു തീരുമാനിച്ചാല്‍ എ.ഇ.ഇ.(ഇലക്ട്രിക്കല്‍) തസ്തികയിലെ 93 ഒഴിവുകളിലേക്ക് താല്‍ക്കാലിക പ്രമോഷനുകള്‍ നടത്താന്‍ ക്വാട്ട സംബന്ധിച്ച് കോടതിയിലുണ്ടായിരുന്ന കേസുകളൊഴിച്ച് തടസ്സങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും ഗുണകരമാകുന്ന നിലയില്‍ കാര്യ ങ്ങളെ കാണുന്നതിന് പകരം 2014ലെ സര്‍ക്കാര്‍ ഉത്തരവിനെ തസ്തികകള്‍ റിവേര്‍ട്ട് ചെയ്യുക എന്ന നിലയില്‍ മാത്രം വ്യാഖ്യാനിക്കാനും നടപ്പാക്കാനുമാണ്ബോര്‍ഡ് മാനേജ്മെന്റ് തീരുമാനിച്ചത്. 93 പേര്‍ക്ക് കിട്ടുമായിരുന്ന പ്രമോഷനുകള്‍അട്ടിമറിക്കുക എന്ന സ്ഥിതിവിശേഷമാണ്‌ ഇതുകൊണ്ടുണ്ടായത് . ‌ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍) തസ്തികളിലെ പൊതുസ്ഥലംമാറ്റ നടപടികളില്‍ വലിയ കാലതാമസവും ഈ നടപടികള്‍ മൂലം ഉണ്ടായി.

പ്രായോഗിക സമീപനമാണ് വേണ്ടത്

കരിയര്‍ സ്റ്റാഗ്നേഷന്‍ വൈദ്യുതിബോര്‍ഡിലെ പ്രധാനപ്പെട്ട ഒരു സര്‍വീസ് പ്രശ്നമായി തുടരുകയാണ്. ഇത് ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രം അനുഭവപ്പെടുന്ന ഒന്നല്ല. സാങ്കേതിക, മിനിസ്റ്റീരിയല്‍, അക്കൗണ്ട് വിഭാഗങ്ങളിലെല്ലാം ഈ പ്രശ്നം രൂക്ഷമാണ്. കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുന്നതിന് പ്രായോഗിക സമീപനം കൈക്കൊള്ളാന്‍ബോര്‍ഡ് മാനേജ്‌മെന്റ് തയ്യാറാകേണ്ടതുണ്ട്. സമയബന്ധിത പ്രമോഷന്‍ എന്നത് ഇതിനൊരു മാര്‍ഗ്ഗമാണ്. ഗ്രേഡ് പ്രമോഷനോടൊപ്പം തസ്തികയില്‍മാറ്റവും ലഭ്യമാക്കുക എന്നതാണത്. ഇത്തരത്തില്‍ പ്രമോഷന്‍ നല്‍കുമ്പോള്‍ ജോലിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകണമെന്നില്ല. സൂപ്പര്‍വൈസറി സ്വഭാവമുള്ള ഓഫീസുകളിലേക്ക് ഇത്തരത്തില്‍ പ്രമോഷനായവരെ മാറ്റി നിയമിച്ചുകൊണ്ട് ഇക്കാര്യത്തിലും ഒരു പരിധിവരെ പരിഹാരമുണ്ടാക്കാന്‍ കഴിയും. ഇത്തരത്തില്‍ വേറേയും മാര്‍ഗ്ഗങ്ങളുണ്ടാകാം. അത്തരം സാദ്ധ്യതകളൊക്കെ പരിശോധിക്കാനും കരിയര്‍ സ്റ്റാഗ്നേഷന് ഫലപ്രദമായൊരുപരിഹാരം കണ്ടെത്താനും നമുക്ക് കഴിയേണ്ടതുണ്ട്.

സാധാരണഗതിയില്‍ നടക്കേണ്ട പ്രമോഷനുകള്‍ പോലും നടക്കുന്നില്ല എന്ന സ്ഥിതിക്ക് പരിഹാരമുണ്ടാക്കുക എന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. സീനിയര്‍ സുപ്രണ്ട് തസ്തികയില്‍നിന്നും എ.എ.ഒ. തസ്തികയിലേക്കുള്ള പ്രമോഷന്‍ സീനിയോറിറ്റി പട്ടിക സംബന്ധിച്ച് ഏഴെട്ടു വര്‍ഷം മുമ്പുണ്ടായ ഒരു കോടതി വിലക്കില്‍പ്പെട്ട് മുടങ്ങിയതടക്കം നിരവധി കാര്യങ്ങളുണ്ട്. എന്തിനും ഏതിനും കോടതി നടപടികളിലേക്ക് പോകുന്ന സാഹചര്യമാണ്ബോര്‍ഡിലെ സര്‍വീസ് പരാതികളിലെല്ലാം നിലനില്‍ക്കുന്നത്. പരാതി പരിഹാരത്തിന് പ്രായോഗിക സമീപനം സ്വീകരിക്കുന്നതിനു പകരം പലതരം പിടിവാശികളിലാണ് എച്ച്.ആര്‍.എം. വിഭാഗത്തിലെ ചിലരെങ്കിലുമുള്ളത്. അതാണ് പലപ്പോഴും കോടതി നടപടികള്‍ കൂടി വരുന്നതിന് കാരണമാകുന്നത്. പി ടിവാശികളെ ഗൗനിക്കാതെ പ്രായോഗിക സമീപനം സ്വീകരിക്കുകയും നിയമനങ്ങളും പ്രമോഷനുകളും തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യാന്‍ ഇടക്കാലത്ത് ചില ശ്രമങ്ങളുണ്ടായി. എന്നാല്‍ ഉത്തമവിശ്വാസത്തോടെ നടത്തിയ അത്തരം ശ്രമങ്ങ ളെ അപഹസിക്കാനും അതിന് ഇടപെട്ടു പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണവും കുറ്റവിചാരണയും നടത്താനുമാണ്ബോര്‍ഡ് തലത്തില്‍ നടപടികളുണ്ടാകുന്നത്. ഇത്തരം നടപടികള്‍ ഓഫീസര്‍മാരുടെ ആത്മവീര്യം നശിപ്പിക്കുന്നതിനേ ഉതകുകയുള്ളൂ. അത് കെ.എസ്.ഇ.ബിയുടെ അമരത്തിരിക്കുന്നവര്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം.