കെഫോൺ – കേരളത്തിന്റെ ഇന്റർനെറ്റ് സൂപ്പർ ഹൈവേ

228
Network cable with Fiber optics light internet concept

ഇൻ്റർനെറ്റ് പൗരൻ്റെ അവകാശമാക്കിയ കേരള സംസ്ഥാന സർക്കാർ നയത്തെ പ്രവർത്തി പഥത്തിലെത്തിക്കുന്നതിലേക്കുള്ള സുപ്രധാന ചുവട് വെയ്പ്പാണ് കെഫോൺ പദ്ധതി. കെ ഫോൺ പദ്ധതിയുടെ ഭാഗമായി ഫൈബർ ഒപ്റ്റിക് കേബിളുകൾ കേരളത്തിൻ്റെ മുക്കിലും മൂലയിലും വലിക്കുന്നതോടെ കേരളത്തിലെ ഓരോ പൗരനും അതിവേഗ(10Mbps മുതൽ 1Gbps വരെ) ഇൻ്റർനെറ്റ് സൗകര്യം ഉറപ്പാകുകയാണ്. കേരളത്തിലെ 20 ലക്ഷത്തോളം ബി.പി.എൽ ഉപഭോക്താക്കൾക്കും, മുപ്പതിനായിരത്തിലധികം കേരള സർക്കാർ സ്ഥാപനങ്ങളിലും സൗജന്യമായി അതിവേഗ ഇൻ്റർനെറ്റ് കണക്ഷനും കെ ഫോൺ പദ്ധതിയിലൂടെ ലഭ്യമാക്കും. സംസ്ഥാനത്തുടനീളം വലിച്ചിട്ടുള്ള ഫൈബർ ഒപ്റ്റിക്ക് കേബിളുകൾ വൻകിട നെറ്റ്വർക്ക് പ്രൊവൈഡേഴ്സിനും, ചെറുകിട നെറ്റ്വർക്ക് പ്രൊവൈഡേഴ്സിനും വിവേചനരഹിതമായി ഉപയോഗിക്കാനുള്ള സാധ്യതയാണ് കെ ഫോൺ പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ കുറഞ്ഞ ചെലവിൽ, സാങ്കേതിക തികവുള്ള നെറ്റ്വർക്ക് ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാൻ നെറ്റ്വർക്ക് പ്രൊവൈഡേഴ്സിന് സാധിക്കും എന്നത് പ്രൊവൈഡേഴ്സിനും, ഉപഭോക്താക്കൾക്കും ഒരു പോലെ ഗുണം ചെയ്യുന്ന ഒന്നാണ്.
കെ.എസ്.ടി.ഐ.ൽ, കെ.എസ്.ഇ.ബി, സംസ്ഥാന ഗവൺമെൻ്റ് എന്നിവർ യഥാക്രമം 49%, 49%, 2% എന്നിങ്ങനെ ഷെയർ ഹോൾഡേഴ്സായുള്ള ഒരു സ്പഷ്യൽ പർപ്പസ് വെഹിക്കളയാണ് കെ ഫോൺ പ്രവർത്തിച്ച് വരുന്നത്. കെ.എസ്.ഇ.ബിയുടെ റൈറ്റ് ഓഫ് വേ, ഇലക്ട്രിക്ക് പോളുകൾ, ട്രാൻസ്മിഷൻ ടവറുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് ഫൈബർ ഒപ്റ്റിക് കേബിളുകൾ വലിക്കുന്നത്. സബ്സ്റ്റേഷനുകൾ നെറ്റ്വർക്കിൻ്റെ പോയൻ്റ് ഓഫ് പ്രസൻസിനായ് ഉപയോഗപ്പെടുത്തും. കെ.എസ്.ഇ.ബിയുടെ മുഴുവൻ ഓഫീസുകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിശ്വസനീയവും വേഗമേറിയതുമായ ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ഫെസിലിറ്റി തികച്ചും സൗജന്യമായി ലഭിക്കുമെന്നതും ഇത് ഉപയോഗപ്പെടുത്തി ഭാവിയിൽ സ്മാർട്ട് മീറ്ററിംഗ്, ഡിസ്ട്രിബ്യൂഷൻ സ്കാഡ, സ്മാർട് ഗ്രിഡ് തുടങ്ങിയവ കുറഞ്ഞ ചിലവിൽ നടപ്പാക്കാനാവും എന്നതും കെ.എസ്.ഇ.ബിക്കും അതിൻ്റെ ഉപഭോക്താക്കൾക്കും വലിയ നേട്ടമാവും.
കേരളത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും പൂർണ്ണമായി വിശ്വസനീയമായ കെ ഫോൺ നെറ്റ്വർക്കിലൂടെ ബന്ധിപ്പിക്കപ്പെടുന്നതോടുകൂടി ഇ – ഗവർണൻസ് അതിൻ്റെ ശരിയായ അർത്ഥത്തിൽ നടപ്പാക്കപ്പെടുകയും, അതുവഴി മെച്ചപ്പെട്ടതും സമയബന്ധിതവുമായ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാവുകയും ചെയ്യും. പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഇൻ്റർനെറ്റ് നൽകുന്നതിനും അതുവഴി രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇൻ്റർനെറ്റ് വൽകൃത സംസ്ഥാനം എന്ന പദവിയിലേക്കും കേരളത്തിനെത്താനാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പൗരൻമാർക്കിടയിലെ ഡിജിറ്റൽ സൗകര്യങ്ങളുടെ അന്തരം ഇല്ലാതാക്കുകയും, നിരന്തരം വികസിക്കുന്ന ആധുനീക രീതിയിലുള്ള വിജ്ഞാന സമൂഹമായി കേരളം മാറുകയും ചെയ്യുന്നതിനുള്ള വലിയ പശ്ച്ചാത്തല സൗകര്യമാണ് കെ ഫോൺ മുഖേന സംസ്ഥാന സർക്കാർ ഒരുക്കുന്നത്.