‘സൗര’ ജനുവരിയോടെ പ്രവര്‍ത്തിപഥത്തിലേക്ക്

251

ഹരിത ഊര്‍ജ്ജ ഉത്പാദനത്തില്‍ കേരള സര്‍ക്കാരിന്റെ ജനപ്രിയ പരിപാടി സൗരയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2020ജനുവരിയോടെ തുടക്കമാകുന്നു. പുരപ്പുറ സോളാര്‍ രീതിയില്‍ 50 മെഗാവാട്ട് ആണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ സ്ഥലത്ത് ഫീല്‍ഡ് സര്‍വേയും സാധ്യതാ പഠനവും നടത്തി സാങ്കേതികമായും സ്ഥാപിക്കുന്നതിനും ഉചിതമായവയില്‍ നിന്നും ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 42293പേരുടെ പട്ടിക തുടര്‍ നടപടികള്‍ക്കായി പ്രസിദ്ധീകരിച്ചു. ഇവര്‍ക്ക് എസ്.എം.എസ് ആയി വിവരം നല്‍കും. സോളാര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ വഴി സംസ്ഥാന നോഡല്‍ ഓഫീസറുടെ എഴുത്തും കൈമാറും. ആവശ്യമായ സംശയ ദൂരീകരണം കോ ഓര്‍ഡിനേറ്റര്‍മാര്‍ നടത്തും.

കേരളത്തിന്റെ വൈദ്യുതി മേഖലയെ മുന്‍ നിരയിലെത്തിക്കാനായി വിഭാവനം ചെയ്ത ഊര്‍ജ്ജകേരള മിഷന്റെ ഭാഗമാണ് സൗര. ഈ വര്‍ഷം ജനുവരി 31 ന് പൂര്‍ത്തീകരിച്ച രജിസ്ട്രേഷനില്‍ 2,78,264പേരാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതീക്ഷകള്‍ക്ക് ഉപരിയായി വന്ന ഇത്രയും കൂടിയ എണ്ണം അപേക്ഷകരില്‍ ഓരോ വീടുകളിലും എത്തി വിവരശേഖരണം ആഗസ്ത് മാസത്തോടെ പൂര്‍ത്തിയാക്കി. അപേക്ഷയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിഴലുകള്‍ ഇല്ലാത്തതും കൂടിയ ഉത്പാദനം ലഭ്യമാവുന്നതും ആയ പുരപ്പുറങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് കണ്ടെത്തുകയും ചെയ്തു. 770സോളാര്‍ കോ ഓര്‍ഡിനേറ്റര്‍മാരേയും 25ബാക്ക് എന്‍ഡ് ഓപറേറ്റര്‍മാരേയും ഇതിനായി ഉപയോഗപ്പെടുത്തി.

ദില്ലിയില്‍ നടന്ന ബിഡേഴ്സ് മീറ്റ് കേരള സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ.സമ്പത്ത് ഉത്ഘാടനം ചെയ്യുന്നു

ദില്ലിയിലും തിരുവനന്തപുരത്തുമായി ഈ മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികളെ ക്ഷണിതാക്കളാക്കി ബിഡേഴ്സ് മീറ്റ് നടത്തുകയും രണ്ട് വ്യത്യസ്ത മാതൃകയില്‍ സോളാര്‍ സ്ഥാപനത്തിനുള്ള ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു. ഇത്തരം തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ കുറഞ്ഞ സമയം എടുത്തതിനു ശേഷമാണ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നത്. മിനിസ്ട്രി ഓഫ് ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജിയില്‍ നിന്നും 50മെഗാവാട്ടിനുള്ള സബ്സിഡി ലഭ്യമാക്കി കൊണ്ടാവും പദ്ധതി സ്ഥാപിക്കുക. സബ്സിഡിയുടെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറും. നിലവില്‍ ലഭ്യമായതില്‍ മികച്ച സോളാര്‍ ഉപകരണങ്ങള്‍ ടെണ്ടറിലൂടെ ലഭ്യമാക്കും.

മൂന്ന് തരത്തിലുള്ള സ്കീമുകളാണ് സൗരയില്‍ അവതരിപ്പിച്ചത്. ഉപഭോക്താവിന്റെ മേല്‍ക്കൂരയില്‍ കെ.എസ്.ഇ.ബി ചെലവില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുകയും ഉത്പാദിപ്പിക്കുന്നത് ലൈനിലേക്ക് കടത്തി വിടുകയും നിശ്ചിത ശതമാനം യൂനിറ്റ് വാടകയിനത്തില്‍ തിരികെ നല്‍കുകയും ചെയ്യുന്നതാണ് ഒന്നാമത്തെ സ്കീം. ഉത്പാദിക്കുന്ന വൈദ്യുതി നിശ്ചിതനിരക്കില്‍ ആവശ്യമുള്ളത്ര ഉപഭോക്താവിനു നല്‍കുന്നതാണ് രണ്ടാമത്തെ സ്കീം. മൂന്നാമത്തെ സ്കീമില്‍ സോളാറിന്റെ ചെലവ് ഉപഭോക്താവ് വഹിക്കുകയും വീട്ടിലെ ആവശ്യംകഴിഞ്ഞ് ബാക്കി നിശ്ചിതനിരക്കില്‍ കെ.എസ്.ഇ.ബി വാങ്ങുകയും ചെയ്യും. അപേക്ഷയില്‍ നിലവില്‍ രേഖപ്പെടുത്തിയ സ്കീം മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ സോളാര്‍ സ്ഥാപിക്കുന്നതിന് അനുബന്ധമായി വെക്കേണ്ട കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ചെയ്യാവുന്നതാണ്.

1000 മെഗാവാട്ട് ഉത്പാദനലക്ഷ്യത്തില്‍ 500മെഗാവാട്ട് ആണ് പുരപ്പുറ സോളാര്‍ വഴി സ്ഥാപിക്കുക. ഇതില്‍ 200മെഗാവാട്ട് പദ്ധതി സ്ഥാപിക്കാനുദ്ദേശിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ രജിസ്റ്റര്‍ ചെയ്തതില്‍ സാധ്യമായ മറ്റ് അപേക്ഷകളിലും സോളാര്‍ സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും.