വൈദ്യുതിരംഗം കഴിഞ്ഞ മാസത്തില്‍-ഫെബ്രുവരി 2022

122

നാഷണൽ ലോഡ് ഡെസ്പാച്ച് നൽകുന്ന കണക്കുകൾ പ്രകാരം ജനുവരി 2022ലെ പീക്ക് ഡിമാൻഡ് 192.07 ജിഗാവാട്ട് ആയിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 1.09% അധികമാണ്. ഊർജ്ജ ഉപഭോഗം 112.67 ബില്യൻ യൂണിറ്റായി വർദ്ധിച്ചു. ഇതും മുൻ വർഷത്തേക്കാൾ 2.34% അധികമാണ്. ഗ്രീൻ മാർക്കറ്റ് വഴി 280 മില്ല്യൺ വൈദ്യുതി ഉൾപ്പെടെ 8652 മില്ല്യൺ യൂണിറ്റ് ജനുവരി മാസം വ്യാപാരം നടത്തി. ഇത് മുൻവർഷത്തേക്കാൾ 16 % അധികമാണ്.
ഡേ എ ഹെഡ് വിപണി 5280 മില്ല്യൺ യൂണിറ്റ് വൈദ്യുതി വ്യാപാരം ജനുവരി മാസം നടത്തി. ഇത് മുൻ വർഷത്തേക്കാൾ 5% കുറവാണ്. ഡേ എ ഹെഡ് വിപണിയിൽ വൈദ്യുതിയുടെ ശരാശരി കമ്പോള വില യൂണിറ്റ് 3.39 രൂപ ആയിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 6.7% അതികവും. മുൻ മാസത്തേക്കാൾ 4.1% കുറവുമാണ്.
ടേം എ ഹെഡ് മാർക്കറ്റ് വഴി 390 മില്ല്യൺ യൂണിറ്റ് വൈദ്യുതി ജനുവരി മാസം കരാർ ചെയ്തു. ഇത് മുൻ മാസത്തേക്കാൾ 11.6 % അതികമാണ്.
തൽസമയ വൈദ്യുതി വിപണിയിലും ഗണ്യമായ വളർച്ച ഈ കാലഘട്ടത്തിൽ ഉണ്ടായി. മുൻ വർഷത്തേക്കാൾ 28% വർദ്ധിച്ച് 1575 മില്യൺ യൂണിറ്റ് വൈദ്യുതി ശരാശരി വിലയായ 3.44 രൂപയ്ക്ക് വ്യാപാരം നടത്തി.
ഗ്രീൻ മാർക്കറ്റിൽ ജനുവരി മാസത്തിൽ 280 മില്ല്യൺ യൂണിറ്റ് വൈദ്യുതി കരാർ ചെയ്യപ്പെട്ടു. ഇതിൽ 198 മില്ല്യൺ യൂണിറ്റ് ഗ്രീൻ ഡേ എ ഹെഡ് മാർക്കറ്റ് വഴി യൂണിറ്റിന് 4.19 രൂപയ്‌ക്കാണ് കരാർ ചെയ്യപ്പെട്ടത്. ഗ്രീൻ ടേം എ ഹെഡ് മാർക്കറ്റ് വഴി 82 മില്ല്യൺ യൂണിറ്റ് 3.96 രൂപക്കാണ് കരാർ ചെയ്യപ്പെട്ടു. ഗ്രീൻ വിപണിയിൽ നിരവധി വിതരണ കമ്പനികൾ പങ്കെടുത്തു. ഡൽഹി, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, തെലുങ്കാന, കർണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ഗ്രീൻ വിപണിയെ കൂടുതൽ ആശ്രയിച്ചു.
വിപണിയിൽ ജനുവരി മാസം 9.33 ലക്ഷം സോളാർ ഇതര പുനരുപയോഗ എനർജി സർട്ടിഫിക്കറ്റുകളും 1.93 ലക്ഷം സോളാർ പുനരുപയോഗ ഊർജ സർട്ടിഫിക്കറ്റുകളും കരാർ ചെയ്യപ്പെട്ടു.
റെഗുലേഷൻ/അനുമതികൾ
ഫോസിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള ഊർജ്ജ സ്രോതസ്സിൽ നിന്ന് ഗ്രീൻ ഹൈഡ്രജൻ/ഗ്രീൻ അമോണിയയിലേക്ക് മാറുന്നത് സുഗമമാക്കുന്നതിന് ഊർജ്ജ മന്ത്രാലയം (MoP) ഹരിത ഹൈഡ്രജൻ നയം വിജ്ഞാപനം ചെയ്തു. 2025 ജൂൺ 30-ന് മുമ്പ് കമ്മീഷൻ ചെയ്ത പ്രോജക്ടുകൾക്കായി ഗ്രീൻ ഹൈഡ്രജൻ/അമോണിയ നിർമ്മാതാക്കൾക്ക് 25 വർഷത്തേക്ക് അന്തർ-സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം ചാർജുകൾ ഒഴിവാക്കുന്നതാണ് പ്രധാന നിർദ്ദേശം.
കൂടാതെ, അപേക്ഷ സ്വീകരിച്ച് 15 ദിവസത്തിനകം പുനരുപയോഗ ഊർജ സ്രോതസ്സിൽ നിന്നുള്ള ഓപ്പൺ ആക്‌സസ് അനുവദിക്കുമെന്ന് നയത്തിൽ സൂചിപ്പിക്കുന്നു. ഗ്രീൻ ഹൈഡ്രജൻ/അമോണിയ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പുനരുപയോഗ ഊർജ സ്രോതസ്സുകൾ 30 ദിവസത്തേക്ക് ബാങ്കിംഗ് അനുവദിക്കും, കൂടെ ഗ്രീൻ ഹൈഡ്രജൻ / അമോണിയ നിർമാതാക്കൾക്ക് പുനരുപയോഗ പർച്ചേസ് ഒബ്ലിഗേഷന്റെ ആനുകൂല്യം ഉൾപ്പെടെ ഗ്രീൻ ഹൈഡ്രജൻ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദ്ദേശങ്ങൾ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആൻസിലറി സർവീസ് റെഗുലേഷൻസ് 2022 വിജ്ഞാപനം ചെയ്തു.
ഗ്രിഡ് ഫ്രീക്വൻസി 50 ഹെർട്‌സിന് അടുത്ത് നിലനിർത്താനും ഗ്രിഡ് കോഡിൽ വ്യക്തമാക്കിയിട്ടുള്ള അനുവദനീയമായ ബാൻഡിനുള്ളിൽ ഗ്രിഡ് ഫ്രീക്വൻസി പുനഃസ്ഥാപിക്കാനും ട്രാൻസ്മിഷൻ നെറ്റ്‌വർക്കിലെ തിരക്ക് ഒഴിവാക്കാനും വൈദ്യുതി സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനം, സുരക്ഷ എന്നിവ ഉറപ്പാക്കാനും റെഗുലേഷൻ ലക്ഷ്യമിടുന്നു. പ്രൈമറി റിസർവ് ആൻസിലറി സർവീസ്, സെക്കണ്ടറി റിസർവ് ആൻസിലറി സർവീസ്, ടെർഷ്യറി റിസർവ് ആൻസിലറി സർവീസ്, വോൾട്ടേജ് കൺട്രോൾ ആൻസിലറി സർവീസുകൾ, ബ്ലാക്ക് സ്റ്റാർട്ട് ആൻസിലറി സർവീസ് തുടങ്ങിയ അനുബന്ധ സേവനങ്ങളാണ് റഗുലേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റൂഫ്‌ടോപ്പ് സോളാർ പ്രോഗ്രാമിന് കീഴിൽ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്ക് സ്വന്തമായി അല്ലെങ്കിൽ വെണ്ടർ മുഖേന റൂഫ്‌ടോപ്പ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കുന്നതിനുള്ള നിർദേശം പുനരുപയോഗ ഊർജ മന്ത്രാലയം പുറപ്പെടുവിച്ചു.
പുതിയ നടപടിക്രമം അനുസരിച്ച്, ഗുണഭോക്താവിൽ നിന്ന് അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നതിനും അതിന്റെ അംഗീകാരത്തിനും പുരോഗതി വിലയിരുത്തുന്നതിനുമുള്ള പോർട്ടൽ വികസിപ്പിക്കും. ഡിസ്കോമുകളുടെ തലത്തിൽ സമാനമായ ഫോർമാറ്റിൽ ഒരു പോർട്ടൽ ഉണ്ടാകും കൂടാതെ രണ്ട് പോർട്ടലുകളും ലിങ്ക് ചെയ്യപ്പെടും. ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ദേശീയ പോർട്ടൽ വികസിപ്പിക്കും. ദേശീയ പോർട്ടൽ പ്രവർത്തനക്ഷമമാകുന്നത് വരെ, ഡിസ്കോം മുഖേന മേൽക്കൂര സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് സബ്‌സിഡി ലഭിക്കുന്നതിനുള്ള നിലവിലുള്ള നടപടിക്രമം തുടരും, കൂടാതെ എം.എൻ.ആർ.ഇ യിൽ നിന്ന് സബ്‌സിഡി നേടുന്നതിനുള്ള അംഗീകൃത നടപടിക്രമവും ഇതായിരിക്കും.
സാമ്പത്തികം
ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (യു.പി.പി.സി.എൽ), അതിന്റെ പ്രവർത്തന ചെലവുകൾക്കായി 80 ബില്യൺ രൂപയുടെ ബോണ്ടുകൾ ഇഷ്യൂ ചെയ്യും.
മാർച്ച് ആദ്യം ബോണ്ട് വിപണിയിലെത്തും. ഇതിനായി ട്രസ്റ്റ് ഇൻവെസ്റ്റ്‌മെന്റ്, ടിപ്‌സൺസ്, എ.കെ ക്യാപിറ്റൽ എന്നീ മൂന്ന് മർച്ചന്റ് ബാങ്കർമാരെ യു.പി.പി.സി.എൽ നിയമിച്ചിട്ടുണ്ട്. ഉയർന്ന വാണിജ്യ സാങ്കേതിക നഷ്ടവും കോവിഡ് മൂലമുള്ള വരുമാന വളർച്ചാ നിരക്കിലുണ്ടായ ഇടിവും വിതരണ കമ്പനികളുടെ നഷ്‌ടം ഉയരാൻ കാരണമായി. 662.77 ബില്യൺ രൂപയുടെ പ്രവർത്തന മൂലധന വായ്പയും 111.05 ബില്യൺ രൂപയുടെ കാപെക്‌സ് വായ്പയും ഉൾപ്പെടെ 2020-21ൽ യു.പി.പി.സി.എല്ലി ന്റെ സഞ്ചിത നഷ്ടം 704.54 ബില്യൺ രൂപയായി. കൂടാതെ, പവർ ജനറേറ്ററുകൾക്ക് കുടിശ്ശികയായി 264.19 ബില്യൺ രൂപയും നൽകാനുണ്ട്.
2021 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ (സി.ഐ.എൽ) ഏകീകൃത മൊത്ത വരുമാനം 290.86 ബില്യൺ രൂപയായി രേഖപ്പെടുത്തി, മുൻ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 243.35 ബില്യണിൽ നിന്ന് 19.5%ന്റെ വർദ്ധനവാണ് .
2020 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായമായ 30.84 ബില്യണിൽ നിന്ന് 2021 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 47.7 ശതമാനം വർധിച്ച് 45.57 ബില്യൺ രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഉയർന്ന വരുമാനമാണ് ലാഭത്തിലെ വർധനവിന് കാരണം.
പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (പി.എഫ്‌.സി) 2021 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 192.15 ബില്യൺ രൂപയുടെ ഏകീകൃത മൊത്ത വരുമാനം രേഖപ്പെടുത്തി, മുൻ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 184.42 ബില്യണിൽ നിന്ന് 4.2 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 2020 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 39.63 ബില്യണിൽ നിന്ന് 2021 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 23.5 ശതമാനം വർധിച്ച് 48.94 ബില്യൺ രൂപയായി.
ഉത്പാദനം, പ്രസരണം, വിതരണം
രാജ്യത്തെ കൽക്കരി ഖനികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കാനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു.
കൽക്കരി മേഖലയ്‌ക്കുള്ള കരട് സാങ്കേതിക റോഡ്‌മാപ്പിന്റെ വികസനം, കൽക്കരി ഖനികളിൽ ബിസിനസ് മൂല്യ ശൃംഖലയിലുടനീളം പരിവർത്തനം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പ്രാപ്‌തമാക്കുക, കൽക്കരി ഖനികളിലെ പ്രകടന വർദ്ധന കാണിക്കുന്നതിനുള്ള ഒരു ആക്സിലറേറ്ററായി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, ഉൽപ്പാദനക്ഷമത, സുരക്ഷ, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. ഈ നീക്കം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. പുതിയ സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വിന്യാസം അനുവദിക്കുന്ന ശക്തമായ, മൾട്ടി-സ്പീഡ് ബാക്ക്ബോൺ ഇൻഫർമേഷൻ ടെക്നോളജിയും ഇൻഫ്രാസ്ട്രക്ചർ സിസ്റ്റവും ഇതിൽ ഉൾപ്പെടും.
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (MSEDCL) സംസ്ഥാനത്ത് നിലവിലുള്ളതും വികസിപ്പിക്കേണ്ടതുമായ പ്രോജക്ടുകളിൽ നിന്ന് 865 മെഗാവാട്ട് സൗരോർജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള ടെൻഡർ പുറത്തിറക്കി. ടെൻഡറിന്റെ സീലിംഗ് താരിഫ് MSEDCL യൂണിറ്റ്ന് 3.10 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 25 വർഷത്തേക്കാണ് കരാർ.
ടെൻഡർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബിഡ്ഡിംഗ് പ്രക്രിയയ്ക്ക് യോഗ്യത നേടുന്നതിന്, സോളാർ പ്രോജക്റ്റുകൾ നിർമ്മാണ പ്രക്രിയയിലിരിക്കുന്നതോ അല്ലെങ്കിൽ ഇതിനകം പൂർത്തീകരിച്ചതോ കൂടാതെ ഏതെങ്കിലും ഏജൻസിയുമായി ദീർഘകാല വൈദ്യുതി വാങ്ങൽ കരാറില്ലാത്തതോ ആയ ഏജൻസികൾക്കു മത്സരിക്കാൻ അർഹതയുണ്ട്. കരാർ ലഭിച്ച് 12 മാസത്തിനുള്ളിൽ വിജയിക്കുന്ന ലേലക്കാർ പുതിയ പ്രോജക്ടുകൾ കമ്മീഷൻ ചെയ്യണം. കൂടാതെ, വ്യക്തിഗത പദ്ധതികൾ വികസിപ്പിക്കുന്നതിന് കുറഞ്ഞത് 2 മെഗാവാട്ട് ശേഷിയും പരമാവധി 10 മെഗാവാട്ട് ശേഷിയും ഉണ്ടായിരിക്കണം.
ജമ്മു കശ്മീരിലെ കേന്ദ്ര ഭരണ പ്രദേശമായ സാംബയിൽ 2.16 ബില്യൺ രൂപ ചെലവ് വരുന്ന 22 പവർ ട്രാൻസ്മിഷൻ, വിതരണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ജമ്മു, സാംബ, ഹിരാനഗർ, കത്വ, ഉധംപൂർ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി വിതരണ ആവശ്യം നിറവേറ്റും.
1,000 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി കർണാടക സംസ്ഥാന സർക്കാർ ആതർ എനർജിയുമായും സംസ്ഥാനത്തെ ഇലക്ട്രിക് സപ്ലൈ കമ്പനികളുമായും (എസ്‌കോം) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കർണാടക സർക്കാർ പറയുന്നതനുസരിച്ച്, എല്ലാ സാങ്കേതിക പിന്തുണയും നൽകുന്നതിനുള്ള നോഡൽ ഏജൻസി ESCOM ആയിരിക്കും, കൂടാതെ ചാർജിംഗ് സ്റ്റേഷനുകൾക്കായി ലഭ്യമായ ഇടങ്ങൾ പങ്കിടുന്നതിന് സർക്കാർ ഏജൻസികൾ ESCOM-കളുമായി ഏകോപിപ്പിക്കും. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സൗജന്യ ചാർജിംഗ് സേവനങ്ങൾ ഏഥർ എനർജി നൽകും.
ദേശീയ തലസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു.
ഡൽഹി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്, സർക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി അവരുടെ പരിസരത്ത് പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണം. മൂന്ന് മാസത്തിനുള്ളിൽ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഒരു ഡിസ്‌കോം എംപാനൽ ചെയ്ത വെണ്ടർ മുഖേന ഒരു ഇ.വി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഒരു ചാർജിംഗ് പോയിന്റിന് 6,000 രൂപ സബ്‌സിഡി നൽകും.
THDC ഇന്ത്യ ലിമിറ്റഡ് രാജസ്ഥാനിൽ 10 GW റിന്യൂവബിൾ എനർജി പാർക്കുകൾ/പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള ലെറ്റർ ഓഫ് ഇന്റന്റിൽ ഒപ്പുവച്ചു.
രാജസ്ഥാൻ റിന്യൂവബിൾ എനർജി കോർപ്പറേഷൻ ലിമിറ്റഡ് (ആർ.ആർ.ഇ.സി.എൽ) വഴി രാജസ്ഥാൻ സർക്കാർ ഭൂമി അനുവദിക്കും. 74:26 എന്ന അനുപാതത്തിൽ പ്രത്യേക പർപ്പസ് വെഹിക്കിൾ വഴിയാണ് RE പാർക്കുകൾ നടപ്പിലാക്കുന്നത്.
റിന്യൂവബിൾ എനർജി, ചെറുകിട ജലവൈദ്യുതി പദ്ധതി , ഗ്രീൻ ഹൈഡ്രജൻ എന്നിവയുടെ വികസനത്തിനായി എൻ.എച്ച്.പി.സി ലിമിറ്റഡ്, എൻ.എച്ച്.പി.സി റിന്യൂവബിൾ എനർജി ലിമിറ്റഡ് എന്ന പുതിയ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ കമ്പനി സ്ഥാപിച്ചു.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഹരിത ഊർജം ഉൽപ്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന പുനരുപയോഗ ഊർജ്ജ രംഗത്തെ NHPC യുടെ ആഴത്തിലുള്ള പ്രതിബദ്ധതയാണ് ഒരു പുതിയ അനുബന്ധ സ്ഥാപനത്തിന്റെ സംയോജനം കാണിക്കുന്നത് . പ്രധാനമായും ജലവൈദ്യുതി ഉല്പാദനരംഗത്ത് മുന്നിട്ടുനിൽക്കുന്ന NHPC അതിന്റെ ജനറേഷൻ പോർട്ട്‌ഫോളിയോയിൽ പുനരുപയോഗ ഊർജ്ജ വിഹിതം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്ന സമയത്താണ് RE-യ്‌ക്കായി ഒരു സബ്‌സിഡിയറി സ്ഥാപിക്കാനുള്ള തീരുമാനം. 2021 ഡിസംബറിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്, NITI ആയോഗ് എന്നിവയിൽ നിന്ന് ഒരു പ്രത്യേക RE യൂണിറ്റിന്റെ രൂപീകരണത്തിനുള്ള അനുമതി ലഭിച്ചു. സബ്‌സിഡിയറി കമ്പനി RE പ്രോജക്റ്റുകൾ ഒറ്റയ്‌ക്ക് അല്ലെങ്കിൽ മറ്റ് ഏജൻസികളുടെ സഹകരണത്തോടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് വികസിപ്പിക്കും.
സാങ്കേതികം
വൈദ്യുതി വിതരണ വിഭാഗത്തിലെ നൂതനമായ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള പവർത്തോൺ-2022 ഊർജ്ജ മന്ത്രാലയം പുറത്തിറക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML), ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IOT), വെർച്വൽ റിയാലിറ്റി (VR)/ഓഗ്‌മെന്റഡ് റിയാലിറ്റി (AR) എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഉയർന്നുവരുന്ന പരിഹാരങ്ങൾ. ഡിമാൻഡ്/ലോഡ് പ്രവചനം, സാങ്കേതികവും വാണിജ്യപരവുമായ (AT&C) നഷ്ടം കുറയ്ക്കൽ, ഊർജ്ജ മോഷണം കണ്ടെത്തൽ, ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ പരിപാലനം, അസറ്റ് പരിശോധന, ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്തൽ, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സംയോജനം, വൈദ്യുതി വാങ്ങൽ എന്നീ മേഖലകളിലാണ് പുതിയ സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നത്.