വെളിച്ചം അകലെയാണോ?

313

ഇരുട്ടാണ് ചുറ്റും……
ഈ തടവറയ്ക്കുള്ളില്‍ ഇരുട്ടു മാത്രം
ചിറകു വിരിച്ച് പറക്കണമെന്നുണ്ട്
എന്റെ ആകാശമെവിടെ?
എന്നെ നോക്കി കണ്‍ചിമ്മിയ നക്ഷത്രങ്ങളെവിടെ?
ഞാന്‍ പ്രണയിച്ച നിലാവെവിടെ?
എന്റെ ചിറകുകള്‍ ഛേദിക്കപ്പെട്ടിരിക്കുന്നു.
ആകാശം ഓര്‍മ്മ മാത്രം
അകലെ വെളിച്ചമുണ്ടോ?
എന്റെ കാലുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ചങ്ങലക്കെട്ടില്‍ വീര്‍ത്തു പൊട്ടിയിരിക്കുന്നു.
ഒരിക്കല്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു
ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിച്ചിരുന്നു.
പക്ഷെ നിങ്ങളെന്നെ കൂട്ടിലടച്ചു.
എന്റെ ആകാശത്തിനു മതിലുകെട്ടി
അതിന്റെ ഇത്തിരി വിടവിലൂടെ
നക്ഷത്രങ്ങള്‍ എന്നോട് കൂട്ടുകൂടിയപ്പോള്‍
നിങ്ങളവിടെ കറുത്ത മേല്‍പ്പുര പണിതു.
എന്റെ സ്വപ്നങ്ങള്‍ക്ക് നിങ്ങള്‍ ചിതയൊരുക്കി
അവിടെ എരിഞ്ഞൊടുങ്ങിയത്
എന്റെ ചിന്തകളായിരുന്നു.
എന്റെ വാക്കുകള്‍‌ ആയിരുന്നു.
നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ വെറും ശരീരം.
നിങ്ങള്‍ കൂട്ടിലടച്ചിരിക്കുന്നത്
എന്റെ ശരീരത്തെ മാത്രം.
ചിന്തിക്കരുത്…
എനിക്ക് ജീവന്‍ വച്ചാലോ!
സ്വപ്നം കാണരുത്….
എനിക്ക് ജീവന്‍ വച്ചാലോ!
പ്രതികരിക്കരുത്…
എനിക്ക് ജീവന്‍ വച്ചാലോ!
നിങ്ങള്‍ക്ക് വേണ്ടത് ശരീരം മാത്രം
വികാരങ്ങള്‍ ശമിപ്പിക്കാന്‍
ഒരുപകരണം മാത്രം.
എന്റെ സത്വമറിയാതെ
എന്റെ ഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാതെ
നിങ്ങള്‍ കീറിയെറിഞ്ഞത്
എന്റെ ഗര്‍ഭപാത്രം.
അതിനുള്ളില്‍ നാളെയുടെ കരുത്തായിരുന്നു.
നിങ്ങള്‍ തച്ചുടച്ചത്
എന്റെ മാറിടം
അതിനുള്ളില്‍ വരുംകാലത്തിനുള്ള
ഊര്‍ജ്ജമായിരുന്നു.
നിങ്ങള്‍ തല്ലിത്തകര്‍ത്തത്
എന്റെ തലയോട്ടി
അതിനുള്ളില്‍ നാളേയ്ക്കുള്ള ഇന്ധനമായിരുന്നു.
നിങ്ങള്‍ക്കെന്റെ സ്വപ്നങ്ങളെ
തിരികെത്തരാനാവുമോ?
നഷ്ടപ്പെട്ട എന്റെ ചിറകുകള്‍
തിരിക്കെത്തരാനാവുമോ?
എന്റെ ആകാശത്തെ?
എന്നെ നോക്കി കണ്‍ചിമ്മിയ നക്ഷത്രങ്ങളെ?
ഞാന്‍ പ്രണയിച്ച നിലാവിനെ?
എന്നെ തിരിച്ചറിയും വരെ
ഇതൊന്നും തിരികെത്തരാന്‍ നിങ്ങള്‍ക്കാവില്ല.
വെളിച്ചം അകലെയാണോ?

ഷൈനി രാജ്