ആഗോള താപനവും സുസ്ഥിര വികസന സങ്കൽപ്പവും

676

ആഗോള താപനം എന്നത് അയഥാർത്ഥമാണെന്നും അത് പരിസ്ഥിതി തീവ്രവാദ അജണ്ടകളുടെ ഭാഗമാണെന്നും വികസന പ്രക്രിയകളെ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമങ്ങളുടെ ഭാഗമാണന്നും വിശ്വസിക്കുന്നവർ പുരോഗമന പ്രസ്ഥാനങ്ങളിൽ പോലും സജീവമാണ്. പക്ഷേ അങ്ങനെ ചിന്തിക്കുന്നവർ ഏറ്റവും പ്രധാനമായി ബോധ്യപ്പെട്ട് പോകേണ്ടത് പരിസ്ഥിതിയുടെ രാഷ്ട്രീയത്തെക്കുറിച്ചാണ് , ആഗോള താപനത്തിന്റെ ചരിത്രപരമായ പരിപ്രേക്ഷ്യങ്ങളെക്കുറിച്ചാണ്.
ആഗോള താപനത്തിന്റെ പ്രധാന കാരണമെന്നത് കാർബൺ എമിഷനാണെന്നും ഭൂമിയിലെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉൽഭവിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് മീഥേയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങൾ ഒരു പുതപ്പു പോലെ പ്രവർത്തിക്കുകയും ഭൂമിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപത്തെ പുറത്ത് പോകാനനുവദിക്കാതെ ഭൂമിയിൽ തന്നെ നിലനിർത്തുകയും അന്തരീക്ഷ താപനില ക്രമാതീതമായി ഉയർത്തുകയും ചെയ്യുന്നുവെന്ന് നമുക്കറിയാം. (ഗ്രീൻ ഹൗസ് എഫക്ട്).
വ്യാവസായിക വിപ്ലവ കാല ഘട്ടത്തിന് മുമ്പ് ഭൂമിയിൽ നിന്ന് ബഹിർഗമിക്കപ്പെടുന്ന കാർബണും വനങ്ങൾ, സമുദ്രങ്ങൾ എന്നീ കാർ ബൺ സിങ്കുകൾ വഴി ആഗിരണം ചെയ്യപ്പെടുന്ന കാർബണും ഏകദേശം സമതുലിത അവസ്ഥയിലായതിനാൽ ഹരിത ഗൃഹ വാതക ബഹിർഗമനവും അന്തരീക്ഷ താപനിലയിലെ വ്യതിയാനവും ഇതേ സമതുലിത അവസ്ഥ നില നിർത്തി പോയിരുന്നു. എന്നാൽ വ്യാവസായിക വിപ്ലവ കാലഘട്ടത്തിന് ശേഷം വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന നിരക്ക് ഗണ്യമായി വർദ്ധിക്കുകയും അതിന്റെ ഭാഗമായുള്ള രാസപ്രവർത്തനങ്ങളുടെയും അനുബന്ധമായി ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിന്റെയും ഫലമായി അന്തരീക്ഷത്തിൽ ക്രമാതീതമായി കാർബൺ ബഹിർഗമനം ഉണ്ടാവുകയും അത് അന്തരീക്ഷ താപനിലയെ ക്രമാതീതമായി ഉയർത്തുകയും ചെയ്തു
മനുഷ്യനിൽ അന്തർലീനമായ ആർത്തിയെ ചൂഷണം ചെയ്ത് ഏത് വിധേനയും അമിത ലാഭം കൊയ്യുന്നതിനായി മനുഷ്യരെ മാത്രമല്ല പ്രകൃതി വിഭവങ്ങളെയും എത്ര വേണമെങ്കിലും ചൂഷണം ചെയ്യാം എന്ന പ്രത്യയ ശാസ്ത്രത്തിലൂന്നിയ മുതലാളിത്ത വ്യവസ്ഥിതിയും മനുഷ്യനെയും പ്രകൃതിയെയും ചൂഷണം ചെയ്യുന്നതിനെതിരെ ആവിർഭവിച്ച തൊഴിലാളി വർഗ്ഗ രാഷ്ട്രീയവും ഒരു പോലെ ശക്തി പ്രാപിച്ചത് ഈ കാലഘട്ടത്തിൽ തന്നെയാണെന്ന ചരിത്ര വായന ഈ ഘട്ടത്തിൽ വളരെ പ്രസക്തമായ ഒന്നാണ് എന്ന് കരുതുന്നു
ഒരു മുതലാളിത്ത വ്യവസ്ഥിതിക്ക് തന്റെ ഉൽപ്പന്നങ്ങൾ പരമാവധി വിറ്റഴിക്കേണ്ടതുണ്ട്. അതിനായി പരസ്യങ്ങളിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും ഉപഭോഗ തൃഷ്ണ ഉൽപ്പാദിപ്പിക്കുകയും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു മൽസരാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥിതിയിൽ ഓരോ മുതലാളിയും കോർപ്പറേറ്റുകളും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാൻ ശ്രമിക്കുകയും അത് ആത്യന്തികമായി അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിലേക്ക് വന്നെത്തി ചേരുകയും ചെയ്യുന്നു.
ഇനി ആഗോള താപനം ഉണ്ടായാൽ തന്നെ എന്ത്? അത് ഈ പറയുന്നത് പോലെ അത്ര വിനാശകരമാണോ ?
ശാസ്ത്രീയ പഠനങ്ങളിലൂന്നിയ ചില കണക്കുകൾ പറയാം. കാലാവസ്ഥാ വ്യതിയാനത്തിന് വേണ്ടിയുള്ള വിലയിരുത്തലിനായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ രൂപീകൃതമായ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) എന്ന സംഘടനയുടെ ആധികാരിക രേഖകളിലെ കണക്കുകൾ കൂടി അടിസ്ഥാനമാക്കിയാണ് ഇത് അവതരിപ്പിക്കുന്നത്. വ്യാവസിയാക വിപ്ലവാനന്തരം ഭൂമിയുടെ താപനിലയിൽ 1.1 ഡിഗ്രി യുടെ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. ഇതേ നിരക്കിൽ പോയാൽ അടുത്ത 20 വർഷത്തിനുള്ളിൽ തന്നെ അത് 1.5 ഡിഗ്രി മറികടക്കുമെന്ന് പഠനങ്ങൾ പറയുന്നു. അങ്ങനെ വന്നാൽ ധ്രുവങ്ങളിലെയും ഹിമശൃംഗങ്ങളിലെയും മഞ്ഞുരുക്കത്തിന്റെ ആക്കം ക്രമാതീതമായി വർദ്ധിക്കും. സമുദ്രങ്ങളിലെ ജലനിരപ്പ് അപകടകരമായ വിധം ഉയരും. ഇപ്പോൾ വർഷം തോറും സമുദ്ര നിരപ്പ് 3.7 മില്ലി മീറ്റർ ഉയരുന്നതായി IPCC റിപ്പോർട്ട് പറയുന്നു. കൊച്ചിയുൾപ്പടെയുള്ള നമ്മുടെ തീരദേശവും കുട്ടനാട് ഉൾപ്പടെയുള്ള താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാവും.ധ്രുവങ്ങളിൽ ആദ്യമായി പെയ്ത മഴ മനുഷ്യന്റെ ബോധതലങ്ങള ഉണർത്തുന്നില്ലയെങ്കിൽ നാം തീർച്ചയായും ആപത്തിന്റെ പാതയിൽ തന്നെയാണ്. മൈനസ് ഡിഗ്രി താഴ്ന്നിരിക്കുന്ന തണുപ്പുള്ള ഗ്രീൻലാന്റിൽ നീരാവിയും മഴയുമുണ്ടാക്കുമാറ് ഉഷ്ണിക്കുന്ന സാഹചര്യമുണ്ടാകുന്നു എന്നത് ആശങ്കയുളവാക്കുന്നു. താപനിലയിലെ വ്യതിയാനങ്ങൾ വായു നിലയിലെ മർദ്ദ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ന്യൂനമർദ്ദങ്ങളുടെ തുടർച്ചകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. കൊടുങ്കാറ്റുകൾ, അതി തീവ്ര മഴ, പ്രളയം, ചുഴലിക്കാറ്റുകൾ, എന്നിവയാണ് അനന്തരഫലങ്ങൾ. മറു വശത്ത് താപനിലയുടെ ഉയർച്ച ആമസോണിലും കാലിഫോർണിയയിലും സൈബീരിയയിലും ഉള്ള വനങ്ങൾക്ക് തീ പടർത്തുകയും വരൾച്ചയും കുടി വെള്ള ക്ഷാമവും സൃഷ്ടിക്കുകയും മനുഷ്യ ജീവനുകളെ കൊന്നൊടുക്കുകയും ചെയ്യുന്നു.

ആമസോൺ കത്തിയെരിയുമ്പോൾ പ്രതിഷേധ സ്വരമുയർത്തുന്നവരെ പരിഹസിക്കുന്നത് സ്വന്തം കാൽച്ചുവടിനെത്തന്നെയാണ് അപഹസിക്കുന്നതെന്ന് അറിയുന്നില്ല എന്നതാണ് വസ്തുത. ഇതോടൊപ്പം ചേർത്ത് വയ്ക്കേണ്ട ചില വസ്തുതകൾ കൂടി IPCC റിപ്പോർട്ട് പറഞ്ഞ് വയ്ക്കുന്നുണ്ട്. ആഗോള താപനം മൂലം 300 മില്യൺ തൊഴിൽ മണിക്കൂറുകൾ നഷ്ടമായി എന്ന് റിപ്പോർട്ട് പറയുന്നു. മാത്രമല്ല ആഗോള താപനം മൂലം ആഗോള തലത്തിൽ 296000 പേരും ഇന്ത്യയിൽ 31000 പേരുമാണ് 2018 ൽ മാത്രം മരണമടഞ്ഞത്.ഈ നിരക്കിൽ പോയാൽ 2040 ഓടെ ആഗോള ജനസംഖ്യയുടെ പകുതിയോളം ആഗോള താപനത്തിന് ഇരകളായി മാറുമെന്നും പ്രതി വർഷ മരണ നിരക്ക് ഒരു കോടിയോളമായിരിക്കുമെന്നും IPCC റിപ്പോർട്ട് പ്രവചിക്കുന്നു.
പക്ഷേ ഇതൊക്കെ അനിവാര്യതയല്ലേ, ഇതിൽ നിന്ന് രക്ഷപ്പെടാൻ മനുഷ്യനാവുമോ? അതിനായി വികസനം വേണ്ടെന്ന് വയ്ക്കുവാൻ മനുഷ്യനാവുമോ? തീർച്ചയായും ബദൽ ഉണ്ട്. ബദൽ രാഷ്ട്രീയ വികസന സങ്കൽപ്പങ്ങളുണ്ട്. കഴിഞ്ഞ 200 വർഷങ്ങൾക്കിടയിൽ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട താപ വ്യതിയാനത്തിന്റെ 80% ന്റെയും ഉത്തരവാദികൾ ആർത്തിയിലൂന്നിയ, കൊള്ളലാഭത്തിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രത്തിലൂന്നിയ അമേരിക്കയുൾപ്പടെയുള്ള മുതലാളിത്ത രാഷ്ട്രങ്ങളാണെന്ന് ശാസ്ത്രീയ കണക്കുകൾ പറയുന്നുണ്ട്. ഈ അവസരത്തിൽ വികസനം അവസാനിപ്പിക്കുക എന്നത് മൂന്നാം ലോക മഹാരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. ദാരിദ്ര്യ രേഖക്ക് ബഹുദൂരം താഴെ ജീവിക്കുന്ന അവിടത്തെ ജനങ്ങളെ പട്ടിണിക്കിട്ട് കൊടുത്തും ചികിൽസ, ആരോഗ്യം തുടങ്ങിയ അടിസ്ഥാനആവശ്യങ്ങൾ നിഷേധിച്ചും മരണത്തിന് വിട്ട് കൊടുക്കുകയെന്നതും തീർച്ചയായും അനീതി തന്നെയാണ്. ബദലായി ഇടതു പക്ഷ രാഷ്ട്രീയ ബോധ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസന സങ്കൽപം എന്നത് വികസനത്തിനോട് No പറയുകയല്ല. വികസനം എന്നത് ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, ജലം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി എന്നത് അവരുടെ അവകാശമാണെന്ന് തിരിച്ചറിയുകയും അവ നൽകുവാനുള്ള ഉത്തരവാദിത്വം സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്യുക ചൂഷണത്തിലും ആർത്തിയിലുമൂന്നിയ കമ്പോള വ്യവസ്ഥിതിയ്ക്ക് മനുഷ്യരെ വിട്ടു കൊടുക്കുന്നത് തടഞ്ഞ് പ്രകൃതിയുടെ ചൂഷണത്തിന് വിരാമമിടുക . കാർബൺ എമിഷന് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗങ്ങൾ പരമാവധി ആവശ്യം വരുന്ന വൈദ്യുതി ഉൽപാദനത്തിനും ഗതാഗതത്തിനും ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുക. വൈദ്യുത താപ നിലയങ്ങൾക്ക് പകരം ജലത്തിൽ നിന്നും സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നുമുൾപ്പടെയുള്ള പുനരുപയോഗ മാർഗ്ഗങ്ങൾ സ്വീകരിക്കുക. . പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് പകരം വൈദ്യുത വാഹനങ്ങൾ കൂടുതൽ നിരത്തിലിറക്കുക(KSEBL ന്റെ അഭിമാന പദ്ധതികളായ ഫിലമന്റ് ഫ്രീ കേരള, സൗര , ഇ വെഹിക്കിൾ ചാർജിംഗ് എന്നിവ ഈ വികസന പരിപ്രേക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തതാണെന്ന് KSEB ഉദ്യോഗസ്ഥരെന്ന നിലയിലും KSEB ഓഫീസേഴ്സ് അസോസിയേഷൻ അംഗമെന്ന നിലയിലും അഭിമാനം പകരുന്നതാണ്) നിലവിലുള്ള വന സാന്ദ്രത കുറയ്ക്കാതെ തന്നെ വന വൽക്കരണം കൂടുതലായി നടപ്പിലാക്കുക. പരിസ്ഥിതി മലിനീകരണം ഒഴിവാക്കി ജൈവ പ്രക്രിയ മൂലം മീഥെയ്ൻ പോലുള്ള ഹരിത ഗൃഹ വാതകങ്ങളുടെ ഉൽപാദനം കുറയ്ക്കുക.
ഇത്തരം സമതുലിത വികസനത്തിലൂടെ സമത്വം ഉറപ്പാക്കാനും ഓരോ പൗരനെയും വികസനത്തിന്റെ ഭാഗമാക്കാനും സാധിക്കും. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും ഭൂമിയെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നിർണ്ണായക പങ്ക് വഹിക്കാനും സാധിക്കും.. എന്നാൽ മനുഷ്യന്റെ ഉപഭോഗ തൃഷ്ണയ്ക്ക് ഇത്തരം വികസന സങ്കൽപങ്ങൾ പരിഹാരം നൽകില്ലയെന്നത് വാസ്തവമാണ്. പക്ഷേ ഭൂമിയെ അതേപടി നമുക്ക് അടുത്ത തലമുറകൾക്കായി കൈമാറുക എന്ന ഉത്തരവാദിത്വം നിറവേറ്റേണ്ടതിനായി ഇതൊരു ചരിത്ര പരമായ അനിവാര്യമായ ദൗത്യമായി നാം ഏറ്റെടുക്കേണ്ടതുണ്ട്. ചരിത്രം പിറവിയെടുത്തത് എന്നും ഇത്തരം അനിവാര്യതകളിൽ നിന്ന് മാത്രമാണ് എന്നും ഓർമ്മ വച്ച് പോകേണ്ടതുണ്ട്.
ആഗോളപരമായി കാർബൺ ബഹിർഗമനത്തിനായി പല നടപടികൾ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. ഹരിതഗൃഹ വാതകത്തിന്റെ ബഹിർഗമനത്തിനായി 2005ൽ രൂപീകരിച്ച ക്യോട്ടോ പ്രോട്ടോക്കോൾ ഇത് വരെ പൂർണ്ണ വിജയത്തിലെത്തിയിട്ടില്ലെങ്കിലും കാർബൺ സീറോ എമിഷൻ ലക്ഷ്യം വച്ച് 2015ൽ രൂപപ്പെടുത്തിയ പാരിസ് ഉടമ്പടിയോട് സഹകരിക്കാൻ അമേരിക്കയും ചൈനയും ഇംഗ്ലണ്ടും യൂറോപ്യൻ യൂണിയനും തീരുമാനിച്ചത് വളരെ വലിയ പ്രതീക്ഷയാണ് ലോകത്തിന് നൽകിയിട്ടുള്ളത് ഗ്ലാസ്ഗോ ഉച്ചകോടി പോലുള്ള കാലാവസ്ഥ വ്യതിയാന ഉച്ചകോടികൾ ഇത്തരം ഉടമ്പടികളും കരാറുകളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുവെന്ന് നമുക്ക് പ്രത്യാശിക്കാം

സുബിന്‍ ആര്‍