എന്തുകൊണ്ടിങ്ങനെ വൈദ്യുതി കമ്പികൾ പൊട്ടിവീഴുന്നു?ചിലപ്പോൾ ഒത്തിരി ഒത്തിരി ജീവനെടുക്കുന്നു!

516

എന്തേ LT കമ്പി പൊട്ടി വീഴുമ്പോൾ തൊട്ടടുത്തുള്ളതോ ട്രാൻസ്ഫോർമറിലേയോ ഫ്യൂസ് ഉരുകി പോകാത്തത്?, വൈദ്യുതി ബന്ധം നിലയ്ക്കാത്തത്?, ഹൈടെൻഷൻ ലൈനുകൾ ആണെങ്കിൽ എന്തേ കാറ്റു വീശി അടിക്കുമ്പോൾ തന്നെ വൃക്ഷത്തലപ്പുകൾ HT ലൈനിൽ മുട്ടുന്നു? അപ്പോൾ തന്നെ വൈദ്യുതി ബന്ധം അറ്റു പോകുന്നു?
ചോദ്യശേഷം മനസ്സിലെത്തിയ ഉത്തരങ്ങൾ എന്റെ നേരെ തന്നെ വിരൽ ചൂണ്ടിയപ്പോൾ അൽപം പകച്ചു പോയി ഞാൻ. മനസ്സിൽ തോന്നിയ ആ ഉത്തരങ്ങൾ ശരിയാണോ? ഇതെഴുതുന്നത് ഇപ്പോ ശരിയാണോ?
ഒരു ജനറേറ്ററിലേയോ ട്രാൻസ്ഫോർമറിലേയോ വൈന്റിംഗുകളുടെ ഒരഗ്രഭാഗത്തു നിന്നും വൈദ്യുത കാന്തീക പ്രേരണ തത്വത്തിൽ ഉരുത്തിരിയുന്ന – ഇലക്ട്രോണുകളെ തള്ളിനീക്കുന്ന ബലത്താൽ (EMF) – വോൾട്ടേജ് ആകുന്ന ബലത്താൽ – ഉത്ഭവിക്കുന്ന തദനുസാരിയായ ശക്തിമാൻമാരായ ഇലക്ട്രോണുകൾ സൃഷ്ടിക്കുന്ന വൈദ്യുതി പ്രവാഹം അത് പുറപ്പെട്ട് ഇറങ്ങുമ്പോൾ തന്നെ വൈന്റിംഗുകളുടെ മറ്റേ അഗ്രഭാഗം വഴി ഉറവിടത്തിൽ തിരിച്ചെത്തുവാനുള്ള പ്രവണതയും കാണിക്കുന്നു . ആയതിന് വഴിയൊരുക്കുകയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് നമ്മൾ അവരെ പല വഴികളിലൂടെ ഓടിച്ച് വ്യവസായ ശാലകളിലും വീടുകളിലും ആശുപത്രികളിലും കാർഷിക കച്ചവട കേന്ദ്രങ്ങളിലും എത്തിച്ച് പല ഉപകരണങ്ങളിലൂടെ നടത്തിയും കിടത്തിയും ഓടിച്ചും പേടിപ്പിച്ചും പണിയെടുപ്പിച്ച് തിരിച്ചു പോകാൻ തയ്യാറാക്കിയ വൈദ്യുതി കമ്പികളിലൂടെ കടത്തി വിടുന്നു. അങ്ങനെ അവർ തിരിച്ച് അവരുടെ അമ്മയുടെ മടിത്തട്ടിൽ എത്തിച്ചേരുന്നു –
ഒരു സെക്കന്റില്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി രണ്ട് കിലോമീറ്റര്‍ (299792458m/s) വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള ഇലക്ട്രോണുകള്‍ –


അങ്ങനെ നമ്മുടെ വൈദ്യുത ഉപകരണങ്ങളിൽ നിശ്ചയിച്ചുറപ്പിട്ടുള്ള ജോലി ചെയ്യുന്നതിനു വേണ്ടി വരുന്നതും പോകുന്നതുമായ ഇലക്‌ട്രോണുകൾ അവയുടെ വഴിയിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ സ്ഥാപിച്ചിട്ടുള്ള വീതി കുറഞ്ഞ പല പാലങ്ങളിലും ഗട്ടറുകളിലും (ശാസ്ത്രീയ നിലയിൽ അല്ലാത്ത ജമ്പർ കണക്ഷനുകൾ-പൊട്ടിയ ജോയിന്റുകൾ എന്നിവയിലൂടെയും) മതിയായ യാത്രാ സൗകര്യങ്ങൾ ഇല്ലാത്ത വഴികളിലൂടെയും (മതിയായ വാഹകശേഷി ഇല്ലാത്ത ചാലകങ്ങളിലൂടെയും) സഞ്ചരിക്കുമ്പോൾ വഴിയിൽ വൈദ്യുത കമ്പികളോട് തൊട്ടുരുമ്മി നിന്ന് കിന്നാരം പറയുന്ന വൃക്ഷത്തലപ്പുകൾ, വള്ളിപ്പടർപ്പുകൾ എന്നിവയൊക്കെ കാണുമ്പോൾ തന്നെ അവയിലൂടെ എളുപ്പം, ഭൂമിയിലേക്ക് എത്താമെന്നും ഭൂമിയുടെ മടിത്തട്ടിലൂടെ ഭൂമിയിൽ കുഴിച്ചിട്ട ട്രാൻസ്ഫോർമർ വൈന്റിംഗിന്റെ അഗ്രഭാഗത്തിലൂടെ (ന്യൂട്രൽ പോയിന്റിലൂടെ) അവിടെ നിന്ന് വൈന്റിംഗ് ആകുന്ന ഉറവിടത്തിലേക്കും എളുപ്പത്തിൽ തിരിച്ചെത്താമെന്നും കരുതി ഇലക്ട്രോണുകൾ അവർ ഇറങ്ങി പുറപ്പെടുന്നു.
ഈ ഇലക്‌ട്രോണുകൾ കടന്നു പോകുന്ന വഴിയിൽ സാധ്യമാകുന്ന സ്ഥലങ്ങളിൽ തങ്ങളുടെ കൂടി ശക്തി തെളിയിച്ച് യാത്ര തുടരുമ്പോൾ – അവിടങ്ങളിലൊക്കെ തന്നെ അവർക്ക് കഴിയാവുന്ന ഒരു ജോലി അതവർ ചെയ്യുകയും അതുവരെ കിന്നാരം പറഞ്ഞ വൃക്ഷ തലപ്പുകൾ കത്തിയമരുകയും ചെയ്യുന്നു.
വൃക്ഷ തലപ്പുകളുടെ കുറഞ്ഞ പ്രതിരോധം മൂലം ഉണ്ടാകുന്ന ഒരു വലിയ അളവിലുള്ള വൈദ്യുതി പ്രവാഹം സൃഷ്ടിക്കുന്ന അധിക താപം മൂലമാണ് അവർ ഇങ്ങിനെ കത്തി തീരുന്നത്.
ഹൈടെൻഷൻ ലൈനിലൂടെ കടന്ന് വന്ന് വൃക്ഷ ശിഖരങ്ങളിലൂടെ വർദ്ധിത വീര്യവുമായി വലിയ അളവിൽ ഒത്തു കൂടുന്ന ഇലക്ട്രോണുകൾ വരി വരിയായി ഭൂമിയുടെ പ്രതലത്തിലൂടെ ട്രാന്സ്ഫോർമറിലെ ന്യൂട്രല്‍ പോയന്റിലേക്ക് കടന്നുചെല്ലുമ്പോള്‍ – വൈന്റിങ്ങിനുള്ളിലെ ഉത്ഭവ സ്ഥാനത്ത് എത്തി ചേരുമ്പോള്‍ ഇലക്ട്രോണുകളുടെ യാത്ര ഒരു വട്ടം പൂർത്തിയാകുന്നു.
(സബ്സ്റ്റേഷനില്‍ ഒട്ടാകെ ഭൂനിരപ്പില്‍ നിന്നും 2 മീറ്റർ മുതൽ ‍ 3മീറ്റര്‍ വരെ താഴെയായി 12മില്ലീ മീറ്റര്‍ കനവും 15 സെന്റി മീറ്റര്‍ വ്യാസവും 3 മീറ്റര്‍ നീളവുമുള്ള GI പൈപ്പുകള്‍ അത് 1.2m മുതല്‍ 1.8m വരെ അകലത്തില്‍ തലങ്ങും വിലങ്ങുമായി ചേർത്ത് വച്ചത് “മാറ്റ് എർത്തിംഗ്” എന്നറിയപ്പെടുന്ന പാത യിലൂടെയാണ്. പലരും പറയുന്ന എർത്തിലേക്ക് പോകുന്നു എന്നു പറയുന്ന ട്രാൻസ്ഫോർമറിന്റെ ന്യൂട്രൽ പോയന്റിലേക്ക് ഒഴുകിയെത്തുന്ന കറണ്ടിന്റെ വഴിയുടെ ഒരറ്റം)
ദിശ തെറ്റി ഒഴുകിയെത്തുന്ന ഇലക്ട്രോണുകളുടെ സ്വഭാവം സദാ ജാഗരൂകരായിരിക്കുന്ന റിലെ സംവിധാനം തിരിച്ചറിഞ്ഞു കഴിയുമ്പോള്‍, റിലെ നൽകുന്ന നിർ ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സബ് -സ്റ്റേഷനിലെ സർക്യൂ്ട്ട് ബ്രേക്കറുകള്‍ പ്രവർത്തിച്ചു കൊണ്ട് ഹൈവോൾട്ടേജ് ലൈനുകളിലെ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെടുന്നു. ഹൈ ടെൻഷന്‍ ലൈനുകളില്‍ നിന്നുമുണ്ടാകാവുന്ന അപകട സാദ്ധ്യത ഒഴിവാക്കപ്പെടുന്നു.
650 വോൾട്ട് വരെയുള്ള ലോ ടെൻഷന്‍ ലൈനുകളില്‍ വൃക്ഷ തലപ്പുകള്‍ പലവട്ടം ഉരഞ്ഞ് പോകുമ്പോള്‍ ഒരു ദിവസം നല്ല ഒരു കാറ്റില്‍ ഫേയ്സ്‌ കമ്പികളെ തമ്മിലോ ന്യൂട്രല്‍ കമ്പിയുമായോ മുട്ടിയുരുമ്മാന്‍ അവസരമൊരുക്കിയാല്‍ വൃക്ഷ തലപ്പുകൾക്കിടയിലൂടെയോ ഒരു കമ്പിയില്‍ നിന്ന് മറ്റേ കമ്പിയിലേക്കോ അവിടെ നിന്ന് ട്രാൻസ്‌ഫോര്‍മറിലെ ഉറവിടത്തിലേക്കോ ഇലക്ട്രോണുകൾക്ക്‌ എത്തിച്ചേരുവാന്‍ കഴിഞ്ഞാല്‍ പിന്നെ അവരുടെ കൈവശമുള്ള വര്‍ദ്ധിത വീര്യത്തോടെയുള്ള ജോലി ചെയ്യുവാനുള്ള ആ കഴിവ് (പവര്‍) യാത്രാ വഴികളില്‍ പ്രതിരോധം ഏറ്റവും കുറവുള്ള സ്ഥലത്ത് അവര്‍ പ്രയോഗിക്കുന്നു. ആ സമയത്ത് അവിടം ആകെ ഉയർന്ന അളവിലുള്ള കറണ്ടും ഉയർന്ന അളവിലുള്ള താപോർജ്ജവും ഉണ്ടാകുന്നു.
ഒരു 100 കെ.വി.എ ട്രാൻസ്‌ഫോര്‍മറില്‍ നിന്നുള്ള വിതരണ ലൈനില്‍ ഒരു ഷോർട്ട് സർക്യൂട്ടില്‍ ഉണ്ടാകാവുന്ന പരമാവധി കറണ്ട് ഉദ്ദേശം ഒരു 2900 ആമ്പിയറിനു മേല്‍ വരാം
മേല്‍ ഷോർട്ട് സർക്യൂട്ട് വഴി ഉണ്ടാകാവുന്ന ചൂട് വിതരണ ലൈനുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഏതൊരു ചാലകത്തെയും എരിച്ചു കളയും.
പൊതുവെ ഉപയോഗിക്കുന്ന 3.35 മില്ലി മീറ്റർ വണ്ണമുള്ള 148 ആമ്പിയര്‍ വൈദ്യുത വാഹക ശേഷിയുള്ള ACSR റാബിറ്റില്‍ ആറു നഗ്നമായ അലൂമിനിയം തന്തുക്കളും (strands) ഒരു സ്റ്റീലിഴയുമാണുള്ളത്. റാബിറ്റിന് ഒരു കി.മീ. നീളത്തില്‍ 0.54 ഓം മാത്രം പ്രതിരോധവും ഉണ്ട്.
2470 ഡിഗ്രി ചൂടില്‍ മാത്രം വെന്ത് തിളക്കുന്ന (boiling point) അലൂമിനിയം മൂലകം പക്ഷെ 660 ഡിഗ്രി ചൂടാകുമ്പോള്‍ തന്നെ ഉരുകി (melting point) തുടങ്ങും. ഇരുമ്പ് ആകട്ടെ ഉരുകി ഒലിക്കാന്‍ 1538ഡിഗ്രി ചൂട് വേണം അത് പോലെ കോപ്പര്‍ ഉരുകാന്‍ 1090, ടിന്‍ 240, ലെഡ് 328 ഡിഗ്രിയും ഊഷ്മാവ് വേണം.
സാധാരണയായി ഡിസ്ട്രിബ്യൂഷന്‍ ട്രാൻസ്ഫോർമര്‍ സ്റ്റേഷനുകളിലെ ഫ്യൂസുകളില്‍ ഉപയോഗിച്ചു വരുന്നത് ടിന്‍ – കോപ്പര്‍ സങ്കര ലോഹം ആണ്. അധിക ലോഡുള്ളപ്പോഴോ താങ്ങാവുന്നതിലധികം കറണ്ടുപയോഗിച്ചു വരുമ്പോഴോ ഫൂസുകളിലെ സങ്കര ലോഹ കമ്പികളിലൂടെ ഒഴുകുന്ന ഉയർന്ന തോതിലുള്ള കറണ്ട് ഫ്യൂസ് വയറുകളില്‍ ഉയർന്ന അളവിലുള്ള താപോർജ്ജം സൃഷ്ട്ടിക്കുന്നു. ഈ ചൂട് കൂടി കൂടി ലെഡ് -കോപ്പര്‍ സങ്കരത്തെ പഴുപ്പിച്ച് ഒരു ഘട്ടത്തിലെത്തുമ്പോള്‍ അവ ഉരുകി മാറി വൈദ്യുതി ബന്ധം വിച്ചേ ദിക്കപ്പെട്ട് അധിക ലോഡില്‍ നിന്നും വിതരണ ശൃംഖല സുരക്ഷിതമാവുന്നു.
വൃക്ഷ തലപ്പുകളാൽ കാറ്റുള്ളപ്പോൾ ഇടയ്ക്കിടയ്ക്ക് വൈദ്യുതി വിതരണ ലൈനുകള്‍ തമ്മില്‍ കൂട്ടി മുട്ടുന്ന നേരം ഉയർന്നു വരുന്ന ചൂടില്‍, തീപ്പൊരിയില്‍ അലൂമിനിയം ഇഴകള്‍ ആദ്യം കത്തി തെറിക്കും. ഒപ്പം അതേസമയം തന്നെ ശരിയായ നിലവാരത്തിലുള്ള ഫ്യൂസാണെങ്കില്‍ അതിലെ ലെഡ് – കോപ്പര്‍ സങ്കര ലോഹവും കത്തിയമരും. ഫ്യൂസില്‍ നിന്നും പുറത്തേയ്ക്ക് വരുന്ന വൈദ്യുതി പ്രവാഹം നിലയ്ക്കും.
പിന്നീട് ഒരിക്കല്‍ കൂടിയോ നാളേറെ തുടരുമ്പോഴോ കമ്പി കൂട്ടിയിടിക്കപ്പെടുന്ന സ്ഥലത്തെ പ്രതിരോധം ഏറെ കുറവുള്ള അലൂമിനിയം ഇഴകളും ഒരു സ്റ്റീലിഴയും ഏതെങ്കിലും ഒരു കാറ്റത്തോ ഒരു മഴയത്തോ വേർ പെട്ട് പൊട്ടി താഴെ വീഴുന്നു.
കമ്പികള്‍ കൂട്ടി മുട്ടുന്ന നേരം അവർ ക്കിടയിലെ വോൾട്ടേജ് പൂജ്യത്തിലേക്ക്‌ കൂപ്പുകുത്തുകയും കറണ്ട് പരമാവധിയിലേക്ക് ഉയരുകയും ചെയ്യുന്നതുകൊണ്ട് ഉണ്ടാകാവുന്ന ചൂടില്‍ ഫ്യൂസുരുകുകയോ കമ്പി പൊട്ടി വീഴുകയോ ചെയ്യുന്നു.
ഷിപ്ര നേരത്തില്‍ ഇഴകള്‍ പൊട്ടി വൈദ്യുതി കമ്പി പൊട്ടി ഭൂമിയില്‍ വീഴുന്ന നേരം വൈദ്യുതി പ്രവാഹം നിലയ്ക്കുകയും കറണ്ട് പൂജ്യത്തിലെത്തുമെങ്കിലും പൊട്ടിവീണ കമ്പികളിലെ ആഗ്ര ഭാഗങ്ങളും ഭൂമിയുമായി ഉയർന്ന ഒരു വൈദ്യുത ബലം നില നിൽക്കുകയും ചെയ്യും.
വോൾട്ടേജ് ആകുന്ന ഈ ബലം പ്രയോഗിച്ച് ഭൂമിയിലെ മേൽത്തട്ടിലെ വ്യത്യസ്ഥരായ മൂലകങ്ങളിലെ ഇലക്ട്രോണുകളെ തള്ളി നീക്കുവാന്‍ ശ്രമിക്കുന്നു.അത് വഴി ആ അവസരം മുതലെടുത്ത്‌ വൈദ്യുതി കമ്പിയിലെ ഇലക്ട്രോണുകള്‍ അവരുടെ ഉറവിടമായ ട്രാൻസ്ഫോർമറിന്റെവൈന്റിങിലേയ്ക്ക്‌ പോകുവാന്‍ ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. എന്നാല്‍ ഭൗമോപരിതലത്തിലെ വളരെ ഉയർന്ന വൈദ്യുതി പ്രതിരോധം മൂലം മേല്‍ ഇലക്ട്രോണുകള്‍ക്ക് അവരുടെ യാത്ര തുടങ്ങുവാന്‍ സാധിക്കാതെയും വരുന്നു. എങ്കിലും അവര്‍ പൊട്ടി വീണ കമ്പിക്ക് ചുറ്റും ഓരോരോ വളയങ്ങളിലായി ശ്രമം തുടർന്നു കൊണ്ടേയിരിക്കുന്നു.


സാധാരണയായി കമ്പി പൊട്ടി വീണ സ്ഥലത്തിനു ചുറ്റും അവിടത്തെ വൈദ്യുത ബലത്തിനനുസരിച്ച് ഓരോ അടിക്കണക്കിടവിട്ട് ഇലക്ട്രോണുകളുടെ ഓരോ വലയങ്ങള്‍ ഉണ്ടാകുന്നു. കമ്പി പൊട്ടി വീണു കിടക്കുന്ന സ്ഥലത്തു നിന്നും ഒരു മുപ്പത്-മുപ്പത്തി അഞ്ച് അടി അകലം വരെ ഈ വൈദ്യുതി ബല വലയങ്ങളുടെ ഒരു മേഖല (sphere area ) സൃഷ്ട്ടിക്കപ്പെടാം.
കമ്പി പൊട്ടിവീണ സ്ഥലത്തിനടുത്തു കൂടി മനുഷ്യര്‍ നടന്നു പോകുകയാണെങ്കില്‍ മേൽ പറഞ്ഞ സ്ഫിയര്‍ ഏരിയയില്‍ ചവിട്ടുവാന്‍ സാധ്യതയുണ്ട്. രണ്ട് വളയങ്ങൾക്കിടയിലാണ് കാല്‍ പാദങ്ങള്‍ എങ്കില്‍ രണ്ടു വളയങ്ങളുടെ വൈദ്യുത ബല വ്യതാസം മൂലം ഇലക്ട്രോണുകള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാന്‍ ശ്രമിക്കുകയും നമ്മുടെ കാലുകളിലെ മസ്സിലുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുകയും നാം മറിഞ്ഞു വീഴുകയും ചെയ്യും.
സ്ഫിയര്‍ ഏരിയയില്‍ വീണ മാത്രയില്‍ അടി മുതല്‍ മുടി വരെയുള്ള ശരീര ഭാഗങ്ങള്‍ മൂന്നോ നാലോ വളയങ്ങളിലെ വിദ്യുത് ബല വ്യത്യാസത്തില്‍ അകപ്പെടുകയും ശ്വാസകോശവും ഹൃദയവും അടങ്ങുന്ന പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാഴ്ത്തുകയും വലിയ അപകട നിലയിലേക്ക് കടക്കുകയും ചെയ്യുന്നു.
നാൽക്കാലികള്‍ ആണെങ്കില്‍ കമ്പി പൊട്ടിവീണ സ്ഥലത്തു കൂടി സഞ്ചരിക്കുമ്പോൾ ഇതേ കാരണം കൊണ്ടു തന്നെ ഷോക്ക് ഏൽക്കുവാനുള്ള സാധ്യതയുമുണ്ട്.
കമ്പി പൊട്ടിവീണ ഇത്തരം സ്ഥലത്തിനടുത്തു കൂടി സഞ്ചരിക്കേണ്ടി വരുമ്പോള്‍ ഈ വളയങ്ങളില്‍ ചവിട്ടുന്ന മനുഷ്യരുടെ കാൽപ്പാദങ്ങള്‍ തമ്മില്‍ വൈദ്യുതി ബല വത്യാസം (step potential) ഉണ്ടാകുവാന്‍ ഒരു ഇടവും വരുത്താതെ നമ്മുടെ പാദങ്ങള്‍ തമ്മില്‍ ചേർത്ത് വച്ച് നടന്നു പോണം.ലൈന്‍ പൊട്ടി വീണ സ്ഥലത്ത് വച്ച് വൈദ്യുതി പ്രവാഹം നിലയ്ക്കുകയും അവിടെ വൈദ്യുതി ബലം നിലനിൽക്കുകയും ചെയ്യുന്നതിനാല്‍ കഴിയുമെങ്കില്‍ കമ്പി പൊട്ടി വീണ സ്ഥലത്ത് നിന്നും മുപ്പത്തി അഞ്ച് അടി അകലം പാലിക്കുകയും വേണം വൈദ്യുതിപരമായ എല്ലാ ബന്ധങ്ങളും വിച്ചേദിക്കും വരെ. പൊതു ജനങ്ങൾക്ക്‌ വേണ്ടി നടത്തുന്ന സുരക്ഷാ ക്‌ളാസുകളിൽ ഇക്കാര്യം അവരെ പറഞ്ഞു മനസ്സിലാക്കുക എന്നത് ഏറെ പ്രധാനമാണ്.
ഓർക്കുക നഗ്നമായ വൈദ്യുതി കമ്പികള്‍ കൂട്ടിയിടിക്കുമ്പോള്‍ അവർക്കിടയിലെ വോൾട്ടേജ് പൂജ്യമാവുന്നു. കറണ്ട് കഴിയാവുന്ന പരമാവധി അളവിലേക്ക് (maximum) ഉയരുന്നു.
മേല്‍ കമ്പികള്‍ പൊട്ടി വീഴും നേരം പൊട്ടിയ കമ്പികൾക്കിടയില്‍ കറണ്ട് പൂജ്യമാവുകയും വോൾട്ടേജ് കഴിയാവുന്നത്ര ഉയരത്തിലുമെത്തുന്നു. ഇലക്ട്രോണുകൾക്ക് യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ (കറണ്ടില്ലാത്തതിനാല്‍) ഫ്യൂസ് എരിഞ്ഞുപോകുന്നില്ല, എങ്കിലും അവിടത്തെ വൈദ്യുതിയുടെ പ്രഭാവലയത്തില്‍ അപകടം പതിയിരിക്കുന്നുണ്ട്.
അത് ഉൾക്കണ്ണില്‍ കാണുവാന്‍ കഴിയാത്തത്തിനാലും വേണ്ടത്ര സുരക്ഷാ അവബോധം ഇല്ലാത്തതിനാലും ആണ് പൊതുജനങ്ങൾക്ക് വൈദ്യുതി സുരക്ഷയെക്കാൾ പ്രധാനം അവരുടെ വീടിന്റെ അതിർത്തിയിൽ വൈദ്യുതി കമ്പിയോട് മുട്ടിനിൽക്കുന്ന വൃക്ഷലതാദികൾ ആവുന്നത്. മരം മുറിച്ചുമാറ്റാൻ സമ്മതിക്കുകയുമില്ല, എന്നാൽ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുകയും വേണം എന്ന ചിലരുടെയെങ്കിലും നിലപാട് മാറ്റിയെടുക്കാൻ കഴിഞ്ഞാൽ മാത്രമേ അപകടങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാവുകയുള്ളൂ.

SABU A C


(ലേഖകന്റെ ഫോൺ നമ്പർ: 9447021428)