മുന്നേറ്റങ്ങള്‍
2024-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിനു ലഭിച്ചു. സാഹിത്യ നൊബേൽ നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജയാണ് ഹാൻ കാങ്.എഴുത്തിന്റെ മൗലികതയും രാഷ്ട്രീയവും കണക്കിലെടുത്താണ് മിക്കപ്പോഴും ഈ പുരസ്കാരം നൽകപ്പെടുന്നത്. കൊറിയയിൽ നിന്നുള്ള ആദ്യത്തെ വിജയിയാണ് ഹാൻ കാങ്ങ്. ഈ അംഗീകാരം നേടുന്ന പതിനെട്ടാമത്തെ വനിതയും.
“ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിലെ ദുർബലതയെ ആവിഷ്കരിക്കുകയും ചെയ്യുന്ന തീവ്രമായ കാവ്യാത്മക ഗദ്യം” “She has a unique awareness of the connections between body and soul, the living and the dead, and in her poetic and experimental style has become an innovator in contemporary prose” എന്നാണ് സ്വീഡിഷ് അക്കാദമിയുടെ വിലയിരുത്തൽ.
2015-ൽ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ ദി വെജിറ്റേറിയൻ (The Vegetarian) എന്ന നോവലിലൂടെയാണ് ഹാൻ കാങ്ങ് ലോകമെമ്പാടും അറിയപ്പെട്ടുതുടങ്ങിയത്. ഡബോറ സ്മിത്തിന്റെ ആ പരിഭാഷയിലൂടെ അത് 2016-ലെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടുകയും ചെയ്തു. അതോടെയാണ് ഹാൻ കാങ്ങ് ലോകത്തിലെ വായനാസമൂഹത്തിന്റെ ശ്രദ്ധയിലേക്കെത്തിയത്. ചെറിയ കാലം കൊണ്ട് അതൊരു കൾട്ട് നോവൽ സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്തു. തുടർന്നുള്ള രചനകളും വലിയ തോതിൽ സ്വീകരിക്കപ്പെട്ടു. എഴുത്തിലെ പ്രമേയം കണ്ടെത്തുന്നതിലും അത് അവതരിപ്പിക്കുന്ന ഭാഷയിലും സവിശേഷമായ രീതി ഹാൻ കാങ് സ്വായത്തമാക്കിയിട്ടുണ്ട്.
കൊറിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഗ്വാങ്ജു നഗരത്തില്‍ 1970 നവംബർ 27നാണ് ഹാന്‍ കാങ് ജനിച്ചത്. ഒന്‍പതാം വയസില്‍ തലസ്ഥാനമായ സിയോളിലേക്ക് മാറി. യോൻസെ സർവകലാശാലയിൽനിന്ന് കൊറിയൻ സാഹിത്യം പഠിച്ചു. സാഹിത്യ പശ്ചാത്തലമുള്ള കുടുംബമാണ് കാങ്ങിന്റേത്. അച്ഛന്‍ പ്രശസ്ത നോവലിസ്റ്റായിരുന്നു.
‘ദ വെജിറ്റേറിയൻ’ എന്ന നോവൽ ഒരു സ്ത്രീയുടെ വ്യക്തിഗതമായ കലാപത്തിന്റെ കഥയാണ് പറഞ്ഞത്. യിയോംഗ് ഹൈയുടെ ജീവിതത്തെ, അവർ ഒരു ദിവസം കണ്ട സ്വപ്നം മാറ്റിമറിക്കുകയാണ്. അവരൊരു സാധാരണ വീട്ടമ്മയായിരുന്നു. സ്വപ്നത്തിനുശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ അസാധാരണമായിരുന്നു. ഒരു മൃഗത്തെ അവൾ ക്രൂരമായി കൊന്നു തിന്നുന്നതായിരുന്നു ആ സ്വപ്നം.ഉണർന്നിട്ടും തന്നെ വിടാതെ പിന്തുടർന്ന ആ സ്വപ്‌നത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവൾ വീട്ടിലുള്ള മാംസം മുഴുവനുമെടുത്ത് പുറത്തെറിയുന്നു. തുടർന്ന് മാംസം പാകം ചെയ്യുന്നതും ഭക്ഷിക്കുന്നതും നിർത്തി. തുടർന്ന് അവർ ഭക്ഷണം തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു. ഇതിൽ ക്ഷോഭിച്ച അവളുടെ ഭർത്താവിനെ കൂടുതൽ രോഷാകുലനാക്കിക്കൊണ്ട് അവൾ കിടക്ക പങ്കിടാനും വിസമ്മതിക്കുന്നു. അയാളുടെ ശരീരത്തിന് മാംസത്തിന്റെ ഗന്ധമാണെന്നതാണ് അതിന് അവൾ പറയുന്ന കാരണം. കൂടാതെ പലപ്പോഴും അവൾ നഗ്നയായി നടക്കാനും തുടങ്ങി. സ്വപ്നം അവളുടെ ജീവിതാവബോധത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നു. അവൾ ഒരു വൃക്ഷമായി മാറാൻ ആഗ്രഹിച്ചു തുടങ്ങി. ഈ കഥയിലൂടെ സ്ത്രീയനുഭവത്തിന്റെ രാഷ്ട്രീയം പറയാനാണ് നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നത്. സ്ത്രീ എന്ന നിലയിൽ ആ കഥാപാത്രം അനുഭവിക്കുന്ന ക്ഷോഭവും കാമവും പാരവശ്യവും ഒക്കെ സുന്ദരമായി നോവലിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.
ഒരു പുരുഷാധിപത്യ സമൂഹത്തിൽ വെജിറ്റേറിയൻ ആയിത്തീരുക എന്നത് ഒരു സന്ദേശമാണ് അത് സത്യത്തിൽ മനുഷ്യന്റെ ക്രൂരതയോടുള്ള തീവ്രമായ പ്രതികരണമായിരുന്നു.
സി.വി ബാലകൃഷ്ണനാണു ‘ദ വെജിറ്റേറിയൻ’ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. “ദ വെജിറ്റേറിയൻ വേറൊരു പരിഭ്രമാവസ്ഥയുടെ ആഖ്യാനമാണ്. അതിലൂടെ ഹാൻ കാങ് നിറവേറ്റുന്ന മാനസിക വിശ്ലേഷണം നമ്മുടെ വായനക്കാരെ അമ്പരിപ്പിച്ചേക്കാം. വന്യമായൊരു തുറന്നെഴുത്ത് അതിലുണ്ട്.’ എന്നാണ് പിന്നീട് സി.വി ബാലകൃഷ്ണൻ പുസ്തകത്തെക്കുറിച്ച് എഴുതിയത്.
1993-ല്‍ ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി എന്ന മാസികയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഹാന്‍ കാങ് കരിയര്‍ ആരംഭിച്ചത്. 1995-ല്‍ ‘ലവ് ഓഫ് യോസു’ എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ഗദ്യത്തിലേക്കുള്ള അരങ്ങേറ്റം.പൊതുവിൽ മനുഷ്യനെന്ന നിലയിലെ പരിമിതികളെയാണ് ഈ എഴുത്തുകാരി അവരുടെ രചനാലോകത്തിലൂടെ അന്വേഷിക്കുന്നതും അടയാളപ്പെടുത്താൻ ശ്രമിക്കുന്നതും. നമ്മളുടെയൊക്കെ ജീവിതം എത്രമാത്രം ദുർബലമാണെന്ന് അവ ഓർമ്മിപ്പിക്കുന്നു. ഭാഷയിലൂടെ സാധ്യമായ അർത്ഥങ്ങൾക്കപ്പുറം ചിലത് എഴുത്തുകാരി കാണിച്ചുതരുന്നു. അവയിൽ പൊതുവിൽ ഒരു വൈരുധ്യസ്വഭാവം കാണാൻ കഴിയും. ഒരേ സമയം ധ്യാനാത്മകവും സംഘർഷാത്മകവുമാണ് ഹാൻ കാങ്ങിന്റെ ശൈലി. അതിലൊരു ആന്തരിക മൂകത നിറഞ്ഞു കിടപ്പുണ്ട്. അതേ സമയം കഥാപാത്രങ്ങളുടെ ജീവിതത്തിലെ വലിയ മാനസികസംഘർഷങ്ങളെയും ഭംഗിയായി ചിത്രീകരിക്കുന്നു. ആ ഭാവനാ ലോകത്ത് ജീവിതം തിളച്ചുമറിയുന്നുണ്ട്, കത്തിത്തീരുന്നുണ്ട്.
ഹാനിന്റെ മറ്റൊരു പ്രധാന നോവലായ ഹ്യൂമൻ ആക്ട്സ് (Human Acts) തികച്ചും വേറിട്ട ഒരു രാഷ്ട്രീയ പ്രമേയത്തെയാണ് അവതരിപ്പിക്കുന്നത്. ആധുനിക കൊറിയയുടെ ചരിത്രത്തിലെ ഒരു മുറിവാണ് ഇതിലൂടെ അവർ പറയുന്നത്. തെക്കൻ കൊറിയയിലെ ഗ്വാൻജു എന്ന സ്ഥലത്ത് 1980-ൽ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. ഏകാധിപത്യ കാലത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഇതിലെ മുഖ്യ കഥാപാത്രം. മനുഷ്യന്റെ ക്രൂരത, അന്തസ്സ് എന്നീ സമസ്യകളെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഹ്യൂമൻ ആക്ട്സ് എന്ന രചനയിലൂടെ നോവലിസ്റ്റ് നടത്തുന്നത്.
ആ രാഷ്ട്രീയ സംഭവത്തെ ആഴത്തിൽ പഠിച്ച് രചിച്ച നോവലാണിത്. ഇത്തരം സംഭവങ്ങൾ മനുഷ്യരുടെ ജീവിതത്തെ പലപ്പോഴും അവരനുഭവിച്ചതോ അറിഞ്ഞതോ ആയ ഭൂതകാലത്ത് തളച്ചിടുന്നു. ചരിത്രത്തെ മായ്ച്ചുകളയാനോ, മാറ്റിയെടുക്കാനോ എളുപ്പമല്ലെന്ന സന്ദേശമാണ് ഈ നോവലിലൂടെ മുന്നോട്ടു വെക്കുന്നത്. ചരിത്രം മനുഷ്യാനുഭവത്തിലേൽപ്പിക്കുന്ന ആഘാതത്തെ വരച്ചുകാട്ടാനാണ് ഹാൻ കാങ്ങ് ഈ നോവലിലൂടെ ശ്രമിച്ചിരിക്കുന്നത്. ഈ നോവലിന്റെ ഘടനയും വ്യത്യസ്തമാണ്. വ്യത്യസ്ത വീക്ഷണകോണിലൂടെ കഥ പറഞ്ഞുകൊണ്ടുള്ള ഓരോ അധ്യായങ്ങളും പ്രത്യേക രീതിയിൽ ചേർത്തു നിർത്തിയിരിക്കുകയാണ്.
ഗ്രീക്ക് ലെസൻസ്(Greek Lessons) എന്ന നോവൽ ഭാഷയിലൂടെയുള്ള തീവ്രമായ ഒരന്വേഷണമാണ്. പ്രാചീന ഗ്രീക്ക് ഭാഷ പഠിപ്പിക്കുന്ന ഒരധ്യാപകന്റെയും അയാളുടെ ശിഷ്യയായെത്തുന്ന ഒരു സംസാര പരിമിതയുടെയും കഥയാണ് ഇതിൽ പറയുന്നത്. പാശ്ചാത്യസാഹിത്യത്തെ നോക്കിക്കാണാനുള്ള ഒരു ശ്രമം കൂടിയാണ് ഈ നോവൽ.
ദി വൈറ്റ് ബുക്കാണ് (The White Book) മറ്റൊരു പ്രധാന രചന. എഴുത്തുകാരിയുടെ വ്യക്തിപരമായ ദുഃഖത്തെ അടയാളപ്പെടുത്തുന്ന ഒരു നോവൽ. അമ്മയുടെ മരണം സൃഷ്ടിച്ച ദുഃഖത്തെയാണ് ഹാൻ കാങ്ങ് ഇതിലൂടെ തിരയുന്നത്. ദുഃഖമുഖത്തു നിന്നുള്ള ഒരു ജീവിതക്കാഴ്ച. ദുഃഖം വ്യക്തിയുടെ സത്തയിൽ എങ്ങനെ ഇടപെടുന്നു എന്നാണ് ഈ നോവൽ കാണിച്ചുതരുന്നത്.വിയോഗങ്ങളുടെ ആത്മകഥാപരമായ ഒഴുക്കാണ് The White Book. ഹൻ കാംഗിന്റെ മറ്റ് നോവലുകൾ പലപ്പോഴും രേഖീയമായ കഥപറച്ചിൽ മാത്രമായി ചുരുങ്ങുമ്പോൾ ഈ നോവൽ അതിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നാണ്. “ഞാനൊന്നും പ്രിയപ്പെട്ടതാക്കി വെക്കുന്നില്ല. ഞാൻ താമസിക്കുന്ന ഇടമോ ഞാനെന്നും കടന്നു പോകുന്ന വാതിലോ ഒന്നും, എന്റെ ജീവിതം പോലും.” എന്ന് നോവലിൽ ഒരിടത്ത് പറയുന്നു.
ലോകവുമായുള്ള ബന്ധം മനുഷ്യരുടെ വ്യക്തിഗതമായ അനുഭവതലത്തിലുണ്ടാക്കുന്ന വിഭ്രാന്തികൾ സൗന്ദര്യാത്മകമായി ചിത്രീകരിക്കുന്നു എന്നതാണ് ഹാൻ കാങ്ങ് എന്ന എഴുത്തുകാരിയുടെ സവിശേഷത. അതാണ് നോബൽ പുരസ്കാരത്തിലൂടെ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
“When I write fiction, I put a lot of emphasis on the senses. I want to convey vivid senses like hearing and touch, including visual images. I infuse these sensations into my sentences like an electric current”, എഴുത്തിനെപ്പറ്റിയുള്ള ആഴത്തിലുള്ളതും സ്വതന്ത്രവുമായ ചിന്തയാണ് കാങ്ങിന്റെ ഈ വാക്കുകളിലൂടെ നമ്മളറിയുന്നത്. ഇത്തരത്തിൽ അസാധാരണമായ ഒരു ഫീൽ അവരുടെ നോവലുകളിൽ നിന്ന് വായനക്കാർക്ക് ലഭിക്കുന്നുമുണ്ട്. മനുഷ്യന്റെ ആന്തരിക ജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്നവയാണ് അവയോരോന്നും. മനുഷ്യൻ എന്ന അവസ്ഥയുടെ വേറിട്ട അർഥതലങ്ങളെ കണ്ടെത്താനാണ് ഹാൻ സാഹിത്യമെഴുത്തിലൂടെ ശ്രമിക്കുന്നത്.
ഹാൻ കാങ്ങിനെ ഏറ്റവും പുതിയ നോവൽ ‘വീ ഡു നോട്ട് പാർട്ട്’ 2025-ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കും. ഇ യാവോണും പൈഗെ അനിയ മോറിസും കൂടിയാണു പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. 1948-49 ലെ ജെജു പ്രക്ഷോഭം തന്റെ സുഹൃത്തിന്റെ കുടുംബത്തിൽ ചെലുത്തിയ സ്വാധീനം ഒരു എഴുത്തുകാരി കണ്ടെത്തുന്നതിനെ തുടർന്നുള്ള കഥ. നോവലിന്റെ ഫ്രഞ്ച് വിവർത്തനം 2023-ൽ പ്രീ മെഡിസിസ് എട്രാഞ്ചർ നേടിയിരുന്നു.
പുരസ്‌കാരനേട്ടത്തിന് ശേഷം ഹാൻ കാങ്ങിന്റെ ചില വാക്കുകൾ നൊബേൽ നേടിയത് “സന്തോഷകരവും നന്ദിയുള്ളതുമായ നിമിഷമായിരുന്നു, ആ രാത്രി ഞാൻ നിശബ്ദമായി ആഘോഷിച്ചു,”
മൂന്ന് പുസ്തകങ്ങൾ കൂടി എഴുതാനുണ്ട്, തന്റെ ജീവിതത്തിലെ അടുത്ത ആറ് വർഷം – 60 വയസ്സ് തികയുന്നതിന് മുമ്പ് – അവയ്ക്കായി നീക്കിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാൻ പറഞ്ഞു.
“എന്നിരുന്നാലും, എല്ലായ്പ്പോഴും എന്നപോലെ, ഇവ എഴുതുമ്പോൾ, കൂടുതൽ പുസ്തകങ്ങൾക്കായി ആശയങ്ങൾ കൊണ്ടുവരുമെന്ന് ഞാൻ സംശയിക്കുന്നു, എഴുതാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ അവസാനിപ്പിക്കില്ല,”
“എഴുതാൻ ആഗ്രഹിക്കുന്ന അടുത്ത മൂന്ന് പുസ്തകങ്ങളെക്കുറിച്ചുള്ള ചിന്ത എപ്പോഴും വേട്ടയാടുന്ന എനിക്ക് ശരിയായി മരിക്കാൻ പോലും കഴിയില്ലെന്നതു എന്നെ ആശങ്കപ്പെടുത്തുന്നു.”