കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള മുഴുവന്‍ വൈദ്യുതിമീറ്ററുകളും സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനുള്ള നീക്കങ്ങള്‍ നടന്നു വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ആര്‍.ഡി.എസ്.എസ്. സ്കീമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ അനുമതി ഇതിനകം പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പദ്ധതി സംബന്ധിച്ച് പലവിധത്തിലുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നതും വസ്തുതയാണ്. ഈ സാഹചര്യത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി സംബന്ധിച്ചുള്ള ഹ്രസ്വമായൊരു പരിശോധനയാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.
പ്രീപെയ്ഡ് സൗകര്യത്തോടെയുള്ള മീറ്ററുകളാണ് പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ കേന്ദ്രീകൃത സെര്‍വറില്‍ എത്തുന്നതിനോടൊപ്പം ഡിസ്കണക്ഷന്‍, റീകണക്ഷന്‍ തുടങ്ങി വിവിധ നിയന്ത്രണ സന്ദേശങ്ങള്‍ തിരിച്ച് മീറ്ററിലേക്കും നല്‍കാനാകും. ഇതുകൊണ്ടുതന്നെ മീറ്റര്‍ റീഡിംഗ് പൂര്‍ണ്ണമായും ഓട്ടോമാറ്റിക്ക് ആയി കേന്ദ്രീകൃതമായി നടക്കും. ബില്ല് തയ്യാറാക്കുന്നതടക്കമുള്ള നടപടികളും കേന്ദ്രീകൃതമായിത്തന്നെ നിര്‍വഹിക്കപ്പെടും. ബില്ലിംഗ് കാര്യക്ഷമതയും കളക്ഷന്‍ കാര്യക്ഷമതയും വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നതും പ്രീപെയ്ഡ് മീറ്റര്‍ സംവിധാനം വ്യാപകമാകുന്നതോടെ കുടിശ്ശിക ഇല്ലാതാകുമെന്നതും സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിന്റെ നേട്ടങ്ങളില്‍ പെടുന്നു. വൈദ്യുതി മോഷണശ്രമങ്ങളടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രീകൃതമായി ലഭ്യമാകുന്നത് വാണിജ്യ നഷ്ടം കുറച്ച് സ്ഥാപനത്തെ സാമ്പത്തിക കാര്യക്ഷമത കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും മുടക്കുന്ന പണത്തിനനുസരിച്ചുള്ള നേട്ടം ഈ പദ്ധതിമൂലം ഉണ്ടാകുമോ എന്നതില്‍ സംശയമുണ്ട്. സ്വാഭാവികമായും ഇത്ര ബൃഹത്തായ ഒരു പദ്ധതി നടപ്പാക്കുംമുമ്പ് പദ്ധതിയുടെ നേട്ടകോട്ട വിശകലനം അനിവാര്യമാണ്. സൗരോര്‍ജ്ജം, കാറ്റാടി നിലയങ്ങൾ തു ടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം വ്യാപകമാകുന്നതോടെ പ്രസരണ വിതരണ ശൃംഖലയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്മാര്‍ട്ട് ഗ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടി വരും. സ്മാര്‍ട്ട് മീറ്റര്‍ സ്മാര്‍ട്ട് ഗ്രിഡിന്റെ അവിഭാജ്യഘടകമാണെന്നതും സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തിന്റെ ആവശ്യകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പദ്ധതിച്ചെലവ്, ധനസഹായം
കെ.എസ്.ഇ.ബി. നടപ്പാക്കാനുദ്ദേശിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ 2023 ഡിസംബറില്‍ അവസാനിക്കുന്ന ഒന്നാം ഘട്ടത്തില്‍ 37 ലക്ഷം കണക്ഷനുകളും തുടര്‍ന്ന് അടുത്ത ഘട്ടമായി ബാക്കി കണക്ഷനുകളും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായാണ് 8200 കോടി രൂപയോളം ചെലവുവരുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നത്. ആര്‍.ഡി.എസ്.എസ്. നിബന്ധനകള്‍ പ്രകാരം ആകെ ചെലവിന്റെ പരമാവധി 15% വരെ കേന്ദ്ര ധനസഹായമായി ലഭിക്കും.
പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി Project Implementation Agency (പി.ഐ.എ) ആയി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനെ നിയോഗിച്ചുകൊണ്ട് വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കിയിട്ടുണ്ട്. ടെണ്ടര്‍നടപടികള്‍ പൂര്‍ത്തിയാക്കുക, മീറ്റര്‍ സ്ഥാപിക്കുന്നതിന് മേല്‍നോട്ടം വഹിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം പി.ഐ.എയുടെ ചുമതലയിലാണ് നടക്കുക. ഒരു മീറ്ററിന് 450 രൂപയാണ് ഇതിനുള്ള ഫീസ് ആയി നിശ്ചയിച്ചിട്ടുള്ളത്. 6000രൂപയോളമാണ് ഒരു മീറ്ററിന് ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്നത്. അതായത് 900 രൂപ കേന്ദ്ര ധനസഹായം ലഭിച്ചേക്കാം. ആര്‍.ഇ.സി.ക്ക് പി.ഐ.എ. എന്നനിലയിലുള്ള ഫീസായി 450 രൂപ നല്‍കിയാല്‍ ബാക്കി കെ.എസ്.ഇ.ബിക്ക് കിട്ടുന്ന ധനസഹായം മീറ്ററൊന്നിന് 450 രൂപ മാത്രമാണ്. എന്നാല്‍ കേന്ദ്ര ധനസഹായമായി 15% തുക ലഭിക്കുന്നതിന് പാലിക്കേണ്ട നിബന്ധനകളില്‍ 2025ഓടെ റഗുലേറ്ററി അസറ്റ് പൂര്‍ണ്ണമായും ഇല്ലാതാക്കണം എന്നതുമുണ്ട്. പ്രായോഗികമായി ഇത് സാദ്ധ്യമാകുമോ എന്നത് ഉറപ്പില്ല. കേന്ദ്ര ധനസഹായം ലഭിക്കാതെ വന്നാല്‍ പദ്ധതിയുടെ മുഴുവന്‍ ചെലവിനോടൊപ്പം ആര്‍.ഇ.സി.ക്കുള്ള 450 രൂപ കൂടി കെ.എസ്.ഇ.ബി. കണ്ടെത്തേണ്ടിവരും.
ടോട്ടക്സ് മാതൃക
ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കും എന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുപ്രകാരം കരാര്‍ എടുക്കുന്ന കമ്പനി പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും ചെലവിട്ട് പദ്ധതി നടപ്പാക്കും. മീറ്ററുകളുടെ സ്ഥാപനം, സെര്‍വറുമായുള്ള ഇന്റഗ്രേഷന്‍, ഇതിനാവശ്യമായ സോഫ്റ്റ്‌വെയറിന്റെ സപ്ലൈ, മെയിന്റനന്‍സ്, ബില്ലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം കരാര്‍ കാലയളവായ ഏഴുവര്‍ഷത്തേക്ക് കരാര്‍ ഏറ്റെടുക്കുന്ന കമ്പനി നിര്‍വഹിക്കും. ഈ കാലയളവില്‍ ഓരോ മീറ്ററിനും പ്രതിമാസം ഒരു നിശ്ചിതതുക കമ്പനിക്ക് ഫീസായി നല്‍കണം. ആര്‍.ഇ.സി. നിശ്ചയിച്ചിട്ടുള്ള ബെഞ്ച്മാര്‍ക്ക് ഫീസ് പ്രതിമാസം 90 രൂപയാണെന്നാണ് മനസ്സിലാക്കുന്നത്. പദ്ധതി ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ട് വന്നിട്ടുള്ള കമ്പനികള്‍ ആവശ്യപ്പെടുന്ന തുക നൂറുരൂപയോളമാണെന്നും കേള്‍ക്കുന്നു. ഇത് ഉപഭോക്താക്കളുടെ ബില്ലിന്റെ ഭാഗമായി പ്രത്യേകം ഫീസായി രേഖപ്പെടുത്തുകയോ, വൈദ്യുതി ബോര്‍ഡ് വഹിച്ച് വൈദ്യുതി ചാര്‍ജ്ജിന്റെ വര്‍ദ്ധനവിലൂടെ ഈടാക്കിയെടുക്കുകയോ, ഏതാണ് ചെയ്യുക എന്നത് വ്യക്തമല്ല. എന്തായാലും ഓരോ ഉപഭോക്താവിനും പ്രതിവര്‍ഷം 1000-1200 രൂപ വീതം അധിക ബാദ്ധ്യത വരുന്ന നിലയിലാണ് ഈ പദ്ധതി നടപ്പാക്കപ്പെടുക. 84 മാസം അഥവാ ഏഴുവര്‍ഷത്തേക്കാണ് ഇങ്ങിനെ അധിക ബാദ്ധ്യത വരുക. പക്ഷേ ഇലക്ട്രോണിക്ക് ഉപകരണമാണ് എന്നതിനാല്‍ ഇക്കാലയളവിനുള്ളില്‍ പുതിയ മീറ്റര്‍ സ്ഥാപിക്കേണ്ടി വരും. സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷനും അനിവാര്യമാകും. അത്തരമൊരു സന്ദര്‍ഭത്തില്‍ ബില്ലിംഗ് ഡാറ്റയൊക്കെ കൈവശമായിരിക്കുന്ന കമ്പനിയെ ഒറ്റയടിക്ക് മാറ്റി മറ്റൊരു സംവിധാനത്തിലേക്ക് പോകുക എന്നത് എളുപ്പമാവില്ല. അതായത് തുടക്കത്തില്‍ 84 മാസത്തേക്കുള്ള കരാര്‍ ആണെങ്കിലും ഇത് ഏതെങ്കിലും കുത്തക കമ്പനിയുടെ സ്ഥിരനിയന്ത്രണത്തിലേക്ക് വൈദ്യുതി ബോര്‍ഡിന്റെ ബില്ലിംഗ് സംവിധാനത്തെ കൊണ്ടുപോകുന്നതിന് ഇടയാക്കുന്നതാണ്.
സ്മാര്‍ട്ട് മീറ്റര്‍ കെ.എസ്.ഇ.ബി.ക്ക്
വരുമാന വര്‍ദ്ധനവ് സാദ്ധ്യമാക്കുമോ?
സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതിലൂടെ വൈദ്യുതി മോഷണമടക്കമുള്ള വാണിജ്യ നഷ്ടം ഉണ്ടാക്കുന്ന ഘടകങ്ങളില്‍ വലിയ കുറവുണ്ടാകും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന നേട്ടം. രാജ്യത്ത് വൈദ്യുതി മേഖലയില്‍ ഏറ്റവും കുറഞ്ഞ സാങ്കേതിക വാണിജ്യ നഷ്ടമുള്ള സംസ്ഥാനമാണ് കേരളം. ഇതില്‍ത്തന്നെ വാണിജ്യ നഷ്ടമാകട്ടെ വളരെ ചെറുതുമാണ്. കാര്യമായ വൈദ്യുതി മോഷണമൊന്നും കേരളത്തിലില്ല. വൈദ്യുതി ബോര്‍ഡിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് പരിശോധനകളില്‍ കണ്ടെത്താറുള്ള പ്രധാന കുറ്റം പലപ്പോഴും അഡീഷണല്‍ ലോഡ് മാത്രമാണ്. കെ.എസ്.ഇ.ബിയുടെ ബില്ലിംഗ് കാര്യക്ഷമത 100 ശതമാനമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴിവാക്കിയാല്‍ കളക്ഷന്‍ കാര്യക്ഷമതയും 100 ശതമാനത്തിനടുത്താണ്. ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ സ്മാര്‍ട്ട് മീറ്റര്‍ മുഖാന്തിരം എന്തെങ്കിലും വരുമാന വര്‍ദ്ധനവ് കെ.എസ്.ഇ.ബിക്ക് പ്രതീക്ഷിക്കാനില്ല.
മീറ്റര്‍ റീഡിംഗ്, ഡിസ്കണക്ഷന്‍, റീകണക്ഷന്‍ തുടങ്ങിയവക്ക് ജീവനക്കാര്‍ ആവശ്യമുണ്ടാകില്ല എന്നതാണ് സ്മാര്‍ട്ട് മീറ്റര്‍ ഉണ്ടാക്കുന്ന നേരിട്ടുള്ള നേട്ടങ്ങളില്‍ ഒന്ന്. കെ.എസ്.ഇ.ബിയില്‍ സ്ഥിരം ജീവനക്കാരായ മീറ്റര്‍ റീഡര്‍മാര്‍ താരതമ്യേന കുറവാണ്. കരാര്‍ അടിസ്ഥാനത്തില്‍ മീറ്റര്‍ റീഡിംഗ് നടത്തുന്നതിന് രണ്ടുമാസത്തിലൊരിക്കല്‍ പത്തു രൂപയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ചെലവ് വരുന്നത്. ഡിസ്കണക്ഷന്‍ റീകണക്ഷന്‍ എന്നിവയൊക്കെ മറ്റു വിതരണ മേഖലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാര്യക്ഷമമായിത്തന്നെ നിര്‍വഹിക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സ്മാര്‍ട്ട് മീറ്ററിനായി മുടക്കുന്ന തുകയുടെ നേരിയ അംശം പോലും എംപ്ലോയീ കോസ്റ്റ് കുറയുന്നതിലൂടെ തിരിച്ചു പിടിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് കഴിയില്ല. ബില്ലിംഗ് കാര്യക്ഷമത നൂറുശതമാനത്തോളമാണ്. അതുകൊണ്ടുതന്നെ സ്മാര്‍ട്ട് മീറ്റര്‍ വെക്കുന്നതുകൊണ്ട് ഈ മേഖലയിലൊന്നും വലിയ നേട്ടമൊന്നും കെ.എസ്.ഇ.ബി.ക്കുണ്ടാകാനില്ല. അതുകൊണ്ടുതന്നെ പദ്ധതിക്കായി ചെലവഴിക്കപ്പെടുന്ന സംഖ്യ ആത്യന്തികമായി ഉപഭോക്താക്കളുടെ ബാദ്ധ്യതയായി മാറും.
ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഉപയോഗിക്കുന്ന വൈദ്യുതി അളന്നു കിട്ടുന്ന ഒരുപകരണം മാത്രമാണ് മീറ്റര്‍. സ്മാര്‍ട്ട് മീറ്ററായാലും സാധാരണ മീറ്ററായാലും വൈദ്യുതിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്ന ഒന്നും മീറ്റര്‍ മൂലം ഉണ്ടാകുന്നില്ല. പ്രീപെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താനാകുന്നു എന്നത് കുറച്ചുപേര്‍ക്ക് സൗകര്യപ്രദമായിരിക്കും. വൈദ്യുതി ഉപഭോഗം നിരന്തരമായി പരിശോധിച്ചുപോകാന്‍ കഴിയുന്ന സാഹചര്യമൊരുങ്ങുന്നത് ഉപഭോഗനിയന്ത്രണത്തിനും സഹായകമാകും. എന്നാല്‍ അതിനുവേണ്ടി എല്ലാ ഉപഭോക്താക്കളും പ്രതിമാസം നൂറുരൂപയോളം അധികം നല്‍കേണ്ടി വരുന്നു എന്നത് സ്വാഗതം ചെയ്യപ്പെടാന്‍ ഇടയില്ല.
കണ്ടന്റും കാര്യേജും വേര്‍പിരിയുന്നു
വിഭാവനം ചെയ്തിട്ടുള്ള സാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ മീറ്റര്‍ ഇന്റഗ്രേഷന്‍ പൂര്‍ണ്ണമായും കരാര്‍ എടുക്കുന്ന കമ്പനിയുടെ ചുമതലയാണ്. പ്രീപെയ്ഡ് സംവിധാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നതും വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട ബില്ലിംഗ്, കളക്ഷന്‍ തുടങ്ങിയ കാര്യങ്ങളൊക്കെ കരാര്‍ കമ്പനി ഹോസ്റ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ മുഖാന്തിരമാണ് നടക്കുക. പദ്ധതിക്കാലത്ത് ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബി.ക്ക് ചുമതലകളില്ല. പ്രീപെയ്ഡ് ഉപഭോക്താക്കളില്‍ നിന്ന് പണം മുന്‍കൂര്‍ സ്വീകരിക്കുന്നതും നിശ്ചിത വൈദ്യുതി അനുവദിച്ചു നല്‍കുന്നതും പരിധി കഴിഞ്ഞാല്‍ ഡിസ്കണക്ട് ചെയ്യുന്നതും മറ്റുള്ളവര്‍ക്ക് ബില്ല് കൊടുക്കുന്നതും നിശ്ചിത സമയത്ത് പണമടച്ചില്ലെങ്കില്‍ ഡിസ്കണക്ട് ചെയ്യുന്നതുമടക്കമുള്ള പ്രവര്‍ത്തനങ്ങളെല്ലാം കരാര്‍ എടുക്കുന്ന ഏജന്‍സിയില്‍ നിക്ഷിപ്തമാക്കുന്ന രീതിയിലാണ് സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതെന്നാണ് മനസ്സിലാകുന്നത്. വൈദ്യുതി വിതരണ മേഖലയില്‍ വൈദ്യുതി ശൃംഖല സംരക്ഷിക്കുക എന്നതൊഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, അതായത് വൈദ്യുതി വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും, ഒരു സ്വകാര്യ ഏജന്‍സിക്ക് കൈമാറുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്.
വൈദ്യുതി വിതരണ മേഖലയെ വിതരണം, സപ്ലൈ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും സപ്ലൈ രംഗത്ത് സ്വകാര്യപങ്കാളിത്തം ഉറപ്പുവരുത്തുകയും എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. കണ്ടന്റും കാര്യേജും വേര്‍തിരിക്കുന്ന ഈ സമീപനത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നുവന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന് താല്‍ക്കാലികമായി നടപടികളില്‍ നിന്ന് പിന്തിരിയേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ഭാഗമായി മീറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണ്ണമായും വൈദ്യുതി ബോര്‍ഡില്‍ നിന്നും വേര്‍തിരിക്കുകയും അതുവഴി ഫലത്തില്‍ കണ്ടന്റും കാര്യേജും വേര്‍തിരിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യുന്നു. സ്വകാര്യകമ്പനികള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ഏജന്‍സിയുമായി ധാരണയിലെത്തി ഉപഭോക്താക്കളെ അടര്‍ത്തിയെടുക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്. കെ.എസ്.ഇ.ബിയില്‍ ഒന്നാം ഘട്ടത്തില്‍ 37 ലക്ഷം ഉപഭോക്താക്കളാണ് ഈ നിലയില്‍ വേര്‍തിരിക്കപ്പെടുന്നത്. കെ.എസ്.ഇ.ബി.യുടെ റവന്യൂ ശേഷി കൂടിയ ഉപഭോക്താക്കളെല്ലാം ഈ ഘട്ടത്തില്‍ത്തന്നെ ബോര്‍ഡ് നിയന്ത്രണത്തില്‍ നിന്നും വേര്‍പെടുത്തപ്പെടും. ഇത്തരത്തില്‍ റവന്യൂ ശേഷികൂടിയ ഉപഭോക്താക്കളെ കെ.എസ്.ഇ.ബി. നിയന്ത്രണത്തില്‍ നിന്ന് വേര്‍പെടുത്തുന്നത് സ്വകാര്യ മേഖലക്ക് ചെറിപിക്കിംഗ് എളുപ്പമാക്കും.
നിയമപരമായ ബാധ്യതയോ?
പദ്ധതികൊണ്ട് കാര്യമായ നേട്ടങ്ങളില്ലെന്നുള്ള വിമര്‍ശനങ്ങളോട് സ്മാര്‍ട്ട് മീറ്റര്‍ നിയമപരമായ ഉത്തരവാദിത്തമാണെന്നും 2025ഓടെ പൂര്‍ണ്ണമായും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിലേക്ക് മാറാതിരിക്കാന്‍ ഇലക്ട്രിസിറ്റി (റൈറ്റ്സ് ഓഫ് കണ്‍സ്യൂമര്‍) ചട്ടങ്ങള്‍ പ്രകാരം കഴിയില്ലെന്നുമുള്ള മറുപടി കിട്ടാറുണ്ട്. ഇലക്ട്രിസിറ്റി (റൈറ്റ്സ് ഓഫ് കണ്‍സ്യൂമര്‍) ചട്ടങ്ങളിലെ അഞ്ചാം ഭാഗമാണ് മീറ്ററിംഗ് സംബന്ധിച്ച് പറയുന്നത്. അത് ഇങ്ങിനെയാണ്
“5. Metering – (1) No connection shall be given without a meter and such meter shall be the smart pre-payment meter or pre-payment meter. Any exception to the smart meter or prepayment meter shall have to be duly approved by the Commission. The Commission, while doing so, shall record proper justification for allowing the deviation from installation of the smart pre-payment meter or pre-payment meter.”
ഇതില്‍നിന്നും സ്മാര്‍ട്ട് മീറ്റര്‍ അനിവാര്യമായ ഒന്നായിട്ടില്ല എന്നത് വ്യക്തമാണ്. വൈദ്യുതി റഗുലേറ്ററി കമ്മീഷന് കൃത്യമായ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം മാറ്റിവെക്കാന്‍ അധികാരമുണ്ട്. മള്‍ട്ടി ഇയര്‍ താരിഫ് പെറ്റീഷനില്‍ കേരളത്തിലെ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി അംഗീകരിച്ചിട്ടില്ല. പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ് വിശദമാക്കിക്കൊണ്ട് പ്രത്യേകം ഹര്‍ജി നല്‍കാനാണ് കമ്മീഷന്‍ കെ.എസ്.ഇ.ബിയോട് പറഞ്ഞിട്ടുള്ളത്. സ്മാര്‍ട്ട് മീറ്റര്‍ വ്യാപകമാക്കുന്നത് നിയമപരമായ ബാദ്ധ്യത നിറവേറ്റുന്നതിനാണ് എന്ന വാദത്തിന് അര്‍ത്ഥമില്ല എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.
സ്മാര്‍ട്ട് ഗ്രിഡും സ്മാര്‍ട്ട് മീറ്ററും
കെ.എസ്.ഇ.ബിയുടെ മുന്‍ സി.എം.ഡി. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സംബന്ധിച്ച് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് സ്ഥാപനത്തെ ആധുനികവല്‍ക്കരിക്കുന്നതിനെതിരായ സമീപനമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സൗരോര്‍ജ്ജം, കാറ്റാടി നിലയങ്ങൾ തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം വ്യാപകമാകുന്നതോടെ പ്രസരണ വിതരണ ശൃംഖലയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്മാര്‍ട്ട് ഗ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടി വരുമെന്നും സ്മാര്‍ട്ട് മീറ്റര്‍ സ്മാര്‍ട്ട് ഗ്രിഡിന്റെ അവിഭാജ്യഘടകമാണെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഫേസര്‍ മെഷര്‍മെന്റ് യൂണിറ്റ് എന്ന നിലയില്‍ ടൈംസ്റ്റാമ്പ് ചെയ്ത റീഡിംഗുകളും അതുപയോഗിച്ചുള്ള നിയന്ത്രണങ്ങളുമൊക്കെയാണ് സ്മാര്‍ട്ട് ഗ്രിഡിന് അനിവാര്യമായിട്ടുള്ളത്. ഇന്ത്യയില്‍ സ്മാര്‍ട്ട് ഗ്രിഡ് സ്ഥാപിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി നടന്നു വരുന്നുണ്ട്. അത്തരമൊരു ശൃംഖലയുടെ ഭാഗമായി ഉപഭോക്താക്കളുടെ ഉപഭോഗ നിയന്ത്രണമടക്കം സാദ്ധ്യമാകുന്ന നിലയില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ വേണ്ടി വരും എന്നതിലും സംശയമില്ല. എന്നാല്‍ ഇന്നത്തെ നിയമവ്യവസ്ഥക്കുള്ളില്‍ നിന്ന് ഉപഭോക്താക്കളുടെ പ്രതിഷ്ഠാപനങ്ങളുടെ നിയന്ത്രണം യൂട്ടിലിറ്റിക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന സ്ഥിതിയില്ല. മാത്രമല്ല ഇപ്പോഴത്തെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ അത്തരം നിയന്ത്രണങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല. സ്മാര്‍ട്ട് ഗ്രിഡിലേക്കുള്ള മാറ്റം സാദ്ധ്യമാകണമെങ്കില്‍ മീറ്ററിംഗ് സംവിധാനത്തില്‍ വീണ്ടുമൊരു മാറ്റം വേണ്ടി വരുമെന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
സ്മാര്‍ട്ട് മീറ്ററിനോടുള്ള അമിതാവേശം സംസ്ഥാനത്തിന് നഷ്ടം വരുത്തുന്നു
കെ.എസ്.ഇ.ബിയുടെ ആകെ സാങ്കേതിക വാണിജ്യനഷ്ടം പത്തുശതമാനത്തിനടുത്താണ്. ഇതില്‍ എട്ടുശതമാനത്തോളം സാങ്കേതിക നഷ്ടവും രണ്ടു ശതമാനത്തോളം വാണിജ്യ നഷ്ടവുമാണ്. ആര്‍.ഡി.എസ്.എസ്. പദ്ധതിയിലെ ശൃംഖലാ നവീകരണ പ്രോജക്ടുകള്‍ സാങ്കേതിക നഷ്ടം കുറക്കുന്നതിനും മീറ്ററിംഗ് പ്രോജക്ട് വാണിജ്യ നഷ്ടം കുറക്കുന്നതിനും ലക്ഷ്യമിടുന്നുവെന്ന് പറയാം.
ആകെ 11061 കോടി രൂപയുടെ പ്രോജക്ടുകളാണ് കേരളം ആര്‍.ഡി.എസ്.എസില്‍ സമര്‍പ്പിച്ചത്. രണ്ടുശതമാനം വാണിജ്യനഷ്ടത്തെ കേന്ദ്രീകരിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പ്രോഗ്രാമിന് ഇതില്‍ 8200 കോടി രൂപയും നീക്കി വെച്ചിരിക്കുമ്പോള്‍ എട്ടുശതമാനം വരുന്ന സാങ്കേതിക നഷ്ടം കുറക്കാനുള്ള പ്രോജക്ടുകള്‍ക്ക് കേവലം 2900കോടി രൂപമാത്രമാണ് വിലയിരുത്തിയിരിക്കുന്നത്. ആര്‍.ഡി.എസ്.എസ്. പദ്ധതിയില്‍ ശൃംഖലാ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രധനസഹായമായി പദ്ധതിത്തുകയുടെ 60% വരെ ലഭിക്കാന്‍ സാദ്ധ്യതയുള്ളപ്പോള്‍ സ്മാര്‍ട്ട് മീറ്ററിന് പരമാവധി 15% ഗ്രാന്റാണ് ലഭിക്കുക. ആ നിലയിലും നാം പ്രാധാന്യം നല്‍കേണ്ടിയിരുന്നത് ശൃംഖലാ നവീകരണത്തിനായിരുന്നു. കേന്ദ്രസര്‍ക്കാരാകട്ടെ പദ്ധതിയില്‍ രണ്ടു ഘടകങ്ങള്‍ക്കും ഏറെക്കുറെ തുല്യപ്രാധാന്യമാണ് നല്‍കിയിരുന്നത്. സ്വാഭാവികമായും മീറ്ററിംഗ് പ്രവര്‍ത്തനത്തിന് നല്‍കിയ അമിതപ്രാധാന്യം ഒഴിവാക്കി ആകെ പദ്ധതിയുടെ പകുതിയെങ്കിലും ശൃംഖലാനവീകരണത്തിന് വകകൊള്ളിക്കാന്‍ കെ.എസ്.ഇ.ബി. തയ്യാറാകേണ്ടിയിരുന്നു. അങ്ങിനെ സമര്‍പ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിരുന്നെങ്കില്‍ നമുക്ക് കിട്ടേണ്ട ഗ്രാന്റില്‍ ഏകദേശം 1800 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു. അതായത് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് നല്‍കിയ ഈ അമിത പ്രാധാന്യം യഥാര്‍ത്ഥത്തില്‍ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 1800 കോടിയോളം രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് നഷ്ടപ്പെടുത്തുന്നതിനാണ് ഇടയാക്കിയിട്ടുള്ളത്.
വലിയ തോതില്‍ വാണിജ്യ നഷ്ടമുള്ള സംസ്ഥാനങ്ങള്‍പോലും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതിന് സാവകാശമെടുത്ത് മടിച്ചു നില്‍ക്കുമ്പോള്‍ കെ.എസ്.ഇ.ബി ഈ നിലയില്‍ എടുത്തു ചാടിയത് സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അധിക ബാദ്ധ്യത വരുത്തിവെക്കുന്നതും സ്ഥാപനത്തിന് കാര്യമായ നേട്ടമൊന്നും സൃഷ്ടിക്കാത്തതുമാണ്. രാജ്യത്ത് പലസംസ്ഥാനങ്ങളും ഇനിയും ആര്‍.ഡി.എസ്.എസ്. പദ്ധതിക്ക് അന്തിമ രൂപം നല്‍കിക്കഴിഞ്ഞിട്ടില്ല. കെ.എസ്.ഇ.ബിക്ക് പദ്ധതി പുന:ക്രമീകരിക്കാന്‍ ഇനിയും സാദ്ധ്യതയുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. ആ സാദ്ധ്യത ഉപയോഗപ്പെടുത്താന്‍ കെ.എസ്.ഇ.ബി. തയ്യാറാകണം. സ്മാര്‍ട്ട്മീറ്റര്‍ ഘടകത്തിന്റെ പ്രാധാന്യം കുറച്ച് ശൃംഖലാ നവീകരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ദ്യുതി 2 പദ്ധതിയിലെ പ്രധാനപ്രവര്‍ത്തനങ്ങളെല്ലാം ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായി അംഗീകരിപ്പിക്കാനുള്ള ശ്രമം ഉണ്ടായാല്‍ നല്ലതാണ്.
ബദല്‍ സാദ്ധ്യതകള്‍
കേന്ദ്രനയത്തില്‍ നിന്നും ബദലായി കേരളത്തിന് കണ്ടന്റും കാര്യേജും വിഭജനം കൂടാതെതന്നെ സ്മാര്‍ട്ട് മീറ്ററിലേക്ക് പോകാന്‍ കഴിയും. നിലവിലുള്ള മീറ്ററുകളെ പ്രീപെയ്ഡ് സംവിധാനവും ഡിസ്കണക്ഷന്‍ റീകണക്ഷന്‍ സംവിധാനവും ഇണക്കിച്ചേര്‍ത്ത് കേന്ദ്ര സര്‍വറിലേക്ക് ബന്ധിപ്പിക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. മീറ്ററുകളെ കേന്ദ്രസര്‍വറിലേക്ക് ബന്ധിപ്പിക്കാന്‍ കെ-ഫോണ്‍ പദ്ധതി പൂര്‍ത്തീകരണത്തോടെ എളുപ്പമാണ്. പ്രീപെയ്ഡ് സാങ്കേതികവിദ്യയും ഡിസ്കണക്ഷന്‍ റീകണക്ഷന്‍ സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയ മീറ്ററുകള്‍ ഇപ്പോഴത്തെ സ്മാര്‍ട്ട് മീറ്ററിനേക്കാള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാന്‍ കഴിയും. ഇന്റഗ്രേഷന്‍ സോഫ്റ്റ്‌വെയര്‍ കെ.എസ്.ഇ.ബിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുകയോ ലഭ്യമായ സോഫ്റ്റ്‌വെയറുകള്‍ കസ്റ്റമൈസ് ചെയ്ത് എടുക്കുകയോ ചെയ്യാവുന്നതാണ്. കെ.എസ്.ഇ.ബി. സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത ഇ.ആര്‍.പി. സംവിധാനം, സമഗ്ര എന്ന പേരില്‍ നടപ്പാക്കി വരികയാണ്. മീറ്ററിംഗ് ഡാറ്റയുടെ പ്രോസസിംഗ് ഇതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കാവുന്നത് മാത്രമാണ്. ഈ രംഗത്തുള്ള സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ സേവനം സ്വീകരിക്കുന്നതിനും പ്രയാസമുണ്ടാകേണ്ടതില്ല. ഇത്തരത്തില്‍ പൂര്‍ണ്ണമായും കെ.എസ്.ഇ.ബി. നിയന്ത്രണത്തില്‍, സംസ്ഥാനം മുന്നോട്ടുവെക്കുന്ന വികസന തന്ത്രത്തോടൊപ്പം നില്‍ക്കുന്ന, ബദല്‍ പദ്ധതി ആവിഷ്കരിക്കാന്‍ കേരളത്തിന് കഴിയേണ്ടതാണ്.
പഞ്ചാബ്, തെലുങ്കാന, ആന്ധ്ര തുടങ്ങി പലസംസ്ഥാനങ്ങളും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഏറ്റെടുക്കുന്നതിലുള്ള വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ദേശീയാടിസ്ഥാനത്തില്‍ ഇലക്ട്രിസിറ്റി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും കര്‍ഷക സംഘടനകളുമൊക്കെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ സ്വകാര്യവല്‍ക്കരണ ലക്ഷ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രനയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിച്ചുകൊണ്ട് മാതൃകയാകാന്‍ നമുക്ക് കഴിയണം. ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ള സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കാനും ബദല്‍ സാദ്ധ്യതകള്‍ പരിശോധിക്കാനും കെ.എസ്.ഇ. ബി. തയ്യാറാകണം.