യുദ്ധവും നിലപാടുകളും

145

ചിലിയിലെ ഇടത് പക്ഷ മുന്നേറ്റത്തിന് ശേഷം മറ്റൊരു സോഷ്യലിസ്റ്റ് വിജയം കൂടി കൂട്ടിച്ചേർക്കുകയാണ് പോർച്ചു ഗലില്‍ ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിലൂടെ. പൊതു തെരഞ്ഞെടുപ്പില്‍ മധ്യ-ഇ ടതുപക്ഷ സോഷ്യലിസ്റ്റ് പാർടി വിജയം നേടി നിലവിലെ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ വീണ്ടും അധികാരത്തിൽ എത്തി. തുടർച്ചയായി മൂന്നാം തവണയാണ് പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാർടി അധികാരം നിലനിർത്തുന്നത്. 55.1% പേര്‍ വിധിയെഴുതിയപ്പോള്‍ 230 അംഗ പാർലമെന്റിൽ 118 സീറ്റ്‌ (41.5 ശതമാനം) നേടിയ പാർടി ഒറ്റയ്‌ക്ക് ഭരിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 10 സീറ്റ് അധികം നേട്ടത്തിലൂടെ ജനപ്രിയത അടിവരയിട്ടു.
പ്രധാന എതിരാളി, മധ്യ-വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർടിക്ക് 77 സീറ്റ്‌ (29.4%) മാത്രമാണ് നേടാനായത്. റൂയി റിയോ ആയിരുന്നു പി.എസ്.ഡിയെ നയിച്ചിരുന്നത്. തീവ്ര വലതുപക്ഷ പാർടിയായ ഷേഗ പാർടി 12 സീറ്റുമായി മൂന്നാം സ്ഥാനത്താണ്. ലിബറൽ ഇനിഷ്യേറ്റീവ് പാർടി എട്ട്‌ സീറ്റ്‌ നേടി. പാർലമെന്റില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ 116 സീറ്റ്‌ ആണ് വേണ്ടിയിരുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ 108 സീറ്റ്‌ നേടിയ പാർടി സഖ്യം രൂപീകരിച്ചായിരുന്നു ഭരണത്തിലെത്തിയത്. കോസ്റ്റ സർക്കാരിന്റെ 2022 ലെ ബജറ്റിന് ചില സഖ്യകക്ഷികള്‍ പിന്തുണ പിൻവലിച്ചതിന് പിന്നാലെ മന്ത്രിസഭ വീണതിനെ തുടർന്നാണ്, തെരഞ്ഞെടുപ്പ് നടക്കേണ്ടതിന് രണ്ട് വർഷം മുമ്പ്‌ പോർച്ചുഗല്‍ വീണ്ടും പോളിങ്ബൂത്തിലെത്തിയത്. കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നത് വലിയ ഉത്തരവാദിത്വമാണെന്നും എന്നാല്‍ സോഷ്യലിസ്റ്റ് പാർടി ഭരിക്കുന്നത് ഒറ്റയ്‌ക്കല്ല, മുഴുവന്‍ പോർച്ചുഗീസുകാരോടും ഒപ്പമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അന്റോണിയോ കോസ്റ്റ പറഞ്ഞു.
റഷ്യ ഉക്രൈനെ ആക്രമിക്കാനുള്ള സാധ്യതകളും, എങ്കില്‍ അമേരിക്കന്‍ നിലപാട് സംബന്ധിച്ചും ഉള്ള ചർച്ചകൾക്ക്‌ വിരാമമിട്ട് കൊണ്ടാണ് ഫെബ്രുവരി 24ന് കീവില്‍ വ്യോമാക്രമണത്തിന് റഷ്യ തുടക്കം ഇട്ടത്. നാറ്റോ സഖ്യകഷികളെ നിരത്തി അമേരിക്ക യുക്രയിനായി പോർമു ഖത്തെത്തുമോ എന്നതായിരുന്നു തൊട്ടടുത്ത നിമിഷങ്ങളിലെ അന്വേഷണങ്ങള്‍. യുക്രെയ്‌ന്‍ തലസ്ഥാനം കത്തിയെരിഞ്ഞ് കൊണ്ടിരിക്കുന്ന ഇന്ന് ലോക രാഷ്ട്രീയത്തില്‍ ചർച്ചചെയ്യപ്പെടുന്ന തീപിടിപ്പിക്കുന്ന വിഷയങ്ങള്‍ അമേരിക്കയുടെ പിന്നോട്ടടിക്കലും ഉറ്റസൗഹൃദങ്ങള്‍ ചതിച്ചിട്ടും തോൽവിക്ക്‌ ഇടയില്ലെന്നുള്ള വ്ലാഡിമിര്‍ സെലൻസ്‌കിയുടെ ധീര നിലപാടുകളുമാണ്. ലോകത്തെ സമാധാനകാംക്ഷികളെ ആശങ്കയിലാഴ്ത്തുന്ന ഈ യുദ്ധത്തിന്റെ ഉത്തരവാദിത്തം വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ റഷ്യയ്ക്കല്ല, മറിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് തന്നെയാണ്.
നാറ്റോയെ യൂറോപ്പിന്റെ തന്ത്രപ്രധാന മേഖലകളിലേക്ക് വ്യാപിപ്പിക്കാനും റഷ്യയെ വളയാനുമുള്ള നീക്കം മുന്നോട്ട് പോയതാണ് ഇത്തരമൊരു സംഘർഷസ്ഥിതിയിലേക്ക് എത്തിച്ചത്. നാറ്റോയുടെ സ്വാധീനമേഖല റഷ്യയുടെ അതിർത്തി വരെ എത്തിക്കുകയും, റഷ്യയെ സൈനികസുരക്ഷയ്ക്ക് ഭീഷണിയൊരുക്കാന്‍‍ പറ്റുന്ന വിധത്തിലാക്കുകയും ചെയ്യുക എന്ന അമേരിക്കയുടെ അജൻഡയാണ് യുക്രൈന്‍ പ്രശ്നത്തിന്റെ കാതല്‍. യുക്രൈനിലെ ദേശീയ വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയപ്പോരുകളും ആഭ്യന്തര കലഹങ്ങളുമെല്ലാം ഇതിനു പറ്റിയ അന്തരീക്ഷമൊരുക്കാന്‍ സാമ്രാജ്യത്വം സൃഷ്ടിച്ചെടുത്തു. നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനം റഷ്യയ്ക്ക് ഭീഷണിതന്നെയാണ്. സോവിയറ്റ് യൂണിയന്‍ തകർക്കപ്പെട്ടതിനെ തുർന്ന്‌ രൂപംകൊണ്ട പ്രശ്നമാണത്. സോവിയറ്റ് യൂണിയന്റെ പതനത്തില്‍ ആ രാജ്യത്തെ ആന്തരികമായ ഒട്ടേറെ പ്രശ്നങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും അമേരിക്കയ്ക്ക് അതിലുള്ള പങ്ക്-അമേരിക്ക നടത്തിയ പ്രചാരണ യുദ്ധം, വിവിധ വംശീയ-ഭാഷാ-മത വിഭാഗങ്ങൾക്ക്‌ നല്കിയ ഒത്താശകള്‍ മറക്കാനാവുന്നതല്ല.
1917ലെ മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിനുമുമ്പ് ഇന്നത്തെ ഉക്രൈന്‍ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഭൂപ്രദേശമായി പോളണ്ടിന്റെയും സാര്‍ ചക്രവർത്തിമാർക്ക്‌ കീഴിലുള്ള റഷ്യന്‍ സാമ്രാജ്യത്തിന്റെയും കൈവശമായിരുന്നു. ഒക്ടോബര്‍ വിപ്ലവത്തിൽനിന്ന്‌ ആവേശമുൾക്കൊണ്ട ഉക്രൈൻ ജനത തങ്ങളുടെ സ്വാതന്ത്ര്യത്തിനായി കലാപത്തിനിറങ്ങി. അങ്ങനെ ഉക്രൈന്‍ പീപ്പിൾസ്‌ റിപ്പബ്ലിക് രൂപീകരിക്കപ്പെട്ടു. 1922ല്‍ സോവിയറ്റ് യൂണിയന്‍ രൂപീകരണത്തിനുശേഷമാണ് ഉക്രൈനിന്റെ ചരിത്രം ശരിക്കും ആരംഭിക്കുന്നത്. സോവിയറ്റ് യൂണിയന്‍ തകർക്കപ്പെട്ടതിനെ തുടർന്ന്‌ വിവിധ പ്രവിശ്യകള്‍ സ്വതന്ത്ര രാജ്യങ്ങളായി 1990കളില്‍ വഴിപിരിഞ്ഞപ്പോള്‍ സോവിയറ്റുകാലത്തെ അതേ അതിർത്തി തുടർന്നു. റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ പാർത്തിരുന്ന പ്രദേശങ്ങള്‍ കൂടി ഉക്രൈനില്‍ ഉൾപ്പെടുത്തിയിരുന്നു. സോവിയറ്റ് യൂണിയനിൽനിന്ന്‌ ഉക്രൈന്‍ വേറിട്ടുപോകാനുള്ള പ്രക്ഷോഭം അഴിച്ചുവിടുന്നതിനായി അമേരിക്ക റേഡിയൊ ലിബർട്ടിയിലൂടെ ഈ പ്രദേശത്ത് നുണ പ്രചരണങ്ങള്‍ നടത്തുകയും തീവ്രദേശീയ വികാരം ഇളക്കിവിടുകയും ചെയ്തിരുന്നു. രണ്ടാംലോക യുദ്ധകാലത്ത് നാസികൾക്കെതിരായി ധീരോദാത്തമായി പൊരുതിയ സോവിയറ്റ് സൈന്യത്തെ അപഹസിക്കുന്നതിനും നാസികൾക്കൊപ്പം ചേർന്ന ഒറ്റുകാരെ മഹത്വവല്ക്കരിക്കുന്നതിനും പ്രചരണം ലക്ഷ്യമിട്ടു. ഇത്തരം പ്രചരണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതാണ് യുക്രൈനിലെ പ്രശ്നങ്ങള്‍. ഇന്നത്തെ യുക്രൈനില്‍ പ്രധാനമായും രണ്ടു ചേരികളാണുള്ളത്. ഒന്ന് യുക്രൈന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളും രണ്ട് പരമ്പരാഗതമായിത്തന്നെ റഷ്യയോട് ഉറ്റ ബന്ധം പുലർത്തുന്ന കിഴക്കന്‍ പ്രദേശങ്ങളും. ഈ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ വംശജരാണ് ജനസംഖ്യയില്‍ ഗണ്യമായ വിഭാഗം. ഇതൊക്കെ ചേർത്തുള്ള സമവാക്യങ്ങളാണ് യുക്രെയിന്‍ ഭരണം ആർക്കെന്ന് നിർണയിച്ചിരുന്നത്.
സോവിയറ്റ് ഭീഷണി ചൂണ്ടിക്കാട്ടിയാണ് യൂറോപ്പിലെറോപ്പിലെ മുതലാളിത്ത രാജ്യങ്ങളെയെല്ലാം കൂട്ടിച്ചേർത്ത്‌ അമേരിക്ക നാറ്റോ സൈനിക സഖ്യം രൂപീകരിച്ചത്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ നാറ്റോയ്ക്ക് ബദലായിരുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ വാഴ്സ സഖ്യം പിരിച്ചുവിട്ടതോടെ നാറ്റോയും പിരിച്ചുവിടപ്പെടുമെന്നാണ് ലോകജനത കരുതിയത്. അതിന് കാരണവുമുണ്ട്, മുതലാളിത്ത സാമൂഹ്യ-സാമ്പത്തിക ക്രമത്തിന്റെ സംരക്ഷണത്തിനായാണ് സഖ്യം നിലനിന്നിരുന്നത്. പക്ഷേ “നാറ്റോയുടെ അധികാര പരിധി കിഴക്കോട്ട് ഒരിഞ്ചുപോലും വ്യാപിപ്പിക്കില്ല” എന്ന ഉറപ്പ് ബെർലിന്‍ മതില്‍ തകർത്ത്‌ തിരുത്തി, രണ്ട് ജർമനികളേയും ലയിപ്പിച്ച് കിഴക്കന്‍ ജർമനിക്കപ്പുറത്തേക്കും പ്രവർത്തനം നീട്ടുകയും ചെയ്തു. കൂടുതല്‍ കിഴക്കോട്ടേക്ക്-മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളായ പോളണ്ടിനെയും ചെക്കോസ്ലോവാക്യയെയും ഹംഗറിയെയും നാറ്റോയില്‍ ചേർക്കുകയും ചെയ്തു. ഈ രാജ്യങ്ങളിലേക്ക് യഥേഷ്ടം പണമൊഴുക്കി മുതലാളിത്ത സാമ്പത്തികക്രമത്തിന്റെ സംരക്ഷണം മാത്രമല്ല അതിന്റെ കയറ്റുമതിയും ലക്ഷ്യമിട്ടു. റഷ്യയും കിഴക്കന്‍ യൂറോപ്യന്‍, മധ്യേഷ്യന്‍ രാജ്യങ്ങളിലുമൊക്കെ സോഷ്യലിസത്തെ തകർത്തപ്പോള്‍‍ പകരം സ്ഥാപിതമായത് മുതലാളിത്തമാണ്. ഭരണത്തിന്റെ കടിഞ്ഞാണ്‍ കൈവിടാതിരിക്കാനുള്ള തിരക്കഥയും അമേരിക്കന്‍ പണിപ്പുരകള്‍ തയ്യാറാക്കി വന്നു. 1993ല്‍ റഷ്യന്‍ പ്രസിഡന്റ് ബോറിസ് യത്സിന്‍ പട്ടാളത്തെ അയച്ച് പാർലമെന്റ് വളഞ്ഞുവെയ്ക്കാനും യൽസിന്‍ കൊണ്ടുവന്ന നവലിബറല്‍ സാമ്പത്തികനയം പിൻവലിക്കണമെന്ന പ്രമേയം പാസാക്കാന്‍ ഉറച്ചുനില്ക്കുകയാണെങ്കില്‍ പാർലമെന്റ്് കൂടുന്ന വൈറ്റ്ഹൗസിനുനേരെ വെടിയുതിർക്കാനും ഉത്തരവ് നല്കിയത് അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്റെ നിർദേശാനുസരണം ആയിരുന്നു. ഇത്തരത്തില്‍ ബലപ്രയോഗത്തിലൂടെ നവലിബറല്‍ ക്രമം ലോകത്തിനുമേല്‍ അടിച്ചേൽപ്പിക്കാനുള്ള സാമ്രാജ്യത്വനീക്കത്തിന്റെ ഭാഗം തന്നെയാണ് ഇന്നത്തെ യുക്രെയിന്‍ പ്രതിസന്ധിക്കും കാരണം.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈനെയും ജോർജിയയെയും നാറ്റോയില്‍ ഉൾപ്പെടുത്തിക്കഴിഞ്ഞാല്‍ റഷ്യയുടെ പടിവാതുക്കൽത്തന്നെ നാറ്റോ സാന്നിധ്യം ഉറപ്പാക്കാനാകും. ചൈനയ്ക്ക് പിറകേ റഷ്യയും സാമ്പത്തിക ശക്തിയായി ഉയരുന്നതും ഇവര്‍ ചേർന്നുള്ള ഒരു അച്ചുതണ്ട് രൂപപ്പെടുന്നതും ഇത് വഴി ബഹുധ്രുവ ലോകത്തിന്റെ സ്വാധീനം ശക്തിപ്പെടുന്നതും തടയാന്‍ തങ്ങളുടെ മിസൈല്‍ റേഞ്ചിലേക്ക് റഷ്യയെ എത്തിക്കുന്നതിനുള്ള ശ്രമത്തിനായാണ് കീവിനെ അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി യുക്രെയിനിലെ പ്രവിശ്യകളിലെ ആഭ്യന്തര പ്രശ്നങ്ങളും ആയുധമാക്കി. 2014 മുതല്‍ അമേരിക്കയിൽനിന്നുള്ള ഏറ്റവും വലിയ സൈനിക സഹായം ലഭിക്കുന്ന രാജ്യമാണ് ഉക്രൈന്‍-250 കോടി ഡോളര്‍. ഉക്രൈന്‍ നാറ്റോയില്‍ ചേരുന്നതില്‍ മറ്റൊരു രാജ്യം എന്തിനെതിർക്കണം എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരാം. അമേരിക്കയോടടുത്തുകിടക്കുന്ന കാനഡയോ മെക്സിക്കോയോ ചൈനയുമായോ റഷ്യയുമായോ ഒരു സൈനിക കൂട്ടുകെട്ടുണ്ടാക്കിയാല്‍ എന്താകും അമേരിക്കയുടെ പ്രതികരണം? തങ്ങളുടെ താല്പര്യങ്ങൾക്കായി രാജ്യങ്ങളുടെ നയതന്ത്ര ബന്ധങ്ങളിലും ആഭ്യന്തരകാര്യങ്ങളില്‍ പോലും കൃത്യമായി ഇടപെടല്‍ നടത്തുന്ന സമീപനമാണ് അമേരിക്കയില്‍ നിന്ന് നാളിത് വരെ ഉണ്ടായിട്ടുള്ളത്. അതിന് സാധ്യമാകുന്ന വിധത്തില്‍ ലോകസുരക്ഷ ചൂണ്ടിക്കാട്ടിയുള്ള കള്ളപ്രചരണങ്ങളും കൊണ്ട് പിടിച്ച് നടത്തിയതിന്റെ അനുഭവമാണ് മധ്യേഷ്യയില്‍ നാം കണ്ടത്.
ഫെബ്രുവരി 24ന് വ്യോമാക്രമണം തുടങ്ങിയതോടെ ഒട്ടനവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ജനവാസ കേന്ദ്രങ്ങള്‍ അക്രമിക്കില്ല എന്ന റഷ്യന്‍ വാദം തെറ്റാണെന്ന് ചിത്രങ്ങള്‍ പറയുന്നു. ഉപരോധത്തിനപ്പുറത്തേക്ക് യുദ്ധത്തില്‍ കക്ഷി ചേരുന്നതില്‍ നിന്നും നാറ്റോ തന്ത്രപരമായി മാറി നിന്നത് യുക്രെയിന്‍ പ്രതീക്ഷകള്‍ തെറ്റിച്ചു. മൂന്നാം ലോകയുദ്ധത്തിന്റെ സാധ്യതകള്‍ ഇല്ലാതായെങ്കിലും ആണവയുദ്ധ ഭീഷണി ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ചർച്ചകൾക്ക്‌ സാധ്യതകള്‍ തുറന്ന് കിടക്കുമ്പോള്‍ തന്നെ റഷ്യയുടെ ഏകപക്ഷീയ നീക്കങ്ങൾക്കെതിരേയും ജനതയെ ദുരിതത്തിലേക്ക് തള്ളിവിടുന്ന യുദ്ധത്തിനെതിരെയും ലോകം മനസ്സ് തുറക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി രാജ്യമാണ് റഷ്യ. ഗോതമ്പ് കയറ്റുമതിയിൽ ഉക്രയ്ൻ നാലാം സ്ഥാനത്ത് നിൽക്കുകയും ചെയ്യുന്നു. വൻതോതിൽ ചോളവും ഇവിടെനിന്ന് കയറ്റുമതി ചെയ്യപ്പെടുന്നു. ലോകരാജ്യങ്ങൾ ഏറ്റുമധികം ഉപയോഗിക്കുന്ന സൂര്യകാന്തി എണ്ണയുടെ പ്രധാന ഉൽപാദകരും ഈ രാജ്യങ്ങളാണ്. ഇന്ത്യയിലേക്ക് എത്തുന്ന സൂര്യകാന്തി എണ്ണയുടെ 70 ശതമാനവും ഉക്രയ്നിൽ നിന്നാണ്. 20 ശതമാനം എത്തുന്നത് റഷ്യയിൽ നിന്നും. ലോകത്തിലെ പ്രധാന അസംസ്കൃത എണ്ണ ഉത്പാദക, കയറ്റുമതി രാഷ്ട്രം കൂടിയാണ് റഷ്യ. കരിങ്കടലിന്റെ കിഴക്കൻ മേഖലയിലുള്ള റഷ്യയുടെയും അസൈർബജാന്റെയും കസാക്കിസ്ഥാന്റെയും തുറമുഖങ്ങളില്‍ നിന്ന് വൻതോതിൽ ക്രൂഡ് ഓയിലും പ്രകൃതി വാതകവും വിവിധ പെട്രോളിയം ഉത്പന്നങ്ങളും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. യൂറോപ്പിന് ആവശ്യമുള്ള എണ്ണയുടെ മൂന്നിലൊന്നും നൽകുന്നത് റഷ്യയാണ്. അതുകൊണ്ട് തന്നെ കരിങ്കടലിൽ കപ്പലോട്ടം നിലച്ചാൽ വിവിധ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും. വിലകള്‍ കുതിച്ചുയരും.
ലോകത്തെ സംഭവവികാസങ്ങളെ സാകൂതം വിലയിരുത്തുന്ന തൊഴിലാളിവർഗം ഇവിടെ ഏത് പക്ഷം എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. യുദ്ധത്തിന്റെ കാരണങ്ങളും യുദ്ധത്തിന്റെ പരിണിതിയും വെച്ചുകൊണ്ടേ അതിന് മറുപടി രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. രണ്ട് മുതലാളിത്ത രാജ്യങ്ങള്‍ തമ്മിലാണ് യുദ്ധം നടക്കുന്നത്. യുദ്ധമുഖത്ത് നിന്ന് മാറി നില്കുമ്പോഴും വിവിധ രാജ്യങ്ങളുടെ നിലപാടുകളിലൂടെയുള്ള പക്ഷം ചേരല്‍ ഉണ്ടായിട്ടുണ്ട്. റഷ്യയുടെ രാജ്യ സുരക്ഷയും നിലപാടുകള്‍ എടുക്കാനുള്ള യുക്രെയിനിലെ ജനാധിപത്യ ഗവണ്മെന്റിന്റെ സ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷത്തിനുപരി സാമ്രാജ്യത്വത്തിന്റെ ആധിപത്യലക്ഷ്യവും മുതലാളിത്തത്തിന്റെ വിപണി ലക്ഷ്യവും ആണ് യുദ്ധത്തിലേക്ക് വഴിതുറന്നിരിക്കുന്നത്. നിരപരാധികളുടെ ചോരയാണ് ഇത് വഴി ചാലിടുന്നത്. യുദ്ധം സാധാരണക്കാരന് സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്. സാമ്പത്തിക മുരടിപ്പും വിലക്കയറ്റവും വിഭവങ്ങളുടെ ക്ഷാമവും വഴി ലോകമാകമാനമുള്ള തൊഴിലാളികളെ കൂടുതല്‍ കഷ്ടതകളിലേക്കാണ് ഈ യുദ്ധം തള്ളിവിടുന്നത്. മുതലാളിത്ത താല്പര്യങ്ങളാല്‍ മാത്രം സൃഷ്ടിക്കപ്പെടുന്ന സംഘർഷങ്ങൾക്കെതിരെ ലോകത്തെങ്ങുമുള്ള അധ്വാന വർഗത്തിന്റെ ഐക്യനിര രൂപപ്പെടുത്തുക എന്നതാണ് തൊഴിലാളിപക്ഷ നിലപാട്.