വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു. ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ് നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. അടിയന്തരജോലികളെ ഒഴിവാക്കി. സംയുക്ത കിസാൻ മോർച്ചയടക്കമുള്ള കർഷക, ട്രേഡ് യൂണിയൻ സംഘടനകളും വൈദ്യുതി ജീവനക്കാരുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ–-കർഷക വിരുദ്ധ–-തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകരും കർഷകത്തൊഴിലാളികളും രാജ്യവ്യാപകമായി പ്രതിഷേധിച്ചു. സിഐടിയു, അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനുകളാണ് ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. വിനാശകരമായ വൈദ്യുതി ബിൽ പിൻവലിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. സമരകേന്ദ്രങ്ങളിൽ ബില്ലിന്റെ പകർപ്പ് കത്തിച്ചു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകൾ ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധ യോഗം സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്‌ഘാടനം ചെയ്‌തു. കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്, സിഐടിയു ഡൽഹി സംസ്ഥാന പ്രസിഡന്റ് വീരന്ദർ ഗൗർ എന്നിവർ സംസാരിച്ചു.
8ന് ലോകസഭയിലും 10ന് രാജ്യസഭയിലും ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ വൈദ്യുതി മേഖലാ സ്വകാര്യവത്കരണ നീക്കത്തിനെതിരെ രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ തൊഴിൽ ബഹിഷ്കരിച്ച് സമരത്തിലാണ്. ബില്ലിനെ ലോക്സഭയിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർത്തു. സഭയ്ക്ക് അകത്തും പുറത്തും നടക്കുന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുകയായിരുന്നു.
തിരുവനന്തപുരം വൈദ്യുതി ഭവനിൽ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് നടത്തിയ തൊഴിലാളി ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെഎസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.