ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ നല്‍കുന്ന ആവേശം

214


ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ ഒരിക്കൽക്കൂടി ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ ആത്മാഭിമാനം വാനോളം ഉയർത്തിയിരിക്കുന്നു. ചരിത്ര വിജയം നേടിയ ആ പോരാട്ടത്തെ കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ അഭിവാദ്യം ചെയ്യുന്നു. എസ്‌മയും എൻഎസ്‌എ യും കാട്ടി ഭീഷണിപ്പെടുത്തിയിട്ടും, കൂട്ടപിരിച്ചുവിടൽ ഉൾപ്പെടെ ഒട്ടനവധി മർദ്ദനമുറകൾ പ്രയോഗിച്ചിട്ടും പതറാതെ, ചങ്കുറപ്പോടെ മുന്നേറി നേടിയ ഈ വിജയം ഇന്ത്യയിലെ വൈദ്യുതി തൊഴിലാളികളെ മാത്രമല്ല, തൊഴിലാളിവർഗ്ഗത്തിനെയാകെ ആവേശഭരിതരാക്കിയിരിക്കുന്നു. തീക്ഷ്‌ണമായ സമരാഗ്നിയോടൊപ്പം രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നു വന്ന ഐക്യദാർഢ്യവും അഹങ്കാരികളായ ഉത്തർപ്രദേശ് ഭരണാധികാരികളെ തൊഴിലാളികൾക്കുമുന്നിൽ മുട്ടുമടക്കാൻ നിർബന്ധിതരാക്കി. ഉത്തർ പ്രദേശിലെ വൈദ്യുതി മേഖല സ്വകാര്യമേഖലയ്ക്ക് വിൽപ്പന നടത്താനുള്ള മോദി-യോഗി കൂട്ടുകെട്ടിന്റെ നീക്കത്തിനെതിരെ, 2022 നവംബർ മാസം ഉത്തർപ്രദേശ് വിദ്യുത് കർമ്മചാരി സംയുക്ത സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഒത്തുതീർപ്പ് കരാർ ലംഘിച്ചുകൊണ്ട് യുപി പവർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള അൻപാറയുടെയും ഓപ്രയുടെയും രണ്ട് പുതിയ 800 മെഗാവാട്ട് ജനറേഷൻ യൂണിറ്റുകളും അനുബന്ധ ട്രാൻസ്മിഷൻ ആസ്തികളും വിൽക്കാൻ തീരുമാനിച്ചതാണ് തൊഴിലാളികളെ പൊടുന്നനെ ഒരു പണിമുടക്കിലേക്ക് തള്ളിവിട്ടത്. കരാർ വ്യവസ്ഥകൾ പാലിക്കണമെന്ന ആവശ്യത്തോടൊപ്പം, വിനാശകരമായ വൈദ്യുതി നിയമ ഭേദഗതി ബില്ല് 2022 പൂർണമായി പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി തൊഴിലാളികള്‍ മുന്നോട്ടുവച്ചു.
മാർച്ച് 16ന് രാവിലെ 10 മണിക്ക് ആരംഭിച്ച മൂന്നു ദിവസത്തേക്കുള്ള സൂചനാ പണിമുടക്ക്‌ സമാപിക്കുന്നതിനുമുൻപ് തന്നെ ഉത്തർപ്രദേശ് വൈദ്യുതി വകുപ്പു മന്ത്രി ശ്രീ. അരവിന്ദകുമാർ ശർമ്മ പത്രസമ്മേളനം നടത്തി തൊഴിലാളികളെ പിരിച്ചുവിട്ടത് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. 2022 ഡിസംബറിൽ ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ അടിയന്തിരമായി നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ കരുത്തിന്റെ പ്രഖ്യാപനം കൂടിയാണ്. തൊഴിലാളി വർഗ്ഗം ഐക്യത്തോടെ നിലയുറപ്പിച്ചാൽ എത്ര ശക്തനായ ഭരണാധികാരിയുടേയും ജനവിരുദ്ധ നയങ്ങൾ തിരുത്തിക്കാൻ കഴിയുമെന്ന് ഓർമ്മിപ്പിക്കുകയുമാണ് ഈ സമരം.
കർണാടകയിലെ വൈദ്യുതി വിതരണ-പ്രസരണ കമ്പനികളായ ബെസ്കോമിലേയും, കെ.പി.ടി.സി.എൽ ലേയും ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ കർണാടക സർക്കാർ നടപ്പിലാക്കാതെ മാറ്റിവച്ചതിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഒത്തുതീർപ്പിലായി. തൊഴിലാളികളുടെ തടഞ്ഞുവയ്ക്കപ്പെട്ട ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നു വൈദ്യുതി വകുപ്പുമന്ത്രി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന തൊഴിലാളികളുടെയും ഓഫീസർമാരുടേയും നിരന്തരമായ ആവശ്യം അവഗണിച്ചുകൊണ്ടിരുന്ന കർണാടക സർക്കാരിനോടുള്ള കടുത്ത പ്രതിഷേധവുമായി അറുപതിനായിരത്തോളം വരുന്ന തൊഴിലാളികളും നാൽപ്പതിനായിരത്തോളം പെന്‍ഷന്‍കാരും ഉയർത്തിവിട്ട സമരാഹ്വാനത്തിനു മുന്നിൽ കീഴടങ്ങുകയല്ലാതെ ബി.ജെ.പി സർക്കാരിന് മറ്റ് വഴിയുണ്ടായില്ല.
നവലിബറല്‍ നയങ്ങള്‍ക്കെതിരെ കേരളം സൃഷ്ടിച്ച ബദലും പ്രതിരോധവും മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ മാതൃകയാക്കുന്നതില്‍ നമുക്കും അഭിമാനിക്കാം. വൈദ്യുതി മേഖലയിലെ പോരാട്ടങ്ങള്‍ക്ക് ഇതു നല്‍കുന്ന കരുത്തും വലുതാണ്.