കൊച്ചി – ഇടമണ്‍ പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ 93 ശതമാനം മുടങ്ങിക്കിടക്കുമ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് അല്‍പം പ്രയാസം അനുഭവിക്കേണ്ടിവന്നവരെ കാര്യം ബോധ്യപ്പെടുത്താനും പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുമാണ് ശ്രമിച്ചത്. ചില പ്രത്യേക മേഖലകളില്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടായി. എന്നാല്‍, സര്‍ക്കാര്‍ ആര്‍ക്കും എതിരല്ലെന്ന് വ്യക്തമാക്കി. എതിര്‍ത്തവര്‍ക്കെല്ലാം പദ്ധതിയെ സംബന്ധിച്ച് പിന്നീട് ബോധ്യമായി. നമ്മുടെ നാടിന് ഒരുമാറ്റവുമുണ്ടാവില്ല എന്ന ശാപവാക്കുകള്‍ ചൊരിഞ്ഞവര്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യമായിരിക്കുന്നു.
നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിച്ചു. സമയബന്ധിതമായി അത് വിതരണം ചെയ്തു. ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.വൈദ്യുതി എത്തിക്കാനുള്ള പ്രശ്‌നവും പരിഹരിക്കപ്പെടുകയാണ്. കേന്ദ്ര പൂളില്‍ നിന്നും 2000 മെഗാവാട്ട് വരെ എത്തിക്കാന്‍ നമുക്ക് സാധിക്കും. പവര്‍കട്ടും ലോഡ് ഷെഡിംഗുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഇതുപകരിക്കും. പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി എത്തിക്കാന്‍ കഴിയുമെന്നതാണ് പദ്ധതി യാഥര്‍ഥ്യമായതിന്റെ പ്രധാന മെച്ചം.
എതിർപ്പുകളുടെ പേരിൽ മുൻ സർക്കാരുകൾ ഉപേക്ഷിക്കാൻ ഒരുങ്ങിയ പദ്ധതികൾ പലതും പൂർത്തീകരണ ഘട്ടത്തിലാണ് ഇപ്പോൾ. ഗെയിൽ പൈപ്പ് ലൈൻ മൂന്നു കിലോമീറ്റർ കൂടി മാത്രമാണ് പൂർത്തിയാകാനുളളത്. ദേശീയപാതയുടെ സ്ഥലമെടുപ്പു കാര്യവും അതു തന്നെ. എല്ലാ സർക്കാരുകളും ഒരുപോലെയാണെന്നും ഇവിടെ ഒന്നും നടക്കില്ലെന്നും ശപിച്ചവർക്ക് ഇപ്പോൾ ഒരു കാര്യം ബോധ്യം വന്നിട്ടുണ്ട്. നാടിന്റെ താൽപര്യം സംരക്ഷിക്കുന്നതിൽ ഈ സർക്കാരിന് മറ്റൊന്നും തടസ്സമായി നിൽക്കില്ലെന്ന് അവർക്കു മനസ്സിലായി.
എല്ലാവരുടേയും സഹരണവും പിന്തുണയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും വേണം. വൈദ്യുതി മേഖല മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തിച്ചുപോരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം ഉറപ്പു വരുത്തുന്ന പദ്ധതികളിൽ ചില പ്രശ്നങ്ങൾ ജനങ്ങൾക്കു നേരിടേണ്ടി വരും. അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക എന്നതിനപ്പുറം എതിർപ്പിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കലല്ല സർക്കാർ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി..
വൈദ്യുതിമന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ വികസനം സാധ്യമാകുമെന്നതിന്റെ തെളിവാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.രാജു, എം.എൽ.എ.മാരായ ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, രാജു എബ്രഹാം, മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ. ബി.അശോക്, ജില്ലാ കളക്ടർ പി.ബി.നൂഹ് തുടങ്ങിയവർ സംസാരിച്ചു.