വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല

498

ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി എന്ന് കരുതുന്നവര്‍ക്ക് വൈദ്യുതി നിയമഭേദഗതി ഏറെ ആകര്‍ഷകമാണ്.
ഡീ ലൈസൻസിംഗ് നടപ്പിലാക്കുന്നത് വഴി ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള കമ്പനിയുടെ വൈദ്യുതി വാങ്ങാൻ കഴിയും എന്നും അതുവഴി കൂടുതൽ മത്സരക്ഷമതയും ഗുണമേന്മയും ഉള്ള വൈദ്യുതി ലഭ്യമാകും എന്ന ലളിതമായ വിപണിയുക്തിയാണ് അവരെ നയിക്കുന്നത്. എന്നാല്‍ ഇത് വൈദ്യുതിയുടെ കാര്യത്തിൽ തികഞ്ഞ പരാജയമാണെന്നത് അവര്‍ തിരിച്ചറിയുന്നില്ല.
അടിസ്ഥാനപരമായി വൈദ്യുതി എന്ന അന്തിമ ഉല്‍പ്പന്നത്തിന്റെ മേന്മ അത് ഉപഭോക്താവിലേക്ക് എത്തി ചേരുന്ന വൈദ്യുതി ലൈനിന്റെ മേൻമയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ വൈദ്യുതി ശൃംഖലയാകട്ടെ നിരന്തരമായ പരിപാലനവും നവീകരണവും ആവശ്യമുള്ള ഒന്നാണ്. അതാണ് വൈദ്യുതിയെന്ന ഉല്‍പ്പന്നത്തിന്റെ പ്രത്യേകത്. ഉദാഹരണത്തിന് നിങ്ങളുടെയോ എന്റെയോ വീട്ട് മുറ്റത്തേക്ക് വൈദ്യുതി എത്തിക്കുന്ന ലൈൻ നിലവിൽ ഏറ്റവും ആധുനികവും ഒട്ടുമേ തകരാർ സംഭവിക്കാത്തതും ആയാലും നാലോ അഞ്ചോ വർഷം കഴിഞ്ഞാൽ ആ പ്രദേശത്ത് സംഭവിക്കുന്ന ലോഡ് വർദ്ധനവ് കാരണം വൈദ്യുതി ലഭ്യമാക്കാൻ പര്യാപ്തമല്ലാതാകും.

ഉപഭോക്താക്കളുടെ വർധനവിന് ആനുപാതികമായി തുടർച്ചയായ നവീകരണത്തിന് വിധേയമാകുന്ന ഒരു വൈദ്യുതി ശൃംഖലക്ക് മാത്രമേ നിങ്ങൾക്ക് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കാൻ കഴിയൂ. അത് ചിലപ്പോൾ പുതിയ എല്‍.ടി. ലൈനുകൾ ആകാം പുതിയ
എച്ച്.ടി. ഫീഡറുകൾ ആകാം. പ്രദേശത്ത് വരുന്ന ഒരു പുതിയ സബ്‌സ്റ്റേഷൻ ആകാം. ഇത്തരത്തിൽ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന നവീകരണത്തിന്റെ ആകെത്തുകയാണ് വൈദ്യുതിയുടെ ഗുണമേന്മ നിശ്ചയിക്കുന്നത്. അത് വൈദ്യുതി മുടക്കത്തിന്റെ തോത് ആയും വോൾടേജ്‌ ആയും അനുഭവിക്കാൻ കഴിയുന്നതാണ്.

ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലേക്ക് പൊടുന്നനെ ഡീലൈസൻസിങ് കടന്നു വന്നാൽ എന്താകും സംഭവിക്കുക. ചെറിയ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കാം. കേന്ദ്ര സർക്കാർ ഇപ്പൊ മനസ്സിലാക്കി വച്ചിരിക്കുന്നത് പോലെ ഒരു ആമസോൺ ഡെലിവറി പ്രോഡക്റ്റ് ആണ് വൈദ്യുതി എന്ന് കരുതുക. ഒരു ബൈക്ക് പോകാൻ മാത്രം വീതിയുള്ള വഴിയുടെ അങ്ങേ അറ്റത്തുള്ള രണ്ടു വീടുകളിലേക്ക് ആമസോൺ വഴി ബൈക്കിൽ വൈദ്യുതി എത്തിക്കുന്നു എന്ന് കരുതുക. ഒരാളുടെ വീട്ടിൽ ഡെലിവറി ബോയ് വൈദ്യുതി എത്തിച്ചു തിരികെ പോവാൻ നേരത്താണ് രണ്ടാമത്തെ വീട്ടിലേക്ക് വൈദ്യുതിയുമായി രണ്ടാമത്തെ ഡെലിവറി ബോയ് ബൈക്കിൽ എത്തുന്നത് എന്ന് കരുതുക. ഒരു ബൈക്ക് മാത്രം പോവാൻ വഴിയുള്ള സ്ഥലത്ത് രണ്ടു പേരും ചലിക്കാൻ കഴിയാതെ നിൽക്കുകയാണ്. ഈ പ്രശ്നം മൂലം ഒരു വീട്ടിൽ മാത്രമാണ് കറണ്ട് ലഭ്യമല്ലാതെ പോകുന്നത് എന്ന് നിങ്ങൾ കരുതും. എന്നാൽ യാഥാർഥ്യം അതല്ല. ഈ രണ്ടു ഡെലിവറി ബോയിമാരും ചേർന്ന് വൈദ്യുതി എത്തിക്കേണ്ടിയിരുന്ന നൂറു കണക്കിന് വീടുകളെ ഇരുട്ടിലാക്കും.
ചുരുക്കത്തിൽ ഒരു ഉല്‍പ്പന്നം എന്ന നിലയിൽ വൈദ്യുതിയെ അതിന്റെ ശൃംഖലയില്‍ നിന്നും വേർതിരിച്ചു കാണാൻ കഴിയുകയില്ല. ആ ധാരണയിൽ പടച്ചുണ്ടാക്കുന്ന ഏത് മാർക്കറ്റിങ് പ്ലാനും തകർന്നു തരിപ്പണമാകും.. മാർക്കറ്റ് പരാജയപ്പെടും എന്നതിൽ കവിഞ്ഞു വൈദ്യുതി പോസ്റ്റുകളുടെയും ലൈനുകളുടെയും അറ്റകുറ്റപണികൾ നടത്തുന്ന കാര്യത്തിലും കൊടിയ ആരാജകത്വവും അപകട സാധ്യതയും ആണ് ഡീലൈസന്‍സിംഗ് കൊണ്ടു വരാൻ പോവുന്നത്. തുടർച്ചയായ നവീകരണം നടക്കാത്ത ഒരു വൈദ്യുതി ശൃംഖല അമിതമായ ലോഡ് കാരണം അപകടങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു മരണക്കിണറാണ്.
കർഷരുടെ കാര്യത്തിൽ മണ്ടി സിസ്റ്റം ഇല്ലാതാകുന്നത് എങ്ങനെ ബാധിക്കുമോ അതിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ ആണ് ഡീ ലൈസൻസിങ് മൂലം ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്.