കേരളത്തില്‍ പുതിയതായി ആരംഭിക്കുന്നതും, കെ.എസ്.ഇ.ബി നിലവില്‍ ഏറ്റെടുത്തിരിക്കുന്നതുമായ ജലവൈദ്യുതി പദ്ധതികൾ തെഹരി (THDCIL) – കെ എസ്സ് ഇ ബി സംയുക്ത കമ്പനി രൂപീകരിച്ച്, പ്രസ്തുത കമ്പനി വഴി മാത്രം പദ്ധതികൾ പൂർത്തീകരിക്കാൻ പവർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏകപക്ഷീയമായി നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത്തരം പദ്ധതി നിർമ്മാണത്തിന്റെ ഭാഗമായി സൃഷ്ടിക്കുന്ന ആസ്തികൾ പൂര്‍ണ്ണമായും പുതുതായി രൂപീകരിക്കുന്ന കമ്പനിയിലേക്കാണ് നിക്ഷേപിക്കേണ്ടതെന്നാണ് കരട് ധാരണാ പത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ സാധ്യത പരിശോധിക്കുന്നതിനായി, ഗവൺമെൻറ് നിർദ്ദേശമനുസരിച്ച്, തെഹരിയും ഉത്തരാഖണ്ഡ് ഗവൺമെൻറും സമാന രീതിയിൽ തയ്യാറാക്കിയ ധാരണാപത്രത്തിന്റെ പകർപ്പാണ് സൂചന ആയി എടുത്തിട്ടുള്ളത്. ഇത്തരത്തിൽ തെഹരിയുമായി സംയുക്ത കമ്പനി രൂപീകരിക്കുന്നതിലുള്ള കരട് ധാരണാപത്രം മുന്‍പ് തയ്യാറാക്കിയപ്പോഴും കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന നിലയിലല്ല ഈ ധാരണാപത്രം തയ്യാറാക്കപ്പെട്ടത്. ഉയര്‍ന്നു വന്ന വലിയ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ വലിയ പദ്ധതികൾ (25 മെഗാവാട്ടിന് മുകളിൽ ) കൺസൾട്ടൻസി മാതൃകയിൽ കെഎസ്ഇബി ആവശ്യപ്പെടുന്ന പക്ഷം സംയുക്ത കമ്പനിക്ക് നല്‍കാമെന്നും, പദ്ധതി നിർമ്മാണം പൂർത്തീകരിച്ചാൽ പദ്ധതി കെഎസ്ഇബിക്ക് നല്‍കാമെന്നും, പദ്ധതി നിർവഹണത്തിന്റെ പേരിൽ ഒരു തരത്തിലുമുള്ള ആസ്തി കൈമാറ്റം നടക്കില്ലെന്നും, സംയുക്ത കമ്പനിയിൽ കെ എസ്സ് ഇ ബിയുടെ ഇക്യുറ്റി കുറഞ്ഞത് 51% മാക്കണമെന്നും കെഎസ്ഇബി ഏറ്റെടുക്കാൻ തയ്യാറാകാത്ത പദ്ധതികൾ നിലവിൽ സ്വകാര്യ ഏജൻസികൾക്ക് നൽകുന്നത് സംയുക്ത കമ്പനിക്ക് ഏറ്റെടുത്തു നടത്താമെന്നും ഉൾപ്പടെയുള്ള നിബന്ധനകള്‍ വൈദ്യുതി ബോര്‍ഡിന്റെ ആവശ്യപ്രകാരം ധാരണാപത്രത്തിലുള്‍പ്പെടുത്തിയിരുന്നു.
എന്നാൽ മേല്‍പ്പറഞ്ഞ നിബന്ധനകള്‍ തെഹരിക്ക് സമ്മതമല്ല എന്നറിയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോൾ പവര്‍ സെക്രട്ടറി തലത്തിൽ പുതിയ ധാരണാപത്രത്തിന് വൈദ്യുതി ബോര്‍ഡിനെ നിർബന്ധിക്കുന്നത്. നേരത്തെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പിലാക്കാനാണ് സംയുക്ത കമ്പനി സഹായം തേടിയിരുന്നതെങ്കിൽ, ഇപ്പോൾ ഗവൺമെന്റിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ കെ എസ് ഇ ബി ചെയ്യുന്ന മുഴുവൻ ജലവൈദ്യുതി പദ്ധതികളും (നിലവിൽ റെഗുലേറ്ററി കമ്മീഷന്റെ മുൻപിലിരിക്കുന്ന എക്സ്റ്റൻഷൻ പദ്ധതികൾ ഉൾപ്പെടെ) സംയുക്ത കമ്പനി ആയിരിക്കും നടപ്പിലാക്കുന്നത്. കരട് ധാരണാപത്ര പ്രകാരം സംയുക്ത കമ്പനിയിൽ തെഹരിക്ക് 74 ശതമാനം ഓഹരിയും കെ എസ്സ് ഇ ബി ക്ക് 26 ശതമാനം ഓഹരിയുമായിരിക്കും. സംയുക്ത കമ്പനി രൂപകരിച്ച് അഞ്ചുവർഷത്തിനു ശേഷം ഓഹരി കൈമാറ്റം നടപ്പിലാക്കാം. അതായത് കെഎസ്ഇബി ചെയ്യാൻ ഉദ്ദേശിക്കുന്ന എക്സ്റ്റൻഷൻ പദ്ധതികൾ, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ എന്നിവ സംയുക്ത കമ്പനി ഏറ്റെടുക്കുകയും അഞ്ചുവർഷത്തിനുശേഷം തെഹരിയുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കുകയുമാണെങ്കിൽ, ഈ പദ്ധതികൾക്കായി ഏറ്റെടുത്ത കെ.എസ്.ഇ.ബി യുടെ ആസ്തി മുഴുവനും സ്വകാര്യ കമ്പനികളുടെ ഭാഗമായി മാറുകയും ചെയ്യും.