ജീവനക്കാരുടെ ഐക്യത്തെയും ശക്തിയെയും ആരും വിലകുറച്ചു കാണരുത്- എ.കെ ബാലന്‍

147
2010 ഫെബ്രുവരി 16 എന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസമാണ്. ഇന്ത്യയിലാദ്യമായി ഒരു ജില്ല, പാലക്കാട് പൂർണമായി വൈദ്യുതീകരിച്ച് ചരിത്രം സൃഷ്ടിച്ചത് ഈ ദിവസമാണ്. അന്നത്തെ യു പി എ ഗവണ്മെന്റിലെ ഊർജ വകുപ്പ് മന്ത്രി ശ്രീ. സുശീൽകുമാർ ഷിൻഡെ 50000 ത്തോളം വരുന്ന ജനങ്ങളെ സാക്ഷിയാക്കി രാവിലെ ഒൻപതര മണിക്കാണ്, ഒറ്റപ്പാലത്ത് കമനീയമായി തയാറാക്കിയ വിശാലമായ വേദിയിൽ വച്ച് ചടങ്ങ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തത്. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. 40 മിനിറ്റ് നീണ്ടുനിന്ന കേന്ദ്രമന്ത്രിയുടെ പ്രസംഗം ശ്രദ്ധേയമായി. ജനങ്ങളുടെ ആവേശത്തിൽ മതിമറന്ന് കേന്ദ്രമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചു. വൈദ്യുതി മേഖലയിൽ കേരള ഗവണ്മെന്റിന്റെ നേട്ടങ്ങളെക്കുറിച്ചും വൈദ്യുതി വകുപ്പിന്റെ ഇടപെടലുകളെക്കുറിച്ചും വളരെ ആവേശത്തോടെയാണ് അദ്ദേഹം ഓർമപ്പെടുത്തിയത്. അന്നത്തെ പ്രതിപക്ഷ നേതാവ് ബഹു. ഉമ്മൻ‌ചാണ്ടി, മന്ത്രിമാരായ പാലോളി മുഹമ്മദുകുട്ടി , കെ പി രാജേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസഹാക്ക്, ജില്ലയിലെ പ്രിയപ്പെട്ട എം എൽ എമാർ തുടങ്ങിയവരുടെ സാന്നിധ്യം ഉദ്‌ഘാടന വേദിയിൽ ഉണ്ടായിരുന്നു. ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം അട്ടപ്പാടി മൂലഗംഗൽ ആദിവാസി ഊരിലെ ആദിവാസികളുടേതായിരുന്നു.
മൂലഗംഗൽ ഊരിന്റെ പ്രത്യേകത എടുത്തുപറയേണ്ടതാണ്. വൈദ്യുതി വകുപ്പിന് പുറമേ പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ ക്ഷേമ വകുപ്പിന്റെയും ചുമതല ഞാൻ വഹിച്ചിരുന്നു. ആദിവാസി ഊരുകൾ സന്ദർശിച്ച് , അവരോടൊപ്പം താമസിച്ച് , അവരുടെ ഭക്ഷണം കഴിച്ച് അവരോടൊപ്പം ജീവിച്ച ഒരു സന്ദർഭമുണ്ടായിരുന്നു. ഇതിനു പാലക്കാട് ജില്ലയിൽ തുടക്കം കുറിച്ചത് തമിഴ്‌നാടിനോട് അടുത്തുകിടക്കുന്ന മൂലഗംഗൽ ഊരിലാണ്. അതുവരെ വൈദ്യുതി വെളിച്ചം കാണാത്ത ആദിവാസികളായിരുന്നു അവർ. വന്യമൃഗങ്ങളുടെ സാന്നിധ്യം കൊണ്ടും ചില തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനമുള്ള സ്ഥലമെന്ന നിലയിലും പുറത്തുനിന്നുള്ളവർ അധികം പോകാത്ത സ്ഥലമായതിനാലും ഈ ഊരിൽ താമസിക്കുന്നതിന് സുരക്ഷാവിഭാഗം എതിരായിരുന്നു. നിർബന്ധത്തിന് വഴങ്ങിയാണ് അവസാനം അവർ സമ്മതം തന്നത്. അന്ന് അവിടേക്ക് സഞ്ചാരയോഗ്യമായ റോഡില്ല, വെള്ളമില്ല, വെളിച്ചമില്ല, അടച്ചുറപ്പുള്ള വീടില്ല, വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോകാനുള്ള സൗകര്യമില്ല. യാത്രാസൗകര്യം തീരെയില്ലാത്ത ഈ സ്ഥലത്ത് വളരെ ബുദ്ധിമുട്ടിയാണ് ചെന്നെത്തിയത്. ആദ്യം ഈ ഊരുകൾ വൈദ്യുതീകരിച്ചാണ് പാലക്കാട് ജില്ല സമ്പൂർണ വൈദ്യുതീകരണത്തിന് തുടക്കം കുറിച്ചത്. മറ്റ് അനുബന്ധ പശ്ചാത്തലസൗകര്യ പ്രവർത്തനങ്ങളും മൂലഗംഗലിൽ നടത്തി.അക്ഷരാർത്ഥത്തിൽ ആ പ്രദേശത്തെ മാറ്റിമറിച്ചു.
ഓവർസിയർ മുതൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വരെ ലുങ്കി ധരിച്ച് തൊഴിലാളികളുടെ വേഷത്തിൽ രംഗത്തുവന്ന് ദിവസങ്ങളോളം ഊരുകളിൽ തങ്ങിയാണ് വൈദ്യുതീകരണമെന്ന ദൗത്യം ഏറ്റെടുത്തത്. ആദ്യമായി വൈദ്യുതിവെട്ടം ഊരിലെത്തിയപ്പോൾ അത്ഭുതം കാണുന്ന അനുഭവമായിരുന്നു ആദിവാസികൾക്കുണ്ടായത്. അതിന്റെ ഗുണഭോക്താക്കളിൽ ചിലരാണ് കേന്ദ്ര ഊർജവകുപ്പ് മന്ത്രിയെ സ്റ്റേജിൽ വന്നുകണ്ട് അനുഭവം പങ്കുവെച്ചത്. ഇതിൽ ഷിൻഡേജി ഏറെ ആഹ്ലാദവാനായിരുന്നു. ഉദ്‌ഘാടനത്തിന് മൂന്ന് ദിവസം മുമ്പ് ഡൽഹിയിൽ നിന്ന് കേന്ദ്രമന്ത്രി എന്നെ വിളിച്ചു. ഉദ്‌ഘാടനത്തിനെത്താൻ കഴിയില്ലെന്നും പൂനയിൽ ഒരു പരിപാടിയുണ്ടെന്നും അറിയിച്ചു. അപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലായി. ഷിൻഡേജിയുമായി മാനസിക അടുപ്പമുള്ള ആളായിരുന്നു രമേശ് ചെന്നിത്തല. പിന്നീട് അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയതുകൊണ്ടാണ് ഈ ചടങ്ങിൽ മന്ത്രി ഷിൻഡെ പങ്കെടുത്തത്. പൂനയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ മുംബൈയിൽ വന്ന് അവിടെനിന്ന് വിമാന മാർഗം കൊച്ചിയിലെത്തി റോഡ്മാർഗം രാവിലെ കൃത്യം ഒൻപത് മണിക്കുതന്നെ ഷിൻഡേജി ഒറ്റപ്പാലം ഗസ്റ്റ് ഹൗസിലെത്തി. 50000 പേരാണ് ഒറ്റപ്പാലം പട്ടണത്തിൽ കേന്ദ്രീകരിച്ച് മന്ത്രിയെ വരവേറ്റത്. മന്ത്രി മുൻകൂട്ടി തയാറാക്കിയ പ്രസംഗം ഒഴിവാക്കി വാചാലമാകാൻ നിർബന്ധിക്കപ്പെട്ടു. അത് ഈ സദസിന്റെ പ്രത്യേകത കൊണ്ടായിരുന്നു. ഈ പരിപാടി വിജയിപ്പിക്കുന്നതിന് അന്നത്തെ ഒറ്റപ്പാലം എംഎൽഎ എം ഹംസ നടത്തിയ പ്രവർത്തനം പ്രത്യേകം ഓർക്കുകയാണ്.
ഇതിനെ തുടർന്നാണ് കേരളത്തിലെ മൂന്ന് ജില്ലകളും (തൃശൂർ, എറണാകുളം, ആലപ്പുഴ) 85 നിയമസഭാ മണ്ഡലങ്ങളും സമ്പൂർണ വൈദ്യുതീകരണം പൂർത്തീകരിച്ചത്. ഇതിൽ ഉമ്മൻചാണ്ടിയുടെ മണ്ഡലവും പെടും. എൽ ഡി എഫിന്റെ മാനിഫെസ്റ്റോയിൽ പോലും ഇല്ലാതിരുന്ന സമ്പൂർണ വൈദ്യുതീകരണം നിയമസഭയിൽ പ്രഖ്യാപിക്കുമ്പോൾ പ്രതിപക്ഷം പരിഹസിച്ചിരുന്നു. വി എസ് ഗവണ്മെന്റ്(2006-2011) അധികാരത്തിൽ വരുമ്പോൾ പുതുപ്പള്ളിയിലെ 40 ശതമാനം വീടുകളും വൈദ്യുതീകരിച്ചിരുന്നില്ല. വി എസ് സർക്കാരിന്റെ കാലത്ത് 24 ലക്ഷം വൈദ്യുതി കണക്ഷൻ നൽകി. ഓരോ മണ്ഡലത്തിലും ശരാശരി 150 ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു. 25000 ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചതുവഴി സ്റ്റാറ്റ്യൂട്ടറി വോൾടേജ് ഉറപ്പുവരുത്തി. 4500 കോടി രൂപ കെ എസ് ഇ ബിക്ക് അന്ന് കടമുണ്ടായിരുന്നു. അത് 1500 കോടിയാക്കി ചുരുക്കി. ചരിത്രത്തിലാദ്യമായി രണ്ടു ശമ്പള പരിഷ്കരണം നടപ്പാക്കിയ ഗവണ്മെന്റ് ആയിരുന്നു അത്. കേന്ദ്ര സർക്കാരാകട്ടെ വൈദ്യുതി ബോർഡിനെ മൂന്നായി വിഭജിച്ച് സ്വകാര്യവൽക്കരിക്കാൻ നിർബന്ധം ചെലുത്തിയ ഘട്ടം. ഒരു ഘട്ടത്തിൽ വൈദ്യുതി ബോർഡിനെ അടച്ചുപൂട്ടേണ്ടിവന്നു. ഇതിനെയെല്ലാം അതിജീവിച്ച് വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ ഒറ്റ കമ്പനിയായി സംരക്ഷിച്ചു.
ഈ നേട്ടങ്ങളുടെയെല്ലാം പ്രധാനപ്പെട്ട ഒരു കാരണം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഒരുമയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് അവർ പ്രവർത്തിച്ചത്. ഒരു മികച്ച തൊഴിൽ സംസ്കാരം ഉയർത്തിക്കൊണ്ടുവരാനും അക്കാലത്ത് കഴിഞ്ഞു. അത് മറക്കാനാവില്ല. ഈ ഒരുമയെ തകർക്കരുത്. പൊതുപ്രവർത്തകരായാലും ബ്യൂറോക്രാറ്റുകളായാലും, ഈഗോ ബാധിച്ചാൽ ഒരു വല്ലാത്ത മാനസികാവസ്ഥയിലെത്തും. കെ എസ് ഇ ബിയിൽ ഇപ്പോൾ കാണുന്ന അവസ്ഥ ഒഴിവാക്കേണ്ടതായിരുന്നു. കെ എസ് ഇ ബി ആർക്കും ഒസ്യത്തായി കിട്ടിയ കുടുംബസ്വത്തല്ല. അത് നാടിന്റെ സമ്പത്താണ്. എനിക്ക് ശേഷം വൈദ്യുതി വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും പിന്നീട് വന്ന എം എം മണിയും കേരളത്തെ സമ്പൂർണ വൈദ്യുതീകരണത്തിലെത്തിച്ചു. യു ഡി എഫിന് കഴിയാതിരുന്നത് എൽ ഡി എഫിന് കഴിഞ്ഞു. ഇതിലുള്ള അസൂയ ചിലർക്കുണ്ടാകും. എന്നാൽ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്.
ഇപ്പോഴുള്ള വിവാദത്തിന് അടിസ്ഥാനമായ പദ്ധതികൾ തുടങ്ങിവെച്ചത് യു ഡി എഫ് ആണ്. 25 വർഷത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള 62000 കോടിയുടെ കരാറുണ്ടാക്കിയത് യു ഡി എഫാണ്. എൽ ഡി എഫ് അല്ല. 15000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കേരളത്തിലെ ഒരു പ്രമുഖ പത്രം എഴുതിയത് വായിച്ചാൽ നന്ന്. ഇത് എം എം മണിയുടെ കാലഘട്ടത്തിലല്ല. റെഗുലേറ്ററി കമീഷന്റെ തീരുമാനത്തെ മറികടന്നുകൊണ്ട് ഉണ്ടാക്കിയതാണ്. നിയമവിരുദ്ധമായ ഈ കരാർ. ഒരു വർഷം 600 കോടിയുടെ നഷ്ടമാണ് ആ കരാർ മൂലം ഉണ്ടായത്. ഈ പ്രശ്നം അന്നുതന്നെ ഞാൻ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവന്നതാണ്. അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇത് തിരിച്ചടിക്കുമെന്ന് ഓർമിപ്പിക്കുന്നു. അപ്പം കൊടുത്ത് പിണ്ണാക്ക് വാങ്ങാൻ നിൽക്കരുത്.
വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ ഐക്യത്തെയും ശക്തിയെയും ആരും വിലകുറച്ചു കാണരുത്. പ്രഗത്ഭരായ ചെയർമാൻമാർ ഇരുന്ന സ്ഥലമാണത്. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമാണ്. ജീവനക്കാരെ ശത്രുക്കളായി കാണരുത്. അവരോടു സംസാരിക്കണം. ചർച്ചയുടെയും സമവായത്തിന്റെയും വഴി സ്വീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണം. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും.
May be an image of 1 person, standing and text that says "ശ്രീഎ.കെ എ.കെ ബാലൻ മുൻ വൈദ്യുതി വകുപ്പ് മന്ത്രി ജീവനക്കാർ ഉന്നയിച്ചു ആവശ്യങ്ങൾ കക്ഷി രാഷ്ട്രീയത്തിന് അതീതമാണ്. ജീവനക്കാരെ ശത്രുക്കളായി കാണരുത്. അവരോടു സംസാരിക്കണം. ചർച്ചയുടെയും സമവായത്തിൻ്റെയും വഴി സ്വീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണം. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും."