ജനങ്ങൾക്ക് താങ്ങായി ജനകീയ സർക്കാർ – കോഴിക്കോട് വൈദ്യുതി അദാലത്ത്

196

ഒറ്റ ദിവസം തീർപ്പാക്കിയത് 1000 ലേറെ പരാതികൾ

ഉപഭോക്താവ് ഞങ്ങളുടെ രാജാവ് എന്നുറക്കെ പ്രഖ്യാപിക്കുന്ന കെ എസ് ഇ ബി യും ജാതിമതഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചേ തീരൂ എന്ന് ചങ്കുറപ്പോടെ തീരുമാനമെടുത്ത് നടപ്പാക്കി കാണിക്കുന്ന ഇടതുപക്ഷ സർക്കാരും ചേർന്നപ്പോൾ ഒറ്റ ദിവസം കൊണ്ട് ആയിരത്തിലേറെ പരാതികൾ പരിഹാരമായി കോഴിക്കോട് ജില്ലാ വൈദ്യുത അദാലത്ത്. ഉത്പാദന പ്രസരണ വിതരണ രംഗത്തെ പരാതികളെന്ന വ്യത്യാസമില്ലാതെ ജനങ്ങളുടെ പരാതിയാണോ തീർത്തിരിക്കും എന്ന വാശിയിൽ നടത്തിയ അദാലത്ത് ബഹു: വൈദ്യുതി മന്ത്രി ശ്രീ എം എം മണി ഉത്ഘാടനം ചെയ്തു.

ബഹു: എക്സൈസ് മന്ത്രി ശ്രീ ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
കെ എസ് ഇ ബി ചെയർമാൻ ശ്രീ എൻ എസ് പിള്ള അദാലത്തിനെ കുറിച്ച് വിശദീകരിച്ചു. മേയർ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായ ചടങ്ങിൽ ജില്ലയിലെ എംഎൽഎ ശ്രീ എ.പ്രദീപ് കുമാർ, വി.കെ.സി.മമ്മദ് കോയ, കാരാട്ട് റസാഖ്, പാറക്കൽ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി, കൗൺസിലർ പി. കിഷൻ ചന്ദ്, കെ എസ് ഇ ബി ഡയറക്ടർ വി.ശിവദാസൻ, മുക്കം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു

മാളുക്കുട്ടിയമ്മ എന്ന കക്കോടിയിൽ നിന്നുള്ള ഉപഭോക്താവിനെ പോലുള്ള ഒട്ടനവധി പേർ തങ്കളുടെ പ്രശ്ന പരിഹാരമായതിന് നന്ദി പറയുന്ന രംഗം കേരള ജനതക്ക് മറക്കാനാവുന്നതല്ല. പുതിയ ഒരു 110 കെവി സബ് സ്റ്റേഷൻ കൊയിലാണ്ടിയിൽ ആരംഭിച്ച് കൊയിലാണ്ടി ഭാഗത്തുള്ള വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ അദാലത്തിൽ ഉത്തരവിറക്കിയതിനു പുറമെ ഏകദേശം മൂന്നര കോടി രൂപയുടെ പ്രവർത്തനങ്ങൾ കെ എസ് ഇ ബി ചെലവു പ്രതീക്ഷിക്കുന്ന പ്രവർത്തികൾ അധികമായി ഏറ്റെടുത്തു. എങ്കിലും ഉപഭോക്താവിനു സേവനം ചെയ്ത സംതൃപ്തി ഓരോ കെ എസ് ഇ ബി സ്റ്റാഫിന്റെയും മുഖത്ത് പ്രതിഫലിച്ചിരുന്നു.

സ്റ്റേ ഇടാനും ലൈൻ വലിക്കാനും സമ്മതം നൽകുമ്പോൾ പിന്നീടൊരാവശ്യത്തിന് കെ എസ് ഇ ബി സ്വന്തം ചെലവിലും അത് ഉപകാരപ്രദമായി മാറ്റിതരുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങൾക്കും ഫീൽഡ് സ്റ്റാഫിനും ഒരു പോലെ ആത്മവിശ്വാസം വളർത്തി. ജില്ല മുഴുവൻ ഉൾപ്പെട്ട പരാതി ആയിരത്തിലൊതുങ്ങിയെന്നത് ജില്ലയിലെ കെ എസ്‌ ഇ ബി സ്റ്റാഫിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന്റെ പ്രതിഫലനമാണെന്ന മന്ത്രി ടി.പി.രാമകൃഷ്ണന്റെ വാക്കുകൾ തൊഴിലാളികൾക്ക് ആവേശമായി