വൈദ്യുതി ബോര്‍ഡിന്റെ നിക്ഷേപ പദ്ധതിയും താരിഫ് പെറ്റീഷനും

380

വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള എ.ആര്‍.ആര്‍ ആന്റ് ഇ.ആര്‍.സിയും താരീഫ് പെറ്റീഷനും സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി കെ.എസ്.ഇ.ബി. ലിമിറ്റഡ് ഉപഭോക്താക്കളുടേയും ബോര്‍ഡിലെ വിവിധ തൊഴിലാളി ഓഫീസര്‍ സംഘടനകളുടേയും അഭിപ്രായം തേടുകയുണ്ടായി. ജനുവരി 29നാണ് ഉപഭോക്തൃ വിഭാഗങ്ങളുടെ യോഗം നടന്നത്. ജനുവരി മുപ്പതിന് ബോര്‍ഡിലെ വിവിധ സംഘടനകളുടെ യോഗവും നടക്കുകയുണ്ടായി.
എ.ആര്‍.ആര്‍. ആന്റ് ഇ.ആര്‍.സി. അപേക്ഷയുടെ ഭാഗമായി 28419 കോടി രൂപയുടെ പദ്ധതിയാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ആര്‍.ഡി.എസ്.എസ്. അടക്കം 16733 കോടി രൂപയുടെ വിതരണ മേഖലാ പദ്ധതികളും 6556കോടി രൂപയുടെ പ്രസരണ പദ്ധതികളും 5131കോടി രൂപയുടെ ഉദ്പാദനമേഖലാ പദ്ധതികളുമാണ് ഇതിന്റെ ഭാഗമായി ഉദ്ദേശിച്ചിട്ടുള്ളത്.
19648 കോടി രൂപയുടെ റവന്യൂ ആവശ്യകതയാണ് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്. 21048 കോടി രൂപ, 21808 കോടി രൂപ, 22931 കോടി രൂപ, 24310 കോടി രൂപ എന്നിങ്ങനെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്കും നിശ്ചയിച്ചിരിക്കുന്നു. 22-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താവിലെത്തിക്കുന്നതില്‍ ആകെ ചെലവ് 7.30 രൂപ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് 2026-27 എത്തുമ്പോഴേക്കും 7.90 രൂപയായി വര്‍ദ്ധിക്കുമെന്നും കണക്കാക്കിയിരിക്കുന്നു. ഈ നിലയില്‍ 2809 കോടി രൂപയുടെ റവന്യൂ വിടവാണ് 2022-23 വര്‍ഷത്തേക്ക് കണ്ടിരിക്കുന്നത്. ഇത് 2026-27 ആകുമ്പോഴേക്കും 5135 കോടി രൂപയായി വര്‍ദ്ധിക്കുമെന്നും കണക്കാക്കിയിരിക്കുന്നു. ഈ വിടവുകള്‍ നികത്തുന്നതിനായി യൂണിറ്റിന് 1.13 രൂപ മുതല്‍ 1.74 രൂപ വരെയുള്ള നിരക്ക് വര്‍ദ്ധനവാണ് കെ.എസ്.ഇ.ബി. താരിഫ് പെറ്റീഷന്റെ ഭാഗമായി ആവശ്യപ്പെടുന്നത്.
വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച നിക്ഷേപ പദ്ധതിയില്‍ 8200 കോടി രൂപയും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇതിന്റെ ഭാഗമായുണ്ടാകുന്ന സാമ്പത്തികാഘാതം റവന്യൂ ആവശ്യകതയിലോ താരീഫ് പെറ്റീഷനിലോ ഉള്‍പ്പെടുത്തിയിട്ടില്ല. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുന്നതാണ്. എന്നാല്‍ ഇത് കേവലം 15% മാത്രമേ വരുകയുള്ളൂ. അത് ഒഴിവാക്കിയാലും 7000കോടിയോളം രൂപയുടെ സാമ്പത്തികച്ചെലവ് കെ.എസ്.ഇ.ബി.ക്ക് ഉണ്ടാകും. മീറ്ററുകള്‍ക്ക് പത്തുവര്‍ഷം വാറന്റി ഉണ്ടാകുമെന്ന് കണക്കാക്കി ഇങ്ങനെ ചെലവാകുന്ന തുകയും അതിന്റെ ധനകാര്യച്ചെലവുകളും കണക്കാക്കിയാല്‍ ഓരോ ഉപഭോക്താവിനും നൂറുരൂപയിലധികം ബാദ്ധ്യത ഓരോ മാസവും ഉണ്ടാകുന്നതാണ് ഈ പദ്ധതി. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് പുറംകരാര്‍ കൊടുക്കുന്ന ടോട്ടക്സ് മാതൃക ഉപയോഗപ്പെടുത്താനും ഓരോ ഉപഭോക്താവില്‍ നിന്നും മീറ്ററിന് വരുന്ന ചെലവ് മാസവാടകയായോ പ്രത്യേക ഫീസായോ ഈടാക്കാന്‍ പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയെ ചുമതലപ്പെടുത്താനും ഉദ്ദേശിക്കുന്നതായാണ് മനസ്സിലാക്കുന്നത്. നേരിട്ട് വൈദ്യുതിച്ചാര്‍ജ്ജിന്റെ ഭാഗമായി മാറില്ലെങ്കിലും ഉപഭോക്താവിന്റെ ബാദ്ധ്യതയില്‍ കുറവൊന്നും വരുന്നതല്ല ഈ രീതി. മാത്രമല്ല, ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം സംബന്ധിച്ചും ബില്ലു സംബന്ധിച്ചുമുള്ള വിവരങ്ങളൊക്കെയും ഒരു സ്വകാര്യ ഏജന്‍സിയുടെ നിയന്ത്രണത്തിലേക്ക് മാറുന്നുവെന്ന പരിമിതിയും ഇതിനുണ്ട്.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളുടെ ഭാഗമായി 2025 ഓടെ വൈദ്യുതി മീറ്ററുകള്‍ പൂര്‍ണ്ണമായും പ്രീ പെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ ആക്കിമാറ്റേണ്ടതുണ്ട്. എന്നാല്‍ അങ്ങിനെ ചെയ്യുന്നില്ലെങ്കില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ യാതൊരു വ്യവസ്ഥയും ചട്ടങ്ങളിലില്ല. നൂറു ശതമാനം മീറ്ററിംഗ് എന്നതുപോലും ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും സാദ്ധ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ ധൃതി പിടിച്ച് സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. മാത്രമല്ല വാണിജ്യ നഷ്ടം വളരെ കുറഞ്ഞിരിക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കിയതുകൊണ്ട് വലിയ നേട്ടമൊന്നും ഉണ്ടാകാനുമില്ല. ഈ സാഹചര്യത്തില്‍ സ്മാര്‍ട്ട് മീറ്ററിന്റെ പെട്ടെന്നുള്ള വ്യാപനം ഒഴിവാക്കേണ്ടതാണ്. പ്രധാന നഗരങ്ങളില്‍ പൈലറ്റടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാവുന്നതാണ്. ഏറെത്താമസിയാതെ സാങ്കേതിക വിദ്യ പക്വതപ്പെടുകയും മീറ്ററുകളുടെ വില കുറയുകയും ചെയ്യാനിടയുണ്ട്. ഇക്കാരണങ്ങളാല്‍ ധൃതിപിടിച്ചുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പുനഃപരിശോധിക്കണമെന്ന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ ബോര്‍ഡ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.
ആര്‍.ഡി.എസ്.എസ്. അടക്കം വൈദ്യുതി വിതരണ മേഖലയില്‍ കെ.എസ്.ഇ.ബി. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായ സാങ്കേതിക സാമ്പത്തിക പരിശോധനകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണൊ എന്ന ആശങ്കയും സംഘടന അഭിപ്രായമായി രേഖപ്പെടുത്തുകയുണ്ടായി. പദ്ധതി രൂപീകരണത്തിന്റെ ആരംഭഘട്ടം മുതല്‍തന്നെ സംഘടന ഇക്കാര്യത്തില്‍ ഇടപെടുകയുണ്ടായിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് സി.എം.ഡിയെ നിരവധി തവണ നേരിൽക്കണ്ട് പദ്ധതി രൂപീകരണത്തില്‍ ഉണ്ടാകേണ്ട പരിശോധനകള്‍ സംബന്ധിച്ചും ആര്‍.ഡി.എസ്.എസ്., ദ്യുതി രണ്ടാംഘട്ടം, മറ്റു വിതരണപദ്ധതികള്‍ എന്നിവയുടെ ഏകോപനം സംബന്ധിച്ചും സംസാരിച്ചിട്ടുണ്ട്. രണ്ടുതവണ വിശദമായ നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ യാതൊരു വിധ ഏകോപനവും പദ്ധതി രൂപീകരണത്തില്‍ ഉണ്ടായില്ല. ആര്‍.ഡി.എസ്.എസ്. കേന്ദ്ര സഹായ പദ്ധതികൾ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും നേരിട്ട് തയ്യാറാക്കുകയും മറ്റു പദ്ധതികള്‍ വിതരണ വിഭാഗം ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ തയ്യാറാക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായ ഓരോ പ്രവൃത്തിയും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അത് ഏതുനിലയില്‍ വൈദ്യുതി വിതരണ സംവിധാനത്തിന് നേട്ടമുണ്ടാക്കും എന്നതുപോലും കൃത്യമായി പരിശോധിക്കപ്പെടുകയുണ്ടായില്ല. മുന്‍കാലങ്ങളില്‍ ഇത്തരം പദ്ധതി രൂപീകരണങ്ങളില്‍ വിവിധ തലങ്ങളില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുകയും പ്ലാനിംഗ് വിഭാഗം പ്രവര്‍ത്തനങ്ങളെയെല്ലാം ഏകോപിപ്പിക്കുകയും ചെയ്തുവന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ എന്തെങ്കിലും ഏകോപനം ഇത്തവണത്തെ പദ്ധതി രൂപീകരണത്തില്‍ ഉണ്ടായില്ല. ഇത്തരം അപാകതകള്‍ പ്രസ്‌തുത പദ്ധതിയുടെ ഉപയുക്തത സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സംഘടനയുടെ അഭിപ്രായമായി രേഖപ്പെടുത്തുകയുണ്ടായി.
വൈദ്യുതി താരിഫ് വര്‍ദ്ധന ഉപഭോക്താക്കളെ മറ്റു സാദ്ധ്യതകള്‍ തേടുന്നതിന് പ്രേരിപ്പിക്കും. ഓപ്പണ്‍ ആക്സസ് സാദ്ധ്യതയുള്ള വന്‍കിട ഉപഭോക്താക്കള്‍ അത്തരം സാദ്ധ്യതകളെ കൂടുതലായി ആശ്രയിക്കും. സാധാരണ ഉപഭോക്താക്കളാകട്ടെ സോളാര്‍ അടക്കമുള്ള സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി ബോര്‍ഡില്‍ നിന്നും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് പരിമിതപ്പെടുത്തും. ഇത് സ്ഥാപനത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തും. ഇപ്പോള്‍ത്തന്നെ ഉയര്‍ന്നുനില്‍ക്കുന്ന വൈദ്യുതി വിതരണച്ചെലവുകള്‍ ഇനിയും വര്‍ദ്ധിക്കുന്നതിലേക്കാണ് ഇത് നയിക്കുക. വൈദ്യുതിയേതര ഊര്‍ജ്ജ ഉപഭോഗം പരമാവധി വൈദ്യുതി ഉപഭോഗമാക്കി മാറ്റാനും അതുവഴി വൈദ്യുതി ബോര്‍ഡിന്റെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുമാണ് കെ.എസ്.ഇ.ബി. ശ്രദ്ധിക്കേണ്ടത്. സ്വാഭാവികമായും വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ശക്തിപ്പെടുത്തുക, ഇതിനാവശ്യമായ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല രൂപപ്പെടുത്തുക, ഇ-കുക്കിംഗ് പ്രോത്സാഹിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിയേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു ദിശാബോധവും കെ.എസ്.ഇ.ബി മുന്നോട്ടുവെച്ചിട്ടുള്ള പഞ്ചവല്‍സര പദ്ധതിയില്‍ കാണുന്നില്ല. എന്നാല്‍ കൃത്യമായി സാമ്പത്തിക അവലോകനം പോലും നടത്താതെ ഐ.ആര്‍.ആര്‍ (ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍) നെഗറ്റീവായ പദ്ധതികള്‍ പോലും നടപ്പാക്കിയേ തീരൂ എന്ന വാശി തയ്യാറാക്കിയ നിക്ഷേപപദ്ധതിയില്‍ കാണുന്നുണ്ട്. ഈ പ്രവണത അംഗീകരിക്കാനാവില്ല.
ഉപഭോക്താക്കള്‍ ഉദ്പാദകര്‍ കൂടിയാകുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ അതിന്റെ സാമ്പത്തിക പ്രത്യാഘാതവും സാങ്കേതിക പ്രത്യാഘാതവും കൃത്യമായി പരിശോധിച്ചുപോകേണ്ട ഉത്തരവാദിത്തം വൈദ്യുതിബോര്‍ഡിനുണ്ട്. വൈദ്യുതി താരിഫില്‍ ഈ ആഘാതങ്ങള്‍ പരമാവധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഫിക്സഡ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് എനര്‍ജി ചാര്‍ജ്ജ് വലിയ തോതില്‍ വര്‍ദ്ധിക്കാതെ നോക്കുന്നതും വൈദ്യുതി ബാങ്ക് ചെയ്യുന്നതിനുള്ള പ്രത്യേക താരീഫ് ഏര്‍പ്പെടുത്തുന്നതും പ്രൊസ്യൂമര്‍മാരുടെ നെറ്റ് മീറ്റര്‍ അഡ്ജസ്റ്റ്മെന്റ് വൈദ്യുതി ശൃംഖലയിലേക്ക് കടത്തിവിടുന്നതും തിരിച്ചെടുക്കുന്നതുമായ സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുത്തുന്നതുമൊക്കെ ഈ സാഹചര്യത്തില്‍ പരിശോധിക്കേണ്ടതാണ്. ഈ നിലയില്‍ സമഗ്രമായ പരിശോധന എ.ആര്‍.ആര്‍ അപേക്ഷയിലും താരിഫ് പെറ്റീഷനിലും ഉണ്ടാകേണ്ടതുണ്ടെന്നും സംഘടന യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ബദല്‍ വികസനനയം തുടരുക
കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ സമീപനം സ്വീകരിക്കുന്നു എന്നതാണ് കേരളത്തെ ലോകശ്രദ്ധയില്‍ നിലനിര്‍ത്തുന്നതില്‍ പ്രധാനമായിട്ടുള്ളത്. സാമൂഹ്യക്ഷേമത്തിലൂന്നിയ ഈ ബദല്‍ വികസന നയത്തിന്റെ ഭാഗമായാണ് ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെല്ലാം വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തെ സഹായിക്കുന്നത്. പൊതുമേഖലാആസ്തി വിറ്റഴിക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പൊതുമേഖലാസ്ഥാപനങ്ങളെ കാര്യക്ഷമതയുയര്‍ത്തി ലാഭകരമായി പ്രവര്‍ത്തിപ്പിക്കുകയും പൊതുമേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ബദല്‍. വൈദ്യുതിബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നതിന് കടുത്ത സമ്മര്‍ദ്ദമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. എന്നാല്‍ വൈദ്യുതിബോര്‍ഡിനെ വിഭജിക്കാനോ സ്വകാര്യവല്‍ക്കരിക്കാനോ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് കേരളം സ്വീകരിച്ചത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണം കൈവരിക്കാനും ലോഡ് ഷെഡ്ഡിംഗോ പവർകട്ടോ ഇല്ലാതെ വൈദ്യുതി വിതരണം സാദ്ധ്യമാക്കുന്നതുമടക്കം രാജ്യത്തിന് മാതൃകയായി ഈ സ്ഥാപനത്തെ മാറ്റിത്തീര്‍ക്കുന്നതിനും ബദല്‍ നയങ്ങളുടെ ഭാഗമായി സാധിച്ചു.
സംസ്ഥാനസര്‍ക്കാര്‍ രൂപം കൊടുത്ത ഊര്‍ജ്ജ കേരളമിഷന്‍ വൈദ്യുതി ഉദ്പാദന, പ്രസരണ, വിതരണമേഖലകളില്‍ വലിയ മുന്നേറ്റത്തിനാണ് കാരണമായത്. സൗര, ട്രാന്‍സ്ഗ്രിഡ്, ദ്യുതി പദ്ധതികളെല്ലാം കാര്യക്ഷമമായ വൈദ്യുതി മേഖല ലക്ഷ്യംവെച്ചുകൊണ്ട് ഏറ്റെടുത്ത പദ്ധതികളാണ്. സംസ്ഥാനസര്‍ക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ കെ-ഫോണും വൈദ്യുതി വാഹന വ്യാപനവും കെ.എസ്.ഇ.ബിക്കുകൂടി പങ്കാളിത്തമുള്ള നിലയിലാണ് രൂപം കൊടുത്തത്. വൈദ്യുതി വാഹന വ്യാപനം ഉറപ്പുവരുത്തുന്നതിനുതകുന്ന നിലയില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല രൂപപ്പെടുത്തുന്നതിന് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെ.എസ്.ഇ.ബി.യാണ്. വൈദ്യുതി സേവനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റിയും ഒരു ഫോണ്‍വിളിയില്‍ എല്ലാ സേവനങ്ങളും വാതില്‍പ്പടിയില്‍ എത്തിക്കുന്ന നിലയില്‍ ഇടപെട്ടുകൊണ്ടും കെ.എസ്.ഇ.ബിയെ ഇതര പൊതു സേവന സംവിധാനങ്ങളില്‍ നിന്നും ഏറെ ഉയരത്തില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞുവെന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. എന്നാല്‍ ഈ ബദല്‍ വികസന നയം അതേ നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ചില പിഴവുകള്‍ കടന്നുവരുന്നതായി അടുത്തകാലത്തെ ചില മാനേജ്മെന്റ് സമീപനങ്ങളില്‍ കാണുന്നുണ്ട്.
സാധന സാമഗ്രികളുടെ ലഭ്യതക്കുറവ് വലിയതോതില്‍ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണ്. സര്‍വീസ് കണക്ഷനുകള്‍പോലും സമയബന്ധിതമായി നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകളൊന്നും മാനേജ്മെന്റ് ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അതേ സമയം മറ്റു ചില പര്‍ച്ചേസുകളില്‍ മാനേജ്മെന്റിന് അമിത താല്‍പര്യം കാണുന്നുണ്ട്. ഇതിലൊന്നായിരുന്നു 1200 വൈദ്യുതി വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതുള്ള തീരുമാനം. ജീവനക്കാര്‍ക്കെല്ലാം യൂണിഫോം നല്‍കുന്നു എന്ന നിലയില്‍ ടി-ഷര്‍ട്ടും ചുരിദാറുമൊക്കെ വാങ്ങിക്കാനുള്ള തീരുമാനവും ഇത്തരത്തില്‍ത്തന്നെ ഉള്ളതായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ പി.ആര്‍.ഡി. സംവിധാനം പുറംകരാര്‍ നല്‍കുന്നതിന് ടെണ്ടര്‍ വിളിച്ചതടക്കമുള്ള നടപടികളും ഇതേ സമീപനത്തിന്റെ ഭാഗമായാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഈ നടപടികളെ തുറന്നുകാണിക്കാനും പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുവാനും കെ.എസ്. ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ തീരുമാനിച്ചത്. വര്‍ക്കേര്‍സ് അസോസിയേഷന്‍ അടക്കമുള്ള ഇതര തൊഴിലാളി ഓഫീസര്‍ സംഘടനകളും ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാടെടുത്തത് ഇത്തരം തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടുപോകാന്‍ ബോര്‍ഡ് മാനേമാനേജ്മെന്റിനെ നിര്‍ബന്ധിതമാക്കി. എന്നാല്‍ ഈ നടപടികളില്‍ നിന്നും പൂര്‍ണ്ണമായും പിന്‍മാറാന്‍ ഇപ്പോഴും മാനേജ്മെന്റ് തയ്യാറായിട്ടില്ല.
ജനുവരി അഞ്ചിന് വൈദ്യുതി ബോര്‍ഡ് നടത്തിയ ഇന്‍വെസ്റ്റേര്‍സ് മീറ്റ് മുന്നോട്ടുവെക്കുന്നതും നാളിതുവരെ നാം പിന്തുടര്‍ന്ന നയസമീപനത്തില്‍ നിന്നുള്ള വ്യതിയാനമാണ്. സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഡാമുകളും ഭൂമിയും സ്വകാര്യ സംരംഭകര്‍ക്ക് ബില്‍ഡ് ഓണ്‍ ആന്റ് ഓപ്പറേറ്റ് അടിസ്ഥാനത്തില്‍ വിട്ടുകൊടുക്കുന്നതിനുള്ള നീക്കമാണ് ഇതിന്റെ ഭാഗമായി ഉദ്ദേശിച്ചിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നത്. സ്വകാര്യസംരംഭകരുടെ ലാഭതാല്‍പ്പര്യത്തിനപ്പുറം എന്തെങ്കിലും നേട്ടം ഇതുമൂലം ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ. ഐ.ആര്‍.ആര്‍ നെഗറ്റീവായതും ബോര്‍ഡിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമായ ബാറ്ററി സ്റ്റോറേജ് അടക്കമുള്ള പദ്ധതികളും ഇതേ മീറ്റിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതും ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ഐ.ടി. സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ മറ്റിതര സ്ഥാപനങ്ങള്‍ക്ക് മാതൃകയായ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു സ്ഥാപനമാണ് കെ.എസ്.ഇ.ബി. സ്വതന്ത്ര സാങ്കേതിക വിദ്യയിലൂന്നി, ഇന്‍ഹൗസ് ഡെവലപ്പ്മെന്റിന് പ്രാധാന്യം നല്‍കിയ ഐ.ടി. നയമാണ് ഈ നേട്ടങ്ങള്‍ക്കാധാരം. എന്നാല്‍ ഈ നയത്തില്‍ നിന്ന് മാറി കുത്തക സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കുന്നതും തികച്ചും പുറംകരാറടിസ്ഥാനത്തിലുമുള്ള ഐ.ടി. വ്യാപനത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇ-ഓഫീസ് നടപ്പാക്കിയ രീതിയിലും വെബ്സൈറ്റ് തയ്യാറാക്കുന്നതിന് പുറംകരാര്‍ വിളിക്കുന്നതിനെടുത്ത തീരുമാനത്തിലും ടാസ്റ്റ പൈലറ്റ് ചെയ്യാനെടുത്ത തീരുമാനത്തിലുമെല്ലാം പ്രതിഫലിക്കുന്നത് ഈ സമീപനമാണ്. സ്വാഭാവികമായും ഇത്തരം ഇടപെടലുകളെ ചെറുക്കാതെ മുന്നോട്ടുപോകാന്‍ നമുക്ക് കഴിയില്ല.
വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ തെറ്റായ സമീപനങ്ങള്‍ ചൂണ്ടിക്കാട്ടുകയും പ്രക്ഷോഭങ്ങളടക്കം സംഘടിപ്പിച്ചു തിരുത്തിക്കുകയും ചെയ്തുകൊണ്ടാണ് നാളിതുവരെ ഈ സ്ഥാപനത്തിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയിട്ടുള്ളത്. സ്ഥാപനം കൈവരിച്ച നേട്ടങ്ങളുടെ പിന്നില്‍ തൊഴിലാളി-ഓഫീസര്‍ സംഘടനകള്‍ കൂട്ടായി നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടിയുണ്ട്. എന്നാല്‍ സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്നതും സംയുക്ത സംഘടനാപ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്ന് വിധിക്കുന്നതുമായ ചില വിചിത്രമായ സമീപനം ബോര്‍ഡ് മാനേജ്മെന്റ് സ്വീകരിക്കുന്നുണ്ട്. ചില സ്ഥാപിത താല്‍പര്യങ്ങള്‍ അതേ നിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ സംഘടനാഇടപെടലുകള്‍ മൂലം കഴിയുന്നില്ല എന്നതായിരിക്കാം ഈ സമീപനത്തിന്റെ കാതല്‍. എന്നാല്‍ ഇത്തരം ഓലപ്പാമ്പുകളെ കണ്ട് ഭയന്നോടിയ ചരിത്രം നമ്മുടെ സംഘടനക്കില്ല. ബോര്‍ഡ് മാനേജ്മെന്റിന്റെ ദയാദാക്ഷിണ്യത്താലല്ല, ശരിയായ നിലപാടുകളുടെ ബലത്തിലാണ് നാം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്.
സംസ്ഥാനം പിന്തുടരുന്ന ബദല്‍ വികസന നയം വൈദ്യുതി മേഖലയിലും തുടരേണ്ടതുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി വിപുലമായൊരു കാമ്പയിന് നേതൃത്വം കൊടുക്കാന്‍ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളത് ഈ സാഹചര്യത്തിലാണ്. വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിച്ച് കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുകയെന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തില്‍ വിട്ടുവീഴ്ചചെയ്യാന്‍ നമുക്ക് കഴിയില്ല. സ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും പിന്തുണ നേടിക്കൊണ്ട് ഈ കാമ്പയിന്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.