സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികമായ 2022 ൽ പുതിയ ഇന്ത്യയെ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ 2017-18 കാലയളവിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിക്കപ്പെട്ട 2022ലെ New ഇന്ത്യയിൽ ആണ് നമ്മളിപ്പോൾ ഉള്ളത്.
2022ലെ ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും വീട്, എല്ലാ വീട്ടിലും കുടിവെള്ളം, എല്ലാ വീട്ടിലും വൈദ്യുതി, കർഷകരുടെ വരുമാനം ഇരട്ടിയാക്കും, പട്ടിണി ഇല്ലാതാക്കും എന്നിങ്ങനെയൊക്കെ ആയിരുന്നു പുതിയ ഇന്ത്യയെക്കുറിച്ചുള്ള “അഛേ ദിൻ” ഭാവനകൾ.
ഇന്ത്യ സൂപ്പർ പവർ ആകുമെന്ന് പ്രതീക്ഷിച്ച 2022 ൽ എത്തി നിൽക്കുമ്പോൾ രണ്ടു സൂചികകളിൽ ഈ പുതിയ ഇന്ത്യയുടെ സ്ഥാനം മാത്രം ചൂണ്ടിക്കാണിക്കാം.
ആഗോള വിശപ്പു സൂചികയിൽ 116 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 101 ആണ്. അതും പാകിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനുമൊക്കെ പുറകിൽ.
ആഗോള ദാരിദ്ര്യ സൂചികയിൽ 109 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 66 ആണ്.
ഇതിൽ നിന്നു തന്നെ 2022 ൽ പുതിയ ഇന്ത്യയുടെ അവസ്ഥ എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.
ഇതൊക്കെ കൊണ്ട് തന്നെ ശ്രീമതി. നിർമല സീതാരാമൻ അവതരിപ്പിച്ച 2022-23 ബജറ്റ് പ്രതീക്ഷയോടെയാണ് ജനങ്ങൾ കാത്തിരുന്നത്.
താഴെ കൊടുത്തിരിക്കുന്നതാണ് 2022 ബജറ്റ് ലെ പ്രധാന പ്രഖ്യാപനങ്ങൾ
– ആദായ നികുതിയിൽ മാറ്റമില്ല
– RBI ഡിജിറ്റൽ കറൻസി ഇറക്കും
– LIC ഓഹരി വിൽപന ഉടൻ
– 5G സ്പെക്ട്രം ലേലം ഈ വർഷം
– Crypto currency ഇടപാടുകൾക്ക് 30 ശതമാനം നികുതി
– പിഎം ആവാസ് യോജനയിൽ 80 ലക്ഷം വീട് (വകയിരുത്തിയിരിക്കുന്നത് ഒരു വീടിനു 60000 രൂപ മാത്രം)
– 8 ലക്ഷം വീടുകളിൽ കുടിവെള്ളം
– 1 മുതൽ 12 വരെ ക്ലാസിനു പ്രത്യേകം ടിവി ചാനലുകൾ
– ചിപ്പ് പിടിപ്പിച്ച പാസ്പോർട്ട്
– ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ലൈൻ ശൃംഖല
– സഹകരണ സംഘങ്ങളുടെ നികുതി കുറച്ചു
– 24 ടെലി മാനസികാരോഗ്യ കേന്ദ്രങ്ങൾ
– പ്രതിരോധ രംഗം സ്വകാര്യ മേഖലയ്ക്ക്
– തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 25% കുറച്ചു
– കാർഷിക വിഹിതം വെട്ടിക്കുറച്ചു
– ഭക്ഷ്യ-വളം സബ്‌സിഡി കുറച്ചു
മോദി സർക്കാരിന്റെ 2014 മുതലുള്ള തെറ്റായ സാമ്പത്തിക നയം മൂലവും കോവിഡ് മൂലവുമൊക്കെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന മൂന്നു പ്രധാനപ്പെട്ട വെല്ലുവിളികൾ സാമ്പത്തികമാന്ദ്യം, വിലക്കയറ്റം, അസമത്വം എന്നിവയാണ്.
സാമ്പത്തികോത്‌പാദനം രണ്ടുവർഷംമുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടേയുള്ളൂ. വിലക്കയറ്റം രൂക്ഷമാണ്. 142 ശതകോടീശ്വരൻമാരുടെ സ്വത്ത് കോവിഡ് കാലത്ത് ഇരട്ടിയായി. അതേസമയം, നാലുകോടി ആളുകൾ അതിദാരിദ്ര്യത്തിലേക്ക് വീണു.
ആഗോളവൽക്കരണ പരിഷ്കാരങ്ങൾ തുടങ്ങിയപ്പോൾ 1991ൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈയിലായിരുന്നു രാജ്യത്തിന്റെ 16 ശതമാനം സ്വത്തും. അതിപ്പോൾ 45 ശതമാനത്തിനു മുകളിൽ ആയിട്ടുണ്ട്.
അതേസമയം, പാവങ്ങളുടെ സ്വത്ത് വിഹിതം 1991-ൽ 8.8 ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 2.5 ശതമാനമായി കുറഞ്ഞു.
ഈ സാമ്പത്തിക അസമത്വം കുറയണമെങ്കിൽ പണക്കാരുടെ മേൽ നികുതി വർദ്ധിപ്പിക്കുകയും, പെട്രോൾ ഡീസൽ നികുതി കുറച്ചു സാധാരണക്കാരെ പിഴിയുന്നത് നിർത്തുകയും വേണം.
ഈ അവസരത്തിൽ കോർപ്പറേറ്റുകൾക്കു രണ്ടു വർഷം മുമ്പ് കൊടുത്ത നികുതിയിളവ് പിൻവലിക്കേണ്ടതാണ്. പണക്കാരുടെമേൽ ഒരു നികുതി വർദ്ധനവും വരുത്താൻ ധനമന്ത്രി തയ്യാറല്ല.
ഈ അതിസമ്പന്നരിൽ ഏറ്റവും വലിയ പണക്കാരായ 965 കുടുംബക്കാരുടെമേൽ 2 ശതമാനം സ്വത്ത് നികുതി ഈടാക്കിയാൽ പാവങ്ങൾക്ക് 50,000 കോടി രൂപയുടെ സഹായം നൽകാം.
• പാവങ്ങളുടെ അത്താണിയാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പു പദ്ധതിക്ക് 2021-22-ൽ 98000 കോടി രൂപ ചെലവാകുമെന്നാണ് പുതുക്കിയ കണക്ക്. ഇത്തവണത്തെ ബജറ്റിൽ 73000 കോടി രൂപയേ വകയിരുത്തിയിട്ടുള്ളൂ.
• പാവപ്പെട്ടവർക്കുള്ള 6 കോർ സ്കീമുകളാണ് തൊഴിലുറപ്പ്, വയോജന പെൻഷൻ, പട്ടികജാതി/പട്ടികവർഗ്ഗക്കാർ, ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾ. ഇവയ്ക്ക് 2021-22-ൽ 1.21 ലക്ഷം കോടി രൂപ ചെലവാകുമെന്നാണു പുതുക്കിയ കണക്ക്. ഇത്തവണ വകയിരുത്തിയിട്ടുള്ളത് 0.99 ലക്ഷം മാത്രം.
• കാർഷികമേഖലയ്ക്ക് കേവലം 2 ശതമാനം വർദ്ധനയാണ് വകയിരുത്തൽ. ഭക്ഷ്യസബ്‌സിഡിയും വളസബ്സിഡിയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ കാർഷിക മേഖലയുടെ വിഹിതം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണ്. കോവിഡിനു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഈ 3 ഇനങ്ങൾക്കുംകൂടി ചെലവഴിക്കുന്ന പണത്തിൽ 43 ശതമാനമാണ് കുറവു വന്നിരിക്കുന്നത്.
വിലക്കയറ്റത്തിന് ബജറ്റിൽ പരിഹാരമില്ല. മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഡീസൽ തീരുവ 9.5 മടങ്ങും പെട്രോൾ തീരുവ 3.5 മടങ്ങുമാണ് വർദ്ധിപ്പിച്ചത്.
ധനമന്ത്രിയുടെ ഏക പ്രതീക്ഷ വർദ്ധിക്കുന്ന മൂലധനച്ചെലവിലാണ്. 2019-20-ൽ മൂലധനച്ചെലവ് 6.57 ലക്ഷം കോടി രൂപയായിരുന്നു. 2020-21-ൽ അത് 8.4 ലക്ഷം കോടി രൂപയായി. ഇപ്പോൾ ബജറ്റ് ലക്ഷ്യമിടുന്നത് 10.68 ലക്ഷം കോടി രൂപയാണ്. ഇങ്ങനെ മൂലധനച്ചെലവ് ഉയരുമ്പോൾ അത് സ്വകാര്യ നിക്ഷേപത്തെ ആകർഷിക്കുമെന്നും സ്വകാര്യ മൂലധനച്ചെലവ് രാജ്യത്തെ സുസ്ഥിരമായ വളർച്ചയിലേക്ക് നയിക്കുമെന്നുള്ളതാണ് ധനമന്ത്രിയുടെ പ്രതീക്ഷ. ഇതിന്റെ വിശദീകരണങ്ങളാണ് ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ നൽകിയത്.
ഒരു കാര്യം തീർച്ച. പാവങ്ങൾക്കും സാധാരണക്കാർക്കും വളർച്ചയിൽ പങ്കുണ്ടാവില്ല. അവരെ പിഴിഞ്ഞാണ് മൂലധനച്ചെലവിനുള്ള പണം കണ്ടെത്തുന്നത്. ഭൂരിപക്ഷം ജനങ്ങളെ പുറംതള്ളിക്കൊണ്ടുള്ള ഒരു വികസന കാഴ്ചപ്പാടാണ് 2022-23ലെ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.
പണക്കാർ കൂടുതൽ പണക്കാർ ആവുകയും ദരിദ്രരെ കൂടുതൽ ദരിദ്രർ ആക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ സർക്കാർ മുന്നോട്ട് വെക്കുന്ന സാമ്പത്തിക നയം. അതിന്റെ ഭവിഷ്യത്തുകൾ നമ്മുടെ കണ്മുന്നിലുണ്ട്.
മൂലധനനിക്ഷേപത്തിന് ഇന്ധന നികുതിയിലൂടെ പാവങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കുന്ന ഈ രീതി ഈ രാജ്യത്തു ദാരിദ്ര്യവും പട്ടിണിയും വീണ്ടും വർധിക്കാനേ സഹായിക്കൂ.
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായ 2022 ൽ ഇന്ത്യയെ സൂപ്പർ പവർ ആക്കാനുള്ള പ്ലാൻ എന്തായാലും ഈ ബഡ്ജറ്റിൽ 25 വർഷം കൂടെ നീട്ടി സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തിലേക്ക് മാറ്റി വെച്ചിട്ടുണ്ട്. അടുത്ത 25 വർഷം “അമൃത കാലം” ആയിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീർച്ചയായും ഇന്ത്യയിലെ അതിധനികർക്ക് ഇത് അമൃത കാലം തന്നെ ആയിരിക്കും, പക്ഷെ സാധാരണ ജനങ്ങൾക്ക് ഇത് ഉറപ്പായും കഷ്ടകാലം തന്നെ ആയിരിക്കുമെന്നതിൽ ഒരു സംശയവും ആർക്കും വേണ്ട.
ബജറ്റിൽ സാധാരണക്കാരന്റെ പട്ടിണി മാറ്റാൻ ഒന്നും ഇല്ലെന്നു പറയുന്നവരോട് ഒന്നേ പറയാനുള്ളു, തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ പോലും രാജ്യത്തെ സാധാരണക്കാരന്റെ പട്ടിണിയെക്കുറിച്ചോ, തൊഴിലില്ലായ്മയെക്കുറിച്ചോ മറ്റു സാധാരണക്കാരുടെ വിഷയങ്ങളെക്കുറിച്ചോ ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തവർ ബജറ്റിൽ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു.