തോമസ് കുട്ടീ…. വിട്ടോടാ….

188

സിദ്ധിഖ് – ലാൽ സിനിമയിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ അറിയാത്തവർ കുറവായിരിക്കും. അനവസരത്തിലുള്ള ഡയലോഗുകൾ അപ്പുക്കുട്ടന്റെ വീക്ക്നെസ്സാണ്. സിനിമയിലെ ചില സന്ദർഭങ്ങൾ ഇത്തരം ഡയലോഗുകൾ തട്ടിവിട്ട് അപ്പുക്കുട്ടൻ കുളമാക്കും. കൂടെ നിൽക്കുന്നവർക്ക് പിന്നെ ഓടി രക്ഷപ്പെടാതെ മാർഗമില്ല. കാണികൾക്ക് ചിരിച്ച് മറിയാൻ അവസരമാണത്.
സംസ്ഥാന റഗുലേറ്ററി കമ്മീഷൻ അടുത്തയിടെ തിരുവനന്തപുരത്ത് വച്ച് കെ എസ് ഇ ബി സമർപ്പിച്ച താരിഫ് പെറ്റീഷനിൽ ഹിയറിങ്ങ് നടത്തി യിരുന്നു. അടുത്ത നാലു വർഷത്തേക്കുള്ള താരിഫ് നിശ്ചയിക്കുവാൻ ഉപഭോക്താക്കളെയടക്കം പങ്കെടുപ്പിച്ചാണ് ഹിയറിങ്ങ് സംഘടിപ്പിച്ചിരുന്നത്. സിദ്ധിഖ് – ലാൽ സിനിമയെ അനുസ്മരിപ്പിക്കുന്ന രസകരമായ സംഭവം അവിടെ ഉണ്ടായി.
താരിഫ് നിശ്ചയിക്കാൻ നടത്തുന്ന ഹിയറിങ്ങായതിനാൽ നിശ്ചയമായും വിവിധ വിഭാഗങ്ങളിൽപ്പെട്ട വൈദ്യുതി ഉപഭോക്താക്കളുടെ പ്രതിനിധികൾ അതിൽ പങ്കെടുക്കും. അവരുടെ വാദങ്ങൾ ഘോരഘോരം അവതരിപ്പിക്കുകയും ചെയ്യും. സ്വാഭാവികമായും എല്ലാവരുടേയും വാദം ഒന്നു തന്നെയായിരിക്കും. ജീവനക്കാരെ കുറയ്ക്കണം, ശമ്പളം കുറയ്ക്കണം, ചെലവെല്ലാം വെട്ടിക്കുറയ്ക്കണം…. ശാസത്രീയമായ യാതൊരു കണക്കുകളുടേയും പിൻബലമില്ലാതെയായിരിക്കും അക്കൂട്ടത്തിലെ ഭൂരിഭാഗം പേരുടേയും വാദങ്ങൾ.
കെ.എസ്.ഇ.ബിയുടെ കണക്കുകളിലെയും വാദങ്ങളിലെയും ശരികളെ പിന്തുണക്കുവാൻ ഹിയറിങ്ങിലെത്തുന്നത് സ്ഥാപനത്തിലെ സംഘടനകൾ മാത്രമായിരിക്കും. ആദ്യകാലങ്ങളിൽ ഒരു ഓഫീസർ സംഘടന മാത്രമായിരുന്നു ഇത്തരം ഹിയറിങ്ങുകളിൽ എത്തിയിരുന്നത്. കഴിഞ്ഞ രണ്ടു മൂന്നു വർഷമായി സ്ഥാപനത്തിലെ കൂടുതൽ കൂടുതൽ സംഘടനകൾ ഹിയറിങ്ങിനെത്തുന്നുണ്ട്.
ഇത്തവണ തിരുവനന്തപുരത്ത് നടന്ന പബ്ളിക്ക് ഹിയറിങ്ങിൽ ഒരു കാറ്റഗറി സംഘടനയെ പ്രതിനിധീകരിച്ച് വേദിയിലെത്തിയ സാറാണ് കൂടെ വന്നവരെ വെട്ടിലാക്കിയത്. (ശരീരത്തിൽ നീല രക്തം ഒഴുകുന്ന ആൾക്കാരുടെ മാത്രം സംഘട നയാണത്രേ ഇവരുടേത്. പണ്ട് 2003ൽ വൈദ്യുതി നിയമം നടപ്പാക്കിയപ്പോൾ അതിനെ വാനോളം പുകഴ്ത്തിയ കൂട്ടത്തിൽ പെട്ടവർ….. എത്രയും പെട്ടെന്ന് മാനേജർമാരാകാൻ വേണ്ടി വെമ്പൽ കൊണ്ടിരുന്നവർ…. അതിന് വേണ്ടി വാങ്ങിയ കോട്ടും ടൈയും പലരുടെയും അലമാരകളിൽ പൊടി പിടിച്ച് ഇരിപ്പുണ്ടാകും…) മേൽ സൂചിപ്പിച്ച കഥാപാത്രം ഹിയറിങ്ങിൽ പങ്കെടുക്കാൻ വേദിയിലെത്തിയത് കെ.എസ്.ഇ.ബി.യെ പിന്തുണക്കാനായിരുന്നു.
പക്ഷേ കാര്യങ്ങളൊക്കെ വിശദീകരിച്ചു വന്നപ്പോൾ സംഗതി കൈവിട്ടുപോയി. കേട്ടിരുന്നവർ അന്തം വിടാൻ തുടങ്ങി. സാറിന്റെ വാദങ്ങൾ പലതും സ്ഥാപനത്തിനെതിര്. കാര്യം പന്തിയല്ലെന്ന് കണ്ട് കൂടെ വന്ന മൂവർ സ്ഥലം വിടാനൊരുങ്ങി, കസേരയിൽ നിന്നും പൊങ്ങി. അപ്പോൾ വരുന്നു ശുദ്ധമനസ്കനായ അപ്പുക്കുട്ടന്റെ ഡയലോഗ് “ഉത്പാദനവും പ്രസരണവും വിതരണവും ഒന്നിച്ച് നിൽക്കുന്നതാണ് കെ.എസ്.ഇ.ബിയുടെ പ്രശ്നം”.
തോമസ് കുട്ടീ… വിട്ടോടാ…