ആലപ്പുഴയിലെ കളർകോടിൽ നടന്ന ജനകീയ വൈദ്യുതഅദാലത്ത് ജനങ്ങൾക്ക് കളറായി. വിവിധ നിയമപ്രശ്നങ്ങളിൽ വഴിമുടക്കി നിന്ന പരാതികൾ ഏറെയുണ്ടായിട്ടും തിങ്ങിനിറഞ്ഞ ജനത്തിന് പരാതികളില്ലാതെ അതിവേഗ പരിഹാരം ഉണ്ടാക്കുന്ന ജനസമ്മത വേദിയായി കളർകോടിലെ അദാലത്ത് മാറി. വൈദ്യുതമന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാതല വൈദ്യുത അദാലത്തിൽ പരിഗണിച്ച 970 പരാതികളും തീർപ്പാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾക്കായി 5 ഭാഗങ്ങളായി തിരിച്ചാണ് അദാലത്ത് നടത്തിയത്. ചേർത്തല 345, ആലപ്പുഴ 297, ഹരിപ്പാട് 80, മാവേലിക്കര 55, ചെങ്ങന്നൂർ 54, തത്സമയ പരാതി പരിഹാര സെക്‌ഷനിൽ 139 എന്നിങ്ങനെയാണ് പരാതികൾ പരിഹരിച്ചത്. 1.1 കോടി രൂപയുടെ ഇളവ് അദാലത്തിൽ പങ്കെടുത്തവർക്ക് നൽകി.

വണ്ടാനം സ്വദേശി എം.നിസാം വൈദ്യുത അദാലത്തിനെത്തിയത് മാസങ്ങളായി നിയമക്കുരുക്കിൽ പെട്ടുകിടക്കുകയായിന്ന തന്റെ ഐസ് പ്ലാന്റിലെ രണ്ടരലക്ഷം രൂപയുടെ വൈദ്യുതി ബില്ലുമായിട്ട് ആയിരുന്നു. പരാതി പരിശോധിച്ച് അസ്വാഭാവിക കുടിശികത്തുകയും അതെ തുടർന്നുണ്ടായ പിഴയും ഒഴിവാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുത്തു. നിസാം വീട്ടിലേക്ക് മടങ്ങിയത് ബാധ്യതയിൽ നിന്ന് ഒഴിവാക്കിയ രേഖ മന്ത്രിയുടെ കൈയിൽ നിന്ന് ഏറ്റു വാങ്ങിയാണ്.
പുരയിടത്തിന് അകത്തുകൂടി വലിച്ച ഇലക്ട്രിക് ലൈൻ വീട് നിർമാണത്തിന് തടസ്സമാകുന്നെന്ന് കാട്ടി ലൈൻ മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെട്ടാണ് കക്കാഴം സ്വദേശി എം സുഗണന്റെ ആവശ്യം മന്ത്രി അംഗീകരിച്ചു. വീടിന് അരികിലായി സ്ഥാപിച്ച പോസ്റ്റ് മാറ്റണം എന്നാവശ്യപ്പെട്ട് അദാലത്തിൽ എത്തിയ കാവാലം സ്വദേശി ചാക്കോ വർഗീസിനും മന്ത്രിയുടെ കൈയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചു.

സംസ്ഥാനത്ത് വൈദ്യുതി മുടക്കം പൂർണമായി ഒഴിവാക്കാനുള്ള പദ്ധതി പരിഗണനയിലെന്നു മന്ത്രി എം.എം. മണി ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു ലോഡ് ഷെഡിങ്ങും ഇനി ഉണ്ടാകില്ല.
സൗരോർജത്തിലൂടെ സംസ്ഥാനം വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാകും. നിലവിൽ സംസ്ഥാനത്തിന് ആവശ്യമായതിന്റെ 70 ശതമാനം വൈദ്യുതിയും വിവിധ കരാറുകൾ പ്രകാരം പുറമേ നിന്ന് എത്തിക്കുകയാണ്. ഈ സാഹചര്യത്തിലും വിതരണ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എ.എം.ആരിഫ് എംപി അധ്യക്ഷത വഹിച്ചു. യു. പ്രതിഭ എംഎൽഎ, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, കൗൺസിലർ എൽ.സലിലകുമാരി, കെഎസ്ഇബി ചെയർമാനും എംഡിയും ആയ എൻ.എസ്.പിള്ള, ഡയറക്ടർ പി.കുമാരൻ എന്നിവർ പ്രസംഗിച്ചു.

വൈദ്യുത മേഖല പരാതിവിമുക്തമാക്കാനുള്ള അദാലത്ത് വിജയകരമാക്കാൻ ജില്ലയിലെ കെ.എസ് ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തകർ സജീവ ഇടപെടൽ നടത്തി.