നൂറ് കണക്കിന് പരാതികളും ആവലാതികളും തീർപ്പാക്കികൊണ്ട് ജില്ലാ വൈദ്യുതി അദാലത്തിന് വിജയകരമായ പരിസമാപ്തി. കോട്ടയം കെ പി എസ് മേനോൻ ഹാളിൽ ശനിയാഴ്ച നടന്ന അദാലത്തിൽ ലഭ്യമായ 916 പരാതികളിൽ 872 എണ്ണവും തീർപ്പ് കൽപ്പിച്ചു. പരിശോധന ആവശ്യമായ പരാതികളിൽ വരും ദിവസങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കാനും അദാലത്തിൽ തീരുമാനിച്ചു. അദാലത്തിൽ ഉടനീളം ഉണ്ടായിരുന്ന വൈദ്യുതി മന്ത്രിയുടെ സാന്നിധ്യവും മേൽനോട്ടവും ഏറെ ശ്രദ്ധേയമായി. രാവിലെ 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം നിർവഹിച്ചു.

പുതിയ വൈദ്യുത പദ്ധതികളും ലോഡ് ഷെഡ്ഡിങും പവ്വർകട്ടും ഒഴിവാക്കാൻ വിജയകരമായി ഏർപ്പെട്ടു വരുന്ന ഹൃസ്വകാല – ദീർഘകാല കരാറുകളും മന്ത്രി വിശദീകരിച്ചു. സമ്പൂർണ്ണ വൈദ്യുതീകരണം തുടർന്നും ഉറപ്പു വരുത്തുക തന്നെ ചെയ്യും. ഉപഭോക്താക്കളുടെയും പൊതുജനത്തിന്റെയും പരാതികളും ആവശ്യങ്ങളും പരമാവധി പരിഹരിക്കുക എന്ന നയത്തിന്റെ ഭാഗമാണ് അദാലത്ത് കൾ . ഇത്തരം പ്രവർത്തനങ്ങളിലൂടെയും സർക്കാരിന്റെയും ജനങ്ങളുടെയും വൈദ്യുതി ജീവനക്കാരുടെയും കൂട്ടായ്മ ഉറപ്പാക്കുന്നതിലൂടെയുമാണ് രാജ്യത്തെ ഏറ്റവും മികച്ച വൈദ്യുതി മേഖല എന്ന പദവി കേരളം നിലനിർത്തുന്ന തെന്നും മന്ത്രി പറഞ്ഞു.

തോമസ് ചാഴിക്കാടൻ എം.പി. മുഖ്യ പ്രഭാഷണവും മുൻ എം എൽ എ വി.എൻ. വാസവൻ ആശംസാപ്രസംഗവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ , എൻ.സി.പി. ജില്ലാ സെക്രട്ടറി ബാബു കപ്പകാല , ജനതാദൾ പ്രതിനിധി എം.പി. കുര്യൻ, കെ.എസ്. ഇ. ബി ഡയറക്ടർ മാരായ പി. കുമാരൻ, എൻ. വേണുഗോപാൽ, ചീഫ് എഞ്ചിനീയർമാരായ രാജൻ ജോസഫ്, ജയിംസ് എം. ഡേവിഡ് എന്നിവർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കെ എസ് ഇ ബി ലിമിറ്റഡ് ചെയർമാൻ എൻ.എസ്. പിള്ള സ്വാഗതവും ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയർ എസ് രാജ് കുമാർ നന്ദിയും പറഞ്ഞു.

വിവിധ ഓഫീസുകളായ വൈക്കം ,പാല ,പൊൻകുന്നം ,പള്ളം ,ചെങ്ങനാശ്ശേരി ഡിവിഷനുകൾ, ട്രാൻസ്മിഷൻ സർക്കിൾ ,സിവിൽ സർക്കിൾ ,റിസർച്ച് ആൻഡ് ഡാം സേഫ്റ്റി എന്നിവയുടെ യുടെ പരിധിയിൽ വന്ന പരാതികൾ പ്രത്യേകം കൗണ്ടറുകളിലായാണ് കേട്ടത്. ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുക, സർവീസ് കണക്ഷൻ നൽകുന്നതിലെ തടസ്സങ്ങൾ , കുടിശ്ശിക – ഒറ്റത്തവണ തീർപ്പാക്കൽ, കാലപ്പഴക്കം വന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ, താരിഫ് മാറ്റം ലൈൻ വലിക്കുന്നതിനായി മരം മുറിച്ചതിനുള്ള നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ ആയിരുന്നു പരാതികളിൽ ഏറെയും. ഗാർഹിക ഉപഭോക്താക്കൾ, മത സാമൂഹിക സ്ഥാപനങ്ങൾ ,ചെറുകിട വ്യവസായികൾ ,വ്യാപാരികൾ, കർഷകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പരാതിക്കാർ അദാലത്തിലെത്തിയിരുന്നു.

പരാതി പരിഹരിക്കുന്നതിലേക്ക് ആവശ്യമായി വരുന്ന 3.72 കോടി രൂപയുടെ ജോലികൾ കെ എസ് ഇ ബി ഏറ്റെടുക്കും . ബി പി എൽ ഗുണഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് ആവശ്യമായി വരുന്ന ജോലികളുടെ ചെലവ് പൂർണ്ണമായും ബോർഡ് വഹിക്കുന്നതാണ് . ഗുണഭോക്താക്കളുടെ എണ്ണം പത്തിൽ കൂടുതൽ വരുന്ന ജോലികളുടെ ചെലവിന്റെ പകുതിയും കെ എസ് ഇ ബി വഹിക്കുവാൻ തീരുമാനിച്ചു. ഈ ജോലികളെല്ലാം മാർച്ച് 31ന് മുമ്പായി പൂർത്തീകരിക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ അറിയിച്ചു. പരാതി നൽകുന്നതിന് അനുവദിച്ചിരുന്നു തീയതിക്കു ശേഷം സമർപ്പിച്ച അപേക്ഷകളിന്മേൽ ഏഴുദിവസത്തിനകം ആവശ്യമായ പരിശോധന നടത്തി ഉചിതനടപടി സ്വീകരിക്കുമെന്ന് അദാലത്ത് കമ്മറ്റി കൺവീനർ കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ ജെ ഷൈമ അറിയിച്ചു