നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകഘട്ടം കഴിഞ്ഞ് മാങ്കുളം പദ്ധതി

56

മാങ്കുളം ജല വൈദ്യുത പദ്ധതിയുടെ ജല നിർഗമന സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടര കിലോമീറ്റർ ദൂരം വരുന്ന ടണൽ ഡ്രൈവിംഗ് ജോലികൾ പൂർത്തിയാക്കി. 4.2 മീറ്റർ വ്യാസവും രണ്ടര കിലോമീറ്റർ നീളവും കുതിര ലാടത്തിന്റെ ആകൃതിയിൽ ഉള്ളതുമായ പ്രസ്തുത ടണൽ ഡ്രൈവിംഗ് 26 മാസം കൊണ്ട് പൂർത്തീകരിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ കരാർ കമ്പനിയുടെയും പദ്ധതി നിർവഹണ ഓഫീസിന്റെയും ഒന്നിച്ചുള്ള പ്രവർത്തന മികവിൽ ഈ ലക്ഷ്യം നാലര മാസം മുമ്പ് തന്നെ എത്തിപ്പിടിക്കാൻ സാധിച്ചു. അവസാന ഒരാഴ്ച മുമ്പ്, ടണൽ തുറക്കുന്ന തീയതി പ്രഖ്യാപിച്ച് ഒരു കൗണ്ട്ഡൗൺ നടത്തിയാണ് മാങ്കുളം പദ്ധതി നിർവഹണ ഓഫീസ് ഈ നാഴികക്കല്ല് ആഘോഷമാക്കിയത്. 2022 ഡിസംബർ 29 ന് മാങ്കുളം ഭാഗത്ത് നിന്നും ആരംഭിച്ച ടണൽ ഡ്രൈവിംഗ് 2024 ഒക്ടോബർ 11 ന് രാവിലെ ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ, ചീഫ് എൻജിനീയർ പ്രൊജക്ട്സ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ എന്നിവരെ സാക്ഷിയാക്കി രണ്ടര കിലോമീറ്റർ അകലെ വിരിഞ്ഞപാറയിൽ സർജിലേക്ക് തുറന്നു. പല കാലയളവിലായി നിരവധി ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും അറുനൂറോളം ദിനരാത്രങ്ങൾ നീണ്ട അതികഠിനമായ പ്രയത്നത്തിന്റെ നേട്ടമാണ് ഒക്ടോബർ 11 ന് നമ്മൾ നേടിയെടുത്തത്. ഭൂമിക്കടിയിൽ ഏകദേശം പത്ത് മുതൽ ഇരുനൂറ് മീറ്റർ വരെ ആഴത്തിലാണ് തുരങ്കം കടന്ന് പോകുന്നത്. രണ്ടു വശത്തുനിന്നും ടണൽ ഡ്രൈവിംഗ് നടത്താൻ കഴിഞ്ഞതും, ഡ്രില്ലിങ് വേഗത്തിലാക്കാൻ കഴിയുന്ന ‘ടാംറോക്ക് ‘ എന്ന നൂതന യന്ത്രസംവിധാനത്തിന്റെ ഉപയോഗവും ടണൽ ഡ്രൈവിംഗ് ജോലികൾ വേഗത്തിലാക്കാൻ സഹായിച്ചു. 30 സെന്റിമീറ്റർ കനത്തിലുള്ള കോൺക്രീറ്റ് ലൈനിങ് ജോലികളാണ് ഇനി ടണലിനുള്ളിൽ ചെയ്യാനുള്ളത്. ടണൽ കൂടാതെ വിരിഞ്ഞപാറയിൽ 90 മീറ്റർ ആഴവും 8 മീറ്റർ വ്യാസവുമുള്ള സർജ്ജ് കിണർ,90 മീറ്റർ നീളത്തിൽ ആഡിറ്റ് ടണലും, 110 മീറ്റർ നീളത്തിൽ ലോ പ്രഷർ ടണലും, കുറത്തിക്കുടിയിൽ 511 മീറ്റർ നീളം വരുന്നതും 3.6 മീറ്റർ വ്യാസമുള്ളതുമായ ഹൊറിസോണ്ടൽ പ്രഷർ ടണൽ, പെരുമ്പൻകുത്തിൽ 40 മീറ്റർ നീളം വരുന്ന ഒരു പുതിയ കോൺക്രീറ്റ് പാലം എന്നിവ ഇതുവരെ പൂർത്തീകരിച്ച മറ്റ് പ്രധാന പ്രവൃത്തികൾ ആണ്. കുറത്തിക്കുടിയിൽ പവർ ഹൗസിന്റെ ജോലികളും, മാങ്കുളത്ത് 50 മീറ്റർ ഉയരവും 200 മീറ്റർ നീളമുള്ളതും 5 സ്പിൽവേ ഗേറ്റുകളോട് കൂടിയതുമായ മെയിൻ ഡാമിന്റെ നിർമ്മാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായി 80 മെഗാവാട്ട് ഉല്പാദന ശേഷിയുള്ളതാണ് മാങ്കുളം പദ്ധതി. രണ്ടാം ഘട്ടത്തിൽ കടലാർ, കടുവാക്കാട് തോട് എന്നിവയിൽ നിന്നുമുള്ള വെള്ളം മാങ്കുളം റിസർവോയറിൽ എത്തിക്കുക മാത്രമാണ് ചെയ്യേണ്ടത്. അതിനായി രണ്ട് ചെറിയ തടയിണകളും ആറ് കിലോമീറ്റർ നീളത്തിൽ ടണലും ആവശ്യമാണ്. വനഭൂമിയിൽ ആയതിനാൽ കേന്ദ്ര വനം വന്യജീവി വകുപ്പിൽ നിന്നും ആവശ്യമായ അനുമതികൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2026 മെയ് മാസത്തിലാണ് ആദ്യഘട്ടത്തിന്റെ കമ്മീഷനിങ് നിർണയിച്ചിരിക്കുന്നത്.