സാലറി ചലഞ്ച്-വി.ടി.ബലറാം എം.എല്‍.എയുടെ നുണ തുറന്നു കാട്ടി തോമസ് ഐസക്

153
വി.ടി ബലറാം എം.എല്‍.എയുടെ നുണ പ്രചരണത്തിന് തോമസ് ഐസക്കിന്റെ മറുപടി

നുണ പ്രചരിപ്പിക്കാൻ ഏറ്റവുമധികം തൊലിക്കട്ടി ആർക്ക് എന്നൊരു മത്സരം നടക്കുകയാണെന്നു തോന്നുന്നു, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ. കിഫ്ബി, ട്രാൻസ്ഗ്രിഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾക്ക് വസ്തുതയുമായി പുലബന്ധം പോലുമുണ്ടായിരുന്നില്ലല്ലോ. ഏതായാലും കെഎസ്ഇബിയിലെ സാലറി ചലഞ്ച് സംബന്ധിച്ച പോസ്റ്റിലൂടെ മത്സരത്തിൽ പ്രതിപക്ഷ നേതാവിനെ ബഹുകാതം പിന്നിലാക്കിയിരിക്കുകയാണ്, വി ടി ബലറാം.

ബൽറാമെങ്ങനെയാണ് ഈ നുണ നിർമ്മിച്ചത് എന്നു നോക്കാം. “20/08/2019 ന് മുഖ്യമന്ത്രിക്ക് കൈമാറിയ കെഎസ്ഇബിയിലെ സാലറി ചലഞ്ചിൻ്റെ 131.26 കോടി രൂപ എവിടെപ്പോയി” എന്നാണല്ലോ അദ്ദേഹത്തിന്റെ ചോദ്യം. ചോദ്യം സാധൂകരിക്കാൻ രണ്ടു സ്ക്രീൻ ഷോട്ടുകൾ നൽകിയിട്ടുണ്ട്.

ഒന്നിൽ “Salary Challege from Employees” എന്ന വിഭാഗത്തിനു നേരെയുള്ള തുക 1206.31 കോടി. കഴിഞ്ഞ ആഗസ്റ്റ് 19ലെ കണക്കാണത്. ആഗസ്റ്റ് 20നാണല്ലോ വൈദ്യുതി മന്ത്രി എംഎം മണി ചെക്കു നൽകിയത്. രണ്ടാമത് കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ടിലെ തീയതി 30.9.2019 ആണ്. അതിൽ പ്രസ്തുത വിഭാഗത്തിനു നേരെയുള്ളത് 1213.04 കോടി. അതിലും ഒരു വട്ടം വരച്ചിട്ടുണ്ട്.

കെഎസ്ഇബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച 131.26 കോടി കൂടി കൂട്ടുമ്പോൾ ഇത്രയും വന്നാൽപ്പോരല്ലോ. സംശയവും ആരോപണവും ശരിയാണല്ലോ എന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നും.

സ്ക്രീൻ ഷോട്ടിൽ വട്ടം വരച്ചാൽ ആരും അതിനുള്ളിലേയ്ക്കല്ലേ നോക്കൂ. വട്ടം വരച്ച് താരതമ്യപ്പെടുത്തിയിരിക്കുന്നത് സ്പാർക്കിലൂടെ സമാഹരിച്ച തുകകൾ തമ്മിലാണ്. അതിൽ കെഎസ്ഇബിയുടെ വിഹിതം വരില്ല. അതൊന്നും വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഈ നുണ ഷെയർ ചെയ്യുന്നവർക്കറിയില്ലല്ലോ. അതറിഞ്ഞുകൊണ്ടാണല്ലോ നുണ തയ്യാറാക്കിയതും.

അതുകൊണ്ട് വട്ടം വരച്ച ഫിഗറിലല്ല നോട്ടമെത്തേണ്ടത്. വട്ടത്തിനു തൊട്ടുമുമ്പിലുള്ള വിഭാഗത്തിലാണ്. Contributions received from general public എന്നു തുടങ്ങുന്ന വിഭാഗം. പിഎസ് യു പോലുള്ള പൊതുസ്ഥാപനങ്ങൾ, ഗ്രാന്റ് ഇൻ എയിഡ് സ്ഥാപനങ്ങൾ, എന്നിവയിൽനിന്നൊക്കെ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ഇവിടെയാണ് ചേർത്തിരിക്കുന്നത്. ആദ്യസ്ക്രീൻ ഷോട്ടിൽ 2484.64 കോടിയാണ് ആ തുക. രണ്ടാമത്തേതിൽ 2729.41 കോടിയും. ആഗസ്റ്റ് 20ന് വൈദ്യുതി മന്ത്രി നൽകിയ ചെക്കിലെ തുക ഈ വിഭാഗത്തിലാണ് കണക്കിൽ ചേർത്തിരിക്കുന്നത്.

മറ്റൊരു സൂത്രപ്പണി കൂടി പ്രയോഗിച്ചാണ് ഈ നുണയെ പണിക്കുറ്റം തീർത്ത ഉരുപ്പടിയാക്കിയിരിക്കുന്നത്. അതുകൂടി മനസിലാക്കിയാലേ, നുണ നിർമ്മാണത്തിൽ അദ്ദേഹത്തിനുള്ള കൈയടക്കം പൂർണമായി മനസിലാകൂ.

ആദ്യത്തെ സ്ക്രീൻ ഷോട്ട് നോക്കുക. അതിൽ ഗ്രാൻഡ് ടോട്ടൽ കൊടുത്തിട്ടുണ്ട്. 4403.13 കോടി രൂപ. എന്നാൽ രണ്ടാമത്തെ സ്ക്രീൻ ഷോട്ടിൽ ഗ്രാൻഡ് ടോട്ടൽ ഇല്ല. ആ ഫിഗറിനു തൊട്ടുമുകളിൽ വെച്ച് സ്ക്രീൻ ഷോട്ട് മുറിച്ചിട്ടുണ്ട്. അങ്ങനെ, 4641.95 കോടി എന്ന തുക നൈസായിട്ടു മുക്കി.

വട്ടം വരച്ച് ചൂണ്ടിക്കാണിച്ച തുകകൾ തമ്മിലുള്ള വ്യത്യാസം ആകെത്തുകയിലും ആവർത്തിച്ചില്ലെങ്കിൽ, ആരോപണം അപ്പോൾത്തന്നെ പൊളിയുമല്ലോ. അതൊഴിവാക്കാനാണ് ഈ മുക്കൽ. നുണ നിർമ്മാണത്തിലെ വേറിട്ടൊരു തച്ചുശാസ്ത്രം.

ഇക്കാര്യത്തിലെ വസ്തുത ഇതാണ്. 931290, 210634 എന്നീ ചെക്കുകളാണ് കെഎസ്ഇബിയിലെ സാലറി ചലഞ്ച് തുക ക്രെഡിറ്റു ചെയ്യാൻ കൈമാറിയത്. ആദ്യത്തെ ചെക്ക് എസ്ബിഐയുടേത്. 17,96,84,855 രൂപയുടെ ഈ ചെക്ക് 21-8-2019ന് ക്രെഡിറ്റായിട്ടുണ്ട്. രണ്ടാം ചെക്ക് ഫെഡറൽ ബാങ്കിലേത്. 113,30,09,485 കോടിയുടെ ഈ ചെക്ക് 22-8-2019നും ക്രെഡിറ്റായി.

ബൽറാമിൻ്റെ നുണ ഭും!!!