ഉപഭോക്താക്കളുടെ വൈദ്യുതി ചാർജിൽ കുത്തനെയുള്ള വർദ്ധനവിന് നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശങ്ങൾ കാരണമാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളായ രണ്ട് വൻകിട ഉത്പാദന – വിതരണ കമ്പനികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി നിർദ്ദേശങ്ങൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്യൂച്ചർ ട്രേഡിങ്ങിന് അനുമതി നൽകുന്നത് വഴി വൈദ്യുതി നിരക്ക് വൻതോതിൽ വർദ്ധിക്കും. സംസ്ഥാന സർക്കാരുകൾക്കുണ്ടായിരുന്ന അധികാരങ്ങൾ ചോർത്തിക്കളയുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നേരിട്ട് ഇക്കാര്യം താൻ സംസാരിക്കുമെന്നും നിയമ ഭേദഗതിക്കെതിരായ നിലപാടെടുക്കാൻ അവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ, ഇത്രയും അപകടകരമായ ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷേ, പൊതുതിരഞ്ഞെടുപ്പ് സമയത്ത് വൻകിട സ്വകാര്യ വൈദ്യുതി കമ്പനികളിൽ നിന്നും ലഭിച്ചേക്കാവുന്ന പരിഗണനകൾക്ക് പകരം നൽകുന്ന മുൻകൂർ സഹായമായി മാത്രമേ ഈ നിലപാടിനെ കാണാൻ കഴിയുകയുള്ളുവെന്നും കേജ്രിവാൾ പറഞ്ഞു.