വൈദ്യുതി നിയമ ഭേദഗതി – ഉപഭോക്തൃ ശാക്തീകരണത്തിന്റെ മറവിൽ കുത്തകവത്ക്കരണം

186

ഉപഭോക്താക്കൾക്ക് 24×7 വൈദ്യുതി നൽകുക, മുൻവർഷങ്ങളിലെ പരമാവധി ആവശ്യകത കണക്കിലെടുത്ത് ഉത്പാദന കമ്പനികളുമായി ദീർഘകാല – മധ്യകാല കരാറിലേർപ്പെടുക, വൈദ്യുതി തടസ്സങ്ങൾക്കും സേവനങ്ങളുടെ കാലതാമസങ്ങൾക്കും നിർദ്ദേശിച്ചിരിക്കുന്ന വൻതോതിലുള്ള പിഴ, സപ്ലൈ നൽകുന്നതിൽ നിർദ്ദേശിക്കുന്ന കുറഞ്ഞ കാലയളവ്, ലൈസൻസിയുടെ കാര്യക്ഷമതക്കുറവ് മൂലമുള്ള നഷ്ടങ്ങളും ചെലവുകളും താരിഫിൽ കണക്കിലെടുക്കരുതെന്ന നിർദ്ദേശം തുടങ്ങി ഒട്ടനവധി ജനകീയമെന്നു തോന്നുന്ന ഭേദഗതികൾ വൈദ്യുതി നിയമത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. പുനരുപയോഗ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ ഉത്പാദനത്തിന് ലൈസൻസ് വേണ്ട എന്നത് ആകർഷണീയമാണ്. സാധാരണക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമാണ് ഇതെന്ന് വിശദമായ പരിശോധനയിൽ മനസ്സിലാകും.


പുതിയ സപ്ലൈ ലൈസൻസികളുടെ കടന്നു വരവ്, പുനരുപയോഗ സ്രോതസ്സുകളിൽ നിന്നുള്ള നിയന്ത്രണമില്ലാത്ത ഉത്പാദനം എന്നിവ യൂട്ടിലിറ്റികളുടെ ദീർഘകാല – മധ്യകാല വൈദ്യുതി വാങ്ങൽ കരാറുകളിലെ കണക്കുകൂട്ടലുകളെ അട്ടിമറിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിവിധ തരത്തിലുള്ള സേവനങ്ങൾക്കും പരാതി പരിഹാരത്തിനും ആയി സപ്ലൈ കമ്പനിയിലും വിതരണ കമ്പനിയിലുമായി നെട്ടോട്ടമോടേണ്ടി വരുന്ന ഉപഭോക്താവിന്റെ അവസ്ഥ വർണ്ണനാതീതമാണ്.
നിയമ ഭേദഗതിയിൽ നിർദ്ദേശിച്ച പ്രകാരം, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ക്രോസ്സ് സബ്സിഡി 20% ൽ താഴെ എത്തിക്കുമെങ്കിൽ, കാർഷിക – ഗാർഹിക മേഖലയിലെ ഉപഭോക്താക്കൾക്ക് ഉണ്ടാവുന്ന താരിഫിലുള്ള ആഘാതം 200 % ത്തിനു മുകളിൽ വരും. കേന്ദ്ര സർക്കാർ അനുശാസിക്കുന്ന താരിഫ് നയം കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകൾ വഴി നടപ്പാക്കുമ്പോൾ, കൺകറൻറ് ലിസ്റ്റിൽപ്പെട്ട വൈദ്യുതി മേഖല, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് അപ്രാപ്യമാകുമെന്ന കാര്യത്തിൽ തർക്കമില്ല.