- സംഘടനാ പ്രൊട്ടക്ഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ്
വൈദ്യുതി ബോര്‍ഡ് അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നതിനും വിവിധ വിഷയങ്ങള്‍ അപ്പോഴപ്പോള്‍ ബോര്‍ഡധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സഹായകരമായ നിലയിലാണ് വൈദ്യുതിബോര്‍ഡിലെ ഓഫീസര്‍-തൊഴിലാളി സംഘടനകള്‍ക്ക് സംഘടനാ പ്രൊട്ടക്ഷന്‍ അനുവദിച്ചിരിക്കുന്നത്. കാലാകാലങ്ങളിൽ നടത്തുന്ന റഫറണ്ടത്തില്‍ അംഗീകാരം ലഭിക്കുന്ന തൊഴിലാളി സംഘടനകള്‍ക്കെല്ലാം കൂടി 100 പേര്‍ക്ക് സംഘടനാ പ്രൊട്ടക്ഷന്‍ നിലവിലുണ്ട്. റഫറണ്ടത്തില്‍ ലഭിക്കുന്ന വോട്ടിങ്ങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ആനുപാതികമായി ഇത് ഓരോ സംഘടനകള്‍ക്കും ബോര്‍ഡ് അനുവദിച്ച് നല്‍കും. നിരവധി തവണ ആവശ്യം ഉയര്‍ന്നിട്ടും, നാളിതുവരെ ഓഫീസർ സംഘടനകളുടെ റഫറണ്ടം വൈദ്യുതി ബോര്‍ഡില്‍ നടന്നിട്ടില്ല. അതുകൊണ്ടു തന്നെ വൈദ്യുതി ബോര്‍ഡില്‍ നിലവിലുള്ള എല്ലാ ഓഫീസര്‍ സംഘടനകളുടെയും ഭാരവാഹികളായ മൂന്നുപേര്‍ക്ക് വീതം സ്ഥലംമാറ്റങ്ങളില്‍ പ്രൊട്ടക്ഷന്‍ നല്‍കിവരുന്നത് പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ ദീര്‍ഘകാലമായി നിലവിലുള്ളതാണ്. എന്നാല്‍ ഈ നിബന്ധനകളില്‍ മാറ്റം വരുത്തിക്കൊണ്ട് 11-07-2022 തിയ്യതി വെച്ചുകൊണ്ട് ഇറങ്ങിയ ഉത്തരവ് തികച്ചും ഏകപക്ഷീയവും, പ്രതിഷേധാര്‍ഹവും, അടിയന്തിരമായി തിരുത്തേണ്ടതുമാണ്.
മേല്‍പ്പറഞ്ഞ ഉത്തരവു പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ഡോമിസൈല്‍ ഉള്ളവരെ മാത്രമേ ഹെഡ്ക്വാര്‍ട്ടേര്‍സില്‍ പ്രൊട്ടക്ഷന് പരിഗണിക്കുകയുള്ളൂ എന്നാണ് തീരുമാനമായിരിക്കുന്നത്. അതോടൊപ്പം ഏത് ജില്ലയിലാണോ ഭാരവാഹികള്‍ ജോലിചെയ്യുന്നത് അവിടെ മാത്രമേ പ്രൊട്ടക്ഷന് പരിഗണിക്കൂ എന്നും ഉത്തരവിൽ പറയുന്നു. വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് വിധേയമായവരോ, സസ്പെന്‍ഷന് ശേഷം തിരിച്ചെടുത്തവരോ ആണെങ്കില്‍, അവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന ജില്ലയിലേക്ക് തിരിച്ചു നല്‍കില്ല എന്നും ഉത്തരവ് വ്യക്തമാക്കുന്നു.
സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ക്കാണ് പ്രൊട്ടക്ഷന്‍ അനുവദിക്കുന്നത്. ഹെഡ്ക്വാട്ടേര്‍സില്‍ പ്രൊട്ടക്ഷന്‍ കിട്ടണമെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നവരെ മാത്രമേ ഭാരവാഹികളായി തെരെഞ്ഞെടുക്കാവൂ എന്ന നിലയില്‍ വ്യവസ്ഥ വെക്കുന്ന സമീപനമാണ് ഈ ഉത്തരവില്‍ ഉള്ളത്. മാത്രമല്ല സംഘടനയുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരായിരിക്കണമെന്ന് ഉറപ്പുവരുത്തുകയും വേണം. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏകപക്ഷീയ നടപടികള്‍ക്ക് വിധേയമായ സംഘടനാനേതാക്കളെ സംഘടനാ പ്രൊട്ടക്ഷന്റെ ഭാഗമായി തിരികേ നല്‍കാതിരിക്കുക എന്നതും ഉത്തരവിലൂടെ ലക്ഷ്യമിടുന്നു. വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍ സംഘടനകളുടെ ഭാരവാഹികള്‍ ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സംഘടനകളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഈ ഉത്തരവ്. കൂടാതെ, ഒരു അച്ചടക്ക നടപടിക്ക് വിധേയരായവര്‍ക്ക്, ഒരു ജില്ലയിലേക്ക് പ്രവേശനമില്ല എന്ന ഉത്തരവ്, ഇരട്ട നടപടി ആയി മാറുകയും, നിയമപരമായി നിലനില്‍ക്കാത്തതുമാണ്. സസ്‌പെന്‍ഷന് വിധേയരായവരൊക്കെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടി നേരിട്ടവര്‍ ആകണമെന്നുമില്ല. ഇത്തരത്തില്‍ ഏകപക്ഷീയമായ ഉത്തരവുകള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ ഗുണം ചെയ്യുന്നതല്ല.
സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴോ, സംഘടനകളുടെ പ്രൊട്ടക്ഷന്‍ പട്ടിക നല്‍കാന്‍ നിര്‍ദ്ദേശിച്ച അവസാനതിയ്യതിക്കുമുമ്പോ ഇല്ലാത്ത ഇത്തരമൊരുത്തരവ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെ.എസ്.ഇ.ബി.യിലെ എഴുപതുശതമാനത്തോളം ഓഫീസര്‍മാരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍. സംഘടന ഈ വര്‍ഷം ഹെഡ്ക്വാട്ടേര്‍സില്‍ സംഘടനാ പ്രൊട്ടക്ഷന് നിര്‍ദ്ദേശിച്ചിട്ടുള്ള സംഘടനയുടെ പ്രസിഡന്റ് ഡോ. എം.ജി. സുരേഷ് കുമാര്‍ (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍, പെരിന്തല്‍മണ്ണ) ജി. മനോജ് (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ട്രാന്‍സ്ഗ്രിഡ് കോട്ടയം) എന്നിവര്‍ക്ക് പ്രൊട്ടക്ഷന്‍ നിഷേധിക്കുക എന്ന ഏക ലക്ഷ്യം മാത്രം വെച്ചുകൊണ്ടാണ് ഇപ്പോള്‍ ഈ ഉത്തരവ് മുന്‍ സി എം ഡിയുടെ സ്ഥാനമാറ്റ ഉത്തരവിറങ്ങിയ ദിവസം തന്നെ ഇറക്കിയിരിക്കുന്നത് എന്നത് വ്യക്തമാണ്. നിയമപരമായി നിലനില്‍ക്കാത്ത ഈ തീരുമാനം അടിയന്തിരമായി ബോര്‍ഡ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ഥാപനത്തിലെ ഓഫീസർ സംഘടനകളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പുതുക്കിയ പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങളനുസരിച്ച് 2022-23 ലെ സ്ഥലം മാറ്റ പ്രക്രിയ ആരംഭിക്കുകയുണ്ടായി. ഇതനുസരിച്ച് വിവിധ വിഭാഗങ്ങളുടെ ഇൻഡക്സുകൾ, പോസ്റ്റിംഗ് സ്ട്രെങ്ങ്ത് (തിരുവനന്തപുരം വൈദ്യുതി ഭവനം ഒഴികെ) തുടങ്ങിയവ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ തിരുവനന്തപുരം വൈദ്യുതി ഭവനിലെ പോസ്റ്റിംഗ് OLT മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പൂളിംഗ് എന്ന അശാസ്ത്രീയവും സുതാര്യതയില്ലാത്തതുമായ പ്രക്രിയയിലൂടെ നടപ്പാക്കാൻ ഏകപക്ഷീയമായി എടുത്ത തീരുമാനം ആഫീസർ വിഭാഗത്തിന്റെ ഈ വർഷത്തെ പൊതു സ്ഥലം മാറ്റ നടപടികൾ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. തുടർന്ന് നടന്ന ഓണ്‍ലൈന്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഫങ്ങ്ഷണൽ കമ്മിറ്റി യോഗത്തിൽ OLT മാനദണ്ഡങ്ങളും നിർദിഷ്ട പൂളിംഗ് നിർദ്ദേശവും യുക്തിപരമായി ഒത്തു പോകുന്നതല്ലെന്നും ഇത് ആഫീസർമാർക്ക് മുൻ വർഷങ്ങളിലെയും ഈ വർഷത്തെയും ഗൈഡ് ലൈനുകൾ വഴി ലഭിച്ചിരുന്ന അവസരങ്ങളും അവകാശങ്ങളും ഇല്ലാതാക്കുന്നതാണെന്നും ആയതിനാൽ പൂളിംഗ് നിർദ്ദേശം പിൻവലിച്ച് മുൻ വർഷങ്ങളില്‍ പരാതിരഹിതമായി നടത്തിയ രീതി തുടരണമെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ആ യോഗത്തിൽ പങ്കെടുത്ത എല്ലാ സംഘടനകളും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടും മാനേജ്മെന്റ് സ്വന്തം നിർദ്ദേശവുമായി മുന്നോട്ട് പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. തുടര്‍ന്ന് പുറത്തിറക്കിയ നാല് കരട് സ്ഥലം മാറ്റ ഉത്തരവുകളിലും പൂളിംഗും പോസ്റ്റിംഗ് സ്‌ട്രെങ്‌തും പ്രസിദ്ധീകരിക്കാത്തത് അടക്കം നിരവധി അപാകതകൾ കടന്നു കൂടാനിടയാക്കി.
എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഓഫീസർമാരിൽ നിന്ന് ഓപ്ഷൻ വാങ്ങാനുള്ള നടപടി സ്ഥലം മാറ്റ പ്രക്രിയയെ അനിശ്ചിതത്വത്തിലാക്കിയിരിക്കയാണ്. മാനദണ്ഡ ഉത്തരവുകൾ പ്രസിദ്ധീകരിച്ച് സ്ഥലം മാറ്റ നടപടികൾ വിവിധ ഘട്ടങ്ങളിൽ ആരംഭിച്ച ശേഷം അടിസ്ഥാന നിയമങ്ങളിൽ ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തുന്നത് സ്ഥലംമാറ്റ പ്രക്രിയയെ അനിശ്ചിതമായി നിയമക്കുരുക്കുകളിലേക്ക് നയിക്കാന്‍ ഇടയാക്കും. സ്ഥലംമാറ്റം വൈകുന്നത് അന്യ ജില്ലകളിൽ ജോലി ചെയ്യുന്ന ആഫീസർമാരെ കഷ്ടത്തിലാക്കിയിട്ടുണ്ട്. കാലതാമസം ഒഴിവാക്കി ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കുന്നതിന് മുൻ വർഷങ്ങളിൽ വിജയകരമായി നടപ്പാക്കിയിരുന്ന സുതാര്യമായ രീതി തുടര്‍ന്നേ മതിയാകൂ. - ഓഫീസർ സംഘടനകളുടെ റഫറണ്ടം
വൈദ്യുതി ബോർഡിൽ ഇന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസ്സോസിയേഷനെ കൂടാതെ ഏതാനും കാറ്റഗറി സംഘടനകൾ ഉൾപ്പെടെ 8ഓളം ഓഫീസർ സംഘടനകൾ ഉണ്ട്. ഇതര സംഘടനകളുടെ അംഗസംഖ്യ മൊത്തത്തിൽ കൂട്ടിയാലും ഓഫീസർമാരുടെ മൊത്തം എണ്ണത്തിന്റെ 30 ശതമാനത്തിലും താഴെയേ വരൂ. തൊഴിലാളി സംഘടനകളുടെ റഫറണ്ടം കാലാകാലങ്ങളിൽ നടത്തിവരുന്ന വൈദുതി ബോർഡിൽ നാളിതുവരെ ഓഫീസർ സംഘടനകളുടെ റഫറണ്ടം നടന്നിട്ടില്ല. ഈ ആവശ്യം നമ്മുടെ സംഘടന നിരവധി തവണ മാനേജ്‌മെന്റിന്റെ മുന്നിൽ സമർപ്പിച്ചെങ്കിലും ഫലപ്രാപ്തിയിൽ എത്തിക്കാനായിട്ടില്ല. ബഹു. കേരള ഹൈക്കോടതിയിൽ WP(C) No.16415/ 2011 ആയി കേരള സംസ്ഥാന വൈദ്യുതി ബോർഡ് മിനിസ്റ്റീരിയൽ ഓഫീസേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയുടെ ഉത്തരവിന് വിധേയമായി വൈദ്യുതി ബോർഡ് 13/ 6/ 2017 ന് PS1(b)2252/2017 ആയി ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. ഓൺലൈൻ വോട്ടിങ്ങിലൂടെ വൈദ്യുതി ബോർഡിലെ ഓഫീസര്‍മാരുടെ സംഘടനകൾക്ക് അംഗീകാരം നൽകുന്നതിന്റെ പ്രാഥമിക നടപടി എന്ന നിലയിൽ HRIS ൽ മുഴുവൻ ഓഫീസർമാരുടെയും വ്യക്തിഗത മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യുവാൻ നിർദ്ദേശിച്ചുള്ളതായിരുന്നു ടി സർക്കുലർ.
ടി സർക്കുലറിനെതിരെ കേരള പവ്വർ ബോർഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ബഹു. കേരള ഹൈക്കോടതിയിൽ WP(C)22072/2017 ആയി റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും ടി റിട്ട് പെറ്റീഷനിൽ 18/8/2017ന് ബഹു. ഹൈക്കോടതി താഴെ പറയുന്ന പ്രകാരം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതാണ്. “The learned Standing Counsel submits that the mode of operation of the process of online voting and various formalities involved will be explained and displayed to all associations of officers functioning in the Board by convening a meeting to remove the apprehension if any, before actually carrying out the process. Objection raised by the petitioner is against online voting. The respondents shall file a statement.”
ടി ഇടക്കാല ഉത്തരവിനെതിരെ പവ്വർ ബോർഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ WA No.1824 of 2017 ആയി ബഹു. ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും, അപ്പീലിൽ 22/11/2017 ന് താഴെ പറയും പ്രകാരം വിധി വന്നിട്ടുള്ളതുമാണ്.
“We disposed of this appeal, without disturbing in any manner the direction given by the learned Single Judge, however, clarifying that the voting by the KSEBL shall be done only after the writ petition is finally disposed of.” എന്നാൽ നാളിതുവരെ ആയിട്ടും WP(C)22072/2017 ലെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതിനുള്ള യാതൊരു നടപടിയും വൈദ്യുതി ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി വൈദ്യുതി ബോർഡിൽ വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഏതാനും പുതിയ ചെറുസംഘടനകൾ രൂപീകൃതമാവുകയും അവ ബോർഡ് മാനേജ്‌മെന്റിനെ സ്വാധീനിച്ച്, മാനേജ്‌മെന്റ് ഓഫീസര്‍മാരുമായി നടത്തുന്ന ചർച്ചകളിലും, മീറ്റിങ്ങുകളിലും മറ്റും സ്ഥിരമായി ക്ഷണിതാക്കളായി പങ്കെടുത്തുവരികയുമാണ്. ഓഫിസർമാരുടെ കേവലം രണ്ടോ മൂന്നോ ശതമാനത്തിൽ താഴെ മാത്രം അംഗത്വമുള്ള ടി സംഘടനകൾക്ക് 70 ശതമാനത്തിൽ അധികം ഓഫിസർമാർ അംഗങ്ങളായുള്ള കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസ്സോസിയേഷന് ലഭിക്കുന്ന അതേ തോതിൽ സ്ഥലം മാറ്റത്തിൽ നിന്നുള്ള പരിരക്ഷ, വിവിധ കമ്മിറ്റികളില്‍ അംഗത്വം എന്നിവയും നിലവില്‍ ലഭിക്കുന്നുണ്ട്. നിയമപരമായും ജനാധിപത്യ പരമായും കടുത്ത അനീതിയായി മാത്രമേ സംഘടനക്ക് ഇതിനെ കാണാനാവൂ.
ഈ അനീതി നിലനില്‍ക്കുമ്പോഴാണ്, മുന്‍ സി എം ഡി തന്നെ FTDല്‍ നോട്ട് വെച്ച് വിചിത്രമായ ഒരു ഉത്തരവ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. തൊടുന്നതിനെല്ലാം ഗവണ്‍മെന്റ് സേര്‍വന്റ്സ് കണ്ടക്റ്റ് റൂള്‍സിന്റെ വിവിധ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടുകയും ഓഫീസര്‍ സംഘടനകളുടെ, പ്രത്യേകിച്ച് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ സംഘടനാ സ്വാതന്ത്ര്യം നിയന്ത്രിക്കുകയും പല ഘട്ടത്തിലും നിഷേധിക്കുകയും ചെയ്തിട്ടുള്ള മുന്‍ സി എം ഡി തന്നെ കണ്ടക്റ്റ് റൂള്‍സിലെ സംഘടനകള്‍ക്ക് അംഗീകാരം നല്‍കാന്‍ നിബന്ധനകള്‍ പറഞ്ഞിരിക്കുന്ന ചട്ടങ്ങള്‍ സ്ഥാപനത്തില്‍ ബാധകമല്ലെന്ന് നിര്‍ദ്ദേശിക്കുകയും തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. സ്ഥാപനത്തിനകത്ത് ഓഫീസര്‍മാര്‍ തമ്മില്‍ അനാവശ്യവും, ആരോഗ്യകരമല്ലാത്തതുമായ മത്സരം സൃഷ്ടിക്കുമെന്നതിനാല്‍, ഓഫീസര്‍ സംഘടനകള്‍ക്ക് അംഗീകാരം നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഗവണ്‍മെന്റ് അംഗീകരിച്ച ഒരു ചട്ടവും മാനദണ്ഡവും തങ്ങളുടെ വിവക്ഷക്കും, താല്‍പ്പര്യങ്ങള്‍ക്കുമനുസരിച്ച് നിര്‍വചിക്കുകയും, അതിനനുസരിച്ച് ജീവനക്കാരെ ഇരയാക്കുകയും, സംഘടനകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന ഏകാധിപത്യ ശൈലിയായി മാത്രമെ ഈ തീരുമാനത്തിനെയും കാണാനാകൂ. സത്യാഗ്രഹങ്ങള്‍ പോലും നിരോധിക്കുകയും, അതിന് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തുകയും ചെയ്ത മാനേജ്‌മെന്റിന്റെ തൊഴിലാളികളോടുള്ള പൊതു സമീപനം മുന്‍പ് വ്യക്തമായിരുന്നതാണ്. ഗവണ്‍മെന്റിലേയും, പൊതുമേഖലയിലേയും ഓഫീസര്‍ സംഘടനകളെല്ലാം തന്നെ charitable society act പ്രകാരമാണ് റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ, വൈദ്യുതി ബോര്‍ഡില്‍ മാത്രം ഒരു ഓഫീസര്‍ക്ക് ഒട്ടേറെ ചാരിറ്റി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും ഈ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അരാഷ്ട്രീയ വാദത്തിന്റെ മറ്റൊരു മുഖമായി മാത്രമെ ഈ സമീപനത്തിനേയും കാണാനാകൂ. ഇത്തരം സമീപനങ്ങളും തീരുമാനങ്ങളും പുതിയ സി എം ഡിയുടെ ഇടപെടലില്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഫറണ്ടം സംബന്ധിച്ച ഹൈക്കോടതി കേസില്‍ സംഘടന ഇതിനു മുന്‍പ് തന്നെ കക്ഷി ചേര്‍ന്നിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ നിയമപരമായി നിലനില്‍ക്കാത്ത ഒരു ഉത്തരവിനെ തിരുത്തിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും സംഘടന സ്വീകരിക്കുമെന്നു മാത്രം ഇത്തരുണത്തില്‍ സൂചിപ്പിക്കുന്നു.
സി എം ഡിയുടെ മാറ്റം
2021 ആഗസ്റ്റിലാണ് ഡോ. ബി അശോക് വൈദ്യുതി ബോര്‍ഡ് സി എം ഡിയായി ചുമതലയേല്‍ക്കുന്നത്. മുന്‍ സി എം ഡിമാരില്‍ നിന്നും വ്യത്യസ്ഥമായി, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസ്സോസിയേഷനോടും അതിലെ അംഗങ്ങളോടും, അതിന്റെ പ്രവര്‍ത്തനങ്ങളോടുമെല്ലാം മുന്‍വിധിയോടെയും, വൈരാഗ്യത്തോടെയുമുള്ള സമീപനങ്ങളായിരുന്നു അദ്ദേഹം തുടക്കം മുതല്‍സ്വീകരിച്ചത്. 2021ലെ പൊതു സ്ഥലം മാറ്റ നടപടികള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കുമ്പോള്‍, എച്ച് ആര്‍ എമ്മിലെ CE, Dy. CE എന്നിവരെ ഒരു കാരണവുമില്ലാതെ മാറ്റിയതും, കരിയര്‍ സ്റ്റാഗ്നേഷന്‍ ഒഴിവാക്കാന്‍ സൃഷ്ടിച്ച ഇലക്ട്രിക്കല്‍ വിഭാഗത്തിലെ 124 താല്‍ക്കാലിക AEE തസ്തികകള്‍ ഇല്ലാതാക്കിയതുമൊക്കെ തുടക്കത്തില്‍ എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങളായിരുന്നു. തുടര്‍ന്നായിരുന്നു സ്ഥാപനത്തെ സാമ്പത്തികമായി തകര്‍ക്കുന്നതും, തൊഴിലാളി വിരുദ്ധവുമായ നിരവധി തീരുമാനങ്ങള്‍ സ്ഥാപനത്തിനകത്തെ സംഘടനകളുടേയും, ജീവനക്കാരുടേയും എതിര്‍പ്പിനെ മറികടന്ന് തീരുമാനിച്ച് നടപ്പാക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചത്. എല്ലാ ജീവനക്കാര്‍ക്കും ഏകീകൃതമായ യൂണിഫോം ഏകപക്ഷീയമായി നടപ്പാക്കാന്‍ തീരുമാനിച്ചത്, 1200 ഇലക്ട്രിക്ക് വാഹനങ്ങള്‍ മേടിക്കാന്‍ തീരുമാനിച്ചത്, TAASTA നടപ്പാക്കാന്‍ തീരുമാനിച്ചത്, PRO ജോലികളും, വൈദ്യുതി ഭവന്‍ നവീകരണത്തിന്റെയും, രണ്ടാം ടവറിന്റെയും കണ്‍സല്‍ട്ടന്‍സി പുറം കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചതും, ബാറ്ററി സ്റ്റോറേജ് സംവിധാനത്തിനു വേണ്ടി സാമ്പത്തിക അവലോകനത്തിനു വിധേയമല്ലാതെ നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്, ഒരു ഏകോപനവും പരിശോധനയുമില്ലാതെ RDSS പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചതുമുള്‍പ്പടെ നിരവധി കാര്യങ്ങളാണ് മുന്‍ സി എം ഡി ഏകപക്ഷീയമായി നടപ്പാക്കാന്‍ ശ്രമിച്ചതും, ചിലതൊക്കെ നടപ്പാക്കാന്‍ ആരംഭിച്ചതും. പുതുവത്സര സന്ദേശത്തിന്റെ ഭാഗമായി നമ്മുടെ സംഘടനയെത്തന്നെ മുന്‍ സി എം ഡി പരസ്യമായി അധിക്ഷേപിച്ചതും സ്വയം അപഹാസ്യനായതും നമ്മള്‍ കണ്ടതാണ്.
ഇത്തരത്തില്‍ ഗവണ്‍മെന്റ് നയങ്ങള്‍ക്ക് വിരുദ്ധമായതുള്‍പ്പടെ വിവിധ തീരുമാനങ്ങള്‍ സ്ഥാപനത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്, കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ കേരളത്തിലെ ഒരു പൊതുമേഖല സ്ഥാപനത്തിന്റെ കേന്ദ്ര ഓഫീസിലേക്ക് SISF ന്റെ സായുധ പോലീസിനെ ഉള്‍പ്പടെ വിന്യസിക്കുവാന്‍ ഒരു ചര്‍ച്ചയുമില്ലാതെ ബോര്‍ഡ് തീരുമാനിക്കുന്നത്. വൈദ്യുതിഭവനില്‍ സാധാരണ ജീവനക്കാരന് കയറുന്നതിനും, സംഘടനാപ്രവര്‍ത്തനത്തിന് വരെ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതുമായ ഈ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് സ്ഥാപനത്തിനുള്ളില്‍ ഉയര്‍ന്നത്. നാല് സംഘടനകള്‍ ചേര്‍ന്ന് സംയുക്തമായി ഒരു പ്രക്ഷോഭത്തിലേക്ക് പൊയതും ഈ പ്രതിഷേധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്ന മുന്നണി തന്നെ ഇടപെടുകയും വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടത്തി ഒരു ധാരണയില്‍ എത്തുകയും ചെയ്തതിനു ശേഷമാണ് ഈ പ്രക്ഷോഭസമരം പിന്‍വലിച്ചത്. ദേശീയ പണിമുടക്ക് പരാജയപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമമുണ്ടാവുകയും, അതിനെ മറയാക്കാന്‍ സംഘടനയുടെ ഭാരവാഹിക്കെതിരെ അടിസ്ഥാനമില്ലാത്തതും നിയമപരമല്ലാത്തതുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്ചടക്കനടപടികള്‍ എടുത്തതും, അതു തിരുത്താതിരിക്കുകയും, സ്ത്രീത്വത്തെയുള്‍പ്പടെ അപമാനിക്കുന്ന നില എത്തുകയും ചെയ്തപ്പോഴാണ് സംഘടന ഒറ്റക്ക് ഒരു പരസ്യ പ്രതിഷേധത്തിലേക്ക് വീണ്ടും പോയത്. സത്യാഗ്രഹ സമരം പോലും നിരോധിക്കുകയും, ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തുകയും, തുടര്‍ന്ന് സംഘടനയുടെ പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിയേയും സസ്പെന്റ് ചെയ്യുകയും ചെയ്യുന്ന നിലയുമുണ്ടായി. വീണ്ടും ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്ന മുന്നണിയുടെ സമ്മര്‍ദ്ദത്തില്‍ വൈദ്യുതി മന്ത്രി സംഘടനയുമായി ചര്‍ച്ച നടത്തുകയും, ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പവര്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഒരു ധാരണയില്‍ എത്തുകയും ചെയ്തതിനു ശേഷമാണ് വിപുലമാക്കാന്‍ തീരുമാനിച്ച ഒരു പ്രക്ഷോഭസമരം നമ്മള്‍ താത്കാലികമായി പിന്‍വലിച്ചത്. എന്നാല്‍ ധാരണയുടെ അടിസ്ഥാനത്തിലുള്ള ഒരു കാര്യവും നടപ്പാക്കാന്‍ ബോര്‍ഡ് മാനേജ്‌മെന്റ് ശ്രമിച്ചില്ലെന്നു മാത്രമല്ല, ധാരണക്ക് വിരുദ്ധമായി, നമ്മുടെ പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതുമാണ് നമ്മള്‍ കണ്ടത്. ജനറല്‍ സെക്രട്ടറിയുടെ പ്രമോഷന്‍ നല്‍കാതിരിക്കാന്‍ വീണ്ടും മെമ്മോ നല്‍കുകയും ഡിപ്പാര്‍ട്മെന്റ് തല അന്വേഷണത്തിനുത്തരവിടുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റിനു തിരിച്ച് വൈദ്യുതിഭവന്‍ നല്‍കാതിരിക്കാന്‍ സംഘടന പ്രൊട്ടക്ഷന്റെ പേരില്‍ വിചിത്രമായ ഒരു ഉത്തരവിറക്കിയതും മുന്‍ സി എം ഡി യുടെ സ്ഥലം മാറ്റ ഉത്തരവിറങ്ങിയ അതേ ദിവസമായിരുന്നു. ഇത്തരം തീരുമാനങ്ങളെല്ലാം തന്നെ ഇതിലിടപ്പെട്ട മുന്നണി നേതൃത്വവും, ഗവണ്‍മെന്റും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്.
വിവിധ തരത്തിലുള്ള സംഘടനാപരമായ ആക്രമണങ്ങളുണ്ടായപ്പോഴും, സംഘടനാ നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തര്‍ക്കെതിരേയും കടുത്തതും നിയമവിരുദ്ധവുമായ അച്ചടക്ക നടപടികള്‍ എടുത്തപ്പോഴും, പ്രമോഷന്‍ ട്രാന്‍സ്ഫറില്‍ ഉള്‍പ്പടെ നമ്മുടെ പ്രവര്‍ത്തകര്‍ക്കെതിരെ വിവേചനപരമായ തീരുമാനങ്ങള്‍ എടുത്തപ്പോഴും അത്തരം തെറ്റായ ഏകപക്ഷീയ തീരുമാനങ്ങളും സമീപനങ്ങളും തിരുത്തണമെന്നാണ് നമ്മള്‍ സമാധാനപരമായ പ്രക്ഷോഭത്തിലൂടെയും, ഇടപെടലിലൂടെയും ബോര്‍ഡ് മാനേജ്‌മെന്റിനോടും വൈദ്യുതി മന്ത്രിയോടും ആവശ്യപ്പെട്ടത്. ഒരു ഘട്ടത്തില്‍ പൊലും സി എം ഡി ഉള്‍പ്പടെയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെ മാറ്റണമെന്ന് നമ്മള്‍ ആവശ്യപ്പെട്ടിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥരെ മാറ്റി നയങ്ങള്‍ തിരുത്താമെന്ന സമീപനങ്ങള്‍ നമ്മള്‍ ഒരു കാലത്തും സ്വീകരിച്ചിട്ടുമില്ല. ഇപ്പോള്‍ ഗവണ്‍മെന്റ് തീരുമാനപ്രകാരം വൈദ്യുതി ബോര്‍ഡ് സി എം ഡിയെ മാറ്റിയിരിക്കുന്നു. ഒരു മാതൃകാ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, അതിനു കൂട്ടു നിന്നവര്‍ക്കും, വ്യക്തി താല്‍പ്പര്യങ്ങളും, തൊഴിലാളി വിരുദ്ധ സമീപനങ്ങളും നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമൊക്കെ ഒരു പാഠമാവേണ്ടതാണ് വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ പ്രക്ഷോഭവും, സി എം ഡിയുടെ മാറ്റവും.
കേരളത്തിന്റെ അഭിമാനവും, പൊതുമേഖലയില്‍ തന്നെ നിലനിന്നുകൊണ്ട് ഇന്ത്യക്ക് ഒട്ടേറെ മാതൃകകള്‍ സൃഷ്ടിച്ചതുമായ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ തലവനായി ചുമതലയേറ്റ പുതിയ സി എം ഡിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. കേരള സംസ്ഥാന ഗവണ്‍മെന്റ് നവകേരള സൃഷ്ടിക്കായി വൈദ്യുതി ബോര്‍ഡില്‍ നടപ്പാക്കി കൊണ്ടിരുന്നതും, നടപ്പാക്കാനുദ്ദേശിക്കുന്നതുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാവും. തിരുത്തലുകള്‍ വേണ്ട ഒട്ടേറെ തീരുമാനങ്ങളില്‍ സി എം ഡി ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും, ജീവനക്കാരുടെ പിന്തുണ തേടികൊണ്ട്, ബോര്‍ഡിനെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
Home News Magazine ഓഫീസര്‍ സംഘടനാ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ബോര്‍ഡ് തീരുമാനങ്ങള്‍ പിന്‍വലിക്കണം