കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് തുടർ ഭരണം ലഭിച്ചിരിക്കുന്നു. ഇടതുമുന്നണി കഴിഞ്ഞ അഞ്ചുവർഷക്കാലം സ്വീകരിച്ച ആഗോളവൽക്കരണ വിരുദ്ധ നയങ്ങളും ബദൽ നിർദ്ദേശങ്ങളുമാണ് ആ മുന്നണിയെ വീണ്ടും അധികാരത്തിലേക്ക് എത്തിച്ചത്. ഇതിൽ പ്രധാനപ്പെട്ടത് രാജ്യത്തിനാകെ മാതൃകയായ രൂപത്തിൽ കേരള സർക്കാർ മുന്നോട്ടുവച്ച് നടപ്പാക്കിയ കേരള വികസന മോഡൽ തന്നെയാണ്. രാജ്യത്താകെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങളുടെ ഭാഗമായി വിവിധ രൂപത്തിൽ പൊതുസ്ഥാപനങ്ങളുംം രാജ്യത്തിന്റെ പൊതു സ്വത്തുകളും കോർപറേറ്റുകൾക്ക് പെടുവിലയ്‌ക്ക് തീറെഴുതുകയും ചെയ്യുന്നു. അതേസമയം രാജ്യത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി തൊഴിൽ കാർഷിക മേഖലകളെ തകർക്കുന്ന നിയമനിർമാണങ്ങൾക്ക് കേന്ദ്രസർക്കാർ യാതൊരു മടിയും കാണിക്കുന്നുമില്ല. ഇത് രാജ്യത്തെ ജനങ്ങളുടെ ജീവിതം വളരെ ദുസ്സഹമായെന്ന് മാത്രമല്ല, ഇന്ത്യയെ ലോകത്തിലെ മുന്തിയ പട്ടിണി രാജ്യങ്ങളിലൊന്നായി മാറ്റുകയും ചെയ്‌തു. ഈ കാലഘട്ടത്തിൽ കേരള സർക്കാരിന്റെ ബദൽ വികസന നയം കേരളത്തിനെ രാജ്യത്തെ ഒരു പച്ചത്തുരുത്താക്കി മാറ്റിയിരിക്കുന്നു.
വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുന്ന വൈദ്യുതി ദേഭഗതി നിയമം ചരിത്രപരമായ കർഷകസമരത്തെ തുടർന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്നത് മാറ്റിവയ്‌ക്കപ്പെട്ടുവെങ്കിലും രാജ്യത്തെ വർത്തമാനകാല സാഹചര്യങ്ങൾ അത്ര ആശാവഹമല്ല. കേരള സർക്കാർ കെഎസ്‌ഇബിയെ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും കേന്ദ്രസർക്കാരിന്റെ നവ ഉദാരവൽക്കരണ നയങ്ങൾ പൊതുവിൽ ഇന്ത്യയിലെ വൈദ്യുതി മേഖലയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഈ സാഹചര്യങ്ങൾ നിലനിൽക്കെത്തന്നെ കഴിഞ്ഞ അഞ്ചുവർഷം കേരള മോഡൽ വികസന നയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വൈദ്യുതി മേഖല കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ നിസ്‌തുലമാണ്. സമ്പൂർണ വൈദ്യുതീകരണം, ഊർജ കേരള മിഷൻ തുടങ്ങി വാതിൽപ്പടി സേവനമടക്കം കെഎസ്‌ഇബി നടപ്പിൽ വരുത്തിയ പ്രവർത്തനങ്ങൾക്ക് വലിയ ജനകീയ അംഗീകാരം നേടാനായിട്ടുണ്ട്. ഈ നേട്ടങ്ങളൊക്കെ കൈവരിക്കുന്നതിൽ കെഎസ്‌ഇബി ഓഫീേസഴ്‌സ് അസോസിയേഷൻ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്. സ്ഥാപനത്തിലെ ഇതര തൊഴിലാളി ഓഫീസര്‍ സംഘടനകളേയും ജീവനക്കാരെ പൊതുവായും ബദല്‍ വികസന നയത്തിന്റെ പിന്നില്‍ അണി നിരത്തുന്നതിന് സംഘടന ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിനെ വിഭജിച്ച് കമ്പനികളാക്കുന്നതിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് വിജയകരമായി നേതൃത്വം കൊടുക്കാന്‍ തൊഴിലാളി ഓഫീസര്‍ സംഘടനകളുടെ കൂട്ടായ്മകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പെന്‍ഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ത്രികക്ഷിക്കരാര്‍ അംഗീകരിക്കുക, വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്ന വൈദ്യുതി നിയമഭേദഗതിയെ ചെറുക്കുക, പ്രളയസമയത്ത് വൈദ്യുതി കണക്ഷനുകള്‍ പുന:സ്ഥാപിക്കുന്നതിന് രൂപീകരിച്ച മിഷന്‍ റീകണക്ട് പദ്ധതി ഫലപ്രദമായി നടപ്പാക്കുക, ബഹു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സാലറി ചലഞ്ച്, വാക്സീന്‍ ചലഞ്ച് ആഹ്വാനങ്ങള്‍ വിജയിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങളില്‍ സംഘടന സ്വതന്ത്രമായും മറ്റു സംഘടനകളുമായി സംയുക്തമായും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. വൈദ്യുതി ബോർഡിനെ ഒരു ലോകോത്തരമായ സ്ഥാപനമായി മാറ്റുന്നതിനുള്ള ബദല്‍ വികസന തന്ത്രം രൂപപ്പെടുത്തുന്നതിനും ഇതേ സമീപനം തന്നെയാണ് നാം സ്വീകരിച്ചത്. വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ സംഘടനകളുടെ അഖിലേന്ത്യാ ഫെഡറേഷനായ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ (ഇ.ഇ.എഫ്.ഇ.) അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സംഘടനയാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍. ഇലക്ട്രിസിറ്റി ബില്‍ 2000 എന്ന പേരില്‍ വൈദ്യുതി നിയമം സമഗ്രമായി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉണ്ടായപ്പോള്‍ മുതല്‍ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ് (എന്‍.സി.സി.ഒ.ഇ.ഇ.ഇ.) എന്ന ദേശീയ ഐക്യവേദിയുടെ ഭാഗമായും കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിച്ചു വരുന്നു. മേല്‍ സൂചിപ്പിച്ച നിലയിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളുമായി തുടർന്നും മുന്നോട്ടുപോകാനാണ് നമ്മള്‍ തീരുമാനിച്ചിട്ടുള്ളത്.
ലോകത്താകമാനം നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രം പരിശോധിച്ചാൽ സംഘടനാസ്വാതന്ത്ര്യത്തിനുള്ള പ്രക്ഷോഭങ്ങളാണ് സേവന വേതന അവകാശങ്ങള്‍ക്കുള്ള പ്രക്ഷോഭങ്ങളേക്കാള്‍ പ്രധാനമായിട്ടുള്ളത് എന്നു കാണാന്‍ കഴിയും. സംഘടനാ പ്രവർത്തനങ്ങൾക്കുള്ള അവകാശവും സ്വാതന്ത്ര്യവും നേടിയെടുക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ടല്ലാതെ തൊഴിലാളി സമൂഹത്തിന് മറ്റവകാശങ്ങള്‍ക്കുള്ള പ്രക്ഷോഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ആരാണ് തൊഴിലാളി എന്നതിന് അധ്വാനം വിറ്റു ജീവിക്കുന്നവന്‍ എന്നതാണ് ഉത്തരം. സ്ഥാപനങ്ങളില്‍ ഭരണപരമായ സൗകര്യങ്ങള്‍ക്ക് തൊഴിലാളി, ഓഫീസര്‍ എന്നിങ്ങനെ വിവിധ കാറ്റഗറികളായി ജീവനക്കാരെ വിഭജിക്കുമ്പോഴും ഓഫീസര്‍ പദവിയില്‍ ഇരിക്കുന്നവരും വിശാല അര്‍ത്ഥത്തില്‍ തൊഴിലാളികള്‍ തന്നെയാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഉടമസ്ഥത മുഴുവന്‍ ജനങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്ന അര്‍ത്ഥത്തില്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കും ഓഫീസര്‍മാര്‍ക്കും സ്ഥാപനത്തില്‍ ഉടമസ്ഥതയുണ്ട് എന്ന് പറയാവുന്നതാണ്. അതിനപ്പുറം ഒരുതരത്തിലുള്ള ഉടമസ്ഥതയും ഓഫീസര്‍മാര്‍ക്ക് സ്ഥാപനത്തിലില്ല. സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ബോര്‍ഡ് മാനേജ്മെന്റ് നിശ്ചയിച്ച് നല്‍കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനപ്പുറം ഓഫീസര്‍ തസ്തികയില്‍ ഇരിക്കുന്നതുകൊണ്ട് മാത്രം, ഒരു ഓഫീസര്‍ മാനേജ്മെന്റിന്റെ ഭാഗമാകുന്നില്ല.
കെഎസ്‌ഇബി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡാണ് ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റായി പ്രവർത്തിക്കുന്നത്. ബോർഡിന്റെ നയപരവും പ്രവർത്തനപരവുമായ എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള സ്വാതന്ത്ര്യവും അധികാരവും ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്‌തമാണ്. അസിസ്റ്റന്റ് എൻജിനീയർ/സീനിയർ സൂപ്രണ്ട് മുതൽ ചീഫ് എൻജിനീയർ വരെയുള്ള ഓഫീസർമാർ ബോർഡ് മാനേജ്‌മെന്റിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോഴും യഥാർത്ഥത്തിൽ ഇവർക്കാർക്കും തന്നെ ബോർഡ് മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങളിൽ യാതൊരു പങ്കുമില്ല എന്നതാണ് വസ്‌തുത. ഈ സാഹചര്യത്തിലാണ് ഓഫീസർമാരുടെ സംഘടന എന്ന നിലയിൽ ബോർഡ് മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങളിൽ പിശകുണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിച്ചും നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ പരസ്യമായ വിമര്‍ശനമുയര്‍ത്തിയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും ഇടപെടുന്നതിന് സംഘടന നിര്‍ബന്ധിതമാകുന്നത്. ഈ ദിശയിലുള്ള ഇടപെടലുകളുടെ ഭാഗമായിത്തന്നെയാണ് ഇന്നും ഒറ്റസ്ഥാപനമായി പൂര്‍ണ്ണമായും പൊതുമേഖലയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനമായി കെഎസ്‌ഇബി ലിമിറ്റഡ് തുടരുന്നത്. ഈ വ്യവസായത്തെ ജനപക്ഷത്ത് നിലനിർത്തുന്നതിനും സ്ഥാപനത്തിന്റെയും ഓഫീസർമാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്താകെ നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദലായ കേരള മോഡൽ വികസന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ശക്തമായ ഇടപെടലുകൾ സംഘടന തുടരുകതന്നെ ചെയ്യും. ഇതിനായി തൊഴിലാളി ഓഫീസർ ഐക്യനിര കൂടുതൽ കരുത്തോടെ ഉയർത്തിക്കൊണ്ടുവരേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണ്.
സംഘടന നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ജനാധിപത്യപരമായ കൂടിയാലോചനകളുടേയും തീരുമാനങ്ങളുടേയും അടിസ്ഥാനത്തില്‍ പൊതുതാല്‍പര്യം കണക്കിലെടുത്തുള്ള തീരുമാനങ്ങള്‍ക്ക് പകരം വ്യക്ത്യാധിഷ്ഠിതമായ നടപടികളിലേക്ക് സ്ഥാപനം പോകുമ്പോള്‍ അതിനെ ചെറുത്തുനിന്നല്ലാതെ നമുക്ക് മുന്നോട്ടുപോകാനാകില്ല. ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ എതിര്‍ക്കപ്പെടുമ്പോള്‍ അതിനെ വസ്തുതകളില്‍ നിന്ന് അടർത്തിമാറ്റി വക്രീകരിക്കാനും സംഘടനയെ ആക്രമിക്കാനുമുള്ള പ്രവണത ഉണ്ടാകുന്നത് കാണാതിരിക്കരുത്. വ്യവസായത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തേക്കാവുന്ന തീരുമാനങ്ങളേയും ബദൽ വികസന നയത്തെ തകർക്കുന്ന നിഷ്‌ക്രിയത്വത്തേയും ചെറുക്കുന്നതിനായി സംഘടന നടത്തുന്ന ഇടപെടലുകളെ കേവലമായ വ്യക്തിനിഷ്‌ഠ വിഷയങ്ങളായി ചിത്രീകരിച്ചും ജാതീയ പരിവേഷം ചാർത്തിയും വഴിതിരിച്ചു വിടുന്നതിനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. അത്തരം സ്വത്വവാദപരമായ പ്രചാരണത്തിന് കുടപിടിക്കുന്ന സമീപനമാണ് ബോര്‍ഡ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്തരം തന്ത്രങ്ങളെയും ഏറാൻമൂളി സമീപനങ്ങളേയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകതന്നെ വേണം.
1960ന് ശേഷം കാലം കുറേ കടന്നുപോയിരിക്കുന്നു. ഇപ്പോഴും കാലഹരണപ്പെട്ട കരിനിയമങ്ങളുയർത്തിക്കാട്ടി ഇറങ്ങുന്ന തിട്ടൂരങ്ങളെയും മാനേജ്‌മെന്റിന്റെ ഏകാധിപത്യ പ്രവണതകളേയും പ്രതിരോധിച്ചും ശക്തമായി കലഹിച്ചും പോരാടിയും തന്നെയാണ് നമ്മുടെ സംഘടന ഈ വ്യവസായത്തിലെ എഴുപതു ശതമാനത്തിലേറെ അംഗസംഖ്യയുള്ള സംഘടനയായി മാറിയത്. തുടർന്നും ഇത്തരം ദുഷ്‌പ്രവണതകൾക്ക് എതിരായിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും ശക്തമായി തുടരുകതന്നെ ചെയ്യും. തീര്‍ച്ചയായും ഈ പോരാട്ടം ഇന്ത്യക്കു മാതൃകയായ വൈദ്യുതി യൂട്ടിലിറ്റിയായി, കെഎസ്‌ഇബിയെ ശക്തിപ്പെടുത്തുന്നതിനാണ്, ഈ വ്യവസായത്തെ പൊതുമേഖലയിൽ ഒറ്റ സ്ഥാപനമായി സംരക്ഷിക്കുന്നതിനാണ്, ഈ സ്ഥാപനത്തിലെ ഓഫീസര്‍മാരുടേയും മറ്റു ജീവനക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതിനുമാണ്, ഇതിനൊക്കെ അനിവാര്യമായ തൊഴിലാളി ഓഫീസർ ഐക്യനിര ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാണ്, നമുക്ക് കൂടുതൽ കരുത്തോടെ മുന്നേറാം.