പാര്‍ലമെന്റ് മാര്‍ച്ച് – 2018 ഏപ്രില്‍ 3

702

നിര്‍ദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതിക്കെതിരെ എന്‍സിസിഒഇഇഇ യുടെ നേതൃത്വത്തിൽ രാജ്യത്തെ വൈദ്യുതി ജീവനക്കാർ നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് വിവിധ ജില്ലകളിൽ നിന്ന് ഞങ്ങൾ ഇരുപത് പേർ ഏപ്രിൽ മൂന്നാം തിയതി രാവിലെ തന്നെ ഡൽഹിയിലെ ജന്തർമന്തറിൽ എത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വൈദ്യുത മേഖലയിലെ പതിനായിരക്കണക്കിന് ജീവനക്കാർ അവിടെ സമ്മേളിച്ചിരുന്നു. സമീപകാല ഡൽഹി കണ്ട ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഈ പാർലമെന്റ് മാർച്ച്. ഡൽഹിയിലെ ചൂടുപിടിച്ച ആകാശത്തിനു കീഴെ വെളിച്ചത്തിന്റെ നീതിക്കുവേണ്ടിയുള്ള സമരത്തിന്റെ ഭാഗമാകുമ്പോൾ ഭരണകൂടത്തിന്റെ തെറ്റായ നിയമനിർമ്മാണത്തിനെതിരായ ഒരു ബോധ്യപ്പെടുത്തൽ നടത്താൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾ അഭിമാനിച്ചു. സമരങ്ങൾ ഒരു ബോധ്യപ്പെടുത്തൽ കൂടിയാണ്.

2014 മുതൽ എന്‍സിസിഒഇഇഇ നടത്തിവന്ന പ്രക്ഷോഭ പരമ്പരയുടെ തുടർച്ചയായിരുന്നു ഈ പാർലമെന്റ് മാർച്ച്. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ ബിൽ പാസാക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരായ പ്രതിഷേധം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വൈദ്യുതി വിതരണ മേഖലയെ കറണ്ടും കമ്പിയുമായി വിഭജിച്ച് സ്വകാര്യ കുത്തക മുതലാളിമാർക്ക് ഉദാരമായി വിട്ടുകൊടുക്കുക, അങ്ങനെ വിതരണ മേഖലയെ അടിമുടി തകർക്കുക, ക്രോസ് സബ്സിഡികൾ നിർത്തലാക്കി മത്സരാധിഷ്ഠിത വ്യവസ്ഥിതി കൊണ്ടുവരുക, പൊതുമേഖലാ കമ്പനികൾ വർഷങ്ങളായി അത്യധ്വാനം ചെയ്തു പടുത്തുയർത്തിയ വിതരണ ശൃംഖല സ്വകാര്യ മേഖലക്ക് യഥേഷ്ടം ഉപയോഗിക്കാനായി തുറന്നു കൊടുക്കുക തുടങ്ങിയ നിയമ ഭേദഗതികളോടെ രാജ്യത്തെ സാധാരണക്കാരന്റെ വെളിച്ചം ഊതിക്കെടുത്തുന്ന നയമാണ് കേന്ദ്ര ഗവൺമെൻറ് കൈക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും വൈദ്യുതി എന്ന് ഒരു വശത്തുകൂടി ഉറപ്പു നൽകുകയും മറുവശത്തുകൂടി അത് പണക്കാരന്റെ ആഡംബരമായി മാത്രം മാറുന്ന രീതിയിൽ നിയമനിർമ്മാണം നടത്തുകയും ചെയ്യുന്ന ഭരണനിപുണതയെ ഉൻമൂലനം ചെയ്യാൻ ഡൽഹി ഇനിയും ഒരുപാട് സമരങ്ങൾക്ക് സാക്ഷിയാകേണ്ടി വരും. അതെ, ഒരു സമരവും വെറുതെയാവുന്നില്ല.

പ്രകടനങ്ങൾക്കും സമ്മേളനങ്ങൾക്കും ഡൽഹിയിൽ വലിയ നിയന്ത്രണങ്ങളുണ്ട്. എന്നിട്ടും വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏതാണ്ട് മുപ്പതിനായിരത്തോളം പേർ ഒരൊറ്റ സ്വരമായി ഈ മാർച്ചിൽ പങ്കെടുത്തു. അവിടെ ഭാഷ – സംസ്കാര – ഭേദങ്ങൾ തീർത്തും അപ്രസക്തമാകുകയും വെളിച്ചത്തിനു വേണ്ടിയുള്ള ശബ്ദം മാത്രം ശേഷിക്കുകയും ചെയ്തു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച ഇരുപതു പേരും, വർക്കേഴ്സ് അസോസിയേഷൻ, വർക്കേഴ്സ് ഫെഡറേഷൻ, ഓഫീസേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളിൽ നിന്നുള്ളവരും പെൻഷൻകാരും കരാർ തൊഴിലാളികളും ഉൾപ്പെടെ നാന്നൂറോളം പേർ നമ്മുടെ സംസ്ഥാനത്തു നിന്നും മാർച്ചിൽ പങ്കെടുത്തു. ‘KSEBOA’ എന്ന് ആലേഖനം ചെയ്ത തൊപ്പി ധരിച്ച് ശുഭ്ര പതാകകളേന്തി പ്രത്യേക ബാനറിനു കീഴിൽ ഞങ്ങൾ അണിനിരന്നു. ചൂടു വമിക്കാൻ തുടങ്ങിയ ഡൽഹിയിലെ പാതകളിൽ അതിലേറെ സമരച്ചൂടുമായി ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കി ഞങ്ങൾ മാർച്ചിൽ പങ്കെടുത്തു. സമീപ ഭാവിയിൽ നമുക്കു നഷ്ടപ്പെട്ടേക്കാവുന്ന വെളിച്ചത്തെ തിരിച്ചു പിടിക്കാനാണ് ഈ സമരമെന്ന ബോധ്യം കടുത്ത ചൂടിനെ മറികടക്കാൻ ഞങ്ങളെ സഹായിച്ചു. ഈ പാർലമെന്റ് സമ്മേളന കാലയളവിൽ ഊർജ്ജമന്ത്രി നിയമ ഭേദഗതിയെക്കുറിച്ചു നൽകിയ മറുപടി വരാനിരിക്കുന്ന അപകടത്തിന്റെ സൂചന തരുന്നുണ്ട്. രാജ്യത്തെ വൈദ്യുതി മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും മത്സരാധിഷ്ഠിത വിപണനത്തിനുള്ള അവസരമൊരുക്കുന്നതിനുമാണ് ഭേദഗതി എന്നാണ് സർക്കാർ ഭാഷ്യം. ഉദാരവൽക്കരണത്തെ തുടർന്ന് രാജ്യത്തെ സേവന മേഖലയെ കമ്പോളത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടു വന്നതിന്റെ ഒരു ദൂഷ്യഫലം ഡൽഹിയിലെത്തിയ നേരം മുതൽ ഞങ്ങൾ നേരിട്ടനുഭവിച്ചു. രാജ്യ തലസ്ഥാനത്തെ നമ്മുടെ BSNL / MTNL നെറ്റ് വർക്കുകൾ സർവ്വീസ് നൽകുന്നതിൽ പരാജയപ്പെടുന്നതും അവയുടെ സ്ഥാനം സ്വകാര്യ കുത്തകകൾ ഏറ്റെടുത്തിരിക്കുന്നതും വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചകങ്ങളായിരുന്നു.

ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി വി ലതീഷ്, പ്രസിഡന്റ് ജെ സത്യരാജൻ, എം ജി സുരേഷ്‌കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ഓഫീസേഴ്സ് അസോസിയേഷന്റെ മുൻ നിരയിലുണ്ടായിരുന്ന വനിതാ പ്രാതിനിധ്യം ശ്രദ്ധേയമായി. കേരളത്തിൽ നിന്നും മാർച്ചിൽ പങ്കെടുത്ത നാലു വനിതാ പ്രവർത്തകരിൽ മൂന്നു പേരും ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങൾ ആയിരുന്നു – എ എന്‍ ശ്രീലകുമാരി, നിർമ്മല ദാസ്, എ എസ് അനിത എന്നിവര്‍. പതിനായിരങ്ങൾ പങ്കെടുത്ത മാർച്ചിലെ ആനുപാതിക വനിതാ പ്രാതിനിധ്യം വളരെ കുറവായിരുന്നതിനാൽ സമരമുഖത്തുണ്ടായിരുന്ന വനിതകളെ അത്ഭുതത്തോടും ആദരവോടും കൂടിയാണ് ഉത്തരേന്ത്യയിൽ നിന്നുള്ളവർ കണ്ടത്. സമരത്തെയും നമ്മുടെ സ്ഥാപനത്തെയും സംബന്ധിക്കുന്ന ആശയ വിനിമയത്തിന് ഭാഷ ഒരു തടസമായില്ല.

യുപി യിൽ യോഗി ഗവൺമെന്റ് നടപ്പിലാക്കുന്ന സ്വകാര്യവൽക്കരണ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾ നടക്കുന്നതിനാൽ ഉത്തർപ്രദേശിൽ നിന്നുള്ള പങ്കാളിത്തം കുറവായിരുന്നു. പ്രതിഷേധ മാർച്ചിൽ പല സംസ്ഥാനങ്ങളിൽ നിന്നു വന്നവരും അവരുടേതായ ഒരു സാന്നിധ്യം അറിയിക്കുന്ന രീതിയിലാണ് മാർച്ചിൽ അണിനിരന്നത്. അതിൽ എടുത്തു പറയേണ്ട ഒന്നായിരുന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള ഓഫീസർമാരുടെ പ്രകടനം. ഒരേ നിറത്തിലുള്ള ടീഷർട്ടിൽ വൈദ്യുതി നിയമ ഭേദഗതിക്കെതിരെയുള്ള മുദ്രാവാക്യം ആലേഖനം ചെയ്തായിരുന്നു അവരുടെ പ്രതിഷേധം.

പതംജിത്ത് സിംഗ് (എഐപിഇഎഫ്), കെ ഒ ഹബീബ് (ഇഇഎഫ്ഐ), എ എൻ രാജൻ (എഐഎഫ്ഇഇ),രത്ന സഭാപതി (എല്‍പിഎഫ്), എസ് എൻ സിംഗ് (ഡിപ്ലോമ എഞ്ചിനീയേഴ്സ് ഫെഡറേഷന്‍), വിപിൻ പ്രകാശ് വർമ്മ (ഐഎന്‍ഇഡബ്ല്യുപി) എന്നിവരടങ്ങിയ പ്രസീഡിയമാണ് മാർച്ച് നിയന്ത്രിച്ചത്. മാർച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട് പി.എൻ ചൗധരി (ഇഇഎഫ്ഐ), ശൈലേന്ദ്ര ദുബെ (എഐപിഇഎഫ്) ,മോഹൻ ശർമ (എഐഎഫ്ഇഇ), കെ.സോമശേവർ, സമർ സിൻഹ (എഐപിഎഫ്), ജി കെ വൈഷ്ണവ് (ഡിപ്ലോമ എഞ്ചിനീയേഴ്സ് ഫെഡറേഷന്‍), പി രത്നാകര റാവു (എഐപിഇഎഫ്), കുല്‍ദീപ് സിംഗ് ഖന്ന (ഇഇഎഫ്ഐ – പഞ്ചാബ്), എം പിമാരായ തപൻസെൻ (സി ഐ റ്റി യു ജനറൽ സെക്രട്ടറി), അമർജിത്ത് കൗർ (എ ഐ റ്റി യു സി ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു.