സമാനതകള്‍ ഇല്ലാത്ത ദുരന്തം
ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയില്‍ എന്‍.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള 1550 മെഗാവാട്ട് ഫിറോസ് ഗാന്ധി ഉഞ്ചാഹര്‍ താപവൈദ്യുത നിലയത്തിലെ 6ാം യൂണിറ്റിന്റെ ബോയിലറില്‍ നവംബര്‍ 1ന് ഉണ്ടായ അപകടത്തില്‍ ഇതു വരെ 46 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ 50-70% പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇവരില്‍ ഭൂരിഭാഗം പേരും 5-6 മാസത്തില്‍ കൂടുതല്‍ ജീവിക്കാന്‍ ഇടയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൈദ്യുതി മേഖലയില്‍ സമീപ കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇത് മാറി.
1988ല്‍ ഉത്തര്‍ പ്രദേശ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കീഴില്‍ ആരംഭിച്ച കല്‍ക്കരി താപ വൈദ്യുത പദ്ധതിയാണ് ഉഞ്ചാഹര്‍ പ്രൊജക്ട്. 1992ല്‍ യു.പി.എസ്.ഇ.ബി എന്‍.ടി.പി.സിക്ക് നല്‍കാനുള്ള പണം കുടിശ്ശിക ആയപ്പോള്‍ അതിനു പകരം ഈ പദ്ധതി കൈമാറുകയായിരുന്നു. 210 മെഗാവാട്ടിന്റെ അഞ്ച് യൂണിറ്റും 500 മെഗാവാട്ടിന്റെ ഒരു യൂണിറ്റും ആണ് നിലയത്തില്‍ ഉള്ളത്. 500 മെഗാവാട്ടിന്റെ ആറാം യൂണിറ്റിന്റെ നിര്‍മ്മാണം 2014 ഡിസംബറില്‍ ആണ് ആരംഭിച്ചത്. യു.പി, ഹരിയാന, ജമ്മു & കാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിന്നും വൈദ്യുതി ലഭിക്കുന്നു.

അപകടം
നവംബര്‍ 1ന് 15.30നാണ് അപകടം ഉണ്ടായത്. കല്‍ക്കരി കത്തിച്ചതിനു ശേഷമുള്ള അവശിഷ്ടം ബോയിലറിന്റെ 60 ശതമാനം ഭാഗത്തും നിറയുന്ന സാഹചര്യം ഉണ്ടായി. കരാര്‍ തൊഴിലാളികളെ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും ബോയിലറില്‍ ശക്തമായ വിറയല്‍ ഉണ്ടാകുകയും നീരാവിയും ചൂടുള്ള വാതകവും ഉയര്‍ന്ന താപനിലയിലുള്ള ചാരവും പുറത്തേക്ക് ശക്തിയായി വരുകയും ആയിരുന്നു. അഗ്നി പര്‍വ്വതത്തിന്റെ ലാവക്ക് തുല്യമായിരുന്നു ഇത്. ബോയിലറിന് സമീപം ജോലി ചെയ്തിരുന്ന 200ഓളം തൊഴിലാളികളുടെ മുകളിലേക്കാണ് അവശിഷ്ടം പതിച്ചത്. ബോയിലറിലെ മര്‍ദ്ദം 765 Kg/ mm2 ഉം താപനില 145 ഡിഗ്രിയും ആയിരുന്നു. നിരവധി പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ ഉരുകിപ്പോകാന്‍ ഇത് കാരണമായി.
കേന്ദ്ര വൈദ്യുതി മന്ത്രാലയം 4 അംഗ അന്വേഷണ കമ്മീഷനെ ചുമതപ്പെടുത്തിയെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് ഇതു വരെ പുറത്ത് വിട്ടിട്ടില്ല. എന്‍.ടി.പിസിയും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ വാണിജ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു.

ലാഭത്തിനും ടാര്‍ജറ്റിനും മാത്രം പ്രാധാന്യം
2017 മാര്‍ച്ച് 31ന് എന്‍.ടി.പി.സിയുടെ സ്ഥാപിത ശേഷി 50 ഗിഗാവാട്ട് ആയതായി പ്രഖ്യാപിക്കപ്പെട്ടു. ഏറ്റവും അവസാനം കമ്മീഷന്‍ ചെയ്തത് ഇപ്പോള്‍ അപകടം ഉണ്ടായ 500 മെഗാവാട്ടിന്റെ യൂണിറ്റ് ആയിരുന്നു. 2018 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാന്‍ ഉദ്ദേശിച്ച ഈ യൂണിറ്റ് തിരക്ക് പിടിച്ച് 2017 മാര്‍ച്ച് 31ന് കമ്മീഷന്‍ ചെയ്യുകയായിരുന്നു. ബോയിലറില്‍ നിന്നുള്ള ചാരം കൈകാര്യം ചെയ്യാനുള്ള സംവിധാനം പൂര്‍ത്തിയാക്കാതെയാണ് ആറാം യൂണിറ്റ് കമ്മീഷന്‍ ചെയ്തത് എന്നാണ് പ്രധാന ആരോപണം. സാധാരണ ബോയിലറിന് സമീപം 4-5 പേര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. എന്നാല്‍ 200 പേരോളം അവിടെ ഉണ്ടായിരുന്നു എന്നത് ഈ ആരോപണം ശരി വയ്ക്കുന്നു. അപകടം നടന്ന ദിവസം ഉച്ചക്ക് ആറാം യൂണിറ്റ് ട്രിപ്പ് ചെയ്തിരുന്നു. എന്നാല്‍ യൂണിറ്റ് ഷട്ട് ഡൗണ്‍ ചെയ്ത് പരിശോധിക്കുന്നതിന് പകരം ഉത്പാദനം 200 മെഗാവാട്ടായി കുറച്ച് പ്രവര്‍ത്തനം തുടരുകയായിരുന്നു. വാണിജ്യപരമായ സമ്മര്‍ദ്ദം സുരക്ഷ അവഗണിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചു എന്നാണ് നിഗമനം.

നഗ്നമായ തൊഴില്‍ നിയമ ലംഘനം
ഈ ദുരന്തത്തില്‍ മരണപ്പെട്ടവരിലും പൊള്ളലേറ്റവരിലും 5 പേര്‍ മാത്രമേ എന്‍.ടി.പി.സിയുടെ ജീവനക്കാര്‍ ഉള്ളൂ. ബാക്കി എല്ലാവരും കരാര്‍ തൊഴിലാളികളാണ്. ആരൊക്കെയാണ് കരാര്‍ അടിസ്ഥാനത്തില്‍ ആ സമയം ജോലി ചെയ്തത് എന്നതിന് മതിയായ രേഖകള്‍ ഇല്ല. അവിദഗ്ദ്ധ തൊഴിലാളികളെ കൊണ്ടാണ് ഇത്തരം പ്ലാന്റുകളില്‍ സാങ്കേതിക ജോലികള്‍ പോലും ചെയ്യിപ്പിച്ചിരുന്നത്. കരാറുകാരന് ഒരാള്‍ക്ക് 365 രൂപ വച്ച് എന്‍.ടി.പി.സി നല്‍കുന്നുണ്ടെങ്കിലും ഇതിന്റെ പകുതി പോലും തൊഴിലാളിക്ക് വേതനമായി ലഭിക്കുന്നുണ്ടായിരുന്നില്ല. മിക്ക തൊഴിലാളികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഈ പ്ലാന്റില്‍ ജോലിക്ക് പോയ നിരവധി തൊഴിലാളികളെ കാണാനില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
തൊഴില്‍ നിയമങ്ങളുടെ കടുത്ത ലംഘനമാണ് എന്‍.ടി.പി.സി നടത്തിയതെന്ന് ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തി. കരാര്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്താത്ത എന്‍.ടി.പിസിയുടെ തൊഴില്‍ നയം Contract Labour (Regulation and Abolition) Act, 1970ന്റെ നഗ്നമായ ലംഘനമാണ്. ഈ സാഹചര്യത്തില്‍ ഉഞ്ചാഹര്‍ ദുരന്തം സുപ്രീം കോടതിയിലെ സിറ്റിങ്ങ് ജഡ്ജി അന്വേഷിക്കണമെന്നും ഇ.ഇ.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
Ease of doing business ന്റെ പേരില്‍ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതപ്പെടുകയാണ്. 2014ന് ശേഷം Contract Labour (Regulation and Abolition) Act, 1970, The Factories Act, 1948, The Industrial Disputes Act, 1947, Indian Boiler Regulations, 1950 മുതലായ നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ കൊണ്ടു വന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ സെന്‍ട്രല്‍ ബോയിലേര്‍സ് ബോര്‍ഡിന്റെ പരിശോധന നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ അത് സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ ആക്കി മാറ്റി. ഇന്‍സ്പെക്ടര്‍ രാജ് ഒഴിവാക്കാനെന്ന പേരില്‍ സുരക്ഷ ബലി കഴിക്കുന്ന സാഹചര്യം ആണ് ഇത് ഉണ്ടാക്കിയത്.

അപകടങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല
ഭോപ്പാല്‍ ദുരന്തം കഴിഞ്ഞ് 33 വര്‍ഷം കഴിഞ്ഞിട്ടും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ല. 2009ലെ കോര്‍ബ ചിമ്മിനി ദുരന്തവും 2016ലെ മോസര്‍ ബെയര്‍ പ്ലാന്റിലെ ദുരന്തവും ആര്‍ക്കും പാഠമായില്ല. വ്യാവസായിക ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സാഹചര്യങ്ങള്‍ മാറുന്നില്ല. ഈ അപകടങ്ങളില്‍ നിന്ന് പാഠം പഠിക്കുകയോ തിരുത്തുകയോ ചെയ്യുന്നില്ല. വ്യവസായങ്ങള്‍ കരാര്‍ തൊഴിലാളികളുടെ ശവപ്പറമ്പാകുമ്പോള്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി തൊഴിലാളിയെ കൂടുതല്‍ അപകടങ്ങളിലേക്ക് തള്ളി വിടുകയാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്യുന്നത്.