വിഴിഞ്ഞം 220 കെ.വി. സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം
2019 ഡിസംബർ 18 ന് വിഴിഞ്ഞം 66 കെ.വി. സബ്സ്റ്റേഷൻ അങ്കണത്തിൽ വച്ച് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിർവ്വഹിച്ചു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള വൈദ്യുതി തടസ്സം കൂടാതെ നൽകുന്നത് ലക്ഷ്യമിടുന്ന ഊർജ്ജ കേരള മിഷന്റെ ഭാഗമായി കേരള സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണു ട്രാൻസ്ഗ്രിഡ് 2.0. ആസൂത്രണ തത്വങ്ങളിൽ ഉറച്ചുനിന്ന്, നൂതന സാങ്കേതിക വിദ്യകൾ, നവീന ബിസിനസ്സ് മാതൃകകൾ, ബദൽ നിർമ്മാണ രീതികൾ എന്നിവയുടെ സമന്വയത്തിലൂടെ പ്രകൃതിക്കും, സമൂഹത്തിനും കൂടുതൽ കോട്ടം തട്ടാത്ത വിധത്തിൽ പ്രസരണ മേഖലയെ ശക്തിപ്പെടുത്തുന്നു എന്നതാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ സവിശേഷത. പ്രസരണ ശൃംഖലയിൽ രണ്ട് 400 കെ.വി സബ്സ്റ്റേഷനുകളും ഇരുപത്തിരണ്ട് 220 കെ.വി സബ്സ്റ്റേഷനുകളും അനുബന്ധമായി 3500 സർക്യൂട്ട് കിലോമീറ്റർ ലൈനുകളും ഈ വരുന്ന അഞ്ച് വർഷത്തിനകം കൂട്ടിച്ചേർക്കുവാനാണ് ഈ വമ്പൻ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായാണ് വിഴിഞ്ഞം 66 കെ.വി സബ്സ്റ്റേഷൻ 220കെ.വി ആയി ഉയർത്തുന്നത്.

നിലവിലുള്ള വിഴിഞ്ഞം 66 കെ.വി സബ്സ്റ്റേഷൻ 1976-ലാണ് സ്ഥാപിക്കപ്പെട്ടത്. പരുത്തിപ്പാറ 110 കെ.വി സബ്സ്റ്റേഷനിൽ നിന്നുള്ള 26 കിലോമീറ്റർ ദൈർഘ്യമുള്ള 66 കെ.വി പ്രസരണ ലൈനിലൂടെയാണ് ഈ സബ്സ്റ്റേഷനിൽ ഇപ്പോൾ വൈദ്യുതി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്റ്റേഷന്റെ സ്ഥാപിതശേഷി 24 MVA ആണ്. വിനോദസഞ്ചാരം, ദേശീയപാത വികസനം എന്നിവയുമായി ബന്ധപ്പെട്ട് അനുദിനം ഏറിക്കൊണ്ടിരിക്കുന്ന ഈ പ്രദേശത്തെ വൈദ്യുത ആവശ്യകത, വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനം കൂടി സജ്ജമാക്കുന്നതോടെ പതിൻമടങ്ങ് വർദ്ധിക്കുന്നതാണ്. ഈ സാഹചര്യത്തി ലാണ് നിലവിലുള്ള പ്രസരണ ലൈനിന്‍റെയും സബ്സ്റ്റേഷന്‍റേയും സ്ഥാപിത ഉയർത്താൻ തീരുമാനിച്ചത്

220 കെ.വി യുടെ 100 എം.വി.എ ശേഷിയും 110 കെ.വി.യുടെ 20 എം.വി.എ ശേഷിയും ഉള്ള രണ്ട് വീതം ട്രാൻസ്ഫോമറുകളാണ് ഈ പദ്ധതിയിലൂടെ വിഴിഞ്ഞത്ത് സ്ഥാപിതമാകുന്നത്. കൂടാതെ മുട്ടത്തറയിലും വേളിയിലുമുള്ള 110 കെ.വി സബ്സ്റ്റേഷനുകൾക്കായി ഓരോ 110 കെ.വി. ഭൂഗർഭകേബിൾ ഫീഡറുകൾക്കായുള്ള ഉപകരണ സജ്ജീകരണങ്ങളുടെ സ്ഥാപനവും ഈ പദ്ധതിയിൽപ്പെടുന്നു. സ്ഥല പരിമിതി കാരണം സാധാരണമായ എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷനു പകരം ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനായാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 18 മാസമാണ് ഈ പദ്ധതിയുടെ പൂർത്തീകരണത്തിനായി നിശ്ചയിച്ചുട്ടുള്ളത്.
ഈ പ്രദേശത്തിന്‍റേയും ജില്ലയുടെ തെക്കൻ മേഖലയുടേയും വളർച്ചയ്ക്കും സർവ്വതോൻമുഖമായ വികസനത്തിനും ഈ പുതിയ സബ്സ്റ്റേഷന്‍റെ നിർമ്മാണം പ്രയോജനപെടുമെന്ന് നിസംശയം പറയാം

ശ്രീ. എം. വിൻസെന്‍റ് (ബഹു. എം.എൽ. എ., കോവളം) അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.വേണുഗോപാൽ. എൻ (ഡയറക്ടർ, ട്രാൻസ്മിഷൻ & സിസ്റ്റം ഓപ്പറേഷൻ) സ്വാഗതം പറഞ്ഞു.