കെ ഫോൺ പദ്ധതി

3052

(കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്)

സംസ് ഥാനത്തെ ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി. അതുവഴി അതിവേഗ ഇന്റർനെറ്റ്/ഇൻട്രാനെറ്റ്കണക്ഷൻ 30,000 ത്തോളം ഓഫീസുകളിൽ നൽകുന്നതാണ്. എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഈ അടിസ്ഥാന സൗകര്യ വികസന പദ്ധതി സഹായകമാകും.

കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എൽ-ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കെഫോൺ പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനെ ഒരു ടെൻഡർ നടപടിയിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്.

കെ ഫോൺ നെറ്റ് വർക്കിന്റെ രൂപരേഖ

കെഫോൺ നെറ്റ് വർക്ക് സംസ്ഥാനത്തെ 14 ജില്ലകളെയും കോർ റിംഗ് വഴി ബന്ധിപ്പിക്കുന്നു. ഓരോ ജില്ലകളിലെയും ഗവൺമെന്റ് ഓഫീസുകളും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ് വർക്ക് വഴിയാണ്. കെ.എസ്.ഇ.ബി.യുടെ 375 സബ്സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറിനുള്ളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും. 14 ജില്ലകളിലും കോർപോപ്പ് (പോയിന്റ് ഓഫ് പ്രസൻസ് ) ഉണ്ട്. അത് കെ.എസ്.ഇ ബി സബ്സ്റ്റേഷനുകളിൽ 300 സ്ക്വയർ ഫീറ്റിലായിരിക്കും സ്ഥാപിക്കുക. ഈ പോപ്പുകൾ 110/220/400കെ.വി ലൈൻ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ (കോർ റിംഗ് ) ഉപയോഗിച്ച് ബന്ധിപ്പിക്കും. ഈ ശൃംഖലകളിൽ സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മോണിട്ടർ ചെയ്യാൻ എറണാകുളം ജില്ല യിൽ ഒരു നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്റർ (NOC)സ്ഥാപിക്കും. ഈ കോർ റിംഗിന്റെ കപ്പാസിറ്റി Nx 100 Gbpsആയിരിക്കും. ഈ നെറ്റ് വർക്കിന്റെ 100%ലഭ്യതയ്ക്ക് വേണ്ടി റിംഗ് ആർക്കിടെക്ചർ ആണ് അവലംബിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലും കോർപോപ്പിന് പുറമേ മറ്റ് പോപ്പുകളും കെ.എസ്.ഇ.ബി. സബ്സ്റ്റേഷനുകളിൽ സ്ഥാപിക്കും. ഈ പോപ്പുകളെ അഗ്രിഗേറ്റ് പോപ്പുകൾ എന്നറിയപ്പെടും. ഇവയെ ബന്ധിപ്പിക്കുന്നതിന് ഒപ്റ്റിക് ഫൈബർ ഉപയോഗിച്ച് 40Gbpsബാന്റ് വിഡ്ത്ത് കപ്പാസിറ്റിയിലുള്ള നെറ്റ് വർക്ക് സ്ഥാപിക്കും. അഗ്രിഗേഷൻ റിംഗിന് പുറമേ പ്രി അഗ്രിഗേഷൻ റിംഗുകളും സ്പർറിഡന്റ് റിംഗുകളിലും മറ്റ് പോപ്പുകളുമായി ബന്ധിപ്പിക്കും. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ റിംഗുകളിലും സ്ട്രീറ്റ് ബോക്സ് സ്ഥാപിക്കും. എല്ലാ റിംഗുകളും100%പരിരക്ഷണത്തിലായിരിക്കും പ്രവർത്തിക്കുക. ഇത് സർവ്വീസ് 24 X 7ലഭ്യതയ്ക്ക് സഹായകമാകും. 35000 കീ.മി. ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് ആണ് കെഫോൺ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇത് കേരളത്തിലുള്ള മറ്റേത് ഓപ്പറേറ്ററിനേക്കാളും വലിയ ശൃംഖലയായിരിക്കും. ഇതൊരു ന്യൂട്രൽ ആക്സസ് നെറ്റ് വർക്ക് ആയി പ്രവർത്തിക്കും. ഈ നെറ്റ് വർക്ക് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനങ്ങളിൽഓൺലൈൻ സേവനങ്ങൾ നൽകാൻ പര്യാപ്തമാണ്.

കെഫോൺ പദ്ധതിയുടെ നടത്തിപ്പിനായി ഭരണാനുമതി ലഭിച്ചത് 1028.8 കോടി രൂപയ്ക്കാണ്. എന്നാൽ രണ്ട് വർഷത്തെ നിർമ്മാണ പ്രവർത്തനത്തിനും 7 വർഷത്തെ ഓപ്പറേഷൻ & മെയിന്റനൻസും ഉൾപ്പെടെ ആകെ 9 വർഷത്തെ കരാർ ആണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് നൽകിയത്. കെഫോൺ പദ്ധതിക്ക് വേണ്ടി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 9 വർഷത്തേക്ക് നൽകിയ കരാർ തുക 1531 കോടി രൂപയാണ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ക്യാപെക്സ് തുക അധികമായി വന്നതിനാൽ പുതുക്കിയ നിരക്കിന് സർക്കാരിന്റെ അംഗീകാരം നേടിയിട്ടുണ്ട്. ഇതിൽ 1168 കോടി രൂപ നിർമ്മാണ പ്രവർത്തനത്തിനും 363 കോടി രൂപ ഓപ്പറേഷൻ & മെയിന്റനൻസുമായാണ് കരാർ ഉറപ്പിച്ചത്.ഇതിൽ ക്യാപെക്സ് തുകയായ 1168 കോടി രൂപയുടെ 70 ശതമാനം കിഫ്ബിയിൽ നിന്നുമാണ് നൽകുന്നത്.

കെ ഫോൺ പദ്ധതിയുടെ നേട്ടങ്ങൾ

എല്ലാ സർവ്വീസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ, കണ്ടന്റ്സർവ്വീസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ സംസ്ഥാനത്ത് നിലവിൽ വരും. ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ്/ഇൻട്രാനെറ്റ്ലഭ്യമാകും. 30000-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുവഴി സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ മറ്റ് ഇ-സർവ്വീസുകൾക്ക് കൂടുതൽ ബാന്റ്വിഡ്ത്ത് നൽകി കാര്യക്ഷമത വർദ്ധിപ്പിക്കാൻ കെഫോൺ സഹായിക്കും.10mbps-തൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാകും. ആർട്ടിഫിഷൽ ഇന്റലിജെൻസ്, ബ്ലോക്ക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെഫോൺ സൗകര്യമൊരുക്കും. ഗ്രാമങ്ങളിലും ചെറുകിയ സംരംഭങ്ങൾക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം.

കെ ഫോൺ പദ്ധതിയുടെ നിലവിലെ സ്ഥിതി

സിസ്റ്റം ഇൻഗ്രേറ്ററായ ബെല്ലിനെയും (പ്രൈം ബിഡ്ഡർ) അതിന്റെ കൺസോർഷ്യം പാർട്ട്ണർ ആയ റെയിൽടെൽ, എൽ.എസ്. കേബിൾ,എസ്.ആർ.ഐ.റ്റി എന്നിവരെ ഓപ്പൺ ടെൻഡർ വഴിയാണ് തെരഞ്ഞെടുത്തത്. ഇതിന്റെ കരാർ ഒപ്പിട്ടത് 09.03.2019ലാണ്. സിസ്റ്റം ഇൻഗ്രേറ്റർ സമർപ്പിച്ച പദ്ധതി

പ്രകാരം കോർ അഗ്രിഗേഷൻ, NOC (നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ) എന്നിവയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്. 30000 ഓഫീസുകളുടെ സർവ്വേയും 35000 കി.മീ. ഓ.എഫ്.സി.യുടെ സർവ്വേയും 8 ലക്ഷം കെ.എസ്.ഇ.ബി.എൽ പോളുകളുടെ സർവ്വേയും 375 പോപ്പുകളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂർത്തീകരിച്ചിട്ടുണ്ട്. ബാക്ക്-ബോൺ OPGW (Optical Ground Wire), ADSS (All Dielectric Self Support), ഒ.എഫ്.സി. 8551കി.മീ. കേബിൾ ഇടാനുള്ളതിൽ 3379കി.മീ. പൂർത്തികരിച്ചിട്ടുണ്ട്. 26410 കി.മീ. എഡി.എസ്.എസ്. ഒ.എഫ്.സി, അക്സസ് കേബിൾ ഇടാനുള്ളതിൽ 7337കി.മീ. 14ജില്ലകളിലായി പൂർത്തികരിച്ചിട്ടുണ്ട്. 375 പോപ്പുകളിൽ 135-ന്റെ സിവിൽ ഫൗണ്ടേഷനും 104 പ്രീഫാബ് ഷെൽട്ടർ ഇൻസ്റ്റലേഷനും പൂർത്തീകരിച്ചിട്ടുണ്ട്.

98 ശതമാനം NOC,ഐ.റ്റി/നോൺ ഐ.റ്റി സംബന്ധമായ പണികളും പൂർത്തീകരിച്ചിട്ടുണ്ട്.110-220 കെ.വി ഇലക്ട്രിക്കൽ ലൈൻ വഴി 2900 കി.മീ. OPGWകേബിളിടാനുള്ളതിൽ ലേയിംഗ് 1850 കീ.മി പൂർത്തിയായി. 30000ഗവൺമെന്റ് ഓഫീസുകളിൽ 3361 ഓഫീസ് കണക്ടിവിറ്റി പൂർത്തീകരിച്ചു.

ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിഭാവന ചെയ്തിട്ടുള്ള 30000 സർക്കാർ ഓഫീസുകളിൽ കോർ, അഗ്രിഗേഷൻ റിംഗുകളിൽ ഉൾപ്പെട്ട 8500 ൽ അധികം ഒഫീസുകൾക്ക് കണക്ഷൻ നൽകുന്നതിന്‌ ആവശ്യമായ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളൂം പൂർത്തിയായിട്ടുണ്ട്. ഇവയെ നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളുമാണ്‌ ഇപ്പോൾ നടക്കുന്നത്. ഇവയെല്ലാം പൂർത്തീകരിച്ച് 2021 ഡിസംബറോകൂടി കോർ, അഗ്രിഗേഷൻ റിംഗുകളിൽ ഉൾപ്പെട്ട ഒാഫീസുകൾക്ക് കണക്ഷൻ നൽകാൻ കഴിയും. പ്രീഅഗ്രിഗേഷൻറിംഗ്, സ്പർ എന്നിവയിൽ ഉൾപ്പെട്ട മറ്റ് ഓഫീസുകൾക്ക് കണക്‌ഷൻ നൽകുന്നതിനുവേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ധ്രുതഗതിയിൽ നടന്നുവരികയാണ്‌. ഇവയെല്ലാം പൂർത്തീകരിച്ച് ഒന്നാംഘട്ടത്തിൽ വിഭാവന ചെയ്തിട്ടുള്ള മുഴുവൻ ഓഫീസുകൾക്കും 2022 ജൂൺ മാസത്തിൽ കണക്ഷൻ നല്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌.

-ന്യൂസ് മാഗസിന്‍ ഒക്ടൊബര്‍ ലക്കത്തില്‍ നിന്നും