കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ വൈദ്യുതി ബോര്‍ഡിനെ സജ്ജമാക്കുക- പ്രമേയം അംഗീകരിച്ചു

175

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനം അംഗീകരിച്ച വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും നവീകരിക്കുകയും ചെയ്ത് രാജ്യത്തിന് മാതൃകയാകുക, കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കുക എന്ന പ്രമേയം എറണാകുളത്ത് നിന്നും റസ്സല്‍ അവതരിപ്പിച്ചു. പാലക്കാട് നിന്നും പ്രകാശന്‍.സി.കെ പിന്തുണച്ചു. പ്രമേയം താഴെ കൊടുക്കുന്നു.

പാലക്കാട് നിന്നും പ്രകാശന്‍.സി.കെ പിന്തുണച്ചു

വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും നവീകരിക്കുകയും ചെയ്ത് രാജ്യത്തിന് മാതൃകയാകുക, കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കുക.

ഊർജ്ജ കേരള മിഷന്റെ ഭാഗമായി കേരളത്തിലേ വൈദ്യുതി മേഖലയിൽ വലിയ വികസന മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നേടിയതും ലോഡ്ഷെഡ്ഡിംഗോ പവര്‍ക്കട്ടോ ഇല്ലാതെ വൈദ്യുതി വിതരണം സാദ്ധ്യമാകുന്നതും രാജ്യത്തിനു മാതൃകയാണ്. പ്രസരണ വിതരണ ശൃഖലകളെ ശക്തിപ്പെടുത്തുന്ന ട്രാന്‍സ്ഗ്രിഡ്, ദ്യുതി തുടങ്ങിയ പദ്ധതികൾ വൈദ്യുതിശൃംഖലയില്‍ വലിയ തോതിലുള്ള നവീകരണ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കാരണമായി. രാജ്യത്ത് പ്രസരണ – വിതരണ നഷ്ടം കുറവുള്ള സംസ്ഥാനങ്ങളുടെ മുന്‍പന്തിയിലാണ് കേരളം. സാങ്കേതിക-വാണിജ്യ നഷ്ടത്തിന്റെ കണക്ക് (AT&C loss) പരിശോധിച്ചാലും കെ.എസ്.ഇ.ബി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ്. ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തിയാകുമ്പോള്‍ പ്രസരണ നഷ്ടത്തില്‍ 107 MW കുറവുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതു വഴി പ്രതി വര്‍ഷം ശരാശരി 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും.

ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, പുഗലൂര്‍-തൃശൂര്‍ എച്ച്.വി.ഡി.സി. ലൈന്‍ എന്നിങ്ങനെ കേരളത്തിന്റെ വൈദ്യുതിമേഖലയുടെ കുതിച്ചുചാട്ടത്തിന് വഴിവെച്ച പദ്ധതികളാണ് കഴിഞ്ഞ നാളുകളിൽ ഉണ്ടായിട്ടുള്ളത്. പുനരുപയോഗ ഊർജ്ജ രംഗത്തെ വലിയമുന്നേറ്റം ഉല്പാദനരംഗത്തു പുത്തനുണർവ് നൽകി. മുൻ സർക്കാരിൻറെ കാലത്ത് 314.37 മെഗാവാട്ടിന്റെ പദ്ധതികളാണ് കേരളത്തിൽ പൂർത്തിയായത്. ഇതിൽ 12.6 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതപദ്ധതികൾ കെ.എസ്.ഇ.ബി നേരിട്ടും 12.5മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതപദ്ധതികൾ സ്വകാര്യസംരംഭകർ മുഖാന്തരവും പൂര്‍ത്തിയാക്കി. കൂടാതെ സൗരോർജ പദ്ധതികളിൽ നിന്ന് 311 മെഗാവാട്ടും കാറ്റിൽ നിന്ന് 27 മെഗാവാട്ടും നിർമ്മിച്ചു. ബാണാസുരസാഗർ റിസർവോയറിൽ 500 കിലോവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതി നടപ്പിലാക്കിയത് എടുത്തു പറയേണ്ട കാര്യമാണ്. കൂടാതെ ഇടുക്കി ഒന്നാംഘട്ടം (3×130 MW) ഷോളയാർ (3×18 MW) എന്നീ നിലയങ്ങളുടെ പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങളും സമയ ബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചു. ഉർജ്ജക്ഷമത കൈവരിക്കുന്നതിനായി നടപ്പിലാക്കിയ ഫിലമെൻറ് രഹിത കേരളം, നിലാവ് പദ്ധതികൾ, 20 ലക്ഷത്തോളം ബി പി എൽ ഉപഭോക്താക്കൾക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം നൽകുന്ന കെ ഫോൺ, വൈദ്യുതി സുരക്ഷാ ഉറപ്പാക്കുന്ന ഇ സേഫ് പദ്ധതികൾ തുടങ്ങിയവ ലോകത്തിനു തന്നെ മാതൃകയായി.

പരിസ്ഥിതി സൗഹൃദവും ഊര്‍ജ്ജകാര്യക്ഷമത കൂടിയതുമായ ഗതാഗത സംവിധാനമെന്ന നിലയില്‍ ഇലക്ട്രിക്ക് വാഹന വ്യാപനം ഏറെ പ്രധാനപ്പെട്ടതാണ്. വൈദ്യുതി വാഹന ചാർജിങ് സംവിധാനങ്ങൾക്കുള്ള ‘സ്റ്റേറ്റ് നോഡൽ ഏജൻസി’ ആയി പ്രവര്‍ത്തിക്കുന്നത് കെ.എസ്.ഇ.ബിയാണ്. വൈദ്യുതി സേവനങ്ങള്‍ വീടിലിരുന്നുതന്നെ ലഭ്യമാകുന്ന വിധം “സേവനം വാതിൽ പടിയ്ക്കൽ” നടപ്പിലാക്കിക്കൊണ്ട് കെ.എസ്.ഇബി ഉപഭോക്തൃ സൗഹൃദമായി മാറിയിട്ടുണ്ട്. ഇപ്രകാരം രാജ്യത്തെ വിതരണ കമ്പനികൾക്ക് മാത്രകയായി മാറാന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിട്ടുണ്ട്. മേല്‍ നേട്ടങ്ങള്‍ നിലനില്‍ക്കുമ്പോഴും നിരവധി പരിമിതികള്‍ സ്ഥാപനം നേരിടുന്നുണ്ട്. ഊര്‍ജ്ജകേരളമിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ പുന:ക്രമീകരിക്കാനും കഴിയേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധിയടക്കമുള്ള വിവിധകാരണങ്ങളാല്‍ സ്ഥാപനം നേതൃത്വം കൊടുക്കുന്ന കെ-ഫോണ്‍, ഇ-വെഹിക്കിള്‍ വ്യാപനം അടക്കമുള്ള പല പദ്ധതികളും മന്ദീഭവിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ മറികടന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമുള്ള ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. വിഭാവനം ചെയ്ത സന്ദര്‍ഭത്തിലെ സാഹചര്യങ്ങളില്‍ നിന്ന് സാങ്കേതിക വിദ്യയിലും ജനങ്ങളുടെ അഭിലാഷങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ക്കനുസൃതമായി പദ്ധതികളിലും പുന:ക്രമീകരണങ്ങളും പ്രവര്‍ത്തന രീതികളിലെ മാറ്റങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഇതോടൊപ്പം സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്ന കേന്ദ്ര നയങ്ങളുടെ വെല്ലുവിളികളെയും ഫലപ്രദമായി മറികടക്കേണ്ടതുണ്ട്.

വൈദ്യുതി നിയമഭേദഗതിയിലൂടെയും ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതി, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്നിങ്ങനെയുള്ള പാക്കേജുകളിലൂടെയും വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യവല്‍ക്കരണ നടപടികള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുതിരുന്നത്. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വൈദ്യുതിമേഖലയിലുള്ള അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കാനുള്ള നീക്കവും നടക്കുന്നു. “ഒരു രാഷ്ട്രം, ഒരു ഗ്രിഡ്, ഒരു വില” എന്ന പേരില്‍ കേന്ദ്ര ഗവണ്മെന്റ് വൈദ്യുതി കമ്പോളത്തിൽ നടപ്പിലാക്കുന്ന പരിഷ്കരണങ്ങള്‍ സംസ്ഥാനത്തിൻറെ അഭ്യന്തര ഉല്പാദന രംഗത്തേക്ക് കടന്നു കയറുന്നതും സാർവത്രിക വൈദ്യുതികരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതുമാണ്. വിതരണ കമ്പിനികളുടെമേൽ പേയ്‌മെന്റ് സുരക്ഷാ സംവിധാനം അടിച്ചേല്‍പ്പിച്ചും പ്രസരണ നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയില്‍ മാറ്റംവരുത്തിയും നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ ഫലത്തില്‍ കെ.എസ്.ഇ.ബിക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണ്. ഇത്തരം പരിമിതികളെ അതിജീവിച്ചും പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും സ്ഥാപനത്തിന് മുന്നോട്ടുപോകേണ്ടതുണ്ട്. വൈദ്യുതി ഉദ്പാദന പ്രസരണ വിതരണ മേഖലകളിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന നിലയില്‍ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍ണ്നയിച്ചും പ്രവര്‍ത്തനപദ്ധതികള്‍ പുതുക്കിയും പുനര്‍ക്രമീകരിച്ചും മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ട്.

സംസ്ഥാനത്തിൻറെ വൈദ്യുതി ആവശ്യകതയിൽ 30 മുതൽ 35 ശതമാനം മാത്രമാണ് ആഭ്യന്തര ഉൽപ്പാദനം വഴി നിറവേറ്റുന്നത്. ബാക്കിയുള്ള 65 മുതൽ 70 ശതമാനവും കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നും, പവർ പർച്ചേസ് വഴിയും, എനർജി എക്സ്ചേഞ്ച് വഴിയുമാണ് കണ്ടെത്തുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നും വൈദ്യുതി കൊണ്ടുവരുന്നതിന് പ്രസരണ ഇടനാഴികളുടെ ലഭ്യതക്കുറവ് മുന്‍കാലങ്ങളില്‍ ഒട്ടേറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, പുഗലൂര്‍-തൃശൂര്‍ എച്ച്.വിഡി.സി ലൈന്‍ തുടങ്ങി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നമ്മുടെ അന്തര്‍സംസ്ഥാന പ്രസരണ ഇടനാഴിയില്‍ നല്ല ശേഷി വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത് സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതിയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സഹായിച്ചിട്ടുണ്ട്. കൊച്ചിയിലെ ഇന്റര്‍കണക്ടിംഗ് ട്രാന്‍സ്ഫോര്‍മറിന്റെ സ്ഥാപിക്കുന്നതടക്കം ചില പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് വൈദ്യുതി ഇറക്കുമതി ശേഷിയില്‍ പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രായോഗിക സമീപനങ്ങളോടെ ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്തു പോകാന്‍ കഴിയുന്നുണ്ട്. കേരളത്തിന്റെ അഭ്യന്തര വൈദ്യുതി ഉദ്പാദനത്തില്‍ ജലവൈദ്യുതിയാണ് പ്രധാനപ്പെട്ടത്. ഇത് ദേശീയ വൈദ്യുതിക്കമ്പോളത്തില്‍ ഫലപ്രദമായി ഇടപെട്ടുപോകുന്നതിന് സഹായകമാണ്. പണിനടന്നുകൊണ്ടിരിക്കുന്ന ജലവൈദ്യുതിപദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിലും പുതിയ പദ്ധതികള്‍ കണ്ടെത്തി നടപ്പാക്കിയും ജലവൈദ്യുതി ശേഷി വര്‍ദ്ധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയോടൊപ്പം കമ്പോള ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനും സഹായിക്കും. ഇക്കാര്യത്തില്‍ സ്റ്റോറേജ് പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സ്റ്റോറേജ് സാദ്ധ്യതകളില്ലാത്ത പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മഴയില്ലാത്ത സമയങ്ങളിലെ ജലലഭ്യത, മഴക്കാലത്തെ വൈദ്യുതിയുടെ കമ്പോളവില തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കുന്നത് സ്ഥാപനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്.

പകല്‍ സമയത്തുമാത്രമേ ലഭ്യമാകുകയുള്ളൂ എന്നതിനാല്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ പീക്ക് ലോഡ് ആവശ്യകതക്ക് ഉതകുന്നതല്ലെങ്കിലും ആര്‍.പി.ഒ പാലിക്കുന്നതടക്കം സൗരോര്‍ജ്ജ വികസനം അനിവാര്യമാക്കുന്ന നിരവധി ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉപഭോക്താക്കള്‍ സ്വന്തം നിലയില്‍ത്തന്നെ സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കി വരുകയും സൗരോര്‍ജ്ജ ഉദ്പാദനം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. സ്വാഭാവികമായും ഉപഭോക്താക്കളെ സ്ഥാപനത്തിന്റെ സേവനശൃംഖലയില്‍ത്തന്നെ നിലനിര്‍ത്തുന്നതിന് സ്ഥാപനം തന്നെ നിലയം സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതാണ് ഗുണകരം എന്ന് കാണാവുന്നതാണ്. ഇ-വെഹിക്കിള്‍ വ്യാപനം ഫലപ്രദമായി ആസൂത്രണം ചെയ്താല്‍ സോളാര്‍ ഉത്പാദനവും വാഹന ബാറ്ററി ചാര്‍ജിംഗും സമന്വയിപ്പിച്ച് സോളാര്‍ വ്യാപനം ഫലപ്രദമാക്കാന്‍ കഴിയുകയും ചെയ്യും. കാറ്റാടി നിലയങ്ങളുടെ സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. പുനരുപയോഗ‍ വൈദ്യുതി സ്രോതസ്സുകളുടെ വ്യാപനത്തോടൊപ്പം ബാറ്ററി സ്റ്റോറേജ് അടക്കമുള്ള ഗ്രിഡ് ബാലന്‍സിംഗ് സംവിധാനങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്.

സംസ്ഥാനത്തിന്റെ അഭ്യന്തര പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നടപ്പാക്കിവരുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനോടൊപ്പം അതിന്റെ അനുബന്ധ ശൃംഖലകളും നവീകരണത്തിനും വിപുലീകരണത്തിനും വിധേയമാകേണ്ടതുണ്ട്. പ്രസരണ ശൃംഖലയുടെ ലഭ്യത പൂര്‍ണ്ണതോതില്‍ നിലനിര്‍ത്താന്‍ ഉതകുന്ന നിലയില്‍ പ്രസരണ ശൃംഖലയുടെ പരിപാലനം നെറ്റ് വര്‍ക്ക് അടിസ്ഥാനത്തില്‍ ക്രമീകരിക്കേണ്ടതുണ്ട്. പ്രസരണശൃംഖല വീതംവെച്ച് ഒന്നിലധികം നിയന്ത്രണസംവിധാനങ്ങള്‍ക്ക് കീഴിലാകുന്നത് കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വിഘാതമാകാനിടയുണ്ട്. ഈ നിലയില്‍ വൈദ്യുതി പ്രസരണ ശൃംഖലയുടെ ആധുനികവല്‍ക്കരണം, വിപുലീകരണം, പരിപാലനം എന്നിവ കണക്കിലെടുത്ത് ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ അടുത്തഘട്ടം ആസൂത്രണം ചെയ്യുകയും അതനുസരിച്ച് പദ്ധതിപ്രവര്‍ത്തനം പുന:ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

വൈദ്യുതി വിതരണരംഗത്ത് കേരളത്തിൻറ്റെ ഭൂപ്രകൃതിയുടെ വെല്ലുവിളികളെയും പ്രകൃതി ദുരന്തങ്ങളെയും നേരിട്ട് നിർണായക മുന്നേറ്റം നടത്താൻ വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. പ്രളയ സമയത്ത് വൈദുതി പുനഃസ്ഥാപിക്കാനായി നടത്തിയ മിഷൻ റീകണക്ട്റ്റും കോവിഡ് മഹാമാരി കാലത്തു വൈദ്യുതി ദിനരാത്രങ്ങളിൽ തടസ്സമില്ലാതെ ഉറപ്പുവരുത്താൻ നടത്തിയ പവര്‍ ബ്രിഗേഡും ദേശീയശ്രദ്ധ നേടുകയുണ്ടായി. ഈ നേട്ടങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയരുന്നതിൽ താഴെ സൂചിപ്പിക്കുന്ന ചില പരിമിതികൾ നിലനിൽക്കുന്നുണ്ട്. ഇ.എച്ച്.ടി/ എച്ച്.ടി/ എൽ.ടി വിതരണ ശൃംഖലയുടെ വിശ്വാസ്യത വർധിപ്പിച്ച് വൈദ്യുതി തടസ്സങ്ങൾ പരമാവധി കുറക്കുന്ന ആർ.എം.യു, സ്‌കാഡാ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ പൂർണതോതിൽ നടപ്പിലാക്കാൻ സാധിക്കാത്തതും വൈദ്യുതി അപകടങ്ങൾ പൂർണമായി ഒഴിവാക്കുന്ന നിലയിൽ ശൃംഖല വികസിപ്പിക്കാൻ സാധിക്കാത്തതും പ്രകൃതിദുരന്തസമയത്ത് ഉണ്ടാകുന്ന തകരാറുകൾ, പ്രധാനമായും എച്ച്.ടി/എൽ.ടി ലൈനുകൾ പൊട്ടിവീഴുന്നതുമൂലമുണ്ടാകുന്ന ദീർഘമായ വൈദ്യുതി തടസ്സങ്ങളും ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മയടക്കം സൃഷ്ടിക്കുന്ന തടസ്സങ്ങളുടെ ആവൃത്തിയിലുള്ള വര്‍ദ്ധനവുമൊക്കെ വൈദ്യുതി വിതരണ ശൃംഖലയുടെ വിശ്വാസ്യത ഉയര്‍ത്തുന്നതിലെ പരിമിതികളാണ്. വൈദ്യുതി സേവനങ്ങള്‍ പൂർണമായും ഓണ്‍ലൈനായി മാറ്റാന്‍ കഴിയാത്തതും പരിഹരിക്കപ്പെടേണ്ട പരിമിതിയാണ്. ഇത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നിലയില്‍ ദ്യുതി പദ്ധതി പുന:ക്രമീകരിക്കുകയും സേവനസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണ്ടതുണ്ട്.

മേല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ ഓരോ മേഖലയിലും കൃത്യമായ ലക്ഷ്യങ്ങള്‍ നിര്‍വചിക്കുകയും അതനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യണമെന്ന് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്റെ 22–ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടുന്നു.

  1. സംസ്ഥാനത്തിന്റെ ഊർജ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, അനുദിനം വർദ്ധിച്ചുവരുന്ന വൈദ്യുതാവശ്യകത നിറവേറ്റുന്നതിനും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിൽ വരാനിടയുള്ള രാഷ്ട്രീയവും സാങ്കേതികവുമായ അനിശ്ചിതത്ത്വം കണക്കിലെടുത്തും ആഭ്യന്തര വൈദ്യുതോല്പാദനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രധാനമാണ്. നിർമ്മാണത്തിലിരിക്കുന്ന 193.5 മെഗാ വാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയൂം, ഉയർന്ന ശേഷിയുള്ള വൻകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുന്നതിലുള്ള തടസ്സങ്ങൾ കണക്കിലെടുത്ത് ചെറുകിട-ഇടത്തരം പദ്ധതികൾ , നിലവിലുള്ള പദ്ധതികളുടെ ശേഷിവർദ്ധന / എക്സ്റ്റൻഷൻ പദ്ധതികൾ എന്നിവ ധന ലാഭ വിശകലനത്തിന്റ അടിസ്ഥാനത്തിൽ നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്. ജലവൈദ്യുത പദ്ധതികളിൽ നിന്നും 300 മെഗാവാട്ട്, സൗരോർജ്ജത്തിൽ നിന്നും 1500 മെഗാവാട്ട്, കാറ്റിൽ നിന്നും 100 മെഗാവാട്ട്, ഇടുക്കി രണ്ടാംഘട്ടം 780 മെഗാവാട്ട്, മാലിന്യത്തിൽ നിന്നും വൈദ്യുതി പദ്ധതികളിലൂടെ 20 മെഗാവാട്ട് എന്നീ ലക്ഷ്യങ്ങൾ പ്രായോഗികമായി ഏറ്റെടുക്കാൻ കഴിയും. ഇതിലൂടെ 2025 ആകുമ്പാഴേയ്ക്കും കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 40 ശതമാനത്തിൽ കൂടുതൽ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സിൽ നിന്ന് ലഭ്യമാക്കാൻ സാധിക്കും.
  2. നിലവിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ തടസ്സമായി നിൽക്കുന്നതിൽ പ്രധാനം കൃത്യസമയത്തു ആവശ്യമായ അനുമതികൾ ലഭിക്കാത്തതും ഭൂമി ഏറ്റടുക്കലിന്റെ കാലതാമസവുമാണ്. ഇതു പരിഹരിക്കുന്നതിനായി നിർബന്ധമായും ഭൂമി ഏറ്റടുത്തതിനു ശേഷം മാത്രം പദ്ധതികൾ ആരഭിക്കുന്നു എന്നു ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പദ്ധതികലയളവിൽ നേരിടുന്ന വിവിധ പ്രതിസന്ധികൾ പരിഹരിക്കാൻ പാകത്തിനുള്ള പ്രത്യക ടാസ്‌ക് ഫോഴ്‌സ് രൂപികരിക്കണം.
  3. ട്രാൻസ്‍ഗ്രിഡ് പദ്ധതിയുടെ മുഴുവൻ ഗുണഫലം ലഭിക്കണമെങ്കിൽ 400 കെ .വി പവർ ഹൈവേ പൂർണരൂപത്തിൽ പ്രവർത്തികമാകണം. ഇതിനായി അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഉഡുപ്പി കാസർഗോഡ് 400 കെ .വി ലൈൻ നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് നിലവിലുള്ള 400 കെ .വി ശൃംഖലയിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള ലൈൻ നിർമ്മാണവും 400 കെ .വി സബ്‌സ്റ്റേഷനുകളുടെ നിർമാണവും സമയബന്ധിതം ആയി പൂർത്തീകരിക്കണം. കൂടാതെ 220 കെ.വി ശൃംഖല ശക്തിപ്പെടുത്തുന്നതിന്റ ഭാഗമായ ലൈനുകൾ, സബ് സ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണവും ഘട്ടംഘട്ടമായി സബ് സ്റ്റേഷനുകളുടെ നവീകരണവും ഓട്ടോമേഷനിൽ ഊന്നിയുള്ള ആധുനിക വത്‌ക്കരണവും സമയബന്ധിതമായി പൂർത്തീകരിക്കുകണം. ഇതിലൂടെ പ്രസരണ ശൃംഖലയുടെ ലഭ്യത 99 ശതമാനമായി ഉയർത്താൻ സാധിക്കും. ഇതിനായി പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടതാണ്. കൂടാതെ ട്രാന്‍സ് ഗ്രിഡ് 2.0, മറ്റനുബന്ധ പദ്ധതികളുടെയും കൃത്യമായ അവലോകനവും, പുരോഗതിയും എല്ലാ മാസവും വിലയിരുത്തണം. പദ്ധതികൾ കേന്ദ്ര ഗവണ്‍മെന്റിന്റെ പി.എസ്.ഡി.എഫ് പദ്ധതിയിൽ ഉൾപെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തണം.
  4. ഉപഭോക്താക്കൾക്ക് നിലവാരമുള്ള വൈദ്യുതി, മിതമായ നിരക്കിൽ, എല്ലാ ആധുനിക അനുബന്ധ സൗകര്യങ്ങളോടും കൂടി നഗര ഗ്രാമ വ്യത്യാസമില്ലാതെ 24×7 തടസ്സരഹിതമായി വൈദ്യുതി നൽകുക എന്നത് സ്ഥാപനത്തിന്റെ സാമൂഹ്യമായും നിയമപരവുമായുള്ള ഉത്തരവാദിത്തമാണ്. അക്കാരണത്താലാണ് വൈദ്യുതി വിതരണത്തിന്റെ നിലവാരത്തിലുള്ള നഗര ഗ്രാമ അന്തരം ഇല്ലാതാക്കുക എന്നത് ദ്യുതി 2021 എന്ന സമഗ്ര വൈദ്യുതി വിതരണ മേഖലാ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറിയത്. ഇതോടൊപ്പം വൈദ്യുതി ശൃംഖലാ വികസനവും, പരിപാലനവും ഉറപ്പാക്കുന്നതിനും, ഉപഭോക്തൃ സൗകര്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കുന്നതിനായുമുള്ള നിരന്തര ശ്രമങ്ങൾ ജാഗ്രതയോടെ സ്വീകരിച്ചു പോകേണ്ടതാണ്. ഇതിൻറെ ഭാഗമായി ദ്യുതി 2021 ലും, തുടർന്ന് വരുന്ന പദ്ധതികളിലും ഉൾപ്പെട്ടിട്ടുള്ള സമഗ്ര വൈദ്യുതി വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണം. വൈദ്യുതി തടസ്സങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിൽ വിവരസാങ്കേതി വിദ്യയുൾപ്പടെ ഉപയോഗിച്ചുള്ള നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കണം. വിതരണ ശൃംഖലയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമങ്ങളില്‍ അടക്കം റിംഗ് സംവിധാനം നടപ്പിലാക്കണം . സ്കാഡ, റിംഗ് മെയിന്‍ യൂണിറ്റുകള്‍, കേബിളുകള്‍, ശൃംഖല ഓട്ടോമേഷൻ എന്നിവ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിപ്പിക്കണം. പുതിയതായി നിര്‍മ്മിക്കുന്ന വൈദ്യുതി ലൈനുകള്‍ക്ക് എ.ബി.സി, കവചിത കണ്ടക്ടറുകൾ തുടങ്ങിയവ ഉറപ്പുവരുത്തണം. ആസൂത്രിത അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കുന്നു എന്നുറപ്പു വരുത്തി, വൈദ്യുതി തടസ്സങ്ങൾ ഇല്ലാതാക്കുക. മേൽ നടപടികൾ വഴി വൈദ്യുതി നിലവാര സൂചകങ്ങളായ SAIDl (System Average Interruption Duration Index), SAIFl (System Average lnterruption Frequency Index) ഉൾപ്പടെയുള്ളവ നിർദ്ദിഷ്ട നിലവാരത്തിനും മുകളിൽ നിലനിർത്തി ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തണം. നിലവിൽ കേന്ദ്ര സർക്കാർനിഷ്കർഷിക്കുന്നതിലും വളരെ കുറവായ കേരളത്തിലെ പ്രസരണ – വിതരണം നഷ്ടം, ഇനിയും കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വാതില്‍പ്പടി സേവനം പദ്ധതിയുടെ തുടര്‍ച്ചയായി എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കി സേവനങ്ങള്‍ ഉപഭോക്താക്കളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കണം.
  5. ബോര്‍ഡിന്റെ പൊതു കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് സാങ്കേതികവിദ്യാ വ്യാപനം വർദ്ധിപ്പിച്ച് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന ERP(Enterprise Resource Planning) സമയബന്ധിതമായി പൂർത്തികരിക്കണം. ഇതിലൂടെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പിലാക്കണം. സാമ്പത്തിക സുസ്ഥിരത ഉറപ്പു വരുത്താനാവശ്യമായ കുടിശ്ശിക പിരിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. ജീവനക്കാരുടെ പുനർ വിന്യാസം, പെൻഷൻ ട്രസ്റ്റിലേക്കുള്ള സർക്കാർ വിഹിതമുറപ്പാക്കൽ എന്നിവയിൽ താമസംവിന നടപടി സ്വീകരിക്കണം. മുൻകാല റഗുലേറ്ററി ഗ്യാപ്പ് സമയബന്ധിതമായി മോണിറ്ററൈസ് ചെയ്യുന്നതിന് റഗുലേറ്ററി കമ്മീഷൻ സത്വര നടപടികൾ സ്വീകരിക്കണം.
  6. വൈദ്യുതി വിതരണ സ്ഥാപനമെന്നതിലുപരി കേരളത്തിന്റെ സമഗ്ര ഊർജ്ജ ആവശ്യങ്ങളുടേയും ദാതാവ് എന്ന നിലയിലേക്ക് മാറുക എന്നതാണ് കെ.എസ്.ഇ.ബി ലിമിറ്റഡ് എന്ന സ്ഥാപനത്തോട് കാലഘട്ടം ആവശ്യപ്പെടുന്നത്. പാചക ആവശ്യത്തിനുള്ള ഊർജ്ജം, ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വൈദ്യുതോർജ്ജത്തിലേക്ക് സാമ്പത്തികവും, പാരിസ്ഥിതികവുമായ കാരണങ്ങളാൽ മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വൈദ്യുതോർജ്ജിതമായതും, ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ Smart Kitchen Solutions ഉള്ള അടുക്കളകളിലേക്കുള്ള സാങ്കേതിക തികവോടെയുള്ള മാറ്റത്തിന്റെ ചാലക ശക്തിയാകണം. വർദ്ധിച്ചു കൊണ്ടിരിക്കുന്ന വൈദ്യുത വാഹനങ്ങൾക്ക് മതിയായ ചാർജ്ജിങ്ങ് സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് അനുകൂലമായ നയങ്ങൾ സ്വീകരിച്ച്, വാഹന ഗതാഗത വ്യവസായത്തിന്റെ ഫോസിൽ അധിഷ്ഠിത ഇന്ധനങ്ങളിൽ നിന്ന് വൈദ്യുതോർജ്ജത്തിലേക്കുള്ള മാറ്റത്തിൽ ചാലകശക്തിയായി നിലകൊള്ളുക.
  7. അക്ഷയ ഊര്‍ജ്ജ വികസനത്തിന്റെ ഭാഗമായി REES, സൗര എന്നീ വിഭാഗങ്ങളെ സംയാജിപ്പിച്ചു കൊണ്ട് ഒരു സബ്സിഡിയറി കമ്പനി ആരംഭിക്കുകയും പുനരുപയോഗ ഊർജ്ജ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം വൈദ്യുതി സംഭരണം ചെയ്യുന്ന സംവിധാനങ്ങൾ പ്രോത്സാഹിപ്പിച്ചും സ്വാംശീകരിച്ചും, ഗ്രിഡിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുക. ഊർജ്ജ സംരക്ഷണവും ഊര്‍ജ്ജ ഓഡിറ്റിംഗും വ്യാപകമാക്കി ഊർജ്ജ ഉപഭോഗം കാര്യക്ഷമമാക്കുക. വികസിച്ചു വരുന്ന ഊർജ്ജ സങ്കേതമായ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക.
  8. മാറുന്ന കാലഘട്ടത്തിന്റെ സാങ്കേതികവും നയപരമായ മാറ്റങ്ങൾ വ്യവസായത്തിനും സാധാരണ ജനങ്ങൾക്കും ഗുണകരമാക്കി തീർക്കണമെന്നുണ്ടിൽ ജീവനക്കാരെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ നേരിടാൻ പ്രാപ്തരാക്കുന്ന നിലയിൽ മാറ്റി എടുക്കണം. അതിനാവശ്യമായ വിപുലമായ പരിശീലന പരിപാടിക്ക് വൈദ്യുതി ബോര്‍ഡ് രൂപം കൊടുക്കണം.