കാർഷിക- തൊഴിൽ നിയമങ്ങൾ റദ്ദാക്കുക- കെ.എസ്.ഇ.ബി.ഒ.എ സമ്മേളനം

186

കേന്ദ്രസർക്കാരിന്റെ വർഗീയ-കോർപ്പറേറ്റ് പ്രീണനവും ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരേയുള്ളകടന്നു കയറ്റവും അവസാനിപ്പിക്കുക;കാർഷിക തൊഴിൽ നിയമങ്ങൾ റദ്ദാക്കുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്നും സൂരജ് ടി.പി അവതരിപ്പിച്ച പ്രമേയത്തെ തിരുവനന്തപുരത്ത് നിന്ന് ബിനുമോള്‍ വി.ജെ പിന്തുണച്ചു.

ബിനുമോള്‍ വി.ജെ പിന്തുണച്ചു

പ്രമേയം :കേന്ദ്രസർക്കാരിന്റെ വർഗീയ-കോർപ്പറേറ്റ് പ്രീണനവും ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരേയുള്ളകടന്നു കയറ്റവും അവസാനിപ്പിക്കുക;കാർഷിക തൊഴിൽ നിയമങ്ങൾ റദ്ദാക്കുക.

ഇന്ത്യയുടെ രാഷ്ട്രീയ മനസ്സ് സംഘപരിവാറിന് കീഴടങ്ങിയോ എന്ന് സംശയം തോന്നിയേ ക്കാവുന്ന ഒരു ചരിത്ര സന്ധിയിലാണ് നാമിന്ന് നിൽക്കുന്നത്. എന്നാൽ തീവ്ര വലതു പക്ഷത്തിന് മേൽക്കൈ കിട്ടുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യയിൽ മാത്രമായി നിലനിൽക്കുന്ന ഒന്നല്ലെന്നും അതൊരു ആഗോള സാമ്പത്തിക സാഹചര്യത്തിന്റെ അനിവാര്യമായ രൂപം മാറലാണെന്നും നിരീക്ഷിക്കാൻ കഴിയും.സോവിയറ്റ് യൂണിയന്റെ തകർച്ചയോട് കൂടി ലോകബാങ്ക് മൂന്നാം ലോക രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളിൽ ഇടപെടാൻ തുടങ്ങുകയും നവലിബറൽ സാമ്പത്തിക നയങ്ങൾ പിന്തുടരാൻ അവർ നിർബന്ധിതരാവുകയും ചെയ്തു.ഗവണ്മെന്റുകളുടെ മുൻഗണന അവരുടെ രാജ്യത്ത് നിക്ഷേപം നടത്തുന്ന വൻകിട കോർപ്പറേറ്റുകളുടെ ലാഭ ക്ഷമത മാത്രമായി തീർന്നു. ലോകബാങ്ക് നൽകുന്ന വായ്പകളോട് ചേർന്നു വരുന്ന നിബന്ധനകൾ മൂലം ബഡ്ജറ്റ് കമ്മി നിയന്ത്രിക്കാൻ രാഷ്ട്രങ്ങൾ നിർബന്ധിതമായി. അതിന്റെ ഫലമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പൊതു ചിലവ് വെട്ടിക്കുറയ്ക്കപ്പെട്ടു.

പൊതുമേഖല ദുർബലമാക്കപ്പെട്ടു. തൊണ്ണൂറുകളിൽ ഇന്ത്യയിൽ ഉൾപ്പെടെ അധികാരത്തിൽ ഇരുന്ന സോഷ്യൽ ഡെമോക്ക്രാറ്റിക്ക് പാർട്ടികൾ അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിനോട് ശത്രുതാപരമായി പെരുമാറി തുടങ്ങി. തൊഴിലിടങ്ങൾ സ്പെഷ്യൽ ഇക്കോണമിക്ക് സോണുകളാക്കി മാറ്റി തൊഴിലാളി യൂണിയനുകളെ അകറ്റി നിർത്തി. ഏതെങ്കിലും ഒരു ഫാക്ടറിയിൽ യൂണിയനുകളുടെ നേതൃത്ത്വത്തിൽ സമരം നടന്നാൽ അവിടുത്തെ മൂലധന നിക്ഷേപം ഒന്നാകെ പിൻവലിച്ചു മറ്റു രാജ്യങ്ങളിലേക്ക് പോകാൻ കോർപ്പറേറ്റുകൾക്ക് സാധിച്ചു. ഇത് ലോക വ്യാപകമായി തൊഴിലാളി യൂണിയനുകളുടെ തകർച്ചക്ക് ഇടയാക്കി.ഇത് അടിസ്ഥാന വർഗ്ഗത്തിന് ഭരണ കൂടങ്ങളിൽ ഉണ്ടായിരുന്ന നേരിയ സ്വാധീനം പോലും ഇല്ലാതാക്കി. സബ്സിഡികളുടെ മേൽ വന്ന നിയന്ത്രണം എറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്ന കാർഷിക മേഖലയിൽ ഇൻപുട്ട് കോസ്റ്റ് കൂടുന്നതിന് ഇടയാക്കി. ചില മേഖലകളിൽ വെള്ളവും വളവും നൂതന കാർഷിക സാങ്കേതിക വിദ്യകളും കർഷകർക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായി തുടങ്ങി. ഹരിത വിപ്ലവം എന്ന പേരിൽ സാങ്കേതിക മാറ്റങ്ങൾ മാത്രം പ്രോത്സാഹിക്കപ്പെട്ടപ്പോൾ ഭൂപരിഷ്ക്കരണം പോലെയുള്ള സാമൂഹിക മാറ്റങ്ങൾ അവഗണിക്കപ്പെട്ടു. ഇതിന്റെ ഫലമായി തൊണ്ണൂറുകൾ മുതൽ ഇന്ത്യയിൽ കർഷക ആത്മഹത്യകൾ വർദ്ധിച്ചു തുടങ്ങി. ഇത്തരത്തിൽ രാജ്യത്തെ അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിന്റെയും കർഷകരുടെയും ആഗ്രഹങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാൻ ഇന്ത്യയിലെ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടികൾക്ക് കഴിയാതെ വന്നപ്പോഴാണ് അവർക്ക് മുന്നിൽ സാംസ്കാരിക ദേശീയതയുടെയും അന്യമത വിദ്വേഷത്തിന്റെയും കാവിക്കൊടി പുതിയ പ്രതീക്ഷയായി ഉയർന്നു വരാൻ തുടങ്ങിയത്.

സംഘപരിവാരത്തിന്റെ സാംസ്കാരിക പദ്ധതി വിജയിക്കുന്നതിനുള്ള സാഹചര്യങ്ങൾ എല്ലാം ഒത്തു വരികയായിരുന്നു. രാമജന്മ ഭൂമി പ്രശ്നം ഉയർത്തി നടത്തിയ രഥയാത്രക്ക് പിന്നിൽ അണിനിരന്ന ജനങ്ങൾ യഥാർത്ഥ പ്രശ്നങ്ങൾ മറന്നു. ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് എറിയപ്പെട്ട അടിസ്ഥാനവർഗ്ഗ മനുഷ്യരോട് “ഞാനൊരു ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയൂ ” എന്ന മുദ്രാവാക്യം ചൊല്ലിക്കൊടുക്കുമ്പോൾ ഗതികേട് കൊണ്ട് അവർക്കത് ഏറ്റു വിളിക്കേണ്ടി വരുന്നു.” Say with pride you are an American, Let’s make America great again ” എന്ന ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധ വംശീയ മുദ്രാവാക്യം അമേരിക്കൻ ജനത ഏറ്റെടുത്തതിന് തുല്യമായ സാഹചര്യമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.

വ്യാജമായ ഒരു പ്രശ്നം നിർമ്മിക്കുക. അതിന് വ്യാജമായ ഒരു പരിഹാരം ഉയർത്തിക്കാണിക്കുക. ഇതിലൂടെ യഥാർത്ഥ പ്രശ്നവും അതിന്റെ പരിഹാരവും തമസ്കരിക്കുക എന്ന അജണ്ട തീവ്ര വലതുപക്ഷം ലോകവ്യാപകമായി അധികാരം പിടിച്ചെടുക്കാൻ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യയിലെ മാറ്റങ്ങളും.അതിനാൽ തന്നെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും തൊഴിലാളി സംഘടനകളുടെയും മുന്നോട്ടുള്ള വളർച്ചക്ക് ലോക സാഹചര്യങ്ങൾക്ക് അനുരൂപമായ പുതിയ പ്രവർത്തന ശൈലി രൂപപ്പെട്ടു വരുന്നുണ്ട്. ഏഴ് ശതമാനം മാത്രം വരുന്ന സംഘടിത മേഖലയിലെ പ്രവർത്തനങ്ങൾക്ക് പരിമിതികൾ ഉള്ളത് മനസ്സിലാക്കി 93 ശതമാനം വരുന്ന അസംഘടിത മേഖലയിലെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും പുതിയ സംഘടനകളും സഖ്യങ്ങളും രൂപീകരിക്കാനും തൊഴിലാളി സംഘടനകൾ ശ്രമം തുടങ്ങിയിട്ടുണ്ട് എന്നത് ആശാവഹമാണ്. ഇതിന്റെ കൂടി ഭാഗമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ സമരമായ ഇന്ത്യയിലെ കർഷക സമരത്തിന് തൊഴിലാളി സംഘടനകൾ കൊടുക്കുന്ന പിന്തുണ.

ഇടത് പക്ഷത്തിന് ഭരണം ലഭിക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ ബദൽ നയങ്ങൾ പിന്തുടർന്ന് തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയം നേടാൻ കഴിഞ്ഞതും ആശാവഹമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രശസ്ത ദൃശ്യമാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായി പിണറായി വിജയനുമായി നടത്തിയ അഭിമുഖം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ആ അഭിമുഖം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് “ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു.” ഇത്തരത്തിൽ അടിസ്ഥാന വർഗ്ഗ ജനതയുടെ ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ ഊന്നി നിന്നു കൊണ്ടുള്ള രാഷ്ട്രീയ പ്രചാരണത്തിന് മാത്രമേ ദേശീയ രാഷ്ട്രീയത്തെ നേർവഴിക്ക് നയിക്കാൻ സാധിക്കുകയുള്ളൂ.

ജനാധിപത്യം അപകടത്തിൽ

ജനാധിപത്യത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഗവണ്മെന്റുകളെ അട്ടിമറിക്കാൻ പണക്കൊഴുപ്പിന്റെ ബലത്തിൽ വർഗീയ ശക്തികൾക്ക് കഴിയുന്നു. ഒരു MLA പോലും ഇല്ലാതിരുന്ന സംസ്ഥാനങ്ങളിൽ പോലും പണക്കൊഴുപ്പും മാധ്യമ പിന്തുണയും കൊണ്ട് അധികാരം പിടിച്ചെടുക്കാൻ പരിവാറിന് കഴിയുന്നു.

മുൻപെങ്ങുമില്ലാത്ത വിധത്തിൽ ജൂഡീഷ്യറിയേയും തിരഞ്ഞെടുപ്പ് കമ്മീഷൻ, CBI, ഇൻകം ടാക്സ് വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള ഭരണ ഘടനാ സ്ഥാപനങ്ങളെയും മാദ്ധ്യ മങ്ങളെയും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യാൻ പരിവാർ പ്രസ്ഥാനങ്ങൾക്ക് കഴിയുന്നു. ഇതിനൊക്കെ അടിത്തറയായി പ്രവർത്തിക്കുന്ന ഹിന്ദുത്വ സാംസ്കാരിക ദേശീയതയെ വർഷങ്ങളുടെ ആസൂത്രണം കൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിലേക്ക് സന്നിവേശിപ്പിച്ചതെങ്ങനെയെന്ന് പഠിക്കേണ്ടിയിരിക്കുന്നു.

അതിസങ്കീർണ്ണമായ ജാതിയെന്ന യാഥാർഥ്യത്തെ സ്വന്തം രാഷ്ട്രീയ വിജയത്തിനായി അപാരമായ കയ്യടക്കത്തോടെ മാനിപുലേറ്റ് ചെയ്യാൻ പരിവാറിന് കഴിഞ്ഞു. അനേകം ജാതി ഉപ-ജാതി വിഭാഗങ്ങളായി ചിതറിക്കിടക്കുന്ന ഇന്ത്യൻ സാമൂഹിക ജീവിതത്തെ അങ്ങനെ തന്നെ ചിതറിപ്പിച്ചു നിർത്തുകയും ഓരോ വിഭാഗത്തിലും സ്വാധീനമുറപ്പിക്കാൻ വേണ്ട ദീർഘ കാല പദ്ധതികൾ നടപ്പിൽ വരുത്തുകയും ചെയ്തു. പ്രാദേശിക ജാതി തലവന്മാരെ അധികാരവും പണവും കൊടുത്ത് തങ്ങളുടെ കൂടെ നിർത്തുകയും ഒപ്പം തന്നെ ജാതീയമായ അധികാരശ്രേണി അതേ പടി നിലനിർത്താനും പരിവാരത്തിന് കഴിയുന്നു. എല്ലാ ജാതി വിഭാഗങ്ങളുടെയും പൊതുശത്രുവായി മുസ്ലീം ജന വിഭാഗത്തെ ഉയർത്തി കാണിക്കുകയും ചെയ്യുന്നു. രാജ്യത്തെ മുസ്‌ലിം- ക്രിസ്ത്യൻ മത വിശ്വാസികളെ രണ്ടാം തരം പൗരന്മാരാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള പൗരത്വ ബില്ലിനെതിരെ ജാതി- മത ഭേദമന്യേ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തിപ്പെട്ടു.

കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ഇന്ത്യ

ഒരു മുതലാളിത്ത വ്യവസ്ഥയിൽ മൂലധന ശക്തികളും രാഷ്ട്രീയ നേതൃത്ത്വവും തമ്മിലുള്ള ബന്ധം എപ്പോഴും പരസ്പര പൂരകമാവും. ദീർഘ കാലം അധികാരം കൈവശം വയ്ക്കാൻ കഴിയുന്നത് ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾക്കാണെങ്കിൽ സ്വാഭാവികമായും അവരെ സാമ്പത്തികമായി പിന്തുണയ്ക്കാൻ കോർപ്പറേറ്റുകൾക്ക് താല്പര്യം ഉണ്ടാവും. ഒരു കാലത്ത് കോൺഗ്രസ്‌ ഗവൺമെന്റുകളുടെയും ചിദമ്പരത്തിന്റെയും ഇഷ്ടക്കാരായിരുന്ന പല ബിസിനസ് ഗ്രൂപ്പുകളും സംഘപരിവാർ ചേരിയിലേക്ക് മാറിയത് നാം കണ്ടു. അതിനൊപ്പം തന്നെ ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്രമോഡിയുടെ ഉയർച്ചയ്ക്കൊപ്പം വളർന്നു വന്ന ഗൗതം അദാനിയെന്ന പുത്തൻ തലമുറ കോർപ്പറേറ്റിന്റെ ഉദയവും പഠന വിധേയമാക്കേണ്ടതുണ്ട്.1960 കളിൽ അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ യാഥാസ്ഥിതിക നേതാവായിരുന്ന റിചാർഡ് നിക്സണും വൻകിട കോർപ്പറേറ്റ് ആയിരുന്ന റോക്‌ഫെല്ലറും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് സമമാണ് മോഡിയും അദാനിയും തമ്മിലുള്ളത് എന്ന് നിരീക്ഷിക്കാവുന്നതാണ്. അദാനിയുടെ വളർച്ചയിലുടനീളം പരിവാർ ഗവണ്മെന്റുകളുടെ വഴിവിട്ട സഹായങ്ങൾ ഉണ്ടായിട്ടുണ്ട്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള ആറ് പ്രമുഖ കമ്പനികൾക്ക് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ നൽകിയിട്ടുള്ള വായ്പകൾ ബാങ്കുകളുടെ മൊത്തം വായ്പ്പകളുടെ 12 ശതമാനം വരും. ആസ്‌ട്രേലിയയിലെ കൽക്കരിപ്പാടം നിരവധി പ്രാദേശിക എതിർപ്പുകൾ ഉയർന്നിട്ടും സ്വന്തമാക്കാൻ അയാളെ സഹായിച്ചത് പൊതുമേഖലാ ബാങ്കുകൾ നൽകിയ കോടിക്കണക്കിനു രൂപയുടെ ലോൺ ആണ്.

മുംബൈ ലഖ്‌നൗ, അഹമ്മദാബാദ്, ജയ്പ്പൂർ, മംഗളൂർ, തിരുവനന്തപുരം എന്നീ തന്ത്രപ്രധാനമായ എയർപോർട്ടുകളുടെ നടത്തിപ്പ് ചുമതല ഈ മേഖലയിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത അദാനി ഗ്രൂപ്പിന് വിട്ടു കൊടുത്തതും വലിയ വിവാദത്തിന് വഴിവച്ചു. ഇതിനൊക്കെ പുറമെയാണ് ഇന്ത്യയിലെ മദ്ധ്യ വർഗ്ഗത്തിന്റെ കയ്യിലുള്ള പണം സ്റ്റോക്ക്മാർക്കറ്റിലെ തിരിമറികൾ മുഖേന അദാനിയുടെ കയ്യിലെത്തുന്ന മാജിക്കും. അനധികൃത മാർഗങ്ങളിലൂടെ സമ്പാദിക്കുന്ന കള്ളപ്പണം മൗറീഷ്യസ് പോലുള്ള ടാക്സ് നിയമങ്ങൾ നിലവിലില്ലാത്ത ദ്വീപ് രാജ്യങ്ങളിലേക്ക് കടലാസ് കമ്പനികളിൽ നിക്ഷേപിക്കപ്പെടുന്നു. ഈ പണം ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ വിദേശ നിക്ഷേപക സ്ഥാപനം എന്ന സൂത്രവിദ്യ ഉപയോഗിക്കുന്നു. കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഡിമാൻഡ് മൂലം ഓഹരി വില കുതിച്ചുയരുന്നത് കണ്ട് സാധാരണക്കാരായ നിക്ഷേപകരും ഈ ഓഹരികൾ വാങ്ങി കൂട്ടുന്നു. ഓഹരി വിപണിയെ നിയന്ത്രിക്കാൻ ചുമതലപ്പെട്ട SEBI ഈ തിരിമറികൾ കണ്ടില്ലെന്നു നടിക്കുന്നു. തട്ടിപ്പിനെ കുറിച്ചുള്ള സൂചനകൾ സുചേതാ ദലാലിനെപ്പോലെയുള്ള ചില പ്രമുഖ മാധ്യമ പ്രവർത്തകർ പുറത്ത് കൊണ്ട് വന്നിട്ട് പോലും നടപടി ഒന്നും ഉണ്ടാകുന്നില്ല. ഹർഷദ് മേത്തയുടെ ഓഹരി കുംഭകോണം പുറത്തു കൊണ്ടു വന്ന മാദ്ധ്യമ പ്രവർത്തകയാണ് സുചേതാ ദലാൽ.

പരിവാറിന്റെ മറ്റൊരു ഇഷ്ടക്കാരനായ മുകേഷ് അമ്പാനിയുടെ ജിയോ ഇന്ത്യയിലെ മൊബൈൽ സേവന മേഖല മുഴുവൻ മറ്റു കമ്പനികൾക്ക് ലാഭകരമായി പ്രവർത്തിക്കാൻ കഴിയാത്ത രീതിയിൽ കുത്തകവൽക്കരിച്ചു. സ്വകാര്യവൽക്കരണം മത്സരം വർധിപ്പിക്കുകയും സേവനം മെച്ചപ്പെടുത്തുകയും ചെയ്യും എന്നതായിരുന്നു ഉദാരവൽക്കരണത്തിന്റെ ഏറ്റവും വലിയ വാദം. ഇന്ത്യയിലെ ടെലികോം മേഖല ഇത് തെറ്റാണെന്ന് തെളിയിക്കുന്നു. 2016ൽ ജിയോയുടെ കടന്നു വരവോട് കൂടി മറ്റ് സ്വകാര്യകമ്പനികളുടെ ലാഭക്ഷമതയിൽ വലിയ ഇടിവുണ്ടാവുകയും പലയിടങ്ങളിലും സേവന നിലവാരം കുറയുകയും ഡാറ്റാ റീചാർജ് നിരക്കുകൾ കുത്തനെ ഉയരുകയും ചെയ്തു. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനു വേണ്ടി 2017ൽ വൊഡാഫോണും ഐഡിയയും ഒരുമിച്ചു ചേർന്ന് ഒറ്റക്കമ്പനിയായി മാറി. ഫലത്തിൽ പതിനൊന്നോളം കമ്പനികൾ ഉണ്ടായിരുന്ന സ്വകാര്യ ടെലികോം മേഖല കേവലം മൂന്ന് കമ്പനികളിലേക്ക് ചുരുങ്ങി. ആയിരക്കണക്കിന് തൊഴിൽ ഈ മേഖലയിലും നഷ്ടപ്പെട്ടു. പല സർക്കിളുകളിലും 4G സ്പെക്ട്രം അനുവദിക്കാതെ BSNL നോടുള്ള സ്നേഹവും ഭരണാധികാരികൾ നിരന്തരം വെളിപ്പെടുത്തുന്നുണ്ട്.

രാജ്യത്തെ ആക്റ്റീവിസ്റ്റുകളുടെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും ഫോണുകളിലും ലാപ്ടോപ്പുകളിലും NSO ഗ്രൂപ്പ്‌ എന്ന ഇസ്രായേലി കമ്പനിയുടെ പെഗാസസ് എന്ന ചാര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിച്ച വിവരം 2019 ഒക്ടോബറിലാണ് പുറത്തു വന്നത്. ഈ സോഫ്റ്റ്‌വെയർ ഫോണിലോ ലാപ്ടോപ്പിലോ ഇൻസ്റ്റാൾ ചെയ്‌താൽ അവരുടെ ഫോൺ കാളുകൾ, ലൊക്കേഷൻ, പാസ്സ് വേർഡ്, ക്യാമറ കാഴ്ചകൾ എന്നിവ ചോർത്താനും ഈ ഉപകരണങ്ങളിലേക്ക് വ്യാജ ഇമെയിലുകൾ എത്തിക്കാനും കഴിയും. പിന്നീട് ഇതേ ഈ മെയിലുകൾ രാജ്യദ്രാഹക്കേസിന് തെളിവായി ഉപേയാഗിക്കപ്പെടുന്നു. കോടിക്കണക്കിനു ഡോളർ ഈ സോഫ്റ്റ്‌വെയറുകൾ വാങ്ങാനായി കേന്ദ്ര സർക്കാർ ചിലവഴിച്ചതായി തെളിവുകൾ ലഭിച്ചു.

കർഷക സമരം

2020 ജൂൺ 5 നാണ് കാർഷിക ബില്ലുകൾ ഓർഡിനൻസിലൂടെ കേന്ദ്ര സർക്കാർ പുറത്തു വിട്ടത്. അന്ന് മുതൽ മഹത്തായ കർഷക പ്രക്ഷോഭത്തിനുള്ള ആസൂത്രണവും ആശയ പ്രചാരണവും കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 250 ഓളം ചെറുതും വലുതുമായ കർഷക സംഘടനകൾ ഒത്തുചേർന്ന് നവംബർ 26,27 തീയതികളിൽ ഡൽഹിയിലേക്ക് മാർച്ച്‌ ചെയ്തു. കർഷകരുമായി ചർച്ച പോലും ചെയ്യാതെ നവംബർ മാസത്തിൽ തന്നെ ബില്ലുകൾ പാസ്സാക്കിഎടുക്കാൻ സാധിച്ച കേന്ദ്ര സർക്കാരിന് അതിശക്തമായ കർഷകസമരത്തെയാണ് നേരിടേണ്ടി വന്നത്. ഡൽഹിയിലെ അതിശൈത്യത്തെയും കോവിഡ് മഹാമാരിയെയും അതിജീവിച്ചു ലോകം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി കർഷക സമരം മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

സംയുക്ത കിസ്സാൻ മോർച്ചയെന്ന കൂടുതൽ വിപുലമായ ഒരു പ്ലാറ്റഫോം രൂപീകരിച്ച് അതിന്റെ പിന്നിലുള്ള അറുന്നൂറോളം സംഘടനകൾ ആണ് ഇപ്പോൾ വളരെ ആസൂത്രിതമായും ചിട്ടയോടെയും കർഷക സമരം മുന്നോട്ട് കൊണ്ട് പോകുന്നത്. സർക്കാർ അവഗണിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ വളരെയേറെ കാലം നീണ്ടു നിൽക്കുന്ന ഒരു ബഹുജന ആശയസമരമായി കർഷക സമരത്തെ മാറ്റി തീർക്കാനാണ് കർഷക സംഘടനകളുടെ ഉദ്ദേശം.വൈദ്യുതി നിയമ ഭേദഗതിക്ക് എതിരായി കൂടിയാണ് കർഷകരുടെ സമരം എന്നത് നമുക്ക് ഏറെ ആവേശം പകരുന്നതാണ്. ക്രോസ്സ് സബ്‌സിഡി ഇല്ലാതായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷകരെയാണ് എന്ന വസ്തുത കർഷക സംഘടനകൾ മനസ്സിലാക്കിയിട്ടുണ്ട്. രാജ്യത്തെ തൊഴിലാളിവർഗ്ഗത്തിന്റെ ശക്തമായ പിന്തുണ കർഷകസമരത്തിനുണ്ട് എന്നത് ആശാവഹമാണ്.

തൊഴിൽ നിയമ ഭേദഗതി

രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്നത്  കോർപ്പറേറ്റുകളുടെ ദീർഘകാലമായുള്ള ആവശ്യമാണ്‌.തൊഴിലാളികൾക്ക് അർഹമായ കൂലിയും ആനുകൂല്യങ്ങളും കൊടുക്കുന്നത് കൊണ്ടാണ് തങ്ങളുടെ ലാഭക്ഷമത കുറയുന്നത് എന്ന അവരുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ പുതിയ നാല് ലേബർ കോഡുകൾ അവതരിപ്പിച്ചത്.

1. കോഡ് ഓൺ വേജസ്, 2019

നിലവിൽ രാജ്യത്ത് മിനിമം കൂലി നിശ്ചയിക്കുന്നത് വിവിധ സംസ്ഥാനങ്ങൾ ആണ്.ഇത് ചില സംസ്ഥാങ്ങളിൽ വളരെ കുറവാണ്. രാജ്യത്താകമാനം ബാധകമായ ഒരു മിനിമം കൂലി കൊണ്ടു വരണമെന്ന് തൊഴിലാളി സംഘടനകൾ വർ ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടു. വിവിധ സംസ്ഥാങ്ങളിൽ വിവിധ രീതിയിൽ മിനിമം കൂലി നിശ്ചയിക്കണമെന്നാണ് ഈ കോഡിൽ പറയുന്നത്. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ അല്ല മിനിമം കൂലി കണക്കാക്കാൻ പറഞ്ഞിരിക്കുന്നത്. 3 പേരുള്ള കുടുംബത്തിന്റെ 2700 കാലറി വീതമുള്ള ഭക്ഷണ ചിലവ്, താമസ ചെലവ്,ഇന്ധന ചിലവ്, ആരോഗ്യ വിദ്യാഭ്യാസ ചിലവ് എന്നിവക്ക് ആനുപാതികമായാണ് മിനിമം കൂലി തീരുമാനിക്കപ്പെടുന്നത്.വർക്ക് സൈറ്റുകളിലെ പരിശോധന വെബ് ക്യാമറ വഴി നടത്തണമെന്ന വിചിത്ര നിർദ്ദേശവും ബില്ലിൽ ഉണ്ട്‌.

2. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ

Hiring & Firing എന്ന നവ ലിബറൽ തൊഴിൽ രീതി ഇന്ത്യയിലും വ്യാപകമാക്കാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.നിലവിൽ നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ layoff(അടച്ചു പൂട്ടൽ) നടത്തണമെങ്കിൽ സ്ഥാപനം പ്രവർത്തിക്കുന്ന ഗവണ്മെന്റിന്റെ അനുമതി 90 ദിവസത്തെ നോട്ടീസ് കൊടുത്തു നേടണം എന്നായിരുന്നു നിലവിലെ നിയമം. ഈ പരിധി മൂന്നൂറിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനം എന്നാക്കി മാറ്റുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. ഇന്ത്യയിൽ സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന 90 ശതമാനം ആളുകളും 300 തൊഴിലാളികളിൽ താഴെയുള്ള വ്യവസായ ശാലകളിലാണ് പണിയെടുക്കുന്നത്.അതിനാൽ അവരെല്ലാം ഈ നിയമ പരിരക്ഷ ക്ക് പുറത്താകും. വ്യവസായ ശാലകളിലെ തൊഴിലാളികൾക്കുള്ള പെരുമാറ്റച്ചട്ടം(Model standing order) മുൻപ് തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്താണ് ഉണ്ടാക്കിയിരുന്നത്. ഇത് ഈ കോഡിന്റെ ഫലമായി ഒഴിവാക്കി. അപ്പോൾ സ്ഥാപനമേധാവി പറയുന്ന പെരുമാറ്റ ചട്ടങ്ങൾ പാലിക്കാൻ തൊഴിലാളി ബാധ്യസ്ഥനാകും.

3. കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ബിൽ

ഇന്റർ സ്റ്റേറ്റ് വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുന്നു എങ്കിലും വർക്ക് സൈറ്റിനടുത്ത് അവർക്ക് താമസ സൗകര്യം ഏർപ്പെടുത്താൻ സ്ഥാപനം ബാധ്യസ്ഥമാണ് എന്ന വ്യവസ്ഥ ഈ നിയമം എടുത്ത് കളഞ്ഞിരിക്കുന്നു. ഇത് ഇന്റർ സ്റ്റേറ്റ് തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന പരിമിതമായ താമസ സൗകര്യം പോലും ഇല്ലാതാക്കും. ഈ ബില്ലിലെ മറ്റൊരു വ്യവസ്ഥ നിലവിൽ കടുത്ത തൊഴിൽ ചൂഷണം നടക്കുന്ന സോഫ്റ്റ്‌വെയർ അഗ്രിഗേറ്റർ പ്ലാറ്റ്ഫോമുകൾ ആയ ഓല, ഊബർ, സോമാറ്റൊ പോലുള്ള കമ്പനികളുടെ ജീവനക്കാരെ തൊഴിലാളികൾ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നതിന് ഈ കമ്പനികൾ അവരുടെ ശമ്പള ചിലവിന്റെ രണ്ടു ശതമാനം മാത്രം വരുന്ന ഒരു തുക കൊണ്ട് സോഷ്യൽ സെക്യൂരിറ്റി ഫണ്ട്‌ ഉണ്ടാക്കണം എന്നാണ് പറയുന്നത്.ഇത് വളരെ അപര്യാപ്തമാണ്.

4. ഒക്യൂപ്പേഷണൽ സേഫ്റ്റി ഹെൽത്ത്‌ ആൻഡ് വർക്കിങ് കണ്ടിഷൻസ് ബിൽ

ഈ ബില്ല് പ്രകാരം നിലവിൽ ലേബർ ഇൻസ്‌പെക്ടർമാർ ഫാക്ടറികളിൽ നടത്തുന്ന ഇടവിട്ടുള്ള പരിശോധന ഇല്ലാതാകും. പകരം സ്ഥാപന മേധാവി ഒരു online declaration കൊടുത്താൽ മതിയാകും. മാത്രമല്ല Labour Inspector എന്ന തസ്തികയുടെ പേര് Labour inspector cum facilitator എന്നായി മാറും.തൊഴിൽ ഉടമക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുക എന്നതാവും ഫെസിലിറ്റേറ്ററുടെ പണി.ഫാക്ടറി എന്ന നിർവചനത്തിൽ ഇപ്പോൾ ഉൾപ്പെടുന്നത് 20 തൊഴിലാളികളിൽ കൂടുതൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളാണ്. ഇത് ഈ ബില്ല് പ്രകാരം 40 തൊഴിലാളികൾ ആയി മാറും… ഇത് കോടിക്കണക്കിനു തൊഴിലാളികളെ നിലവിലുള്ള നിയമ സംരക്ഷണത്തിന് വെളിയിലാക്കും

ചുരുക്കത്തിൽ സ്ഥിരം തൊഴിൽ എന്നത് ഗൃഹാതുരമായ ഒരു ഓർമ്മ മാത്രമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആരെയും എപ്പോഴും ജോലിയിൽ നിന്നും പിരിച്ചു വിടാൻ കഴിയും എന്ന സ്ഥിതി വന്നാൽ തൊഴിലാളിയുടെ അന്തസ്സും അഭിമാനവും ഇല്ലാതാക്കാൻ കഴിയുമെന്നും അങ്ങനെ അവനെക്കൊണ്ട് അധികം തൊഴിൽ ചെയ്യിക്കാൻ കഴിയുമെന്ന മുതലാളിത്ത ചിന്തയുടെ ഉൽപ്പന്നങ്ങളാണ് ഈ നാല് ബില്ലുകളും. തൊഴിലാളി വർഗ്ഗം പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ കേവലം ഒരു നിയമ നിർമ്മാണത്തിലൂടെ ഇല്ലാതാക്കി കളയാം എന്നത് അബദ്ധ വിശ്വാസമാണ്.

കേന്ദ്ര സർക്കാർ അതിന്റെ വർഗീയ ഫാസിസ്റ്റു നയങ്ങൾ അവസാനിപ്പിച്ചു ഇന്ത്യയുടെ മത നിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്ന് ഈ പ്രമേയം ആവശ്യപ്പെടുന്നു. രാജ്യത്തെ ജനസംഖ്യയുടെ പത്തു ശതമാനം പോലും ഇല്ലാത്ത കോർപ്പറേറ്റുകളുടെ കയ്യിലേക്ക് രാജ്യത്തെ 77 ശതമാനം സ്വത്തും എത്തിച്ചേരുന്ന കോർപ്പറേറ്റ് പ്രീണനനയങ്ങള്‍ തിരുത്തണമെന്നും ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്ക് കൂടുതൽ പദ്ധതി വിഹിതം അനുവദിക്കണമെന്നും ഈ പ്രമേയം ആവശ്യപ്പെടുന്നു.

രാജ്യത്തിന് അന്നം തരുന്ന കർഷകരുടെ ജീവിതം ദുരിതത്തിലാക്കുന്ന കാർഷിക നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഈ പ്രമേയം ശക്തമായി ആവശ്യപ്പെടുന്നു.

സ്ഥിരം തൊഴിൽ എന്നത് വിദൂരമായ സ്വപ്നമാക്കി മാറ്റുന്ന തൊഴിലാളികളുടെ അന്തസ്സ് ഇല്ലാതാക്കുന്ന തൊഴിൽ നിയമ ഭേദഗതി ബില്ലുകൾ പിൻവലിക്കണമെന്ന് ഈ സമ്മേളനം ശക്തമായി ആവശ്യപ്പെടുന്നു.